ഉണ്ണിയേട്ടന് വിട; ഉത്തരദേശത്തിന്റെ നഷ്ടം

ഇന്നലെ, ഉത്തരദേശത്തിന്റെ ഓണപ്പതിപ്പ് തയ്യാറാക്കുന്നതിനിടയില്‍ ഉണ്ണിയേട്ടനെ ഓര്‍ത്തിരുന്നു. കഴിഞ്ഞ 30 വര്‍ഷത്തിലധികമായി ഓണപ്പതിപ്പ് സ്ഥിരമായി തയ്യാറാക്കിയിരുന്നത് ഉണ്ണിയേട്ടനായിരുന്നു. അദ്ദേഹത്തിന്റെ ലേഖനമില്ലാതെ ഉത്തരദേശത്തിന്റെ ഒരു ഓണപ്പതിപ്പ് പോലും ഇറങ്ങിയിട്ടുണ്ടാവില്ല. കഴിഞ്ഞ 30 വര്‍ഷത്തോളമായി ഇടയ്ക്ക് വല്ലപ്പോഴും അഹ്‌മദ് മാഷ് എഴുതിയതൊഴിച്ചാല്‍ ഉത്തരദേശത്തിന് മുഖപ്രസംഗം എഴുതിക്കൊണ്ടിരുന്നതും ഉണ്ണിയേട്ടന്‍ തന്നെയാണ്. ഉണ്ണിയേട്ടന്റെ ഓരോ മുഖപ്രസംഗവും ഉത്തരദേശത്തിന്റെ മുഖപ്രസാദം തന്നെയായിരുന്നു. കാസര്‍കോടിന്റെ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍കൊണ്ടുവരുന്നതിന് ആ മുഖപ്രസംഗങ്ങള്‍ വലിയതോതില്‍ പ്രയോജനപ്പെട്ടിട്ടുണ്ടെന്നതിന് തെളിവുകള്‍ അനവധി.കഴിഞ്ഞമാസം എട്ടിനാണ് നെഞ്ചുവേദനയെ തുടര്‍ന്ന് ഭാര്യയേയും കൂട്ടി […]

ഇന്നലെ, ഉത്തരദേശത്തിന്റെ ഓണപ്പതിപ്പ് തയ്യാറാക്കുന്നതിനിടയില്‍ ഉണ്ണിയേട്ടനെ ഓര്‍ത്തിരുന്നു. കഴിഞ്ഞ 30 വര്‍ഷത്തിലധികമായി ഓണപ്പതിപ്പ് സ്ഥിരമായി തയ്യാറാക്കിയിരുന്നത് ഉണ്ണിയേട്ടനായിരുന്നു. അദ്ദേഹത്തിന്റെ ലേഖനമില്ലാതെ ഉത്തരദേശത്തിന്റെ ഒരു ഓണപ്പതിപ്പ് പോലും ഇറങ്ങിയിട്ടുണ്ടാവില്ല. കഴിഞ്ഞ 30 വര്‍ഷത്തോളമായി ഇടയ്ക്ക് വല്ലപ്പോഴും അഹ്‌മദ് മാഷ് എഴുതിയതൊഴിച്ചാല്‍ ഉത്തരദേശത്തിന് മുഖപ്രസംഗം എഴുതിക്കൊണ്ടിരുന്നതും ഉണ്ണിയേട്ടന്‍ തന്നെയാണ്. ഉണ്ണിയേട്ടന്റെ ഓരോ മുഖപ്രസംഗവും ഉത്തരദേശത്തിന്റെ മുഖപ്രസാദം തന്നെയായിരുന്നു. കാസര്‍കോടിന്റെ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍കൊണ്ടുവരുന്നതിന് ആ മുഖപ്രസംഗങ്ങള്‍ വലിയതോതില്‍ പ്രയോജനപ്പെട്ടിട്ടുണ്ടെന്നതിന് തെളിവുകള്‍ അനവധി.
