അച്ഛന്‍ മകള്‍ സിനിമകള്‍ ഒന്നിച്ച്...

അച്ഛനും മകളും അഭിനയിച്ച സിനിമകള്‍ ഒരേ ദിവസം തിയേറ്ററുകളില്‍ എത്തുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍. ചുരുങ്ങിയ സിനിമകളിലൂടെ തന്നെ മലയാള സിനിമയില്‍ സാന്നിധ്യമറിയിച്ച അനഘയുടേയും 'തിങ്കളാഴ്ച നിശ്ചയം', 'പൊരിവെയില്‍' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സി. നാരായണന്‍ കാഞ്ഞങ്ങാടും അഭിനയിച്ച ചിത്രങ്ങളാണ് ഈമാസം 17ന് തിയേറ്ററുകളിലെത്തുന്നത്. അനഘ നായികയായി എത്തുന്ന 'ഡിയര്‍ വാപ്പി' എന്ന സിനിമയും നാരായണന്‍ അഭിനയിച്ച 'എങ്കിലും ചന്ദ്രികേ...' എന്ന സിനിമയും ഒരേ ദിവസം റിലീസാവുന്നതിന്റെ സന്തോഷത്തിലാണ് കാസര്‍കോട് ജില്ലക്കാര്‍. ഷാന്‍ തുളസീധരന്‍ സംവിധാനം ചെയ്ത 'ഡിയര്‍ […]

