കുട്ടിയെ വഴക്ക് പറയാന്‍ വരട്ടെ... ആദ്യം അവരെ അറിയുക...

കുട്ടിയുടെ വളര്‍ച്ചാ ഘട്ടങ്ങളിലെ ഓരോ അനുഭവങ്ങളും പ്രധാനമാണ്. കുട്ടിക്ക് ലഭിക്കുന്ന അറിവുകളും ആര്‍ജിച്ചെടുക്കുന്ന മനോഭാവങ്ങളും പ്രധാനമാണ്. വീടും പരിസരവും വീട്ടുകാരുമെല്ലാം ഈ വളര്‍ച്ചയുടെ നിര്‍ണായക ഘടകമാവുന്നുമുണ്ട്. അതുകൊണ്ടുതന്നെ കുട്ടികള്‍ എന്നു പറയുന്നത് സമൂഹത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ്.

കുട്ടികള്‍ മനുഷ്യ സമൂഹത്തിന്റെ ഭാവിയും പ്രതീക്ഷകളുമാണ്. ഒരു കുഞ്ഞിന്റെ ശാരീരിക വളര്‍ച്ച പോലെ തന്നെ മാനസിക വളര്‍ച്ചയും അത്യന്തം പ്രധാനമാണ്. ശിശു മനശാസ്ത്രം എന്നത്, കുട്ടിയുടെ ചിന്ത, വികാരം, പെരുമാറ്റം, സാമൂഹിക ബന്ധങ്ങള്‍, ബുദ്ധിവികാസം എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനമാണ്. കുട്ടിയെ ശരിയായി മനസ്സിലാക്കാന്‍ മാതാപിതാക്കളും അധ്യാപകരും സമൂഹവും ശിശു മനശാസ്ത്രത്തെ അറിയുകയും പ്രയോഗിക്കുകയും വേണം.

കുട്ടികളെ മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒരുപാട് കാര്യങ്ങള്‍ ശിശു മനഃശാസ്ത്രത്തില്‍ ഉണ്ട്. കുട്ടികളുടെ ചിന്തകളും വികാരങ്ങളും പ്രവൃത്തികളും ഓരോ പ്രായത്തിലും എങ്ങനെ മാറുന്നു എന്ന് മനസ്സിലാക്കുന്നത് അവരെ നന്നായി പരിചരിക്കാന്‍ സഹായിക്കും. ഇത് കുട്ടികള്‍ക്ക് സുരക്ഷിതത്വവും സ്‌നേഹവും നല്‍കാനും അവരുടെ കഴിവുകള്‍ വളര്‍ത്താനും സഹായിക്കുന്നു. കുട്ടി എന്നത്, ജനനം മുതല്‍ കൗമാരപ്രായത്തിന്റെ (ഏകദേശം 12-18 വയസ്സ് വരെ) തുടക്കം വരെയുള്ള വ്യക്തിയുടെ ജീവിതഘട്ടത്തെയാണ് പൊതുവെ സൂചിപ്പിക്കുന്നത്. ഈ പ്രായത്തില്‍ കുട്ടികള്‍ ശാരീരികമായും മാനസികമായും വൈകാരികമായും അതിവേഗം വളരുന്നു.

ശാരീരിക വളര്‍ച്ച:

ജനനം മുതല്‍ ഓരോ ഘട്ടത്തിലും കുട്ടികളുടെ ശരീരത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഉയരം, തൂക്കം, ശരീരത്തിലെ അവയവങ്ങളുടെ വളര്‍ച്ച എന്നിവയെല്ലാം ഇതില്‍പ്പെടും.

മാനസികവും വൈകാരികവുമായ വളര്‍ച്ച:

കുട്ടികള്‍ ചിന്തിക്കാനും പഠിക്കാനും കാര്യങ്ങള്‍ മനസ്സിലാക്കാനും തുടങ്ങുന്നത് ഈ ഘട്ടത്തിലാണ്. അവര്‍ക്ക് സന്തോഷം, സങ്കടം, ദേഷ്യം തുടങ്ങിയ വികാരങ്ങളെ തിരിച്ചറിയാനും പ്രകടിപ്പിക്കാനും സാധിക്കുന്നു.