കഴിഞ്ഞമാസം എട്ടിനാണ് നെഞ്ചുവേദനയെ തുടര്‍ന്ന് ഭാര്യയേയും കൂട്ടി അദ്ദേഹം കാഞ്ഞങ്ങാട്ടെ ഡോക്ടറെ കാണാന്‍ ചെല്ലുന്നത്. അതിന് രണ്ടുദിവസം മുമ്പ് കോഴിക്കോട്ട് സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറത്തിന്റെ സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. അന്നുമുതലെ നേരിയ തോതില്‍ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നുവെങ്കിലും ഏഴിന് വീട്ടില്‍ കുടുംബാംഗങ്ങളൊക്കെ പങ്കെടുക്കുന്ന ഒരു സല്‍ക്കാര ചടങ്ങുണ്ടായതിനാല്‍ അദ്ദേഹം അത് അത്ര കാര്യമാക്കിയില്ല. ആഗസ്റ്റ് ഏഴിനായിരുന്നു ഉണ്ണിയേട്ടന്റെ ജന്മദിനവും. അന്ന് ബന്ധുക്കളോടൊപ്പം കേക്കൊക്കെ മുറിച്ച് സന്തോഷവാനായിരുന്നു.
പിറ്റേന്ന് ആസ്പത്രിയില്‍ ചെന്നപ്പോഴാണ് ഹൃദയത്തില്‍ ബ്ലോക്കുകളുണ്ടെന്നും അടിയന്തിരമായി ആന്‍ജിയോഗ്രാം ചെയ്യണമെന്നും ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നത്. കാഞ്ഞങ്ങാട്ടെ തന്നെ മറ്റൊരു ആസ്പത്രിയിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു. അപ്പോഴും തന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം താളം തെറ്റിയതായി അദ്ദേഹം അറിഞ്ഞിരുന്നില്ല. വിശദമായി പരിശോധിച്ചപ്പോഴാണ് അടിയന്തിരമായി ആന്‍ജിയോ പ്ലാസ്റ്റി ചെയ്യണമെന്ന നിര്‍ദ്ദേശം വന്നത്. അദ്ദേഹം ആന്‍ജിയോഗ്രാമിന് വിധേയനായി. അപ്പോഴേക്കും ഡോക്ടറുടെ അറിയിപ്പ് വന്നു. ആന്‍ജിയോ പ്ലാസ്റ്റി പോര ബൈപാസ് സര്‍ജറി തന്നെ വേണമെന്ന്. ബന്ധുക്കള്‍ ഉടനെ അദ്ദേഹത്തെ മംഗലാപുരത്തെ ആസ്പത്രിയില്‍ എത്തിച്ചു. പ്രശസ്തനായ ഹൃദ്രോഗ വിദഗ്ധന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടാം ദിവസം തന്നെ ആരോഗ്യനില വീണ്ടെടുത്ത് നല്ല ഉന്മേഷവാനായി കണ്ടതാണ്.
ശസ്ത്രക്രിയ കഴിഞ്ഞതിന്റെ ആറാംനാള്‍ ഞാന്‍ അദ്ദേഹത്തെ കാണാന്‍ ആസ്പത്രിയില്‍ ചെന്നിരുന്നു. ഭാര്യ പത്മിനിയോടും മകള്‍ അഞ്ജുവിനോടും സന്തോഷത്തോടെ സംസാരിച്ചുനില്‍ക്കുന്ന ഉണ്ണിയേട്ടനെയാണ് കണ്ടത്. ഒരു സര്‍ജറിക്ക് വിധേയനായ ഒരു അവശതയും അദ്ദേഹത്തില്‍ കണ്ടിരുന്നില്ല. എന്നോടും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളോടും ഏറെ നേരം സംസാരിച്ചു. വലിയൊരു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടുവെന്നും ദൈവത്തിന് നന്ദിയുണ്ടെന്നും ഉണ്ണിയേട്ടന്‍ ഞങ്ങളോട് പറഞ്ഞു. എപ്പോഴാണ് ഡിസ്ചാര്‍ജ് ചെയ്യാന്‍ പറ്റുക എന്ന് ഡോക്ടറോട് ചോദിക്കാമോ എന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അവിടെവെച്ച് തന്നെ ഞാന്‍ ഡോക്ടറെ വിളിച്ചു. 'പെട്ടെന്ന് പോകാമല്ലോ. അദ്ദേഹം സുഖംപ്രാപിച്ചിട്ടുണ്ട്'-ഇതായിരുന്നു ഡോക്ടറുടെ മറുപടി.
