ഐക്യത്തിന്റെ ദീപസ്തംഭം; യു.എ.ഇയുടെ 54 വര്‍ഷത്തെ നവോത്ഥാന യാത്ര...!

ഇന്ന്, ലോകത്ത് ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായി യു.എ.ഇ. തിളങ്ങി നില്‍ക്കുന്നു. വ്യവസായം, വിനോദസഞ്ചാരം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പരമ്പരാഗത മേഖലകളിലും വ്യോമഗവേഷണം, നൂതന ഊര്‍ജ്ജം, മാര്‍സ് മിഷന്‍ പോലുള്ള ഭാവനാത്മക പദ്ധതികളിലും രാജ്യം മുന്നേറുകയാണ്.
യു.എ.ഇ ഇന്ന് തങ്ങളുടെ അമ്പത്തിനാലാം ദേശീയ ദിനം അഭിമാനത്തിന്റെയും ഐക്യത്തിന്റെയും മഹിമയോടെ ആഘോഷിക്കുകയാണ്. 1971ല്‍ ദീര്‍ഘ ദൃഷ്ടിയുള്ള നേതാവായിരുന്ന ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ ഏഴ് എമിറേറ്റുകളെ ഒരേ പതാകക്ക് കീഴില്‍ അണിനിരത്തിക്കൊണ്ട് കുറിച്ച ചരിത്രമാണ് ഈ ആഘോഷങ്ങളുടെയെല്ലാം ആവേശോജ്ജ്വലമായ പ്രചോദനം. മരുഭൂമിയിലെ മണല്‍ത്തരികളില്‍ നിന്ന് ആഗോള ബിസിനസ്-ടൂറിസം കേന്ദ്രങ്ങളായി ദുബായ്, അബുദാബി, ഷാര്‍ജ, അജ്മാന്‍, ഫുജൈറ, റാസല്‍ ഖൈമ, ഉമ്മുല്‍ ഖുവൈന്‍ എന്നീ എമിറേറ്റുകള്‍ വളര്‍ന്ന കഥ, കേവലം നഗരവികസനത്തിന്റെ വിജയം മാത്രമല്ല; അത് ഐക്യത്തിന്റെ ശക്തിയും ദൂരദൃഷ്ടിയുള്ള ഭരണകൂടത്തിന്റെ ഇച്ഛാശക്തിയും വിളിച്ചോതുന്ന ലോകോത്തരമായൊരു വികസന മാതൃകയാണ്.
ഇന്ന്, ലോകത്ത് ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായി യു.എ.ഇ. തിളങ്ങി നില്‍ക്കുന്നു. വ്യവസായം, വിനോദസഞ്ചാരം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പരമ്പരാഗത മേഖലകളിലും വ്യോമഗവേഷണം, നൂതന ഊര്‍ജ്ജം, മാര്‍സ് മിഷന്‍ പോലുള്ള ഭാവനാത്മക പദ്ധതികളിലും രാജ്യം മുന്നേറുകയാണ്. എയര്‍പോര്‍ട്ടുകള്‍, മെട്രോ, ആധുനിക റോഡുകള്‍, ആസ്പത്രികള്‍, വിദ്യാലയങ്ങള്‍ എന്നിങ്ങനെ ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. എല്ലാ സര്‍ക്കാര്‍ സേവനങ്ങളും അതിവേഗം മൊബൈലില്‍ ലഭ്യമാക്കുന്ന ഡിജിറ്റല്‍ സര്‍ക്കാര്‍ സംവിധാനവും യു.എ.ഇയുടെ ഭരണനിര്‍വ്വഹണ മികവിന് ഉദാഹരണമാണ്.
വ്യക്തിപരമായ വരുമാനത്തിന് നികുതിയില്ലാത്ത സാമ്പത്തിക നയം രാജ്യത്തെ പ്രവാസികള്‍ക്കും ബിസിനസുകള്‍ക്കും വലിയ ആകര്‍ഷണമായി നിലകൊള്ളുന്നു.
യു.എ.ഇയുടെ സാമൂഹിക ശക്തി അതിന്റെ പ്രവാസി പങ്കാളിത്തത്തിലാണ് കുടികൊള്ളുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി 200ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സഹിഷ്ണുതയുടെയും സൗഹൃദത്തിന്റെയും അന്തരീക്ഷത്തില്‍ ഇവിടെ ഒരുമിച്ചു ജീവിക്കുന്നു. ജന്മദേശഭേദമോ, ഭാഷയോ, മതമോ ഇവിടെ സാമൂഹിക ഭിന്നതകള്‍ സൃഷ്ടിക്കുന്നില്ല. വനിതാ ശാക്തീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഭരണകൂടം രാഷ്ട്രീയം, വിദ്യാഭ്യാസം, വ്യവസായം എന്നീ മേഖലകളില്‍ സ്ത്രീകള്‍ക്ക് സമാനമായ അവസരങ്ങള്‍ നല്‍കുന്നു.
