ജനമനസ്സുകളില്‍ മായാതെ 'മെഹബൂബെ മില്ലത്ത' ഇല്ലാത്ത 20 വര്‍ഷങ്ങള്‍

വിട പറഞ്ഞ് രണ്ട് പതിറ്റാണ്ട് പിന്നിട്ടെങ്കിലും ന്യൂനപക്ഷ രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ അണികളുടെ പ്രിയപ്പെട്ട 'മെഹബൂബെ മില്ലത്തും' അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളും ഇന്നും കടന്നുവരുന്നു. കേരളത്തിന്റെ മകനും മരുമകനുമായിരുന്നു സുലൈമാന്‍ സേട്ട്. ഉമ്മ വഴി തലശ്ശേരിയുമായി ബന്ധം. വ്യവസായി മുഹമ്മദ് അബ്ദുല്ലത്തീഫ് സേട്ടിന്റെ മകളെ വിവാഹം കഴിച്ചതോടെ മട്ടാഞ്ചേരിയുടെ മരുമകനായി.

ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ദേശീയമുഖവും ദീര്‍ഘകാലം എം.പിയുമായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ട് ഇല്ലാത്ത 20 വര്‍ഷങ്ങള്‍.

അരനൂറ്റാണ്ടിലേറെ കാലം കേരളമായിരുന്നു തട്ടകമെങ്കിലും ഇബ്രാഹിം സുലൈമാന്‍ സേട്ടിനു മലയാളം നന്നായി വഴങ്ങുമായിരുന്നില്ല. മലബാര്‍ രാഷ്ട്രീയത്തിന്റെ ഹൃദയഭാഷ അദ്ദേഹത്തോളം വഴങ്ങിയവര്‍ പക്ഷേ, ചുരുക്കമായിരുന്നു. മൂന്നര പതിറ്റാണ്ടിലേറെ പാര്‍ലമെന്റംഗമായിരുന്ന, സഭയ്ക്കകത്തും പുറത്തും ന്യൂനപക്ഷ അവകാശ പോരാട്ടങ്ങളുടെ മുഴങ്ങുന്ന ശബ്ദമായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടു സാഹിബ് 1922 നവംബര്‍ 3ന് കച്ചി മേമന്‍ കുടുംബത്തില്‍നിന്നുള്ള വ്യവസായി മുഹമ്മദ് സുലൈമാന്റെയും തലശ്ശേരി സ്വദേശി സൈനബ് ബായിയുടെയും മകനായി ബെംഗളൂരുവിലായിരുന്നു ജനനം.

വിട പറഞ്ഞ് രണ്ട് പതിറ്റാണ്ടു പിന്നിട്ടെങ്കിലും ന്യൂനപക്ഷ രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ അണികളുടെ പ്രിയപ്പെട്ട 'മെഹബൂബെ മില്ലത്തും' അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളും ഇന്നും കടന്നുവരുന്നു. കേരളത്തിന്റെ മകനും മരുമകനുമായിരുന്നു സുലൈമാന്‍ സേട്ട്. ഉമ്മ വഴി തലശ്ശേരിയുമായി ബന്ധം. വ്യവസായി മുഹമ്മദ് അബ്ദുല്ലത്തീഫ് സേട്ടിന്റെ മകളെ വിവാഹം കഴിച്ചതോടെ മട്ടാഞ്ചേരിയുടെ മരുമകനായി. രാഷ്ട്രീയമായി പക്ഷേ, മലബാറിന്റെ ദത്തുപുത്രനായിരുന്നു അദ്ദേഹം. പഠനശേഷം മൈസൂരുവില്‍ സര്‍ക്കാര്‍ കോളേജില്‍ അധ്യാപകനായി. അക്കാലത്തെ മുസ്ലിം ലീഗ് പ്രവര്‍ത്തനങ്ങളില്‍ സജീവം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രാഷ്ട്രീയം വിലക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങിയപ്പോള്‍ ഉദ്യോഗം രാജിവയ്ക്കാന്‍ മടിച്ചുനിന്നില്ല.

