മര്‍ഹബാ യാ ശഹ്‌റ റബീഹ് ഇനി വസന്തരാവുകള്‍....

മുഹമ്മദ് നബി തങ്ങളെ ഇഷ്ടപ്പെടുന്നതിലൂടെ അളവറ്റ അനുഗ്രഹങ്ങളാണ് വിശ്വാസികളുടെ ജീവിതത്തെ സുന്ദരമാക്കുന്നത്. സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ മനസുകളില്‍ ശാന്തിയും സമാധാനവും കുടികൊള്ളുന്നു. ദിനേനയുള്ള നമ്മുടെ അഞ്ച് നേരത്തെ പ്രാര്‍ത്ഥനകളില്‍ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ് മുഹമ്മദ് നബി(സ) തങ്ങള്‍. അവിടത്തെ ഓര്‍ക്കാനും സ്വലാത്തുകള്‍ വര്‍ധിപ്പിക്കാനും കാണിക്കുന്ന നല്ല മനസുകളില്‍ അവാച്യമായ അനുഭൂതിയാണ് ലഭിക്കുന്നത്.

റബീഉല്‍ അവ്വല്‍ പിറന്നു. നബിദിനം വരവായി. നാടെങ്ങും വസന്ത രാവിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. മുഹമ്മദ് നബി(സ)യുടെ 1500-ാമത് ജന്മദിന വാര്‍ഷികം ലോകത്താകമാനം സമുചിതമായി ആഘോഷിക്കാന്‍ പള്ളികളും അനുബന്ധ സ്ഥാപനങ്ങളും നിറപ്പകിട്ടാര്‍ന്ന അലങ്കാരങ്ങളോടെ സജ്ജീകരിക്കുന്ന നയന മനോഹരമായ കാഴ്ചകളാണ് എല്ലായിടത്തും. നബി തങ്ങളുടെ പ്രവചനങ്ങളും പ്രഖ്യാപനങ്ങളും വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുന്നു. തീര്‍ച്ചയായും റഹ്മത്തുല്‍ ലില്‍ ആലമീനായ (ലോകര്‍ക്ക് അനുഗ്രഹമായ) മുഹമ്മദ് നബി(സ) തങ്ങളുടെ അപദാനങ്ങള്‍ പാടിയും പുകഴ്ത്തിയും പ്രകീര്‍ത്തന വചസുകള്‍ തീര്‍ക്കുന്ന രാപ്പകലുകളേയാണ് വിശ്വാസികള്‍ കാത്തിരിക്കുന്നത്. നബി തങ്ങളെക്കുറിച്ച് എഴുതുമ്പോഴും പറയുമ്പോഴും സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും നന്മയുടെയും നല്ല സന്ദേശങ്ങളാണ് പങ്കുവെക്കാനുള്ളത്. ന്യൂനതകളില്ലാതെ സര്‍വ്വ മേഖലയിലും ശംസുദ്ധമായ ജീവിത വിശുദ്ധി രേഖപ്പെടുത്തിയ മുഹമ്മദ് നബിയെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ എഴുത്തിലോ വാക്കിലോ ഉള്‍ക്കൊള്ളിക്കാന്‍ ഒരിക്കലും സാധ്യമല്ല. കൂടുതല്‍ പഠിക്കാന്‍ ശ്രമിക്കുന്നതും ചര്യ പിന്തുടരുന്നതും നമ്മുടെ വിശ്വാസ ധാരകളെ ഊട്ടിയുറപ്പിക്കാന്‍ സഹായകമാണ്.

നബിചര്യ പിന്തുണരുന്നതിലൂടെ അവിടത്തോടുള്ള ഇഷ്‌ക്ക് നേടി എടുക്കാനുള്ള സുവര്‍ണ്ണാവസരമാണ് വിശ്വാസികള്‍ക്ക് ലഭിക്കുന്നത്. ജീവിതത്തില്‍ ഒത്തിരി അനുഗ്രഹങ്ങളും സൗഭാഗ്യങ്ങളും ലഭിച്ചവരുണ്ടാകും. അതുപോലെ ഒരുപാട് പ്രയാസങ്ങളും ബുദ്ധിമുട്ടുകള്‍ നേരിട്ടവരും നേരിടുന്നവരും ഉണ്ടാകും. അല്ലാഹുവിന്റെ അലംഘനീയമായ വിധികള്‍ക്ക് അനുസൃതമാണ് എല്ലാ കാര്യങ്ങളും.

നിരാശരാകാതെ പ്രതിസന്ധികളും പ്രതിബന്ധങ്ങളും തരണം ചെയ്തു അവന്റെ വിധിവിലക്കുകള്‍ക്ക് അനുസൃതമായ സ്വല്‍പ്രവര്‍ത്തനങ്ങളില്‍ ഭാഗമായവര്‍ക്ക് പാരത്രിക ലോകത്ത് വന്‍ നേട്ടങ്ങളാണ് ലഭിക്കുക. അല്ലാഹുവിന്റെ പ്രവാചകരായ മുഹമ്മദ് നബി(സ)യെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നതിലൂടെ ഒത്തിരി സൗഭാഗ്യങ്ങളാണ് ദുനിയാവിലും ആഖിറത്തിലും വിശ്വാസികള്‍ക്ക് അല്ലാഹു നല്‍കുന്നത്. മുഹമ്മദ് നബി തങ്ങളെ ഇഷ്ടപ്പെടുന്നതിലൂടെ അളവറ്റ അനുഗ്രഹങ്ങളാണ് വിശ്വാസികളുടെ ജീവിതത്തെ സുന്ദരമാക്കുന്നത്. സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ മനസുകളില്‍ ശാന്തിയും സമാധാനവും കുടികൊള്ളുന്നു.