ബുര്‍ജ് ഖലീഫ, പാം ജുമൈറ പോലുള്ള ടൂറിസം വിസ്മയങ്ങള്‍ക്കപ്പുറം ആഗോള വ്യാപാരത്തിനും സമാധാന ശ്രമങ്ങള്‍ക്കും യു.എ.ഇ സജീവമായി നേതൃത്വം നല്‍കുന്നു. കൂടാതെ, ലോകത്തിന്റെ ഏതു കോണിലും ദുരിതമുണ്ടായാല്‍ സഹായം എത്തിക്കുന്ന മനുഷ്യസേവനത്തിന് മുന്‍തൂക്കം നല്‍കുന്ന ഹൃദയവും ഈ രാഷ്ട്രത്തിന്റെ നിര്‍ണ്ണായകമായ മുഖമാണ്.

'ഐക്യം നമ്മെ ഉയര്‍ത്തുന്നു, സഹിഷ്ണുത നമ്മെ സംരക്ഷിക്കുന്നു, സ്വപ്‌നങ്ങള്‍ നമ്മെ ഭാവിയിലേക്ക് നയിക്കുന്നു' എന്ന സന്ദേശം ഓര്‍മ്മിപ്പിച്ചുകൊണ്ട്, ഈ അമ്പത്തിനാലാം ദേശീയദിനം യു.എ.ഇ നേടിയ അപാരനേട്ടങ്ങളെയും അതിന്റെ പിറകില്‍ പ്രവര്‍ത്തിച്ച ദീര്‍ഘദൃഷ്ടിയുള്ള നേതാക്കളെയും ജനങ്ങളെയും പ്രവാസികളെയും ഒരുപോലെ സ്മരിക്കുന്നു. നവോത്ഥാനം, സുസ്ഥിരത, സൗഹൃദം എന്നീ മൂല്യങ്ങളാണ് യു.എ.ഇയുടെ ഭാവിക്ക് വെളിച്ചമേകുന്നത്. ദേശീയ ദിനാഘോഷങ്ങളുടെ ആവേശം രാജ്യത്തെങ്ങും പരക്കുകയാണ്. സ്വദേശികളും വിദേശികളും വിവിധ കൂടായ്മകളും സംഘടനകളും ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുകയും സാംസ്‌കാരിക പരിപാടികളിലും പൊതുപരിപാടികളിലും സജീവമായി പങ്കെടുക്കുകയും ഈ മഹത്തായ ദിനത്തെ വര്‍ണപ്പകിട്ടാര്‍ന്നതാക്കുകയും ചെയ്യുന്നു.
ദുബായ് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഡിസംബര്‍ രണ്ടിന് ദുബായ് മാംസാറിലെ ശബാബ് അല്‍ അഹ്ലി ക്ലബ് ഓപ്പണ്‍ സ്റ്റേഡിയത്തില്‍ യു.എ.ഇ എക്കണോമി ആന്റ് ടൂറിസം വകുപ്പു മന്ത്രി അബ്ദുല്ല ബിന്‍ തൂഖ് അല്‍മറി, പാണക്കാട് സയ്യദ് സാദിഖ് അലി ശിഹാബ് തങ്ങള്‍, പദ്മശ്രീ യൂസുഫ് അലി എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് സാംസ്‌കാരിക സമ്മേളനവും സിതാര കണ്ണൂര്‍ ഷെരീഫ് നയിക്കുന്ന സംഗീത വിരുന്നും ദേശീയ ദിന പരേഡ് അടക്കം സംഘടിപ്പിച്ച് കൊണ്ട് ദുബായ് കെ.എം.സി.സി. പ്രസിഡണ്ട് ഡോ. അന്‍വര്‍ അമീന്‍, ജനറല്‍ സെക്രട്ടറി യഹ്‌യ തളങ്കര, ട്രഷറര്‍ പി.കെ ഇസ്മായില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഫുള്‍ ടീം വലിയ ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
ഈ മഹത്തായ രാഷ്ട്രത്തിനും ഈ മണ്ണില്‍ സ്വപ്‌നം കാണുന്ന ഓരോ ഹൃദയത്തിനും ദേശീയ ദിനാശംസകള്‍!

