ദൂരത: പരിവര്‍ജ്ജയേത് !

ഈ പാഠ്യപദ്ധതി പരിചയപ്പെടണം വിദ്യാര്‍ത്ഥികള്‍ എന്നാണ് യു.ജി.സി. നിര്‍ദ്ദേശിക്കുന്നത്. ത്രൈവര്‍ണികര്‍ക്ക് -(ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍) മാത്രം വിധിച്ചിട്ടുള്ളതാണ് ഇത് -പുരുഷന്മാര്‍ക്ക് മാത്രം. സ്ത്രീകള്‍ക്കും ശൂദ്രന്മാര്‍ക്കും ഇതൊന്നും അര്‍ഹതപ്പെട്ടതല്ല. 'സ്ത്രീധര്‍മ്മം ശൂദ്ര ധര്‍മ്മത്തെപ്പോലെ' എന്നാണ് പ്രമാണം.
യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യു.ജി.സി.) നിര്‍ദ്ദേശിച്ചത്: ബ്രഹ്മചര്യം മുതല്‍ സന്യാസം വരെയുള്ള ജീവിതക്രമങ്ങളെക്കുറിച്ച് കോളേജ് വിദ്യാര്‍ത്ഥികളെ പരിചയപ്പെടുത്തുന്നതിനുള്ള പുതിയ പാഠ്യപദ്ധതി. ഹൈന്ദവ പുരാണ ഇതിഹാസങ്ങളിലും സനാതന ധര്‍മ്മശാസ്ത്രങ്ങളിലും പറഞ്ഞിട്ടുള്ള ജീവിതക്രമങ്ങള്‍ -ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നിവ -വിദ്യാര്‍ത്ഥികളെ പരിചയപ്പെടുത്തണം. പൗരാണിക നീതിബോധം വളര്‍ത്തണം; മൂല്യബോധമുള്ളവരാക്കണം. (വാര്‍ത്ത: 24.08.2025).
'പൗരാണികം' എന്നാല്‍ പുരാതനകാലത്തേത്. അന്നുണ്ടായിരുന്ന നീതിബോധത്തെക്കുറിച്ച് മനസിലാക്കാന്‍ പുരാണകഥകള്‍. ഒരു സംശയം: അന്നത്തെ നീതിബോധത്തിന് ഇന്ന് എന്ത് പ്രസക്തി?
'ഇന്നലെ ചെയ്‌തോരബദ്ധം/മൂഢര്‍ക്കിന്നത്തെ
-യാചാരമാകാം/നാളത്തെ ശാസ്ത്രമതാകാം/
അതില്‍ മൂളായ്ക സമ്മതം -എന്നാണ് ശ്രീബുദ്ധന്‍ പ്രസേനജിത്ത് രാജാവിനോട് പറഞ്ഞത്. (ചണ്ഡാലഭിക്ഷുകി -കുമാരനാശാന്‍).
ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം -ആശ്രമ ചതുഷ്ടയങ്ങള്‍: ഇതെല്ലാം ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍ -ഈ ത്രൈവര്‍ണികര്‍ക്ക് മാത്രം അവകാശപ്പെട്ടത്. നാലാം വര്‍ണ്ണമാക്കി മാറ്റി നിര്‍ത്തിയിട്ടുള്ള ശൂദ്രന് നിഷിദ്ധം. ഇപ്രകാരം വിധിക്കുന്ന മനുസ്മൃതിയാണ് 'മാനവ ധര്‍മ്മശാസ്ത്ര'മായി കണക്കാക്കുന്നത്. 'ഉപനയനം' കഴിഞ്ഞിട്ട് വിദ്യാരംഭം.
'ഗര്‍ഭാഷ്ടമാബ്ദേ കുര്‍വീത ബ്രാഹ്മണാസ്യോപനയനം'. 'ഗര്‍ഭാധാനം' മുതല്‍ എട്ട് വയസാകുമ്പോള്‍ ബ്രാഹ്മണന്റെ ഉപനയനം. (ജനിച്ച ദിവസം തൊട്ട് അല്ല വയസ്സ് കണക്കാക്കേണ്ടത്). പത്താം വയസില്‍ ക്ഷത്രിയന്റെ; പതിനൊന്നില്‍ വൈശ്യന്റെ -ഉപനയനം നടത്തണം. ഉപനയന ചടങ്ങുകളിലും വ്യത്യാസമുണ്ട്. ഉപനയനം കഴിഞ്ഞു എന്നതിന്റെ ബാഹ്യസൂചനയാണ് 'ഉപവീതം' -പൂണൂല്‍ ധരിക്കല്‍.
