പയ്യന്നൂര്‍: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. മാടായി മൊട്ടാമ്പ്രത്തെ റഹ്മത്ത് അബൂബക്കര്‍, പുതിയങ്ങാടിയിലെ അസ്ന എന്നിവരുടെ പരാതിയിലാണ് കേസ്. റഹ്മത്തില് നിന്ന് നാല് ലക്ഷം രൂപയും അസ്നയില്‍ നിന്ന് അഞ്ചരലക്ഷം രൂപയും നിക്ഷേപമായി വാങ്ങി വഞ്ചിക്കുകയായിരുന്നുവെന്നാണ് പരാതി. ഫാഷന്‍ ഗോള്‍ഡ് മാനേജിംഗ് ഡയറക്ടറായ പൂക്കോയ തങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം പയ്യന്നൂര്‍ പൊലീസ് നാലു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിരുന്നു. ഫാഷന്‍ ഗോള്‍ഡ് ചെയര്മാന് എം.സി ഖമറുദ്ദീന്റെയും പൂക്കോയ തങ്ങളുടേയും സ്വത്ത് കണ്ടുകെട്ടാന്‍ നടപടിയായതോടെയാണ് വീണ്ടും പൊലീസ് സ്റ്റേഷനുകളില്‍ പരാതികള്‍ എത്തി തുടങ്ങിയത്. പയ്യന്നൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മാത്രമായി ഏഴ് കോടിയിലേറെ രൂപയുടെ നിക്ഷേപതട്ടിപ്പ് നടന്നുവെന്നാണ് കണ്ടെത്തല്‍.