അറബി ഭാഷയുടെ സവിശേഷത

ആധുനിക പൗരാണിക ഭാഷാ കുടുംബത്തിലെ അതിശക്തരായ രണ്ട് അംഗങ്ങളാണ് സെമിറ്റിക് ഭാഷയും ആര്യന്‍ ഭാഷയും. ഈ ഭാഷകളില്‍ നിന്ന് പല ഭാഷകളും രൂപപ്പെട്ടിട്ടുണ്ട്. സെമിറ്റിക്കില്‍ നിന്ന് ഇബ്രൂ, അറബി, സുറിയാനി, കല്‍ദാനി അശ്വരി, ഫിനിഷ്യന്‍, അരാമി എന്നീ ഭാഷകളും ആര്യന്‍ ഭാഷകളില്‍നിന്ന് ലാറ്റിന്‍ ഗ്രീക്ക്, സംസ്‌കൃതം, ഫ്രഞ്ച്, ജര്‍മന്‍, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളും ഉടലെടുത്തു. സെമിറ്റിക് കുടുംബത്തില്‍ പെട്ട ഹീബ്രൂ സുറിയാനി ഭാഷകള്‍ അറബി ഭാഷയെ ക്കാള്‍ ഏറെ മഹാത്മ്യം ഉള്ളതാണെങ്കിലും ഇവയില്‍ ഇന്നും ജീവനോടെ നിലനില്‍ക്കുന്നത് […]

ആധുനിക പൗരാണിക ഭാഷാ കുടുംബത്തിലെ അതിശക്തരായ രണ്ട് അംഗങ്ങളാണ് സെമിറ്റിക് ഭാഷയും ആര്യന്‍ ഭാഷയും. ഈ ഭാഷകളില്‍ നിന്ന് പല ഭാഷകളും രൂപപ്പെട്ടിട്ടുണ്ട്. സെമിറ്റിക്കില്‍ നിന്ന് ഇബ്രൂ, അറബി, സുറിയാനി, കല്‍ദാനി അശ്വരി, ഫിനിഷ്യന്‍, അരാമി എന്നീ ഭാഷകളും ആര്യന്‍ ഭാഷകളില്‍നിന്ന് ലാറ്റിന്‍ ഗ്രീക്ക്, സംസ്‌കൃതം, ഫ്രഞ്ച്, ജര്‍മന്‍, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളും ഉടലെടുത്തു. സെമിറ്റിക് കുടുംബത്തില്‍ പെട്ട ഹീബ്രൂ സുറിയാനി ഭാഷകള്‍ അറബി ഭാഷയെ ക്കാള്‍ ഏറെ മഹാത്മ്യം ഉള്ളതാണെങ്കിലും ഇവയില്‍ ഇന്നും ജീവനോടെ നിലനില്‍ക്കുന്നത് അറബി ഭാഷ മാത്രമാണ്. ആധുനിക അറബി സാഹിത്യത്തിന്റെ പുരോഗതി നെപ്പോളിയന്റെ കാലത്ത് ആരംഭിച്ചെങ്കിലും അറബി ഭാഷാ സാഹിത്യത്തിന് 1500 കൊല്ലത്തിന് അപ്പുറം പഴക്കമുണ്ട്. ഒരു മാറ്റവുമില്ലാതെ മാറ്റം വരുത്താതെ നിലനിര്‍ത്തിപ്പോന്ന ഒരേ ഒരു ഭാഷയാണ് അറബി ഭാഷ. മുസ്ലിം രാജ്യങ്ങളില്‍ മാത്രമല്ല മറ്റു നിരവധി രാഷ്ട്രങ്ങളില്‍ ഈ ഭാഷ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. 19-ാം നൂറ്റാണ്ടുവരെ ലോകത്ത് റോമന്‍ ലിപി കഴിഞ്ഞാല്‍ കൂടുതലായി ഉപയോഗിച്ചിരുന്നത് അറബി ലിപിയായിരുന്നു. സാഹിത്യത്തിന്റെയും ദര്‍ശനങ്ങളുടെയും ശാസ്ത്രത്തിന്റെയും ഭാഷയായി വികസിക്കാന്‍ ഈ ഭാഷയ്ക്ക് കഴിഞ്ഞത് ഖുര്‍ആന്റെ ഭാഷ എന്ന പരിഗണന കൊണ്ടായിരുന്നു. ലോകഭാഷ എന്ന നിലയില്‍ ഇന്ന് ഇംഗ്ലീഷിലുള്ള സ്ഥാനം അന്ന് അറബിക് ആയിരുന്നു. ആധുനികവും പൗരാണികവുമായ എല്ലാ ഭാഷകളോടും കൊണ്ടും കൊടുത്തും കൊണ്ടുള്ള പാരമ്പര്യം മറ്റു ഭാഷകളെക്കാള്‍ അറബിക്കിന് മാത്രമാണുള്ളത്. ഈ ഭാഷയ്ക്ക് മാത്രമാണ് ജനങ്ങളുടെ ദൈനംദിന ജീവിതവുമായി നേരിട്ട് ബന്ധമുള്ളു. ലോകത്തിലെ കോടിക്കണക്കിന് ആളുകള്‍ തങ്ങളുടെ എല്ലാവിധ ജീവിതപ്രശ്‌നങ്ങള്‍ക്കും രൂപംകൊടുക്കുന്നതും ഈ ഭാഷയിലൂടെയാണ്. സഹോദരി ഭാഷയായ സുറിയാനി ഭാഷ പൂര്‍ണ്ണമായും നശിച്ചിട്ടില്ലെങ്കിലും അവ ഏതാണ്ട് മൃതപ്രായത്തില്‍ ആണെന്ന് തന്നെ പറയാം. കാരണം ഒരു ഭാഷയെ സജീവമെന്ന് പറയണമെങ്കില്‍ അത് നിലകൊള്ളുന്ന കാലഘട്ടത്തിലെ ഏതെങ്കിലും-ജനവിഭാഗത്തിന്റെ മാനസികവും ചിന്താപരവുമായ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ അതിന് സാധിക്കേണ്ടിയിരിക്കുന്നു.