സാമൂഹിക വളര്‍ച്ച:

മറ്റുള്ളവരുമായി ഇടപഴകാനും സുഹൃത്തുക്കളെ ഉണ്ടാക്കാനും കുടുംബാംഗങ്ങളുമായി ബന്ധങ്ങള്‍ സ്ഥാപിക്കാനും കുട്ടികള്‍ പഠിക്കുന്നു. കളികളിലൂടെയും സംഭാഷണങ്ങളിലൂടെയും അവര്‍ ലോകത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നു. കുട്ടികളില്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇവിടെ സൂചിപ്പിക്കുന്നു: 1) കുട്ടികളുടെ മനസ്സ് എവിടെ പതറുന്നുവോ അവിടെ താങ്ങായി മാറുക. 2) ശരീരം എവിടെ അസന്തുലിതമാകുന്നു അവിടെ ആശ്വാസമായി എത്തുക. 3) വീഴ്ചകള്‍ എവിടെ ഉടലെടുക്കുന്നുവോ അവിടെ കരുത്ത് പകരുക. 4) വീണുപോയാല്‍ എഴുന്നേല്‍പ്പിക്കാന്‍ ആളുണ്ട് എന്ന ധൈര്യം നല്‍കുക. 5) തോറ്റു പോയാല്‍ സമാധാനിപ്പിക്കാന്‍ കൂട്ടുകാരുണ്ട് എന്ന ചിന്ത വളര്‍ത്തുക. 6) എവിടെ ചെന്നാലും ഞാന്‍ പെട്ടുപോകില്ല എന്ന ധൈര്യം പകരുക. ഇത്തരം കാര്യം ഒരു രക്ഷിതാവില്‍ നിന്ന് വലിയ ആത്മധൈര്യമായി പകര്‍ന്നു കൊടുക്കാന്‍ സാധിച്ചാല്‍ ഓരോരോ കുട്ടിയും പടിപടിയായി ഉയര്‍ച്ച നേടിയെടുക്കും. കുട്ടികളുടെ മനസ്സ് മൂന്ന് അവസ്ഥകളിലൂടെ കടന്നുപോകുന്നു: 1) കുറ്റങ്ങള്‍ മാത്രം പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്ന മനസ്സ്. 2) കുറ്റപ്പെടുത്തി കൊണ്ടിരിക്കുന്ന മനസ്സ്. 3) ശാന്തത പ്രാപിച്ച മനസ്സ്. നാം നമ്മുടെ ചുറ്റും ശ്രദ്ധിച്ചു നോക്കിയാല്‍ ഇത്തരം അവസ്ഥകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ധാരാളം കുട്ടികളെ കാണാന്‍ സാധിക്കും. അതുപോലെതന്നെ കുട്ടികള്‍ക്ക് കിട്ടേണ്ട ചില അവകാശങ്ങളുണ്ട്. ചില ആവശ്യങ്ങളുമുണ്ട്. കുട്ടികളുടെ ആവശ്യങ്ങളില്‍ ചിലത് നമുക്ക് പരിചയപ്പെടാം: 1) സ്‌നേഹം. 2)വാത്സല്യം. 3) സന്തോഷം. 4) പ്രോത്സാഹനം. 5) സ്വാതന്ത്ര്യം (ചിന്താ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, പ്രവര്‍ത്തന സ്വാതന്ത്ര്യം, പ്രകടന സ്വാതന്ത്ര്യം). 6) തത്സമയ പിന്തുണ. 7) തുടര്‍ പിന്തുണ. 8) അഭിനന്ദനങ്ങള്‍. 9)അംഗീകാരം. 10) ജീവിത മാതൃക. 11) സുരക്ഷിതത്വം-നിര്‍ഭയത്വം. ഇത്തരം കാര്യങ്ങള്‍ കുട്ടികളുടെ ആവശ്യങ്ങളില്‍പ്പെട്ടതാണ്. അത് വകവെച്ചു കൊടുക്കുക എന്നുള്ളത് കുട്ടികളുടെ അവകാശത്തില്‍പെട്ടതുമാണ്. പലപ്പോഴും കുട്ടികള്‍ വഴി തിരിഞ്ഞു പോകുന്നതിന്റെ കാരണങ്ങള്‍ ഇത്തരം വിഷയങ്ങളില്‍ കൃത്യമായ ഇടപെടലുകള്‍ നടത്താത്തതാണ്.

