'മേട പൊന്നണിയും കൊന്ന പൂക്കണിയായി...'

മീനച്ചൂടിലെ വറുതിയില്‍ നിന്ന് മേടത്തിലേക്ക് വിളിച്ചുണര്‍ത്തി കാര്‍ഷിക സമൃദ്ധിയിലേക്ക് തുടക്കം കുറിക്കുന്ന സുദിനം. ജ്യോതിശാസ്ത്രപരമായി ഈ ദിനം പുതുവര്‍ഷ പുലരിയാണെങ്കില്‍ സാംസ്‌കാരികമായി വിഷു മലയാളിയുടെ കാര്‍ഷികോത്സവമാണ്.
മലയാളി മനസ്സില്‍ ഐശ്വര്യത്തിന്റെ കണിക്കാഴ്ച ഒരുക്കാന്‍ വിഷു വന്നെത്തി. പുത്തനുടുപ്പും പടക്കവും ഉണ്ണിയപ്പവും വിഷുക്കണിയും വിഷു കൈനീട്ടവും വിഷു സദ്യയും വിഷുവിനോടുള്ള നമ്മുടെ ഗൃഹാതുരതയാണ്. ദിനരാത്ര ദൈര്‍ഘ്യം തുല്യമെന്ന് അര്‍ത്ഥം വരുന്ന 'വിഷുവം' എന്ന പദം ലോപിച്ചാണ് വിഷു ഉണ്ടായതെന്നാണ് നമ്മള്‍ പഠിച്ചത്. ഇതൊരു കാര്‍ഷിക വര്‍ഷപ്പിറവിയാണ്. വിഷുവെന്ന സങ്കല്‍പത്തില്‍ നമ്മള്‍ എത്തിനില്‍ക്കുന്നത് ഫല, ധാന്യ സമൃദ്ധിയുടെ വരവേല്‍പ്പിന്റെ പ്രതീക്ഷ തന്നെയാണ്. മണ്ണില്‍ ചവിട്ടി നിന്നല്ലാതെ നമുക്ക് ജീവിതമില്ല. ആ സത്യം തന്നെയാണ് വിഷുവിന്റെ ആഗമനം നമ്മളെ ഓര്‍മപ്പെടുത്തുന്നത്. പുതുവര്‍ഷ ആരംഭ പുണ്യദിവസമാണ് മേടം ഒന്ന്. മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്കുള്ള പരിക്രമണത്തെ വിഷുസംക്രാന്തി, വിഷു സംക്രമം എന്നാണ് നമ്മള്‍ പറയുന്നത്. പിറ്റേന്നാണ് വിഷു. മീനച്ചൂടിലെ വറുതിയില്‍ നിന്ന് മേടത്തിലേക്ക് വിളിച്ചുണര്‍ത്തി കാര്‍ഷിക സമൃദ്ധിയിലേക്ക് തുടക്കം കുറിക്കുന്ന സുദിനം. ജ്യോതിശാസ്ത്രപരമായി ഈ ദിനം പുതുവര്‍ഷ പുലരിയാണെങ്കില്‍ സാംസ്‌കാരികമായി വിഷു മലയാളിയുടെ കാര്‍ഷികോത്സവമാണ്.
'പൂക്കാതിരിക്കാന്‍ എനിക്കാവതില്ലേ...'
വിഷുവിനെ വരവേല്‍ക്കാന്‍ കൊന്നപൂക്കുലകള്‍ ഉയരങ്ങളില്‍ നിന്ന് ആകര്‍ഷിച്ച് നമ്മെ കൊതിപ്പിക്കുന്ന കാഴ്ച പലേടങ്ങളിലും നേരത്തേ എത്തിക്കഴിഞ്ഞു. സമൃദ്ധിയുടെയും സൗന്ദര്യത്തിന്റെയും നിറക്കാഴ്ചയായി പ്രകൃതി നമുക്ക് ഒരുക്കിയ കണിയാണ് കൊന്നപ്പൂക്കള്‍. വിഷുവിനെ കുറിച്ചു ചിന്തിക്കുമ്പോള്‍ മലയാളിയുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത്, സ്വര്‍ണ വര്‍ണ പൂങ്കുലകള്‍ പോലെ ചാര്‍ത്തി നില്‍ക്കുന്ന കണിക്കൊന്ന തന്നെ. നമ്മുടെ സംസ്ഥാന പുഷ്പമാണത്. ഓട്ടുരുളിയില്‍ ഒരുക്കുന്ന കണി വിഭവങ്ങളില്‍ പ്രഥമ സ്ഥാനവും കൊന്നപൂവിന് തന്നെയാണ്.
കണി ഒരുക്കം എങ്ങനെ ?
