കാസര്‍കോട്: മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ നടന്ന 41-ാമത് ദേശീയ തായ്ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടി വെള്ളി മെഡല്‍ നേടി കാസര്‍കോട്ടുകാരി. വിദ്യാനഗര്‍ പടുവടുക്കത്തെ എ.എം ഫാത്തിമയാണ് നാടിന്റെ അഭിമാനമായത്. ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ അണ്ടര്‍ 63 കിലോ ഗ്രാം വെയിറ്റ് കാറ്റഗറിയിലാണ് ഫാത്തിമ മത്സരിച്ചത്. തായ്ക്വോണ്ടോയില്‍ ഫസ്റ്റ് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് ആയ ഫാത്തിമ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി തുടര്‍ച്ചയായി സംസ്ഥാന തായ്ക്വോണ്ടോയില്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവാണ്. കഴിഞ്ഞ വര്‍ഷം മധ്യപ്രദേശില്‍ നടന്ന ദേശീയ സ്കൂള്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടുകയും ചെയ്തിരുന്നു. കാസര്‍കോട് യോദ്ധ തായ്ക്വോണ്ടോ അക്കാദമിയിലെ മാസ്റ്റര്‍ ജയന് പൊയിനാച്ചിയാണ് ഫാത്തിമയുടെ പരിശീലകന്. നായന്മാര്മൂല തന്ബീഹുല് ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ഫാത്തിമ പഠനത്തിലും മിടുക്കിയാണ്. ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. പരേതനായ അഡ്വ. അഷ്റഫിന്റെയും ജമീലയുടെയും മകളാണ്. സഹോദരങ്ങളായ ഖദീജ, മുഹമ്മദ് എന്നിവരും തായ്ക്വോണ്ടോ പരിശീലിക്കുന്നുണ്ട്.