കുട്ടിയെ മനസ്സിലാക്കേണ്ടതെന്തിന് ?

ഓരോ കുട്ടിക്കും വ്യത്യസ്തമായ കഴിവുകളും അഭിരുചികളുമുണ്ട്. അവയെ തിരിച്ചറിയുന്നത് വളര്‍ച്ചയ്ക്ക് സഹായകരമാണ്. വികാരങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കാനായി കുട്ടികള്‍ക്ക് കോപം, ഭയം, വിഷാദം എന്നിവ സ്വാഭാവികമാണ്. മാതാപിതാക്കള്‍ അത് മനസ്സിലാക്കാതെ നിരാകരിച്ചാല്‍ പ്രശ്‌നങ്ങള്‍ വളരും. സാമൂഹിക ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ കൂട്ടുകാരുമായി, അധ്യാപകരുമായി, കുടുംബവുമായി ബന്ധം ആരോഗ്യകരമാക്കാന്‍ മനശാസ്ത്രത്തിന്റെ സഹായം ആവശ്യമുണ്ട്. വളര്‍ച്ചാ പ്രശ്‌നങ്ങള്‍ തിരിച്ചറിയാന്‍ സംസാര വൈകല്യം, പഠന ബുദ്ധിമുട്ട്, അതിരുകടന്ന ഭയം, ഓട്ടിസം തുടങ്ങിയ പ്രശ്‌നങ്ങള്‍ ആദ്യം മനസ്സിലാക്കാന്‍ സഹായം ലഭിക്കും.