ഉപനയനം കഴിഞ്ഞാല്‍ വിദ്യാരംഭം. പിന്നെ 'ഗൃഹസ്ഥാശ്രമം'. വൈവാഹിക ജീവിതം. സന്താനങ്ങള്‍ക്ക് പ്രായപൂര്‍ത്തിയായാല്‍ മാതാപിതാക്കള്‍ 'വാനപ്രസ്ഥ'ത്തിലേക്ക്. വീട് വിട്ട് വനത്തിലേക്കിറങ്ങണം. വനവാസകാലത്ത് കായ്കനികള്‍ ആഹാരം. മരച്ചുവട്ടിലോ വള്ളിക്കുടിലിലോ കിടന്നുറങ്ങാം. വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ സന്യാസം -സഹധര്‍മ്മിണിയേയും ഉപേക്ഷിക്കണം. ജീവിതാന്ത്യം വരെ അങ്ങനെ കഴിയാം. മാനവ ധര്‍മ്മശാസ്ത്രമായ മനുസ്മൃതി അനുശാസിക്കുന്ന ജീവിതക്രമം പിന്തുടരുക.
ഈ പാഠ്യപദ്ധതി പരിചയപ്പെടണം വിദ്യാര്‍ത്ഥികള്‍ എന്നാണ് യു.ജി.സി. നിര്‍ദ്ദേശിക്കുന്നത്. ത്രൈവര്‍ണികര്‍ക്ക് -(ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍) മാത്രം വിധിച്ചിട്ടുള്ളതാണ് ഇത് -പുരുഷന്മാര്‍ക്ക് മാത്രം. സ്ത്രീകള്‍ക്കും ശൂദ്രന്മാര്‍ക്കും ഇതൊന്നും അര്‍ഹതപ്പെട്ടതല്ല. 'സ്ത്രീധര്‍മ്മം ശൂദ്ര ധര്‍മ്മത്തെപ്പോലെ' എന്നാണ് പ്രമാണം. 'ന സ്ത്രീശൂദ്രോ വേദമധീയതാം' (സ്ത്രീയും ശൂദ്രനും വേദം പഠിക്കാന്‍ പാടില്ല. വേദം ചൊല്ലുന്നത് കേള്‍ക്കാന്‍ പാടില്ല. വേദം കേട്ട ശൂദ്രന്റെ കാതില്‍ ഈയം ഉരുക്കി ഒഴിക്കണം. ഉച്ചരിച്ചാല്‍ നാവ് പിഴുതെടുക്കണം. 'ശൂദ്രമക്ഷര സംയുക്തം ദൂരതഃ പരിവര്‍ജ്ജയേത്. അക്ഷരം പഠിച്ച ശൂദ്രനെ ദൂരെ കളയണം; സ്ത്രീയെയും.
മനുസ്മൃതി മലയാള പരിഭാഷയുടെ (മാതൃഭൂമി പ്രസിദ്ധീകരണം) ആമുഖത്തില്‍ രാമകൃഷ്ണാശ്രമം മഠാധിപതി സിദ്ധി നാഥാനന്ദ സ്വാമി എഴുതി: ദാസ്യവൃത്തിക്കായി സൃഷ്ടിക്കപ്പെട്ടവനാണ് ശൂദ്രന്‍. അവന് സ്വാതന്ത്ര്യം കൊടുത്താലും സ്വതന്ത്രനാകുന്നില്ല. ദ്വിജന്മാര്‍ക്ക് യഥേഷ്ടം ഉപയോഗിക്കാനുള്ള 'ഇരുകാലി'കള്‍ മാത്രമാണ് മനുസ്മൃതി പ്രകാരം ശൂദ്രന്മാര്‍.
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ സ്മൃതികളുടെ പ്രാമാണ്യം നഷ്ടപ്പെട്ടു. (മനുസ്മൃതി വ്യാഖ്യാനത്തിന്റെ അവതാരിക). യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ വ്യക്തമാക്കണം, ഇതൊക്കെയാണോ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കേണ്ടത് പൗരാണിക നീതിബോധത്തെക്കുറിച്ചുള്ള മൂല്യബോധം ഉളവാക്കാന്‍? ശൂദ്രനെയും സ്ത്രീയെയും ആണോ മാറ്റിനിര്‍ത്തേണ്ടത്, അതല്ല അവരെ 'ദൂരതഃ പരിവര്‍ജ്ജയേല്‍' എന്ന് വിധിച്ചിട്ടുള്ള മനുസ്മൃതിയുടെ പൗരാണിക നീതിബോധം പരിചയപ്പെടുത്താനാവശ്യപ്പെടുന്നവരെയോ?