സൂര്യദേവന്‍ കനിയണം; അക്ഷയപാത്രം ആവശ്യം

ബിരിയാണി-പായസം പദ്ധതി അധ്യാപകരുടെ പോക്കറ്റ് കാലിയാക്കാതെ നടത്തികൊണ്ടുപോവാന്‍ ഒരു വഴിയുണ്ട്: ഓരോ വിദ്യാലയത്തിനും ഓരോ അക്ഷയപാത്രം നല്‍കാന്‍ സൂര്യദേവനോട് അപേക്ഷിക്കുക.

'ഒരു വട്ടം കൂടി'-ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം- സ്‌കൂളില്‍ പഠിച്ചിട്ടുള്ള ഏതൊരാളുടെയും മോഹം, ഒരിക്കല്‍ക്കൂടി...

ഒരുപാട് ഇല്ലായ്മകളും വല്ലായ്മകളും ഉണ്ടായിരുന്നെങ്കില്‍ കൂടി-കല്ലും മുള്ളും നിറഞ്ഞ ഊടുവഴിയിലൂടെ കുറേ നടക്കണം സ്‌കൂളിലെത്താന്‍. വയല്‍ക്കരയിലായിരുന്നു സ്‌കൂള്‍. ഉച്ചപ്പട്ടിണി. ഹൈസ്‌ക്കൂളിലെത്തിയപ്പോഴും വലിയ മാറ്റമുണ്ടായില്ല; നടക്കാനുള്ള ദൂരം ബഹുമടങ്ങായി എന്നതല്ലാതെ. ഉച്ചപ്പട്ടിണി തന്നെയായിരുന്നു മിക്കവാറും ദിവസങ്ങളില്‍ അക്കാലത്തും.

പില്‍ക്കാലത്ത് ഞാന്‍ ഹൈസ്‌കൂള്‍ അധ്യാപകനായപ്പോഴേക്കും സ്ഥിതിമാറി. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം സര്‍ക്കാര്‍ വക. അമേരിക്കന്‍ മാവുകൊണ്ടുള്ള ഉപ്പുമാവ്. അത് പാകം ചെയ്ത് വിതരണം ചെയ്യേണ്ട ചുമതല അധ്യാപകര്‍ക്ക്. പാചകത്തിന് ആളെ നിര്‍ത്താം. തുച്ഛമായ വേതനം സര്‍ക്കാര്‍ അനുവദിക്കും; പക്ഷേ, അത് കിട്ടുന്നത് മാസങ്ങള്‍ക്ക് ശേഷം. ഹെഡ്മാസ്റ്ററുടെ ശമ്പളത്തില്‍ നിന്നും ഒരുഭാഗം അതിന് നീക്കിവെക്കണം.

കുറേ കഴിഞ്ഞപ്പോള്‍ വക മാറി-ഉപ്പുമാവിന് പകരം കഞ്ഞിയും ചെറുപയര്‍ കറിയും. പാചകച്ചെലവ് നേരത്തെ പറഞ്ഞത് തന്നെ: പ്രധാനാധ്യാപകന്‍ വഹിക്കണം: സര്‍ക്കാര്‍ തരും വര്‍ഷാവസാനം. എന്നിരുന്നാലും, കുട്ടികള്‍ വിശന്നിരിക്കേണ്ടല്ലോ. അതിന് ഇപ്പോഴും മാറ്റം വന്നിട്ടില്ലെന്നറിയുന്നു-ചെലവ് കാശ്...

ഈ പുണ്യാനുഭവത്തിനിടയില്‍ മറ്റൊരു പുണ്യം കൂടി. കുട്ടികള്‍ക്ക് കഞ്ഞിയും കറിയും മാത്രം പോരാ, 'ബിരിയാണി'യും വിളമ്പണം ചില ദിവസങ്ങളില്‍. വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയുടെ ഉത്തരവ്: ഓരോ ദിവസവും എന്തൊക്കെ വിളമ്പണം എന്ന്. വെജിറ്റബിള്‍ ബിരിയാണി, ലെമന്‍ റൈസ്, പായസം-വിശിഷ്ടവിഭവങ്ങള്‍.

ചെലവോ? ലോവര്‍ പ്രൈമറി വിഭാഗത്തില്‍, ഒരു കുട്ടിക്ക് 6.78 രൂപ വീതം, അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ ഒരു കുട്ടിക്ക് 10.17 രൂപ വീതം ഒരു ദിവസത്തെ പാചകചെലവ്. പാചകവാതകം, കടത്തുകൂലി, പച്ചക്കറി, പലവ്യഞ്ജനം വില ഉള്‍പ്പെടെയാണിത്. ഇത് തികയില്ല എന്ന് അധ്യാപകര്‍ പറയുന്നു. അതും അതത് മാസം കിട്ടുന്നില്ല, പലപ്പോഴും വര്‍ഷാവസാനം.