അറബി ഭാഷയെ ഐക്യരാഷ്ട്ര സംഘടനയുടെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചത് 2010 ഡിസംബര്‍ 18നായിരുന്നു. അന്ന് മുതല്‍ എല്ലാവര്‍ഷവും ഡിസംബര്‍ 18ന് അറബി ഭാഷാ ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സഭ ആഹ്വാനംചെയ്തു. ഖലീല്‍ജിബ്രാന്‍, ജോര്‍ജ് സൈദാന്‍ തുടങ്ങിയ വിശ്വ സാഹിത്യകാരന്മാരില്‍ പലരും അറബിയില്‍ ഗ്രന്ഥരചന നടത്തിയെങ്കില്‍ ഇന്ന് അമേരിക്ക, ബ്രിട്ടന്‍, ഈജിപ്ത്, ലബനാന്‍, സിറിയ, എന്നീ രാജ്യങ്ങളിലെ പല എഴുത്തുകാരും കവികളും അറബി ഭാഷയില്‍ ആണ് തങ്ങളുടെ കൃതികള്‍ പുറംലോകത്തേക്ക് എത്തിച്ചത്. ലോകത്തെ ഇന്ന് കാണുന്ന പുരോഗതിയിലേക്ക് നയിച്ചതില്‍ അറബി ഭാഷയും സംസ്‌കാരവും വഹിച്ച പങ്ക് ചില്ലറയൊന്നുമല്ല. വൈദ്യശാസ്ത്രത്തില്‍ അഗ്രഗണ്യനായ ഇബ്‌നുസീന, അരിസ്റ്റോട്ടല്‍ കൃതികളുടെ ഏറ്റവും വലിയ വ്യാഖ്യാതാവായ ഇബ്‌നു റുഷ്ദ്, സാമൂഹ്യശാസ്ത്രത്തില്‍ ആദ്യമായി ഗ്രന്ഥരചന നടത്തിയ ഇബ്‌നുഖല്‍ദൂന്‍' അല്‍ജിബ്ര കണ്ടുപിടിച്ച മൂസ അല്‍ ഖവാരിസ്മി, സുപ്രസിദ്ധ സഞ്ചാരസാഹിത്യകാരന്‍ ആയ അല്‍ബറൂണി അറബികളുടെ സ്വകാര്യ അഹങ്കാരം എന്നു വിളിക്കപ്പെടുന്ന റാസി തുടങ്ങിയ പ്രഗത്ഭന്മാര്‍ ,അറബി ഭാഷയില്‍ രചിച്ച കൃതികള്‍ മാനവ സംസ്‌കാരത്തിന്റെ വളര്‍ച്ചയ്ക്ക് മുഖ്യപങ്കുവഹിച്ചവയിയിരുന്നു. പതിമൂന്നാം നൂറ്റാണ്ടിനും പതിനെട്ടാം നൂറ്റാണ്ടിനും ഇടയിലുള്ള കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്നവരെല്ലാവരും അന്ന് കൈകാര്യം ചെയ്തിരുന്നത് അറബി ഭാഷയായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ അവതരണത്തോടെ ലോക നേതൃത്വത്തിലേക്ക് കടന്നുവന്ന അറബിഭാഷ പ്രധാനമായും വികാസം കൊണ്ടത് ഇതരഭാഷകളില്‍ വിജ്ഞാന മൂല്യങ്ങള്‍ വിവര്‍ത്തനം ചെയ്തതോടെയാണ്. അറബി ഭാഷാ സാഹിത്യ ചരിത്രത്തില്‍ വിവര്‍ത്തന യുഗം എന്ന് വിളിക്കപ്പെടുന്ന 750 നും 850 നും ഇടയിലുള്ള കാലഘട്ടത്തില്‍ വിവിധ ഭാഷകളില്‍ നിന്ന് കണക്കില്ലാത്ത ഗ്രന്ഥങ്ങള്‍ അറബിയില്‍ വിവര്‍ത്തനം ചെയ്യപ്പെടുകയുണ്ടായിട്ടുണ്ട്. അബ്ബാസിയ കാലഘട്ടത്തില്‍ അന്ന് വരെ ലോകത്ത് വിവിധ നാടുകളില്‍ പ്രചാരത്തിലുണ്ടായിരുന്ന പ്രമുഖ ഗ്രന്ഥങ്ങളെയും വിജ്ഞാനശാഖകളെയും അറബികള്‍ തങ്ങളുടെ ഭാഷയിലേക്ക് പകര്‍ത്തി എടുക്കുകയുണ്ടായി. 