ഇക്കാര്യം പറഞ്ഞപ്പോള്‍ രണ്ടുദിവസം കൂടി ഇവിടെ കിടക്കാം. വീട് അങ്ങ് ദൂരെയായതിനാല്‍ എന്തെങ്കിലും സംഭവിച്ചാല്‍ വീണ്ടും എത്താന്‍ പ്രയാസമാകുമല്ലോ എന്ന് ഉണ്ണിയേട്ടന്‍ തന്നെയാണ് പറഞ്ഞത്. മകള്‍ അഞ്ജുവിനെ ഞാന്‍ നിരന്തരം ഫോണില്‍ ബന്ധപ്പെടുന്നുണ്ടായിരുന്നു. അച്ഛന്‍ ഉഷാറില്‍ ഉണ്ടെന്നും ഉന്മേഷവാനാണെന്നും അഞ്ജു പറഞ്ഞിരുന്നു. എന്നാല്‍ രണ്ടുദിവസം കഴിഞ്ഞ് വീണ്ടും വിളിച്ചപ്പോള്‍, മൂത്രം കെട്ടിനില്‍ക്കുന്നുണ്ടെന്നും കഫകെട്ടുണ്ടെന്നും അച്ഛനെ ഐ.സി.യുവിലേക്ക് മാറ്റിയെന്നും അഞ്ജു അറിയിച്ചു. അപ്പോള്‍ തന്നെ എന്തോ ഒരു പന്തികേട് തോന്നിയിരുന്നു. ഡോക്ടറെ വിളിച്ച് വിശദമായി സംസാരിക്കുകയും വേണ്ട കാര്യങ്ങളൊക്കെ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടയിലാണ് മകന്‍ അനൂപ് സൗദിയില്‍ നിന്ന് വിളിക്കുന്നത്. അച്ഛന്റെ കാര്യം അല്‍പം ആശങ്കാജനകമാണെന്ന് അമ്മ പറഞ്ഞിരുന്നുവെന്നും ഞാന്‍ നാട്ടില്‍ വരുന്നുണ്ടെന്നും അറിയിച്ചായിരുന്നു അനൂപിന്റെ വിളി. പിന്നാലെ അനൂപ് നാട്ടിലെത്തി. ഇതിനിടയില്‍ ഉണ്ണിയേട്ടന്‍ വീണ്ടും ഹൃദയശസ്ത്രക്രിയക്ക് വിധേയനായി. ആസ്തമയുടെ ശല്യം ഒരുപാട് കാലം അദ്ദേഹത്തെ അലട്ടുന്നുണ്ടായിരുന്നു. ന്യൂമോണിയയും ബാധിച്ചു. എല്ലാംകൂടിയായപ്പോള്‍ പ്രശ്‌നം കൂടുതല്‍ വഷളായി. അപ്പോഴും ജീവിതത്തിലേക്ക് തിരിച്ചുവരികയാണെന്ന് തോന്നിപ്പിച്ച് ഉണ്ണിയേട്ടന്‍ ഉന്മേഷവാനായി വീണ്ടും ഐ.സി.യുവില്‍ നിന്ന് പുറത്തുവന്നതാണ്. ഡിസ്ചാര്‍ജിനുള്ള ദിവസമൊക്കെ തീരുമാനിക്കുന്നതിനിടയിലാണ് ഞായറാഴ്ച രാത്രി ആരോഗ്യനില വീണ്ടും വഷളായത്. അദ്ദേഹം വെന്റിലേറ്ററിലായി. ഇന്നലെ സന്ധ്യയോടെ ഡോക്ടര്‍ കൈവിട്ടു. മരണം സ്ഥിരീകരിക്കാന്‍ വൈകിയെങ്കിലും സന്ധ്യയോടെ തന്നെ ഉണ്ണിയേട്ടന്‍ കണ്ണടച്ചിരുന്നു.