പദ്ധതിയുടെ പേരില്‍ ഒട്ടും ആശങ്ക വേണ്ടാ എന്ന് മന്ത്രി. ഹെഡ്മാസ്റ്റര്‍മാര്‍ക്ക് പ്രതിമാസം ശമ്പളം നല്‍കുന്നില്ലേ? തല്‍ക്കാലം അതില്‍ നിന്നെടുത്തുപയോഗിക്കാമല്ലോ പാചക ചെലവും മറ്റും എന്ന്! പ്രായോഗിക ബുദ്ധിയും യാഥാര്‍ത്ഥ്യബോധവും അശേഷം ഇല്ലാതായോ നമ്മുടെ വിദ്യാഭ്യാസ മന്ത്രിക്ക്? വാര്‍ഷിക ബജറ്റില്‍ വിദ്യാഭ്യാസ മേഖലക്കായി വകയിരുത്തുന്ന തുകയില്‍ ഈ ബിരിയാണി-പായസം പദ്ധതിക്കാവശ്യമായ പണവും നീക്കിവെച്ചിരുന്നോ? ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ഇങ്ങനെയൊരു ആവശ്യം തന്നെ ഉന്നയിച്ചിരുന്നില്ലല്ലോ. അപ്പോള്‍, ബജറ്റില്‍ പറയാത്ത കാര്യമാണിത്. നിയമം അനുവദിക്കുന്നുണ്ടാകും ഇതും.

അധ്യാപകരുടെ പേക്കറ്റിന്റെ കാര്യം-അവര്‍ക്ക് ശമ്പളം കൊടുക്കുന്നത് അവരുടെ കുടുംബചെലവ് നിര്‍വഹിക്കാന്‍ വേണ്ടിയാണ്. മന്ത്രിമാരുടെ സ്വപ്ന പദ്ധതികള്‍ക്ക് ചെലവ് ചെയ്യാന്‍ വേണ്ടിയല്ല. മന്ത്രിമാരുടെ ശമ്പളവും അലവന്‍സുകളും തോന്നുംപടി വര്‍ധിപ്പിക്കാവുന്നതാണ്. അതുപോലെയല്ലല്ലോ അധ്യാപകരുടെയും ഉദ്യോഗസ്ഥന്മാരുടെയും സ്ഥിതി.

ബിരിയാണി-പായസം പദ്ധതി അധ്യാപകരുടെ പോക്കറ്റ് കാലിയാക്കാതെ നടത്തികൊണ്ടുപോവാന്‍ ഒരു വഴിയുണ്ട്: ഓരോ വിദ്യാലയത്തിനും ഓരോ അക്ഷയപാത്രം നല്‍കാന്‍ സൂര്യദേവനോട് അപേക്ഷിക്കുക-പണ്ട് ദ്വാപരയുഗത്തില്‍ പാഞ്ചാലിക്ക് നല്‍കിയത് പോലെ. വനവാസക്കാലത്ത്, പാണ്ഡവന്മാരെ കാണാന്‍ നിരവധി ബ്രാഹ്മണര്‍ വരുന്നു. അവരെ സല്‍ക്കരിക്കണം, ചതുര്‍വിധ വിഭവങ്ങളോട് കൂടിയ സദ്യ വിളമ്പി കൊടുക്കണം. അതിനുള്ള വഴി കാണാതെ പാഞ്ചാലി സൂര്യഭഗവാനോട് അപേക്ഷിച്ചു; കനിവു തോന്നിയ സൂര്യന്‍ അക്ഷയപാത്രം നല്‍കി അനുഗ്രഹിച്ചു. എന്നും ഉച്ചയാകുമ്പോള്‍ അക്ഷയപാത്രത്തില്‍ വിഭവങ്ങള്‍ പൊങ്ങിവരും. വിളമ്പും തോറും വീണ്ടും വീണ്ടും. ഉപ്പും വേണ്ട, മുളകും വേണ്ട, വെപ്പാനുള്ളവരാരും വേണ്ടാ-കോരി വിളമ്പാം. (മഹാഭാരതം-വനപര്‍വം).

മന്ത്രി ശിവന്‍കുട്ടി സൂര്യനോട് കല്‍പിക്കട്ടെ, 'എല്ലാ വിദ്യാലയങ്ങള്‍ക്കും' ഓരോ അക്ഷയപാത്രം നല്‍കുക. വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള സ്വാദിഷ്ട വിഭവങ്ങള്‍ വേണ്ടുവോളം. മന്ത്രിക്ക് പേരും പെരുമയും!

Related Articles
Next Story
Share it