ശിശു മനശാസ്ത്രത്തിന്റെ പ്രധാന ഘട്ടങ്ങള്‍

1. ശിശുകാലം (02 വയസ്)-അമ്മയുടെ സ്നേഹവും സുരക്ഷയും ഏറ്റവും ആവശ്യം. ഭാഷാരൂപീകരണത്തിന്റെ തുടക്കം. 2. പിഞ്ചുകാലം (2-6 വയസ്)- കളിയിലൂടെയുള്ള പഠനം. അനുകരണം മുഖ്യമാണ്. മാതാപിതാക്കള്‍ തന്നെ മാതൃക. കുട്ടിയുടെ ഒന്നാമത്തെ വിദ്യാഭ്യാസ കലാലയം എന്നു പറയുന്നത് മാതാവാണ്. 3. ബാല്യകാലം (6-12 വയസ്)- പഠനത്തില്‍ താല്‍പര്യം. കൂട്ടുകാരുമായി സഹകരണം, മത്സരഭാവം തുടങ്ങിയവ ശക്തം. 4. കൗമാരം (12-18 വയസ്)- ശരീരിക, മാനസിക മാറ്റങ്ങള്‍ കൂടുതലാണ്. സ്വതന്ത്രമായ തിരിച്ചറിവിനായുള്ള ശ്രമം. കുട്ടികളില്‍ പ്രായത്തിനൊത്ത വികാസങ്ങള്‍ ഉണ്ടാകുന്നതാണ്. എന്നാല്‍ ഒരു കുട്ടിയുടെ വിദ്യാഭ്യാസം ശരിക്കും ആരംഭിക്കേണ്ടത് എപ്പോഴാണ്. പെട്ടെന്ന് നമ്മുടെ മനസ്സിലേക്ക് കയറിവരുന്ന ഉത്തരം എല്‍.കെ.ജി മുതല്‍ അതല്ലെങ്കില്‍ അംഗന്‍വാടി മുതല്‍ എന്നായിരിക്കും. കുട്ടികളുടെ പ്രായത്തിനൊത്ത മാറ്റങ്ങള്‍ സംഭവിക്കുന്നത് എന്തൊക്കെയാണ്: കുട്ടിയുടെ സംസ്‌കാരം, മനോഭാവം, പഠനോന്‍മുഖത, ആത്മവിശ്വാസം, ലക്ഷ്യബോധം, നന്മയെ സ്വീകരിക്കുന്ന മനസ്സ് ഇവയെല്ലാം കുട്ടികളുടെ പ്രായത്തിനൊത്ത വിദ്യാഭ്യാസത്തിന്റെ ഭാഗമായി വരേണ്ടതുണ്ട്. ഇങ്ങനെ തന്നെയാണ് ചിന്തിക്കേണ്ടത്. കേവലം ഔപചാരിക വിദ്യാഭ്യാസം കൊണ്ട് ഇത് ലഭിക്കില്ല. വിദ്യാലയത്തിന് മാത്രം ഇത് നിര്‍വഹിച്ചു തരാന്‍ സാധിക്കുകയില്ല. കുട്ടിയുടെ വളര്‍ച്ചാ ഘട്ടങ്ങളിലെ ഓരോ അനുഭവങ്ങളും പ്രധാനമാണ്. കുട്ടിക്ക് ലഭിക്കുന്ന അറിവുകളും ആര്‍ജിച്ചെടുക്കുന്ന മനോഭാവങ്ങളും പ്രധാനമാണ്. വീടും പരിസരവും വീട്ടുകാരുമെല്ലാം ഈ വളര്‍ച്ചയുടെ നിര്‍ണായക ഘടകമാവുന്നുമുണ്ട്. അതുകൊണ്ടുതന്നെ കുട്ടികള്‍ എന്നു പറയുന്നത് സമൂഹത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ്. കുട്ടികളെ നന്നായി വളര്‍ത്താന്‍ വേണ്ടി നാം പലതും ചെയ്യുന്നു. പഠിച്ച പണി പലതും പയറ്റി നോക്കുന്നു. എന്നിട്ടും ഫലം വിപരീതം മാത്രം. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? എവിടെയാണ് തെറ്റുപറ്റിയത് ? കണ്‍കുളിര്‍മയുള്ള മക്കളെ ലഭിക്കാന്‍ വേണ്ടി നാം നിരന്തരം പ്രാര്‍ത്ഥിക്കുന്നു. അതിനുവേണ്ടി കഠിനപ്രയത്‌നങ്ങള്‍ ചെയ്യുന്നു. നമ്മുടെ സമ്പത്തിന്റെ ഒരു ഭാഗം തന്നെ മക്കള്‍ക്ക് വേണ്ടി മാറ്റിവെക്കുന്നു. എല്ലാ പ്രവര്‍ത്തനങ്ങളും നമ്മള്‍ മുന്നോട്ടുവെക്കുന്നുണ്ടെങ്കിലും സമൂഹത്തില്‍ വളര്‍ന്നുവരുന്ന ജീവിതരീതിയും അനാശാസ്യ പ്രവര്‍ത്തനങ്ങളും കൃത്യമായി മനസ്സിലാക്കി കുട്ടികളെ നേരായ വഴിയിലേക്ക്, നന്മ വിതറുന്ന മക്കളാക്കി മാറ്റാനാണ് ഓരോരക്ഷിതാവും ആഗ്രഹിക്കുന്നത്. ഇവിടെ നാം നിര്‍വഹിക്കേണ്ട പ്രധാന ഘടകം എന്നത് ഒരു രക്ഷിതാവിന്റെ റോള്‍ കുട്ടിയെ മനസ്സിലാക്കുക എന്നുള്ളതാണ്. കുട്ടിയുടെ അഭിരുചി മനസ്സിലാക്കി ഇടപെടുകയാണെങ്കില്‍ നമ്മുടെ മക്കളില്‍ നാം ആഗ്രഹിക്കുന്ന ഒരു നല്ല തലമുറയെ സമൂഹത്തിന് സമര്‍പ്പിക്കാന്‍ കഴിയും. അതിന് ഓരോരോ രക്ഷിതാവിനും സാധിക്കട്ടെ...

Related Articles
Next Story
Share it