1980കളുടെ അവസാനത്തോടെയാണ് ഉണ്ണിയേട്ടന്‍ ഉത്തരദേശത്തില്‍ എത്തുന്നത്. നേരത്തെ സബ് എഡിറ്ററായിരുന്ന വി.പി മനോഹരന്‍ സര്‍ക്കാര്‍ ഉദ്യോഗം ലഭിച്ച് രാജിവെക്കുമ്പോഴാണ് അഹ്‌മദ് മാഷ് കാഞ്ഞങ്ങാട്ട് നിന്ന്, നവത പത്രത്തില്‍ ജോലിചെയ്തിരുന്ന ഉണ്ണിയേട്ടനെ കണ്ടെത്തുന്നത്. വി.പി മനോഹരന് നല്‍കിയ യാത്രയയപ്പ് പരിപാടിയില്‍ വലിയ പ്രതീക്ഷയോടെയാണ് അഹ്‌മദ് മാഷ് ഉണ്ണികൃഷ്ണനെ കാസര്‍കോടിന് പരിചയപ്പെടുത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഉത്തരദേശം വായനക്കാര്‍ക്ക് പ്രിയപ്പെട്ട എഴുത്തുകാരനായി ഉണ്ണിയേട്ടന്‍ മാറിയിരുന്നു. അദ്ദേഹത്തിന്റെ ലേഖനങ്ങള്‍, എഴുത്തിലെ പക്വത, കയ്യടക്കം, സൂക്ഷ്മത എല്ലാം വായനക്കാര്‍ ആസ്വദിക്കുന്നുണ്ടായിരുന്നു. പറയേണ്ട കാര്യങ്ങളെ വളച്ചൊടിക്കാതെ കൃത്യമായ രീതിയില്‍ അവതരിപ്പിക്കാനുള്ള ഉണ്ണിയേട്ടന്റെ കഴിവ് അദ്ദേഹത്തെ വായനകാര്‍ക്ക് പ്രിയങ്കരനാക്കി. എഡിറ്റോറിയലില്‍ അദ്ദേഹം കാണിച്ച സൂക്ഷ്മതയും പക്വതയും ഒപ്പം തന്നെ മൂര്‍ച്ഛയും നല്ലൊരു കൈവഴക്കം വന്ന എഴുത്തുകാരന്റെ സംഭാവനയായി വായനക്കാര്‍ കണ്ടു. ഞാന്‍ വരുമ്പോള്‍ ഉത്തരദേശത്തിലെ എഡിറ്റോറിയല്‍ വിഭാഗത്തിന്റെ നിയന്ത്രണങ്ങളുമായി ഉണ്ണിയേട്ടനും പി.എ അബ്ദുല്‍റഹ്‌മാനും കെ.എം അബ്ബാസുമൊക്കെയുണ്ട്. അക്കൗണ്ടിംഗ് സെക്ഷന്‍ കൈകാര്യം ചെയ്ത് പി.വി ബാലചന്ദ്രനും. ഉത്തരദേശത്തില്‍ വാര്‍ത്തകളുമായി വരുന്നവരെ സ്വീകരിച്ചിരുന്നത് ഉണ്ണിയേട്ടനായിരുന്നു. മുഖപേജും വാരാന്ത്യപതിപ്പും കൈകാര്യം ചെയ്തിരുന്നതും അദ്ദേഹം തന്നെ. വളരെ സൗമ്യനും എല്ലാവരോടും വളരെ മൃദുവായി പെരുമാറുകയും ചെയ്തിരുന്ന ഉണ്ണിയേട്ടന്റെ അരികിലേക്ക് ധൈര്യപൂര്‍വ്വം ആര്‍ക്കും വാര്‍ത്തകളുമായി വരാമായിരുന്നു. പുതിയ എഴുത്തുകാരെ വളര്‍ത്തുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അവരുടെ എഴുത്തിലെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടി തിരുത്താന്‍ പ്രേരിപ്പിക്കുകയും എഡിറ്റ് ചെയ്ത് ലേഖനങ്ങള്‍ പെട്ടെന്ന് തന്നെ പ്രസിദ്ധീകരിക്കാന്‍ അദ്ദേഹം പ്രത്യേകം താല്‍പര്യം കാട്ടുകയും ചെയ്തിരുന്നു.