അച്ഛനും മകളും അഭിനയിച്ച സിനിമകള്‍ ഒരേ ദിവസം തിയേറ്ററുകളില്‍ എത്തുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍. ചുരുങ്ങിയ സിനിമകളിലൂടെ തന്നെ മലയാള സിനിമയില്‍ സാന്നിധ്യമറിയിച്ച അനഘയുടേയും 'തിങ്കളാഴ്ച നിശ്ചയം', 'പൊരിവെയില്‍' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സി. നാരായണന്‍ കാഞ്ഞങ്ങാടും അഭിനയിച്ച ചിത്രങ്ങളാണ് ഈമാസം 17ന് തിയേറ്ററുകളിലെത്തുന്നത്. അനഘ നായികയായി എത്തുന്ന 'ഡിയര്‍ വാപ്പി' എന്ന സിനിമയും നാരായണന്‍ അഭിനയിച്ച 'എങ്കിലും ചന്ദ്രികേ...' എന്ന സിനിമയും ഒരേ ദിവസം റിലീസാവുന്നതിന്റെ സന്തോഷത്തിലാണ് കാസര്‍കോട് ജില്ലക്കാര്‍. ഷാന്‍ തുളസീധരന്‍ സംവിധാനം ചെയ്ത 'ഡിയര്‍ വാപ്പി'യില്‍ കേന്ദ്രകഥാപാത്രമായ ലാലിന്റെ മകളായാണ് ചിത്രത്തില്‍ മുഴുനീളം അനഘ എത്തുന്നത്. ക്രൗണ്‍ഫിലിംസിന്റെ ബാനറിലാണ് ചിത്രം ഇറങ്ങുന്നത്.
സുരാജ് വെഞ്ഞാറമൂട്, ഷൈജു കുറുപ്പ്, ബേസില്‍ജോസഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'എങ്കിലും ചന്ദ്രികേ...'യില്‍ ചന്ദ്രേട്ടന്റെ വേഷത്തിലാണ് സി. നാരായണന്റെ വരവ്. വിജയ് ബാബു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ആതിഥ്യന്‍ ചന്ദ്രശേഖറാണ് സംവിധായകന്‍. അനഘയും നാരായണനും നേരത്തെ ദേശീയ ശ്രദ്ധനേടിയ 'തിങ്കളാഴ്ച നിശ്ചയം' എന്ന സിനിമയില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. 'വാശി'യില്‍ ടൊവിനോയുടെ നായികയായും 'ആനന്ദം പരമാനന്ദം' എന്ന ചിത്രത്തില്‍ ഷറഫുദ്ദീന്റെ നായികയും ഇന്ദ്രന്‍സിന്റെ മകളുമായി അനഘ തകര്‍പ്പന്‍ അഭിനയം കാഴ്ചവെച്ചു.
നാടകരംഗങ്ങളിലൂടെ അഭിനയ രംഗത്ത് ചുവടുറപ്പിച്ച സി. നാരായണന്‍ മകളെ മിമിക്രി വേദികളിലൂടെയാണ് അഭിനയ ലോകത്തെത്തിച്ചത്. മിമിക്രി വേദികളെ ത്രസിപ്പിച്ച് അനഘ വൈകാതെ സിനിമയില്‍ രംഗപ്രവേശം നടത്തുകയും ചെയ്തു. ആദ്യ ചിത്രമായ 'തിങ്കളാഴ്ച നിശ്ചയ'ത്തില്‍ നല്ല റോള്‍ ലഭിക്കുകയും അത് മനോഹരമാക്കുകയും ചെയ്തതോടെ അനഘയെ സിനിമാ ആസ്വാദകരും സിനിമാ ലോകവും ശ്രദ്ധിക്കാന്‍ തുടങ്ങി. കാവ്യാമാധവന്റെ നാട്ടില്‍ നിന്ന് മറ്റൊരു നായിക എന്ന വിശേഷണം ചെറിയകാലംകൊണ്ട് തന്നെ നേടിയെടുക്കാനും അനഘക്ക് കഴിഞ്ഞു. 'വാശി'യിലും 'ആനന്ദം പരമാനന്ദം' എന്ന സിനിമയിലും അഭിനയിച്ചതോടെ സിനിമാ പ്രേമികളുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് ഈ നടി. ഒമാനില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് അനഘ ഇപ്പോഴുള്ളത്. മലയാളത്തിലെ പ്രധാന നായകര്‍ക്കൊപ്പം അഭിനയിക്കാനുള്ള അവസരങ്ങളും അനഘയെ തേടിവരുന്നുണ്ട്.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ ആരാകാനാണ് ആഗ്രഹം എന്ന അധ്യാപകരുടെ ചോദ്യത്തിന് നടിയാകാനാണെന്നായിരുന്നു അനഘയുടെ സ്ഥിരം മറുപടി. അവളില്‍ അഭിനയ മികവ് കണ്ടതോടെ സ്‌കൂള്‍തല കലോത്സവങ്ങളില്‍ അധ്യാപകര്‍ പ്രോത്സാഹിപ്പിച്ചു. പിന്നീട് ജില്ലാ കലോത്സവത്തിലും സംസ്ഥാന കലോത്സവത്തിലും അനഘ സ്ഥിരം സാന്നിധ്യമായി.
കാഞ്ഞങ്ങാട് നഗരത്തിലെ പി. കുഞ്ഞിരാമന്‍ സണ്‍സ് എന്ന തുണിക്കടയിലെ തിരക്കിനിടയില്‍ നിന്നാണ് സി. നാരായണന്‍ സിനിമയുടെ ലോകത്തെത്തുന്നത്. നാടകാഭിനയത്തിന് പുറമെ മികച്ച സംഘാടകന്‍ കൂടിയാണ് അദ്ദേഹം. കാഞ്ഞങ്ങാട് ആര്‍ട്ട് ഫോറത്തിന്റെ സാരഥി എന്ന നിലയില്‍ നാരായണന്റെ നേതൃത്വത്തില്‍ വിവിധ കലാസാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. കാസര്‍കോട് കേന്ദ്രീകരിച്ച് പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുവരുന്ന സ്‌കിന്നേഴ്‌സ് കാസര്‍കോടിന്റെ പ്രധാന പ്രവര്‍ത്തകരിലൊരാളാണ്.
ഒരു ഭാഗത്ത് മകള്‍ സിനിമയില്‍ തിളങ്ങുമ്പോള്‍ തനിക്കും സിനിമയില്‍ ചുവടുറപ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നാരായണന്‍. കാഞ്ഞങ്ങാട്ട് ഐങ്ങോത്താണ് വീട്.


-ടി.എ ഷാഫി

Related Articles
Next Story
Share it