'ബദരിയ'യില്‍ നിന്ന് ഉദിച്ച നക്ഷത്രം; തിരഞ്ഞെടുപ്പില്‍ ചെര്‍ക്കളത്തെ വീഴ്ത്തി

കാസര്‍കോട്: അറുപതുകളിലും എഴുപതുകളിലും കാസര്‍കോട്ട് നടന്ന സമര പോരാട്ടങ്ങളുടെ മുന്‍ നിരയിലെല്ലാം എറണാകുളം കോതമംഗലത്ത് നിന്നുവന്ന ആ ചെറുപ്പക്കാരനുണ്ടായിരുന്നു. എസ്.എസ്.എല്‍.സിക്ക് നല്ല മാര്‍ക്ക് വാങ്ങി പി.കെ മുഹമ്മദ് കാസര്‍കോട്ടേക്ക് വണ്ടി കയറുമ്പോള്‍ ഈ നാടിന്റെ അവകാശ സമരങ്ങളില്‍ മുന്‍നിര പോരാളിയായി താന്‍ ഉണ്ടാകുമെന്നൊന്നും ചിന്തിച്ച് കാണില്ല. ഇവിടേക്ക് വരുമ്പോള്‍ 17 വയസ് തികഞ്ഞിരുന്നില്ല. അക്കാലത്തെ കാസര്‍കോടിന്റെ അഭയകേന്ദ്രം എന്ന് വിശേഷിപ്പിക്കാവുന്ന ബദരിയ ഹോട്ടലില്‍ ആ പയ്യന്‍ എത്തുന്നു. നന്മയുടെ നിറകുടമായ ബദരിയ അബ്ദുല്‍ ഖാദര്‍ ഹാജിയോട് പി.കെ മുഹമ്മദ് തന്റെ വരവിന്റെ ഉദ്ദേശം വിവരിക്കുന്നു. അബ്ദുല്‍ ഖാദര്‍ ഹാജിയും സഹോദരങ്ങളായ ബദരിയ ഹസൈനാര്‍ ഹാജിയും അബ്ബാസ് ഹാജിയും ആ പയ്യന്റെ മിടുക്ക് തിരിച്ചറിയുന്നു. ഹോട്ടലില്‍ സഹായിയായി പ്രവര്‍ത്തിക്കുന്നതിനിടെയിലാണ് ഒരു തൊഴിലാളിയോട് തന്റെ ചില സങ്കടങ്ങള്‍ മുഹമ്മദ് പങ്കുവെക്കുന്നത്. എസ്.എസ്.എല്‍.സിക്ക് നല്ല മാര്‍ക്കുണ്ടെന്നും പഠിച്ച് ഒരുദ്യോഗം നേടണമെന്നത് വലിയ സ്വപ്‌നമാണെന്നും മുഹമ്മദ് അറിയിക്കുന്നു. തൊഴിലാളിയാണ് ഈ വിവരം ബദരിയ അബ്ദുല്‍ ഖാദര്‍ ഹാജിയെ അറിയിക്കുന്നത്. അദ്ദേഹം അരികില്‍ വിളിച്ച് മുഹമ്മദിനോട്, എന്തേ പഠിക്കാന്‍ താല്‍പര്യമുണ്ടെന്ന കാര്യം തന്നോട് പറയാത്തതെന്ന് തിരക്കുന്നു. മടികൊണ്ടാണെന്ന് മുഹമ്മദിന്റെ മറുപടി. എസ്.എസ്.എല്‍.സി ബുക്ക് എവിടെയെന്ന് ചോദിച്ചപ്പോള്‍ കോതമംഗലത്തെ വീട്ടിലാണെന്നും ആ പയ്യന്‍ അറിയിക്കുന്നു. പിറ്റേന്ന് തന്നെ ബദരിയ അബ്ദുല്‍ ഖാദര്‍ ഹാജി മുഹമ്മദിനെ ഒരു കാറില്‍ നാട്ടിലേക്ക് അയച്ച് എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റും ആവശ്യമായി വേണ്ട മറ്റ് സാധനങ്ങളും എടുത്തുകൊണ്ടുവരാന്‍ ഒരാള്‍ക്കൊപ്പം വിടുന്നു. മുഹമ്മദിന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവിന്റെ ദിവസമായിരുന്നു അത്. മുഹമ്മദിനെ കോളേജില്‍ ചേര്‍ക്കുന്നു. നല്ല മാര്‍ക്കോടെ പ്രീഡിഗ്രിയും ഡിഗ്രിയും പാസാവുന്നു. എല്‍.എല്‍.ബിക്കും മിടുക്ക് തെളിയിക്കുന്നു.