അഹ്‌മദ് മാഷിന്റെ വിയോഗ ശേഷം ഉണ്ണിയേട്ടന്‍ ഉണ്ടല്ലോ എന്ന ധൈര്യമായിരുന്നു ഉത്തരദേശം പ്രവര്‍ത്തകരായ ഞങ്ങള്‍ക്ക്. ഓരോ സ്റ്റാഫിനോടും വല്ല്യേട്ടന്റെ സ്‌നേഹത്തോടെയും അവകാശത്തോടെയും മാത്രമേ ഉണ്ണിയേട്ടന്‍ പെരുമാറിയിട്ടുള്ളു. കോവിഡിന്റെ വരവോടെ കോടോം-ബേളൂര്‍ പഞ്ചായത്തിലെ അട്ടേങ്ങാനത്ത് നിന്നുള്ള അദ്ദേഹത്തിന്റെ വരവ് പ്രശ്‌നമായി. ശ്വാസതടസ്സം കുഞ്ഞുനാള്‍ മുതലെ വിടാതെ പിടികൂടിയതും കോവിഡ് പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കുമോ എന്ന ഭയവും അദ്ദേഹത്തിന്റെ ഉത്തരദേശത്തിലേക്കുള്ള വരവ് മുടക്കി. അങ്ങനെയാണ് ഉത്തരദേശത്തിലോ ജോലി രാജിവെക്കാന്‍ തീരുമാനിക്കുന്നത്. പ്രസാധകന്‍ മുജീബ് അഹ്‌മദും ഞങ്ങളുമൊക്കെ അദ്ദേഹത്തോട് ശക്തമായി തന്നെ അഭ്യര്‍ത്ഥിച്ചു. ജോലി രാജിവെക്കേണ്ട, കഴിയുന്ന സമയത്ത് വന്ന് പോയാല്‍ മതിയെന്ന്. എന്നാല്‍ ദൂരെ നിന്നുള്ള വരവ് അദ്ദേഹത്തിന് ഒരു പ്രശ്‌നം തന്നെയായിരുന്നു. അതോടെയാണ് ഒന്നര വര്‍ഷം മുമ്പ് ജോലി ഒഴിഞ്ഞത്. എങ്കിലും മുജീബിന്റെ അഭ്യര്‍ത്ഥന മാനിച്ച് എല്ലാ ദിവസവും ഉത്തരദേശത്തിന് എഡിറ്റോറിയല്‍ എഴുതി അയച്ചുതരുമായിരുന്നു. ആ എഡിറ്റോറിയലുകള്‍ ഉണ്ണിയേട്ടന്‍ ഞങ്ങളോടൊപ്പം ഉണ്ടെന്ന ബലം ഞങ്ങള്‍ക്ക് നല്‍കി. കഴിഞ്ഞ മാസം എട്ടിന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന ദിവസം വരെ അദ്ദേഹം മുടങ്ങാതെ ഉത്തരദേശത്തിന് എഡിറ്റോറിയല്‍ എഴുതി അയച്ചിരുന്നു.
കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ അമരത്തും അദ്ദേഹമുണ്ടായിരുന്നു. 90കളില്‍ തന്നെ അഹ്‌മദ് മാഷിനോടൊപ്പം പ്രസ്‌ക്ലബ്ബ് പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. നേരത്തെ ട്രഷറായും ഒടുവില്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. എം.ഒ വര്‍ഗീസ് പ്രസ്‌ക്ലബ്ബിന്റെ പ്രസിഡണ്ടും ഉണ്ണിയേട്ടന്‍ സെക്രട്ടറിയുമായിരുന്ന സമയത്താണ് കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന സമ്മേളനം കാസര്‍കോട്ട് നടന്നത്. ആ സമ്മേളനത്തിന്റെ മാധുര്യം കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴും പലരും ഞങ്ങളോട് അയവിറക്കുന്നുണ്ടായിരുന്നു. കാസര്‍കോട് സാഹിത്യവേദിയുടെ നിര്‍വാഹക സമിതി അംഗമെന്ന നിലയില്‍ കാസര്‍കോട്ടെ സാഹിത്യ സദസ്സുകളിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.
ഒട്ടും പ്രതീക്ഷിക്കാതെ, പൊടുന്നനെയാണ് ഉണ്ണിയേട്ടന്‍ യാത്രയായിരിക്കുന്നത്. 30 വര്‍ഷത്തിലധികം കാസര്‍കോട് കേന്ദ്രമായി പത്രപ്രവര്‍ത്തനം നടത്തി ഈ നാട്ടുകാരനിലൊരാളായി തീര്‍ന്ന ഉണ്ണിയേട്ടനോട് കാസര്‍കോട്ടുകാര്‍ക്ക് ഉള്ള സ്‌നേഹം വാക്കുകളില്‍ ഒതുങ്ങാത്തതാണ്. അത്രമാത്രം സുഹൃദ് ബന്ധം വലിയവരുമായും ചെറിയവരുമായും അദ്ദേഹത്തിനുണ്ടായിരുന്നു.
ഇനിയൊരിക്കലും തിരികെ വരില്ലെന്നറിയുമ്പോഴും ഞങ്ങളെ നയിക്കാന്‍, ഒപ്പം നില്‍ക്കാന്‍ ഒരിക്കല്‍കൂടി ഉണ്ണിയേട്ടന്‍ വന്നിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു.

ടി.എ ഷാഫി

Related Articles
Next Story
Share it