ബദിയടുക്ക: വേനല്‍കാലത്ത് കാര്‍ഷിക ആവശ്യത്തിനുള്ള ജലക്ഷാമം പരിഹരിക്കാനായി കൊച്ചു ഡാം നിര്‍മ്മിച്ച് പെരഡാലയിലെ ഈശ്വര ഭട്ട് മാതൃകയാവുന്നു. 11 ലക്ഷം രൂപ ചെലവഴിച്ച് 80 ലക്ഷം ലിറ്റര്‍ മഴവെള്ളം സംഭരിക്കുന്ന ചെറിയ ഡാം തന്നെ നിര്‍മ്മിച്ചിരിക്കുകയാണ് ഈശ്വര ഭട്ട്. തന്റെ ആറ് ഏക്കര്‍ സ്ഥലത്തുള്ള വെള്ളം സംഭരിക്കുകയെന്നതാണ് ലക്ഷ്യം.
ഇത്തവണ 40 ലക്ഷത്തോളം ലിറ്റര്‍ മഴവെള്ളം സംഭരിക്കാന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. 1500 ഓളം കവുങ്ങുകള്‍, 200 തെങ്ങുകളും വിവിധതരം മാവുകളുമുള്ള തോട്ടത്തിലേക്ക് ആവശ്യമായ ജലം വേനല്‍കാലത്ത് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഡാം എന്ന ആശയവുമായി കര്ഷകന് രംഗത്ത് വന്നത്. കഴിഞ്ഞ വര്‍ഷം മഴ വേണ്ടത്ര ലഭിക്കാത്തതിനാല്‍ ഡാം നിറഞ്ഞിരുന്നില്ല. ഇത്തവണ ഡാമില്‍ പകുതിയിലേറെ മഴവെള്ളം സംഭരിക്കാനായി. കഠിന പ്രയത്നത്തിന്റെ ഭാഗമായാണ് ഡാം യാഥാര്‍ത്ഥ്യമായത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും സബ്സിഡി നല്‍കുകയും ചെയ്തു.
മഴവെള്ളം നേരിട്ടാണ് ഡാമിലേക്ക് വീഴുന്നത്. കാര്‍ഷിക മേഖലയില്‍ പരീക്ഷണത്തിനിറങ്ങിയപ്പോള്‍ ആദ്യമൊക്കെ നിരാശയായിരുന്നുവെങ്കിലും ഇപ്പോള്‍ പൂര്‍ണ്ണ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ഈശ്വര ഭട്ട് പറയുന്നു. ഒരു വര്‍ഷം വരെ ആവശ്യമുള്ള മഴവെള്ളം സംഭരിച്ച് കാര്‍ഷിക മേഖലയെ പരിപോഷിക്കുകയാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം.
വര്‍ഷംതോറും ദശലക്ഷ കണക്കിന് മഴവെള്ളം കടലിലും പുഴയിലും ലയിക്കുന്നു. വേനല്‍കാലത്ത് ശുദ്ധജല ക്ഷാമം പരിഹരിക്കാന്‍ ഇത്തരത്തിലുള്ള പദ്ധതികള്‍ ഗുണം ചെയ്യുമെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ഈ കര്‍ഷകന്റെ അധ്വാന വിജയം.