ഇഷ്ടദൈവങ്ങളോടൊപ്പം നമ്മുടെ വിഷു സങ്കല്‍പത്തില്‍ ശ്രീകൃഷ്ണനെ മാറ്റി നിര്‍ത്തിയുള്ള കണികാണല്‍ അപൂര്‍ണമാണ്. ഓട്ടുരുളിയിലോ താലത്തിലോ അരിയും നെല്ലും, സ്വര്‍ണ നിറത്തിലുള്ള കണിവെള്ളരിയും സൗവര്‍ണ്ണ ശോഭയുള്ള കണിക്കൊന്ന, ഗ്രന്ഥം, പുതുവസ്ത്രം, നാണയങ്ങള്‍, സ്വര്‍ണ്ണാഭരണം, വാല്‍ക്കണ്ണാടി, അടക്ക, വെറ്റില, കണ്‍മഷി, സിന്ദൂരം, ചക്ക, മാങ്ങ, നാളികേരം, വെള്ളം നിറച്ച കിണ്ടി, ഉണ്ണിയപ്പം നിറച്ച പുത്തന്‍ മണ്‍കലം, നിലവിളക്ക് എന്നിവ തലേന്ന് രാത്രി ഉറങ്ങാന്‍ പോകും മുമ്പേ ഒരുക്കും. വിഷു സങ്കല്‍പം ഒന്നാണെങ്കിലും മലയാളക്കരയില്‍ ആചരണ രീതികള്‍ പലേടത്തും പല വിധമാണ്. കണികാണാനുള്ള വിഭവങ്ങള്‍ ഒരുക്കുന്നതിലും വൈവിധ്യം കാണാം. നിലവിളക്കില്‍ ജ്വലിക്കുന്ന പ്രകാശവും ധനവും ധാന്യങ്ങളും ഫലങ്ങളും ചേര്‍ന്നൊരുക്കുന്ന കണി കണ്ടുണരുമ്പോള്‍ പുതിയൊരു ജീവിത മാറ്റത്തിലേക്കുള്ള വികാസമാണത്രെ പ്രതീക്ഷിക്കുന്നത്. വിഷു നാളിലെ ആദ്യ കാഴ്ചയായിരിക്കണം വീട്ടിലൊരുക്കുന്ന കണി എന്നാണ് നമ്മള്‍ പുലര്‍ത്തുന്ന നിഷ്ഠ. തലേന്നാള്‍ രാത്രി പൂജാമുറിയോ അല്ലെങ്കില്‍ അതിനായൊരുക്കിയ ഇടമോ കണികാണാന്‍ സജ്ജമാക്കും. പുലരും മുമ്പെ വീട്ടില്‍ അമ്മയോ മുതിര്‍ന്ന മറ്റാരെങ്കിലും കണ്ണ് പൊത്തി വീട്ടിലെ ഓരോ അംഗത്തെയും കണി ഒരുക്കിയ ഇടത്തേക്ക് ആനയിച്ച് കണ്ണ് തുറന്ന് കണികാണിക്കും. കണ്ണ് തുറക്കുമ്പോള്‍ കാണുന്നത് അലൗകിക പ്രഭയില്‍ ആറാടി നില്‍ക്കുന്ന വിഷുക്കണിയാണ്. പിന്നീട് പുതുവസ്ത്രമണിഞ്ഞ് സമീപ ക്ഷേത്രങ്ങളിലും തറവാട് ഭവനങ്ങളിലും കണികാണാന്‍ പോകും.
കടല്‍ പ്രവാസികളുടെ വിഷു
ഞാനൊരു 'കടല്‍ പ്രവാസി'യാണ്. ജീവിതത്തിന്റെ നല്ലൊരു ഭാഗവും കപ്പല്‍ ജോലിയുമായി ബന്ധപ്പെട്ട് കടലില്‍ ചെലവഴിക്കേണ്ടി വന്നത് അതിജീവനത്തിന്റെ ഭാഗമാണ്. ഗള്‍ഫ് പ്രവാസികള്‍ക്ക് വിഷു വിശേഷങ്ങള്‍ നാട്ടിലേത് പോലെയാണെങ്കിലും കപ്പലുകളില്‍ ജോലി ചെയ്യുന്നവവര്‍ക്ക് 'കാട്ടു കോഴിക്കെന്ത് സംക്രാന്തി' എന്ന പോലെയാണ് ഓണവും വിഷുവും മറ്റു വിശേഷങ്ങളും. അവധിയില്‍ വല്ലപ്പോഴും കിട്ടുന്ന ഉത്സവങ്ങള്‍ മാത്രമാണ് അവര്‍ക്ക് കിട്ടുന്ന ആഘോഷങ്ങള്‍.