ജീവിതവഴി തേടി കാസര്‍കോട്ടെത്തി ഈ മണ്ണിനോട് എന്തെന്നില്ലാത്ത പ്രിയം തോന്നിയ മുഹമ്മദ് തന്റെ പഠനമികവും നിയമബിരുദവും കൊണ്ട് കാസര്‍കോടിന്റെ കാര്യങ്ങളൊക്കെ ശ്രദ്ധിക്കുന്ന ഒരാളായി വളര്‍ന്നത് പെട്ടെന്നാണ്. നിരവധി പേര്‍ക്ക് ജീവിത വെളിച്ചം പകര്‍ന്ന ബദരിയ അബ്ദുല്‍ ഖാദര്‍ ഹാജി തന്റെ സഹോദരിയുടെ പുത്രിയെ തന്നെ കല്യാണം കഴിപ്പിച്ച് അഡ്വ. പി.കെ മുഹമ്മദിനെ കാസര്‍കോട്ട് തന്നെ 'കെട്ടിയിടുന്നു'. പി.കെ മുഹമ്മദിന്റെ കഴിവും പ്രവര്‍ത്തനങ്ങളും എല്ലാവര്‍ക്കും അത്രമാത്രം പ്രിയങ്കരമായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുള്ള ആഭിമുഖ്യം അദ്ദേഹത്തെ സമരപാതയില്‍ സജീവമാക്കി. കാസര്‍കോട് നടത്തിയ അവകാശ സമരങ്ങളുടെയെല്ലാം മുന്‍നിരയില്‍ പി.കെ മുഹമ്മദുണ്ടായിരുന്നു. കാസര്‍കോടിന് ഒരിക്കലും മറക്കാനാവാത്ത തൊഴില്‍ നിഷേധസമരത്തിന്റെ മുന്നണിയിലും അദ്ദേഹം പാറപോലെ ഉറച്ചുനിന്നു. 1968ല്‍ കാസര്‍കോട്ടെ ഒരു സ്വകാര്യ ബസില്‍ തൊഴിലാളികള്‍ക്ക് നീതി നിഷേധിക്കപ്പെട്ടപ്പോള്‍ തൊഴിലാളി യൂണിയന്‍ സമരത്തിനിറങ്ങിയ കഥയാണത്. പഴയ ബസ്സ്റ്റാന്റിന് സമീപം (അന്ന് പുതിയ ബസ്സ്റ്റാന്റ് വന്നിട്ടില്ല) തൊഴിലാളികള്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തൊഴില്‍ നിഷേധിച്ച ബസ് തടയുകയായിരുന്നു ലക്ഷ്യം. സമരത്തിന്റെ മുന്‍ നിരയില്‍ അഡ്വ. പി.കെ മുഹമ്മദും ഈ ബസിലെ തൊഴിലാളിയായിരുന്ന വരദരാജ് പൈ അടക്കമുള്ളവരുമുണ്ട്. ബസിനെ തടയാന്‍ ശ്രമിച്ചപ്പോള്‍ ഡ്രൈവര്‍ മുന്നോട്ടെടുത്തു. സമരക്കാരുടെ ബഹളമൊന്നും കൂട്ടാക്കിയില്ല. തടഞ്ഞാല്‍ ബസ് കയറ്റുമെന്ന ധാര്‍ഷ്ട്യത്തോടെ ഒരു ദയയുമില്ലാതെ പിന്നെയും മുന്നോട്ടെടുത്തു. അഡ്വ. പി.കെ മുഹമ്മദ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പക്ഷെ, വരദരാജ് പൈ എന്ന തൊഴിലാളി ബസിനടിയില്‍ ചതഞ്ഞരഞ്ഞു. 50 വര്‍ഷം കഴിഞ്ഞിട്ടും നടുക്കുന്ന ആ സംഭവം കാസര്‍കോട് മറന്നിട്ടില്ല. വരദരാജ് പൈ എന്ന നാമം പിന്നീട് ഒരു പ്രസ്ഥാനമായി വളര്‍ന്നതും ഈ പേരില്‍ നിരവധി ബസുകള്‍ പില്‍ക്കാലത്ത് റോഡിലിറങ്ങിയതും ചരിത്രം. അഡ്വ. പി.കെ മുഹമ്മദിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ സമരങ്ങള്‍ നിരവധിയാണ്. ഇതിനിടയില്‍ ഒരുതവണ അദ്ദേഹം പഞ്ചായത്തംഗവുമായി. 1979ലെ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ചെങ്കള പഞ്ചായത്തിലേക്ക് പി.കെ മുഹമ്മദ് മത്സരിച്ച് ജയിച്ചു. പരാജയപ്പെടുത്തിയതാകട്ടെ മുസ്ലിംലീഗ് നേതാവ് സാക്ഷാല്‍ ചെര്‍ക്കളം അബ്ദുല്ലയെയും. കാസര്‍കോട്ട് എത്തിയ ഒരപരിചിതന്‍ കാസര്‍കോടിന്റെ സ്വന്തമായി തീര്‍ന്ന ധീരമായ ഒരു കഥയുടെ സമാപ്തിയാണ് ഇന്നു വെളുപ്പിന് 3 മണിയോടെ എറണാകുളം ലിസി ആസ്പത്രിയില്‍ അഡ്വ. പി.കെ മുഹമ്മദിന്റെ വേര്‍പാടോടെ സംഭവിച്ചത്.

Related Articles
Next Story
Share it