ദിനേനയുള്ള നമ്മുടെ അഞ്ച് നേരത്തെ പ്രാര്‍ത്ഥനകളില്‍ ഒഴിച്ച് കൂടാനാവാത്ത സാന്നിധ്യമാണ് മുഹമ്മദ് നബി(സ) തങ്ങള്‍. അവിടത്തെ ഓര്‍ക്കാനും സ്വലാത്തുകള്‍ വര്‍ധിപ്പിക്കാനും കാണിക്കുന്ന നല്ല മനസുകളില്‍ അവാച്യമായ അനുഭൂതിയാണ് ലഭിക്കുന്നത്. തീര്‍ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബി തങ്ങള്‍ക്ക് സ്വലാത്ത് ചൊല്ലുന്നു. 'അല്ലയോ സത്യ വിശ്വസികളേ നിങ്ങളും സ്വലാത്തും സലാമും ചൊല്ലുക' എന്ന വിശുദ്ധ ഖുര്‍ആന്‍ (സൂറത്ത് അഹ്‌സാബ് 56) അധ്യാപനം അല്ലാഹു മുഹമ്മദ് നബി തങ്ങള്‍ക്ക് എത്രമാത്രം മഹത്വവും ഔന്നത്യവും നല്‍കിയിട്ടുണ്ട് എന്നതിന്റെ നേര്‍സാക്ഷ്യമാണ്. 'അശ്‌റഫുല്‍ ഖല്‍ഖ്' (സൃഷ്ടികളില്‍ അത്യുത്തമന്‍) എന്ന വിശേഷണം ഏറ്റവും നല്ല ബഹുമാനവും ആദരവും ഉള്ള നാമം സവിശേഷ പ്രാധാന്യത്തോടെയാണ്, അല്ലാഹു മുഹമ്മദ് നബി(സ)ക്ക് നല്‍കിയത്. ആ മഹത് ജീവിതത്തിന്റെ പരിശുദ്ധിയും മേന്മയും വിവരണാതീതമാണ്. പ്രവാചക ചര്യ യഥാവിധി അനുസരിക്കുന്നവര്‍ മുഹമ്മദ് നബി തങ്ങളെ ഹൃദയത്തോട് ചേര്‍ക്കുന്നു. മുഹമ്മദ് നബി തങ്ങളോടുള്ള വിശ്വാസികളുടെ ഇഷ്‌ക്ക് ആത്മാര്‍ത്ഥമാണെങ്കില്‍ അവന്റെ സല്‍ പ്രവര്‍ത്തനങ്ങള്‍ ഇഹലോകത്തും പരലോകത്തും സ്വീകാര്യത ഉറപ്പാണ്.

പരിപൂര്‍ണ്ണ വിശ്വാസിയാകാന്‍ മുഹമ്മദ് നബി(സ) തങ്ങളെ എല്ലാവരേക്കാളും (മാതാപിതാക്കള്‍, മക്കള്‍, മുഴുവന്‍ ആളുകള്‍) നിങ്ങള്‍ ഇഷ്ടപ്പെടണമെന്നാണ് തിരുമൊഴി. നബിയെ, തങ്ങള്‍ പറയുക നിങ്ങള്‍ അല്ലാഹുവിനെ ഇഷ്ടപ്പെടുന്നുവെങ്കില്‍ എന്നേയും പിന്‍പറ്റുക. എന്നാല്‍ നിങ്ങളേയും അല്ലാഹു ഇഷ്ടപ്പെടും. പാപങ്ങള്‍ പൊറുത്ത് തരും (വിശുദ്ധ ഖുര്‍ആന്‍ 3:31). വിശുദ്ധ ഖുര്‍ആനിലും സ്വഹീഹായ ഹദീസിലും മുഹമ്മദ് നബി തങ്ങളെ തന്റെ ജീവന് തുല്യം സ്‌നേഹിക്കേണ്ടതിന്റെ പ്രാധാന്യം വിശ്വാസികളെ ഉണര്‍ത്തുന്നു.

