ഉരുകുന്ന മനുഷ്യ ശരീരവും ഉണരാത്ത യോയോ മക്കളും; ഉള്ള് പൊളളുന്ന കഥ വായിക്കണം

പുതിയ കാലത്തെ ആണ്‍-പെണ്‍ ജീവിതങ്ങള്‍ കയ്യില്‍ കിട്ടുന്ന ലഹരിപ്പൊടിയുടെ പിന്നില്‍ നടക്കുമ്പോള്‍ തന്നെ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളുടെ അധ്വാനത്തിന്റെ തീക്ഷ്ണമായ അനുഭവങ്ങളിലേക്ക് മെല്ലെയൊന്ന് യാത്രയാവണം. നമുക്കായി ഹൃദയം കത്തിച്ച മാതാപിതാക്കളുടെ കഴിഞ്ഞ ജീവിത കഥയെക്കുറിച്ച് ഒരു വട്ടമെങ്കിലും ഉമ്മയോടോ ഉപ്പയോടോ വിവരിക്കാന്‍ പറയണം. കേട്ടുകഴിഞ്ഞാല്‍ പിന്നെ അവരെ നമ്മള്‍ താഴെയിറക്കാതെ മരണം വരെ തോളില്‍ വെച്ച് നടക്കും.

ദിവസങ്ങള്‍ക്ക് മുമ്പ്, ഗള്‍ഫിലെ ചൂടിന് കാഠിന്യം പതിയെ കൂടിവരുന്ന നേരത്താണ് താമസമുറിയുടെ എ.സി സര്‍വീസ് ചെയ്യാന്‍ രണ്ടുപേര്‍ വന്നത്. രണ്ടാളും മലയാളികളാണ്. അതിലൊരാള്‍ കാസര്‍കോടായത് കൊണ്ട് സുഖ വിവരങ്ങള്‍ സംസാരിച്ചു തുടങ്ങി. പ്രായം 55 കഴിഞ്ഞ ആ മനുഷ്യന്‍ ഇരുപത്തിനാലാമത്തെ വയസില്‍ കല്യാണം കഴിഞ്ഞു വിമാനം കയറിയതാണ്. പല പണികള്‍ ചെയ്‌തെടുത്ത വലയുന്ന കൈകളുമായി മുന്നില്‍ നില്‍ക്കുന്ന കോരിച്ചൊരിയുന്ന മഴ നനഞ്ഞു വന്നയാളെപ്പോലെ മുഖത്ത് നിന്നും ഒഴുകുന്ന വിയര്‍പ്പ് തുള്ളികള്‍ വിരല്‍ കൊണ്ട് തുടച്ചുമാറ്റി കണ്ണ് തുറന്ന് കഴിഞ്ഞുപോയ ഇരുപത് കൊല്ലത്തെ പ്രവാസ ജീവിതം പുഞ്ചിരിയോടെ വിവരിച്ചു തുടങ്ങി.

നേരം വെളുത്താല്‍ സൂര്യന് താഴെയല്ലാതെ അദ്ദേഹം ഇത് വരെയും പണിയെടുത്തിട്ടില്ല. പുറം വെന്തുരുകുന്നുണ്ടെങ്കിലും അകത്തു ഹിമതണുപ്പാണെന്ന് നെടുവീര്‍പ്പുകള്‍ക്കിടയില്‍ അദ്ദേഹത്തെ ഞാന്‍ വായിച്ചെടുത്തു.

വളര്‍ത്തി വലുതാക്കിയ മൂന്ന് പെണ്‍മക്കളെ നല്ല രീതിയില്‍ കല്യാണം കഴിച്ചു കൊടുത്ത സന്തോഷക്കഥ ഓരോ നിമിഷങ്ങളിലും ഓര്‍ക്കുമ്പോള്‍ ഒഴുകുന്ന വിയര്‍പ്പ് തുള്ളികള്‍ക്ക് അത്തറിന്റെ മണമുണ്ടെന്ന് പറയാതെ പറയുന്നുണ്ടായിരുന്നു ആ മനുഷ്യന്‍.

