ഭീതിചെറുതല്ല; ബോംബ് വര്‍ഷിക്കുമെന്ന് ഭയന്ന് ഉറങ്ങാനാവുന്നില്ല -യുക്രൈനില്‍ നിന്ന് സിറ്റിസണ്‍ നഗറിലെ വിദ്യാര്‍ത്ഥി

കാസര്‍കോട്: 'റഷ്യയുടെ സൈനിക നടപടി അക്ഷരാര്‍ത്ഥത്തില്‍ തന്നെ യുക്രൈനിലുള്ള ഓരോ ആളുകളേയും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. രാത്രി ഉറങ്ങാന്‍ കഴിയുന്നില്ല. വ്യോമാക്രമണം ഏറെയും രാത്രിയാണ് നടക്കുന്നത്. ഇന്നലെ തീരെ ഉറങ്ങിയിട്ടില്ല. ഇപ്പോള്‍ അല്‍പം വിശ്രമിക്കാന്‍ പോവുകയാണ്...' യുക്രൈനിലെ നാഷണല്‍ മെഡിക്കല്‍ കോളേജില്‍ ഒന്നാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയായ കാസര്‍കോട് സിറ്റിസണ്‍ നഗര്‍ സ്വദേശി റിനാഫ് റഫീഖ് ഇന്ന് ഉച്ചയോടെ പിതാവ് റഫീഖ് ടൈമക്‌സിനെ വിളിച്ചറിയിച്ചതാണിക്കാര്യം. മിനിസ്റ്റിയ ഏരിയയിലാണ് റിനാഫും കാസര്‍കോട് സ്വദേശികളായ ഏതാനും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും താമസിക്കുന്നത്. കുമ്പള, മുണ്ടക്കൈ, പെരുമ്പള, […]

കാസര്‍കോട്: 'റഷ്യയുടെ സൈനിക നടപടി അക്ഷരാര്‍ത്ഥത്തില്‍ തന്നെ യുക്രൈനിലുള്ള ഓരോ ആളുകളേയും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. രാത്രി ഉറങ്ങാന്‍ കഴിയുന്നില്ല. വ്യോമാക്രമണം ഏറെയും രാത്രിയാണ് നടക്കുന്നത്. ഇന്നലെ തീരെ ഉറങ്ങിയിട്ടില്ല. ഇപ്പോള്‍ അല്‍പം വിശ്രമിക്കാന്‍ പോവുകയാണ്...' യുക്രൈനിലെ നാഷണല്‍ മെഡിക്കല്‍ കോളേജില്‍ ഒന്നാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയായ കാസര്‍കോട് സിറ്റിസണ്‍ നഗര്‍ സ്വദേശി റിനാഫ് റഫീഖ് ഇന്ന് ഉച്ചയോടെ പിതാവ് റഫീഖ് ടൈമക്‌സിനെ വിളിച്ചറിയിച്ചതാണിക്കാര്യം. മിനിസ്റ്റിയ ഏരിയയിലാണ് റിനാഫും കാസര്‍കോട് സ്വദേശികളായ ഏതാനും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും താമസിക്കുന്നത്. കുമ്പള, മുണ്ടക്കൈ, പെരുമ്പള, ചട്ടഞ്ചാല്‍, കൂഡ്‌ലു, കാഞ്ഞങ്ങാട് തുടങ്ങിയ ഭാഗങ്ങളിലെ നിരവധി വിദ്യാര്‍ത്ഥികള്‍ യുക്രൈനില്‍ റിനാഫിന്റെ സഹപാഠികളാണ്. 'മിനിസ്റ്റിയ ഏരിയയില്‍ ബോംബാക്രമണം ഉണ്ടാകുമെന്ന് ഇന്നലെ ചാനല്‍ വാര്‍ത്ത വന്നതോടെ എല്ലാവരും ഭീതിയുടെ മുള്‍മുനയിലായിരുന്നു. ബോംബ് വര്‍ഷിക്കുമെന്ന് കേള്‍ക്കുമ്പോള്‍ എങ്ങനെയാണ് കിടന്നുറങ്ങാന്‍ കഴിയുക. പകല്‍ നേരത്ത് മാത്രമാണ് അല്‍പം ആശ്വാസം'-റിനാഫ് പറഞ്ഞു. മകനെ ആശ്വസിപ്പിക്കാനായി റഫീഖ് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിവരെ മകനുമായി ഓണ്‍ലൈനില്‍ സംസാരിച്ചുകൊണ്ടിരുന്നു. ആകുലപ്പെടേണ്ടതില്ലെന്നും യുക്രൈനിലുള്ള മുഴുവന്‍ ഇന്ത്യക്കാരേയും സുരക്ഷിതരായി മറ്റിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും നോര്‍ക്ക ഓഫീസില്‍ നിന്ന് വിളിച്ചറിയിച്ചതായി റഫീഖ് ടൈമക്‌സ് ഉത്തരദേശത്തോട് പറഞ്ഞു. യുക്രൈന് തൊട്ടടുത്തുള്ള മാള്‍ഡോവയിലേക്കോ റൊമാനിയയിലേക്കോ ഇന്ത്യക്കാരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

Related Articles
Next Story
Share it