മുഹമ്മദ് നബി തങ്ങളും അനുചരന്മാരും കാണിച്ച് തന്ന താവഴിയിലൂടെ പാരത്രിക ജീവിതയാത്ര സന്തോഷകരമാക്കാനുള്ള ശ്രമങ്ങളാണ് വിജയിക്കുക. ചെയ്യുന്ന സല്‍ പ്രവര്‍ത്തനങ്ങളില്‍ മുഹമ്മദ് നബി(സ)യെ ഭാഗമാക്കാതെ നമ്മുടെ സല്‍കര്‍മ്മങ്ങള്‍ക്ക് പൂര്‍ണ്ണതയില്ല. അല്ലാഹുവിന്റെ ബഹുമാനം മഹത്വരമാണ്. ആ ബഹുമാനാദരവ് പൂര്‍ണ്ണമായും ലഭിച്ചത് മുഹമ്മദ് നബി തങ്ങള്‍ക്കാണ്. നബിയെ കുറിച്ച് കൂടുതല്‍ അറിയാനും പഠിക്കാനും ശ്രമിക്കുന്നതിലൂടെ നമ്മുടെ ചിന്തകളെ സന്മാര്‍ഗത്തിന്റെ ശരിയായ ദിശയിലൂടെ ക്രമപ്പെടുത്താന്‍ സഹായകരമാണ്.

പ്രവാചകന്‍ മുഹമ്മദ് നബി തങ്ങളുടെ മദ്ഹുകള്‍ തീര്‍ക്കുന്ന സദസുകളാണ് ഇനിയുള്ള റബീഉല്‍ അവ്വലിന്റെ രാപ്പകലുകളെ ധന്യമാക്കുന്നത്. പുണ്യമേറെയുള്ള ആ നിമിഷങ്ങള്‍ പ്രവാചക അനുരാഗികളില്‍ അനുഭൂതിയാണ് നിറയ്ക്കുന്നത്.

നബിദിനം ആഘോഷിക്കാന്‍ ഒരുങ്ങുമ്പോള്‍ നമ്മുടെ മനസ്സില്‍ പതിയുന്ന വേദനകള്‍ക്ക് അവസാനമില്ല. ഗാസയില്‍ നിന്ന് നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വാര്‍ത്തകള്‍ ഹൃദയം പിളര്‍ത്തുന്നതാണ്. പട്ടിണിയും പരിവട്ടയുമായി, ദുരിതമാര്‍ന്ന ജീവിതവുമായി പിഞ്ചോമനകളടക്കം യാതനകള്‍ അനുഭവിച്ച്കൊണ്ടിരിക്കുന്ന കാഴ്ചകള്‍ നിസ്സംഗതയോടെ നോക്കി കൊണ്ടിരിക്കുന്ന ലോക രാജ്യങ്ങള്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്യായമായി പീഡിപ്പിക്കപ്പെടുന്ന അനേകരുടെ ദുരിത പൂര്‍ണ്ണമായ ജീവിതത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ നബിദിന സദസ്സുകള്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. മര്‍ദ്ദിതര്‍ക്കും പീഡിതര്‍ക്കും വേണ്ടി നിലകൊണ്ട ശാന്തിയുടെയും സമാധാനത്തിന്റെയും പ്രവാചകനായ മുഹമ്മദ് നബി തങ്ങളുടെ ദര്‍ശനങ്ങള്‍ പ്രസക്തമാണ്.

മനസ്സിന് കുളിര്‍മ്മ നല്‍കുന്ന ഒത്തിരി സ്‌നേഹ സൗഹൃദ സദസ്സുകള്‍ നബിദിനാഘോഷത്തെ മനോഹരമാക്കുന്നു. മത മൈത്രിയും പാരസ്പര്യ ബഹുമാനവുമുള്ള നന്മയുടെ സന്ദേശങ്ങള്‍ പിറവി കൊള്ളുന്നിടം അത്രയും സുന്ദരമാണ്. നബിദിനമെത്തുമ്പോള്‍ വിശ്വാസികളുടെ സന്തോഷം വാട്‌സ് ആപ്പ് സ്റ്റാറ്റസുകളില്‍ മാത്രം ഒതുങ്ങരുത്. മുഹമ്മദ് നബി(സ)യുടെ യഥാര്‍ത്ഥ സ്‌നേഹികളാവാന്‍ കഴിയണം.

പള്ളികളില്‍ മൗലീദ് സദസ്സുകള്‍ എന്ന പോലെ വീടുകളില്‍ നബി പ്രകീര്‍ത്തന സദസ്സുകള്‍ സംഘടിപ്പിച്ചും നബിയുടെ ജന്മ സുദിനത്തെ അര്‍ഹിക്കും വിധം വരവേല്‍ക്കാന്‍ വിശ്വാസികള്‍ക്ക് അല്ലാഹു അവസരം നല്‍കട്ടെ.

മനസ്സില്‍ മദീന മുനവ്വറ തെളിയുമ്പോള്‍ ആഷിഖീങ്ങള്‍ക്ക് ഒരു പ്രാര്‍ത്ഥനയുണ്ട്, അല്ലാഹുവേ... മരിക്കുന്നതിന് മുമ്പ് നിന്റെ പ്രവാചകന്റെ റൗളാ ശരീഫിലേക്ക് ഒരിക്കലെങ്കിലും ഞങ്ങളെ നീ എത്തിക്കണേയെന്ന്... സര്‍വ്വ ശക്തന്‍ ആ സൗഭാഗ്യം നിറവേറ്റിത്തരട്ടെ.

Related Articles
Next Story
Share it