പുതിയ കാലത്തെ ആണ്‍-പെണ്‍ ജീവിതങ്ങള്‍ കയ്യില്‍ കിട്ടുന്ന ലഹരിപ്പൊടിയുടെ പിന്നില്‍ നടക്കുമ്പോള്‍ തന്നെ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളുടെ അധ്വാനത്തിന്റെ തീക്ഷ്ണമായ അനുഭവങ്ങളിലേക്ക് മെല്ലെയൊന്ന് യാത്രയാവണം. നമുക്കായി ഹൃദയം കത്തിച്ച മാതാപിതാക്കളുടെ കഴിഞ്ഞ ജീവിത കഥയെക്കുറിച്ച് ഒരു വട്ടമെങ്കിലും ഉമ്മയോടോ ഉപ്പയോടോ വിവരിക്കാന്‍ പറയണം. കേട്ടുകഴിഞ്ഞാല്‍ പിന്നെ അവരെ നമ്മള്‍ താഴെയിറക്കാതെ മരണം വരെ തോളില്‍ വെച്ച് നടക്കും.

നമുക്ക് വേണ്ടിയവര്‍ എത്ര പ്രാവശ്യം അന്നം കഴിക്കാന്‍ മറന്നു പോയിട്ടുണ്ടാവും. എത്ര രാവുകള്‍ അവര്‍ ഉറങ്ങാതെ നമ്മുടെ നാളെയെ ചിന്തിച്ചു കൊണ്ടിരുന്നിട്ടുണ്ടാവും. കലണ്ടര്‍ മാറി മറിയുന്നുണ്ടെങ്കിലും തങ്ങളുടെ ജീവിതം ഇങ്ങനെ ഉരുകി തീരുന്നുണ്ടെന്ന് തിരിച്ചറിയുമ്പോഴും എന്റെ മക്കള്‍ ഈ മെഴുക് തിരിവെട്ടത്തില്‍ വെളിച്ചം അനുഭവിക്കുമല്ലോ എന്ന സ്വപ്‌നങ്ങളാണ് വീണ്ടും വീണ്ടും ജീവിതത്തിന്റെ കയ്‌പ്പേറിയ കനല്‍ പഥങ്ങളിലൂടെ സഞ്ചരിക്കാന്‍ അവരെ പ്രേരിപ്പിച്ചിരുന്നത്. യോയോ കാലത്ത് നമുക്കതൊക്കെ മറക്കാനായേക്കാം. പക്ഷെ, ഓര്‍ക്കുക. കണ്ണടച്ച് തുറക്കുന്ന വേഗതയില്‍ കാലം സഞ്ചരിക്കുന്നുണ്ട്. നമ്മളും ബാല്യവും കൗമാരവും കഴിഞ്ഞു കടക്കേണ്ടവരാണ്. നമ്മുടെ മക്കളും നമുക്ക് തണലാവണമെന്ന് ആഗ്രഹിക്കുന്നവര്‍ ഒരിക്കലും മാതാപിതാക്കളുടെ കണ്ണ് കലങ്ങാന്‍ അനുവദിക്കില്ല. നമുക്ക് വേണ്ടി ശൈത്യവും ഗ്രീഷ്മവും ത്യജിച്ചവരെ വിസ്മരിക്കാനോ തിരസ്‌കരിക്കാനോ ഒരിക്കലും കഴിയില്ല. കാലത്തിന്റെ ഡയറിയില്‍ ഓരോ ചെയ്തികളും കുറിച്ചിടപ്പെടും എന്ന ചിന്തയുണ്ടെങ്കില്‍ നല്ല കാലത്ത് നന്മ കൊണ്ട് ജീവിതം അടയാളപ്പെടുത്തുക.

Related Articles
Next Story
Share it