830ല്‍ ബാഗ്ദാദില്‍ സ്ഥാപിതമായ ദാറുല്‍ഹിഖ്മ എന്ന വിവര്‍ത്തനാലയം 100 കൊല്ലക്കാലം വിശ്രമമില്ലാതെ സാഹിത്യ സേവനം നടത്തിയിരുന്നു. അരിസ്റ്റോട്ടലിന്റെ കൃതികളും പ്ലാറ്റോവിന്റെറിപ്പബ്ലിക്കും, ഗാലന്റെയും ഹിപ്പോക്രിറ്റിന്റെയും വൈദ്യ പുസ്തകങ്ങളും പരിഭാഷപ്പെടുത്തിയ വിവര്‍ത്തന വകുപ്പിന്റെ തലവനായിരുന്ന ഹുസൈന് ഉബ്‌നു ഇസഹാഖ് എന്ന ക്രിസ്തീയ പണ്ഡിതന് അന്നത്തെ മുസ്ലിം ഭരണാധികാരി താന്‍ വിവര്‍ത്തനം ചെയ്ത പുസ്തകത്തിന്റെ തൂക്കം വരുന്ന സ്വര്‍ണ നാണയമാണ് പ്രതിഫലമായി നല്‍കിയിരുന്നത്. മറ്റു ഭാഷകള്‍ പോലെ തന്നെ അറബികള്‍ സംസ്‌കൃത ഭാഷയും വളരെയേറെ ഇഷ്ടപ്പെട്ടിരുന്നു. അറബി വിജ്ഞാന മണ്ഡലം വിപുലികരിക്കുന്നതിനു പഴയ കാലത്തെ അറബികള്‍ കാണിച്ച താല്‍പര്യം എടുത്തുപറയേണ്ടത് തന്നെയാണ്. ഭാഷ എന്ന് പറയുന്നത് ഒരു മതത്തിന്റെയും കുത്തകയല്ല. അത് ലോകത്താകമാനം ചിന്നിച്ചിതറി കിടക്കുന്നു. സംസ്‌കൃത ഭാഷയില്‍ രചിക്കപ്പെട്ട വൈദ്യം, ജ്യോതിഷം, ഗണിതം ,ചരിത്രം, ഇതിഹാസപുരാണങ്ങളായ രാമായണം, മഹാഭാരതം, ഉപനിഷത്തുകള്‍ ഇവയെല്ലാം അറബിയിലേക്ക് ഭാഷാന്തരം ചെയ്യപ്പെടുകയുണ്ടായി. അക്കാലത്തെ ഇന്ത്യന്‍ സംസ്‌കൃതപണ്ഡിതന്മാരെയും വൈദ്യ വിശാരദന്‍മാരെയും ബാഗ്ദാദിലേക്ക് വിളിച്ചുവരുത്തിയിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. പുരാതന ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യം തിരിച്ചറിയാന്‍ വിദേശികള്‍ പ്രധാനമായും ആശ്രയിച്ചിരുന്നത് സംസ്‌കൃതത്തില്‍നിന്നും വിവര്‍ത്തനം ചെയ്യപ്പെട്ട അറബി ഗ്രന്ഥങ്ങളായിരുന്നു. അറബിയിലെ ആദ്യത്തെ കാവ്യ കൃതിയായ മുഅല്ലാഖാത്തുസബ് ഈന്‍ ഇംഗ്ലീഷ് സാഹിത്യകാരന്‍ കവിതയില്‍ തന്നെ വിവര്‍ത്തനം എഴുതിയത് ഇവിടെ അനുസ്മരണിയമാണ്.

Related Articles
Next Story
Share it