വിഷുക്കോടിയും കൈനീട്ടവും
കുട്ടിക്കാലത്ത് വിഷുക്കൈനീട്ടം വാങ്ങാത്തവരും വലുതാകുമ്പോള്‍ വിഷുക്കൈനീട്ടം നല്‍കാത്തവരും അധികമുണ്ടാവില്ല. വിഷു ദിവസം വീട്ടിലെ മുതിര്‍ന്നവര്‍ നല്‍കുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം. കൊടുക്കുന്നവര്‍ക്കും അത് വാങ്ങുന്നവര്‍ക്കും ഉണ്ടാകുന്ന സന്തോഷം സമപ്രിയമാണ്. കൈകളിലൂടെ ഹൃദയങ്ങള്‍ അന്യോന്യം തൊട്ട പോലെ ഒരു അനുഭൂതിയാണ് കൈനീട്ടം കൊടുക്കുന്നവര്‍ക്കും അത് വാങ്ങുന്നവര്‍ക്കും ഉണ്ടാവുക. വിഷു ദിവസം മറ്റിടങ്ങളില്‍ പോയി കൈനീട്ടം നല്‍കരുതെന്നും പറയാറുണ്ട്. പുതുപുത്തന്‍ നോട്ടുകളാണ് നിലവിലെ ട്രെന്‍ഡ്. വിദൂരവാസത്തിലുള്ളവര്‍ ഗൂഗിള്‍പേ സംവിധാനം വഴിയും കൈനീട്ടം നല്‍കുന്നുണ്ടെന്നാണ് പുതിയ അറിവ്. ഉറ്റവര്‍ക്ക് വിഷുക്കോടിയായി പുത്തന്‍ ഉടുപ്പുകള്‍ നേരത്തേ വാങ്ങി നല്‍കും.
വിഭവ സമൃദ്ധമായ വിഷുസദ്യ
വിഷുനാളില്‍ സദ്യയുണ്ണുന്നതോടെ വടക്കന്റെ വിഷു വിശേഷങ്ങള്‍ അവസാനിക്കും. തെക്കരുടെ വിഷുസദ്യ പച്ചക്കറി വിഭവ സമൃദ്ധമാണെങ്കില്‍ നമ്മള്‍ വടക്കരില്‍ അധികം പേര്‍ക്കും കോഴി വിഭവമില്ലെങ്കില്‍ ഒരു ആഘോഷവും പൂര്‍ണമാകില്ലെന്ന തോന്നല്‍ വിഷു സദ്യയൊരുക്കുന്നതിലും കാണാറുണ്ട്. വിഷുവിന് തലേന്നാള്‍ പടക്കം പൊട്ടിച്ചും ഉണ്ണിയപ്പം ചുട്ടും അടുത്ത നാളിലെ വിഷു ഒരുക്കങ്ങളുമായി എല്ലാവരും തിരക്കിലായിരിക്കും. കുഞ്ഞു പിറന്നാല്‍ ആദ്യമെത്തുന്നതാണ് 'കോടി വിഷു'. അത് ആഘോഷമാണ് കാസര്‍കോട്ടുകാര്‍ക്ക്.
വിഷുപ്പക്ഷി ഇല്ലാതെ...
വിഷുവിന്റെ ആഗമനം വെളിപ്പെടുത്താനെന്നോണം ഒരു പക്ഷിയുണ്ടായിരുന്നു നമുക്ക്. കതിരുകാണാക്കിളി, ഉത്തരായനക്കിളി എന്നിങ്ങനെ പേരുകളില്‍ ആ പക്ഷി വിഷുവിന്റ ഭാഗമായിരുന്നു പഴമക്കാര്‍ക്ക്. വിത്തും കൈക്കോട്ടും- കള്ളന്‍ ചക്കേട്ടു-കണ്ടാല്‍ മിണ്ടേണ്ട-ചക്കക്കുപ്പുണ്ടോ എന്നിങ്ങനെ ആ പാട്ടുകള്‍ക്ക് വ്യാഖ്യാനം കല്‍പ്പിച്ചിരുന്നു. വിഷുപക്ഷിയുടെ ആ 'മധുരസ്വരഗാനം' ഓര്‍മമാത്രമാണിപ്പോള്‍. എവിടെ പോയി ആ വിഷു പക്ഷി?
ലഹരി വിരുദ്ധ പ്രതിജ്ഞ
കണി കണ്ടുണര്‍ന്നും കൈനീട്ടം വാങ്ങിയും വിഷു ആഘോഷിക്കുമ്പോള്‍ ഒരു ലഹരി വിരുദ്ധ പ്രതിജ്ഞകൂടിയാവട്ടെ ഈ വര്‍ഷത്തെ വിഷുവിന്. അത്രയേറെ നമ്മുടെ സമൂഹത്തില്‍ വിഷ വിത്തു നിറച്ചവര്‍ക്കെതിരെയുള്ള പ്രതിഷേധം കൂടിയാവട്ടെ ഈ വിഷുദിനം. 'ഏതു ധൂസരസങ്കല്‍പങ്ങളില്‍ വളര്‍ന്നാലും ഏതു യന്ത്രവല്‍ലോകത്തില്‍ പുലര്‍ന്നാലും, മനസ്സിലുണ്ടാവട്ടേ ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപ്പൂവും'.