ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പുകേസ്: 11 കേസുകളില്‍ കൂടി ഖമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത പതിനൊന്ന് കേസുകളില്‍ കൂടി എം.സി ഖമറുദ്ദീന്‍ എം.എല്‍.എയുടെ അറസ്റ്റ് രേഖപ്പെടുത്തി. കാസര്‍കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത അഞ്ചുകേസുകളിലും ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളിലുമാണ് അറസ്റ്റ്. കാസര്‍കോട്ടെ ഖമര്‍ ഫാഷന്‍ഗോള്‍ഡ് ഇന്റര്‍നാഷണല്‍, ചെറുവത്തൂരിലെ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ എന്നീ സ്ഥാപനങ്ങളില്‍ അഞ്ചുലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപ വരെ നിക്ഷേപിച്ചവര്‍ക്ക് തുക തിരികെ കിട്ടിയില്ലെന്ന പരാതികളുമായി ബന്ധപ്പെട്ട കേസുകളിലാണ് പുതിയ അറസ്റ്റ്. വിവിധ […]

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത പതിനൊന്ന് കേസുകളില്‍ കൂടി എം.സി ഖമറുദ്ദീന്‍ എം.എല്‍.എയുടെ അറസ്റ്റ് രേഖപ്പെടുത്തി. കാസര്‍കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത അഞ്ചുകേസുകളിലും ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളിലുമാണ് അറസ്റ്റ്. കാസര്‍കോട്ടെ ഖമര്‍ ഫാഷന്‍ഗോള്‍ഡ് ഇന്റര്‍നാഷണല്‍, ചെറുവത്തൂരിലെ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ എന്നീ സ്ഥാപനങ്ങളില്‍ അഞ്ചുലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപ വരെ നിക്ഷേപിച്ചവര്‍ക്ക് തുക തിരികെ കിട്ടിയില്ലെന്ന പരാതികളുമായി ബന്ധപ്പെട്ട കേസുകളിലാണ് പുതിയ അറസ്റ്റ്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 124 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ആദ്യം രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലാണ് ഖമറുദ്ദീനെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം ഇക്കഴിഞ്ഞ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഖമറുദ്ദീനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി രണ്ടുദിവസത്തേക്ക് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരുന്നു. ബുധനാഴ്ച ഉച്ചയോടെ ഖമറുദ്ദീനെ അന്വേഷണസംഘം ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കുകയും രണ്ടുദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെടുകയും ചെയ്തു. പ്രതിയെ വിവിധ സ്ഥലത്തെത്തിച്ചുള്ള തെളിവെടുപ്പ് പൂര്‍ത്തിയായില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ക്രൈംബ്രാഞ്ച് കോടതിയില്‍ വീണ്ടും ഹരജി നല്‍കിയത്. എന്നാല്‍ അന്വേഷണസംഘത്തിന്റെ ആവശ്യം കോടതി തള്ളി. ഖമറുദ്ദീന്റെ റിമാണ്ട് നവംബര്‍ 20 വരെ നീട്ടുകയും ചെയ്തു.

അതേസമയം ഫാഷന്‍ ഗോള്‍ഡിന്റെ പേരില്‍ സാമ്പത്തികലാഭം വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ എം.സി ഖമറുദ്ദീന്‍ എം.എല്‍.എക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസും കേസെടുത്തു. പയ്യാമ്പലം കാനോത്ത് റെഡ് ക്രോസ് റോഡിലെ എം.കെ ഭുവന്‍ രാജിന്റെ പരാതിയില്‍ ഖമറുദ്ദീന്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണ് കേസെടുത്തത്. പൂക്കോയ തങ്ങള്‍, ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി ജനറല്‍ മാനേജര്‍ സൈനുദ്ദീന്‍ ആബിദ്, തോട്ടട കിഴുന്നപ്പാറയിലെ സൈനുദ്ദീന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഖമറുദ്ദീനും കൂട്ടുപ്രതികളും പ്രതിമാസം 25000 രൂപ പലിശ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഭുവന്‍രാജില്‍ നിന്ന് 25 ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാല്‍ പലിശയോ മുതലോ നല്‍കാതെ വഞ്ചിച്ചുവെന്നാണ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. 2008 ഫെബ്രുവരി അഞ്ചിനും 2009 ജനുവരി മൂന്നിനും രണ്ട് ഘട്ടമായാണ് പണം കൈമാറിയിരുന്നത്.

Related Articles
Next Story
Share it