ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ്; ജയില്‍ കഴിയുന്ന എം.സി ഖമറുദ്ദീനെ ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്സ്‌മെന്റ്; ഇരുപതിലധികം ഡയറക്ടര്‍മാര്‍ക്ക് ഇ.ഡി നോട്ടീസയച്ചു

കാസര്‍കോട്: ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ചിന് പുറമെ എന്‍ഫോഴ്സ്മെന്റും അന്വേഷണമാരംഭിച്ചു. ജയിലില്‍ കഴിയുന്ന രണ്ടാംപ്രതി എം.സി ഖമറുദ്ദീനെ ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്സ്മെന്റ് അന്വേഷണസംഘം വ്യക്തമാക്കി. അതേസമയം ചോദ്യം ചെയ്യുന്നതിനുള്ള തീയതി നിശ്ചയിച്ചിട്ടില്ല. ഫാഷന്‍ ഗോള്‍ഡിന്റെ അഞ്ച് സ്ഥാപനങ്ങളില്‍ പങ്കാളിത്തമുള്ള ഇരുപതിലധികം ഡയറക്ടര്‍മാരെ ആദ്യഘട്ടമായി ചോദ്യം ചെയ്യും. ഇതിനായി ഡയറക്ടര്‍മാര്‍ക്ക് ഇ.ഡി നോട്ടീസയച്ചു. ഇ.ഡിയുടെ കോഴിക്കോട്ടെ ഓഫീസിലേക്കാണ് ഡയറക്ടര്‍മാരെ വിളിപ്പിച്ചത്. ഇവരെ ചോദ്യം ചെയ്തതിനുശേഷം ഖമറുദ്ദീനും ജയിലിലുള്ള നാലാം പ്രതി സൈനുല്‍ ആബിദിനെയും ചോദ്യം ചെയ്യും. കേസിലെ ഒന്നും […]

കാസര്‍കോട്: ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ചിന് പുറമെ എന്‍ഫോഴ്സ്മെന്റും അന്വേഷണമാരംഭിച്ചു. ജയിലില്‍ കഴിയുന്ന രണ്ടാംപ്രതി എം.സി ഖമറുദ്ദീനെ ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്സ്മെന്റ് അന്വേഷണസംഘം വ്യക്തമാക്കി. അതേസമയം ചോദ്യം ചെയ്യുന്നതിനുള്ള തീയതി നിശ്ചയിച്ചിട്ടില്ല. ഫാഷന്‍ ഗോള്‍ഡിന്റെ അഞ്ച് സ്ഥാപനങ്ങളില്‍ പങ്കാളിത്തമുള്ള ഇരുപതിലധികം ഡയറക്ടര്‍മാരെ ആദ്യഘട്ടമായി ചോദ്യം ചെയ്യും. ഇതിനായി ഡയറക്ടര്‍മാര്‍ക്ക് ഇ.ഡി നോട്ടീസയച്ചു. ഇ.ഡിയുടെ കോഴിക്കോട്ടെ ഓഫീസിലേക്കാണ് ഡയറക്ടര്‍മാരെ വിളിപ്പിച്ചത്. ഇവരെ ചോദ്യം ചെയ്തതിനുശേഷം ഖമറുദ്ദീനും ജയിലിലുള്ള നാലാം പ്രതി സൈനുല്‍ ആബിദിനെയും ചോദ്യം ചെയ്യും. കേസിലെ ഒന്നും മൂന്നും പ്രതികളായ ടി.കെ പൂക്കോയ തങ്ങളും മകന്‍ ഹിഷാമും ഇപ്പോഴും ഒളിവില്‍ തന്നെയാണ്. ഫാഷന്‍ഗോള്‍ഡ് നിക്ഷേപ തട്ടിപ്പിന്റെ സൂത്രധാരന്‍ പൂക്കോയ തങ്ങളാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പൂക്കോയ തങ്ങളെ അറസ്റ്റ് ചെയ്താല്‍ മാത്രമേ തട്ടിപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയുള്ളൂ. ഫാഷന്‍ഗോള്‍ഡിന്റെ മറവില്‍ കാസര്‍കോട്-കണ്ണൂര്‍ ജില്ലകളിലെ എണ്ണൂറിലധികം നിക്ഷേപകരില്‍ നിന്നായി 150 കോടിയിലേറെ രൂപ തട്ടിയെടുത്തുവെന്നാണ് പ്രാഥമിക കണക്ക്. രണ്ട് ജില്ലകളിലായി നൂറിലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിനാലാണ് അന്വേഷണചുമതല ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. എം.സി ഖമറുദ്ദീന്‍, പൂക്കോയ തങ്ങള്‍, ഹിഷാം, സൈനുല്‍ ആബിദ് എന്നിവര്‍ക്കുപുറമെ നിലവില്‍ ഫാഷന്‍ഗോള്‍ഡിന്റെ തലശേരിയിലെ സ്ഥാപനത്തിലെ 12 ഡയറക്ടര്‍മാരും പ്രതികളാണ്. പണം തട്ടിപ്പ്, കള്ളപ്പണ ഇടപാട് എന്നീ രീതിയിലുള്ള പരാതികളാണ് എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കുന്നത്. ഡയറക്ടര്‍മാരുടെ സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച രേഖകള്‍ ഇ.ഡിക്ക് ലഭിച്ചിട്ടുണ്ട്. ഒളിവിലുള്ള ഡയറക്ടര്‍മാര്‍ ഹാജരായില്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് എന്‍ഫോഴ്സ്മെന്റ് മുന്നറിയിപ്പ് നല്‍കി.

Related Articles
Next Story
Share it