വാര്‍ധക്യമേ അകലെ! ശംഖനാദം കേട്ടില്ലേ...

ഒക്‌ടോബറില്‍ -നമുക്ക് പുതിയൊരു പ്രധാനമന്ത്രിയെ കാണാന്‍ കഴിഞ്ഞേയ്ക്കും. ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥാനമൊഴിഞ്ഞേയ്ക്കും. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രായപരിധിച്ചട്ടം അനുസരിച്ച് 75 വയസ് പൂര്‍ത്തിയാകുമ്പോള്‍ ഔദ്യോഗിക പദവി ഒഴിയണം.

രണ്ടുമാസം കഴിയുമ്പോള്‍-അതായത് ഒക്‌ടോബറില്‍-നമുക്ക് പുതിയൊരു പ്രധാനമന്ത്രിയെ കാണാന്‍ കഴിഞ്ഞേയ്ക്കും. ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥാനമൊഴിഞ്ഞേയ്ക്കും. ('ഏ യ്ക്കും' -പുതിയ മാധ്യമ ശൈലി) രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രായപരിധിച്ചട്ടം അനുസരിച്ച് 75 വയസ് പൂര്‍ത്തിയാകുമ്പോള്‍ ഔദ്യോഗിക പദവി ഒഴിയണം. സെപ്തംബര്‍ 17ന് മോദിക്ക് 75 വയസാവും. സര്‍ സംഘ ചാലക് മോഹന്‍ ഭാഗ്പത് പരോക്ഷമായി ഇക്കാര്യം ഓര്‍മ്മിപ്പിച്ചുപോലും. പാര്‍ട്ടിക്കാര്‍ തന്നെ വെളിപ്പെടുത്തിയതാണ്.

ഒരാള്‍ക്ക് വയസെത്രയായി എന്നറിയാന്‍ ജനന സര്‍ട്ടിഫിക്കറ്റ് പരിശോധിക്കണം; ആധാര്‍ കാര്‍ഡും മതി; പണ്ട് ജാതകം. ശരീര പ്രകൃതി കണ്ടാലും അറിയാം-ജരാനരകള്‍ വാര്‍ധക്യലക്ഷണം. എന്നാല്‍ ചിലരെ യൗവ്വനത്തില്‍ തന്നെ നരബാധിക്കുന്നു. യുവത്വം പിന്നിട്ടു എന്ന് ധരിച്ച് കോണ്‍ഗ്രസിന്റെ യുവജന പ്രസ്ഥാനത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍, സുബ്രഹ്മണ്യന്‍ തിരുമുമ്പ്-(പില്‍ക്കാലത്തെ 'ഭക്ത കവി തിലകം')- കവിതയില്‍ പ്രതികരിച്ചുപോലും: 'തല നരച്ചു എന്നതല്ല വാര്‍ധക്യം; തല നരക്കാത്തതല്ല യൗവ്വനം'. ചെറുപ്പത്തിലേ തല നരച്ചു എന്നതാണ് തിരുമുമ്പിനെ സംശയിക്കാനിടയാക്കിയത്.

ഇപ്പോള്‍, തലമുടി കറുപ്പിക്കാന്‍ ഒരുപായമുണ്ട്: ബ്യൂട്ടി പാര്‍ലറിലെ 'ചായപ്പണി'യല്ല- ശംഖൂതിയാല്‍ മതി. മുടി കറുക്കും. കോണ്‍പൂരിലെ അഡീഷണല്‍ കമ്മീഷണറായിരുന്ന രാജീവ് ശര്‍മ്മ ഐ.എ.എസ് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന്റെ 103-ാം വാര്‍ഷിക സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് അകാല വാര്‍ധക്യം-വാര്‍ധക്യ ലക്ഷണമായ 'നര'-ബാധിച്ചല്ലോ എന്ന് പരിതപിക്കുന്നവര്‍ക്ക് ആശ്വാസമേകുന്ന ഈ അറിവ് വിളമ്പിയത്. (10.06.2016 പത്രവാര്‍ത്ത) ശംഖൂതിയാല്‍ നരച്ചമുടി കറുക്കും. മാനസിക കാരണങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന എല്ലാവിധ ശാരീരിക വ്യാധികളും ശമിക്കും. ശംഖൂതിയാല്‍ തീരാത്ത പ്രശ്‌നങ്ങളില്ല!

സമ്മേളനത്തില്‍ ഡോ. അഖിലേഷ് കെ. പാണ്ഡെ (മധ്യപ്രദേശിലെ യൂണിവേഴ്‌സിറ്റി റഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍) ഒരു പരിസ്ഥിതി പ്രവര്‍ത്തകനെ പരിചയപ്പെടുത്തുകയുണ്ടായി- പരമശിവന്‍.

മുന്‍ വര്‍ഷത്തെ സമ്മേളനത്തില്‍ വിളമ്പിയ വിജ്ഞാനങ്ങളില്‍ ചിലത്: ലങ്കേശ്വരനായ രാവണന്‍ മികച്ച വൈമാനികന്‍. ടെസ്റ്റ് ട്യൂബ് ശിശു ഇന്ത്യന്‍ കണ്ടുപിടിത്തം. വിശ്വാമിത്രന്‍, ഋഷ്യശൃംഗന്‍, ഗാന്ധാരീപുത്രന്മാര്‍-ഇവരെല്ലാം ടെസ്റ്റ് ട്യൂബ് ശിശുക്കള്‍. മഹര്‍ഷിമാര്‍ രതിക്രീഡാനന്തരം ബീജാധാനം നിര്‍വഹിച്ചത് 'കുട'ങ്ങളിലായിരുന്നു. യഥാസമയം ശിശുക്കള്‍ പിറന്നു. എന്നാല്‍ നമ്മുടെ വിദ്യാലയങ്ങളില്‍ പഠിക്കുന്നത് മറ്റൊന്ന്. ഓര്‍വില്‍ റൈറ്റ്, വില്‍ബര്‍ റൈറ്റ് (റൈറ്റ് ബ്രദേഴ്‌സ്) ആദ്യമായി വിമാനം പറപ്പിച്ചു- 1903 ഡിസംബര്‍ 17ന്, ടെസ്റ്റ് ട്യൂബ് ബേബി-1978 ജൂലായ് 25ന് ബ്രിട്ടനിലെ റോയല്‍ ഓള്‍ഡ് ഹോം ഹോസ്പിറ്റലില്‍ പിറന്നു. ജോണ്‍ ബ്രൗണ്‍-ലെസ്ലി ദമ്പതികളുടെ, ലൂയിസെ ജോണ്‍ ബ്രൗണ്‍ ആദ്യത്തെ 'കുഴല്‍കുട്ടി' (ടെസ്റ്റ് ട്യൂബ് ബേബി).

നമ്മുടെ പാഠപുസ്തകങ്ങളും വിജ്ഞാന കോശങ്ങളും മാറ്റിയെഴുതേണ്ടി വരുമോ? 'ആര്‍ഷജ്ഞാനം പരമജ്ഞാനം' എന്ന് വിശ്വസിക്കുന്നവര്‍ ഭരിക്കുമ്പോള്‍ പല തിരുത്തലുകളും ചെയ്യേണ്ടിവരും!

വാര്‍ധക്യമേ, അകലേ! ശംഖനാദം കേട്ടില്ലേ?

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it