ഇന്ത്യ സ്വതന്ത്രമാകുന്നതിനു മുമ്പ് 1943ല്‍ പൊന്നാനിയില്‍ മുസ്ലിം വിദ്യാര്‍ഥി സമ്മേളനത്തിലാണ് സേട്ട് എന്ന നക്ഷത്രം മുസ്ലിം ലീഗ് രാഷ്ട്രീയത്തില്‍ ഉദിച്ചത്. ഉറുദു കവിതയുടെ സൗന്ദര്യവും ഇംഗ്ലിഷിന്റെ ഗാംഭീര്യവും ഒത്തുചേര്‍ന്ന സേട്ടിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയത് ലീഗിന്റെ സമുന്നത നേതാവും പിന്നീട് സ്പീക്കറുമായ കെ.എം.സീതി സാഹിബായിരുന്നു. സേട്ടില്‍ ഉജ്വലനായ രാഷ്ട്രീയക്കാരനെ കണ്ട സീതി സാഹിബ് അദ്ദേഹത്തിന്റെ മാര്‍ഗദര്‍ശിയും രാഷ്ട്രീയ ഗുരുവുമായി.

1960ല്‍ രാജ്യസഭാംഗമായി അദ്ദേഹം സുദീര്‍ഘമായ പാര്‍ലമെന്ററി ജീവിതത്തിനു തുടക്കമിട്ടു. പിന്നീട് കോഴിക്കോട് (1967, 71), മഞ്ചേരി (1977, 80, 84, 89), പൊന്നാനി (1991) എന്നിവിടങ്ങളില്‍നിന്ന് ലോക്‌സഭാംഗമായി. 1962ല്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയായ സുലൈമാന്‍ സേട്ട് എഴുപതുകളുടെ ആദ്യം ദേശീയ പ്രസിഡണ്ടായി. ബാബറി മസ്ജിദ് തകര്‍ച്ചയ്ക്കു ശേഷം കോണ്‍ഗ്രസുമായുള്ള ബന്ധത്തെച്ചൊല്ലി പാര്‍ട്ടിയുമായി ഇടഞ്ഞു ഖായിദെ മില്ലത്ത് കള്‍ചറല്‍ ഫോറവും പിന്നീട് ഐ.എന്‍.എല്ലും രൂപീകരിക്കുന്നത് വരെ ദേശീയതലത്തില്‍ ലീഗിന്റെ മുഖമായിരുന്നു അദ്ദേഹം.

ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ നരസിംഹ റാവു വരെയുള്ള പ്രധാനമന്ത്രിമാര്‍ക്കൊപ്പം പാര്‍ലമെന്റില്‍ പ്രവര്‍ത്തിച്ച സേട്ട് ദേശീയ നേതാവിന്റെ തലപ്പൊക്കത്തോടെ അവര്‍ക്കൊപ്പം നിന്നു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയോടും ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് നരസിംഹ റാവുവിനോടും മുഖത്തു നോക്കി തന്റെ അഭിപ്രായം പറയാന്‍ ധൈര്യം കാട്ടിയ നേതാവായിരുന്നു സേട്ടു സാഹിബ് . ഉറുദു കവിതയിലുള്ള അപാരകഴിവ് കവി കൂടിയായിരുന്ന മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുമായുള്ള അപൂര്‍വ സൗഹൃദത്തിനു വഴിയൊരുക്കി.

വാരാണസിയില്‍ മുസ്ലിം വിഭാഗങ്ങള്‍ക്കിടയിലെ തര്‍ക്കം പരിഹരിക്കാന്‍ സുപ്രീം കോടതി സേട്ടിന്റെ ഉപദേശം തേടിയത് ദേശീയ തലത്തില്‍ അദ്ദേഹം കൈവരിച്ച അംഗീകാരത്തിന്റെ അടയാളമായിരുന്നു. ലീഗുമായി കലഹിച്ച് പാര്‍ട്ടി വിട്ട അദ്ദേഹം 1994ല്‍ ഇന്ത്യന്‍ നാഷനല്‍ ലീഗ് (ഐ.എന്‍.എല്‍) സ്ഥാപിച്ചു. 2005ല്‍ മരിക്കുന്നതുവരെ ഐ.എല്‍.എന്‍ ദേശീയ അധ്യക്ഷനായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 27ന് സുലൈമാന്‍ സേട്ടിന്റെ 20-ാം ചരമ വാര്‍ഷിക ദിനം കടന്നുപോയി. വേര്‍പാടിന്റെ 20 വര്‍ഷം പിന്നിടുമ്പോഴും പാര്‍ലമെന്റിലെ ആ ഗര്‍ജ്ജിക്കുന്ന സിംഹത്തിന്റെ അഭാവം വലിയ തോതില്‍ പ്രകടമാവുകയാണ്. ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന ഇക്കാലത്ത് പാര്‍ലമെന്റില്‍ ശ്രദ്ധിക്കാന്‍ സുലൈമാന്‍ സേട്ട് ഉണ്ടായിരുന്നുവെങ്കിലെന്ന് ആശിച്ചുപോവുന്നു.

Related Articles
Next Story
Share it