വിട പറഞ്ഞത് ഉത്തരദേശത്തിന്റെ കഥാകാരന്‍...

നല്ല വടിവൊത്ത അക്ഷരങ്ങളില്‍ കഥയുടെ അനേകം കതകുകള്‍ തുറന്ന പ്രിയപ്പെട്ട എഴുത്തുകാരന്‍ സി.എല്‍. അബ്ബാസും യാത്രയായി. വെളുപ്പിന് സി.എല്‍. ഹമീദിന്റെ കോള്‍ കണ്ടപ്പോള്‍ തന്നെ എന്തോ അപകടം മണത്തിരുന്നു. പ്രമേഹം അലട്ടിയിരുന്നുവെങ്കിലും ഇന്നലെ രാത്രി ഭക്ഷണമൊക്കെ കഴിച്ച് പ്രയാസമൊന്നുമില്ലാതെ ഉറങ്ങാന്‍ കിടന്നതാണ്. മൂന്ന് മണി നേരത്ത് എണീറ്റ് വെള്ളം ചോദിച്ചിരുന്നുവെന്നും വീണ്ടും ഉറങ്ങാന്‍ കിടന്ന അബ്ബാസിന് പുലര്‍ച്ചെയോടെ അന്ത്യം സംഭവിക്കുകയായിരുന്നുവെന്നും സഹോദരീപുത്രന്‍ മുസ്തഫ മച്ചിനടുക്കം പറഞ്ഞു. ദീര്‍ഘകാലം അബ്ബാസ് പ്രവാസിയായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ എഴുത്തിനോട് […]

നല്ല വടിവൊത്ത അക്ഷരങ്ങളില്‍ കഥയുടെ അനേകം കതകുകള്‍ തുറന്ന പ്രിയപ്പെട്ട എഴുത്തുകാരന്‍ സി.എല്‍. അബ്ബാസും യാത്രയായി. വെളുപ്പിന് സി.എല്‍. ഹമീദിന്റെ കോള്‍ കണ്ടപ്പോള്‍ തന്നെ എന്തോ അപകടം മണത്തിരുന്നു. പ്രമേഹം അലട്ടിയിരുന്നുവെങ്കിലും ഇന്നലെ രാത്രി ഭക്ഷണമൊക്കെ കഴിച്ച് പ്രയാസമൊന്നുമില്ലാതെ ഉറങ്ങാന്‍ കിടന്നതാണ്. മൂന്ന് മണി നേരത്ത് എണീറ്റ് വെള്ളം ചോദിച്ചിരുന്നുവെന്നും വീണ്ടും ഉറങ്ങാന്‍ കിടന്ന അബ്ബാസിന് പുലര്‍ച്ചെയോടെ അന്ത്യം സംഭവിക്കുകയായിരുന്നുവെന്നും സഹോദരീപുത്രന്‍ മുസ്തഫ മച്ചിനടുക്കം പറഞ്ഞു.
ദീര്‍ഘകാലം അബ്ബാസ് പ്രവാസിയായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ എഴുത്തിനോട് വലിയ കമ്പമുണ്ടായിരുന്നു. അബ്ബാസിന്റെ എഴുത്തുകള്‍ക്ക് നല്ല ചന്തവും ചാരുതയും അര്‍ത്ഥ സമ്പന്നതയും ഉണ്ടായിരുന്നുവെന്ന് വായനക്കാര്‍ പറയും. കാര്യങ്ങളെ വളച്ചുനീട്ടാതെ കൃത്യമായി പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അത് കഥയായാലും ലേഖനമായാലും. അബ്ബാസിന്റെ ലേഖനങ്ങള്‍ക്ക് നല്ല മൂര്‍ച്ചയുണ്ടായിരുന്നു. വിമര്‍ശനത്തിലുപരി പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ മാന്യതയുടെ ഭാഷയില്‍ തന്നെ പറയുമ്പോഴും അതു പലയിടത്തും കൊള്ളേണ്ടതുപോലെ കൊള്ളുകയും ചാട്ടൂളിപോലെ തറക്കുകയും ചെയ്തിരുന്നു. അനീതിയോട് അദ്ദേഹത്തിന് എപ്പോഴും പിണക്കമായിരുന്നു.
സി.എല്‍. അബ്ബാസിന്റെ കഥകള്‍ പലപ്പോഴും നാം ഓരോരുത്തരുടെയും ജീവിതവുമായി ബന്ധപ്പെട്ടതാണെന്ന് വായിക്കുന്നവന് തോന്നാറുണ്ട്. പച്ചയായ മനുഷ്യന്റെ കഥകള്‍ ആയിരുന്നു അദ്ദേഹത്തിന്റെ വിഷയങ്ങളും. അഹ്‌മദ് മാഷ് എന്നും പ്രോത്സാഹിപ്പിച്ച ഒരെഴുത്തുകാരനായിരുന്നു അദ്ദേഹം. ഉത്തരദേശത്തിന്റെ വാരാന്ത്യപ്പതിപ്പുകളില്‍ അബ്ബാസിന്റെ നിരവധി കഥകള്‍ അച്ചടിച്ചുവന്നിരുന്നു. വലിയ പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ചുവരാന്‍ തക്ക മികവുള്ളവ ആയിരുന്നിട്ട് കൂടി ഉത്തരദേശത്തിന്റെ വായനക്കാരിലൂടെ സാധാരണക്കാരിലേക്ക് തന്റെ രചനകള്‍ എത്തിക്കണമെന്ന് അദ്ദേഹം എപ്പോഴും ആഗ്രഹിക്കുകയും പല പ്രസിദ്ധീകരണങ്ങളും രചനകള്‍ ആവശ്യപ്പെട്ടിട്ടും അദ്ദേഹം ഉത്തരദേശത്തില്‍ തന്നെ നിരന്തരം എഴുതി സംതൃപ്തി നേടുകയും ചെയ്തു. പലപ്പോഴും സ്ഥലപരിമിതി ഉണ്ടായിട്ടുപോലും അബ്ബാസിന്റെ രചനകള്‍ കണ്ടാല്‍ അഹ്‌മദ് മാഷ് അവ പെട്ടെന്ന് തന്നെ പ്രസിദ്ധീകരിക്കാന്‍ നല്‍കിയിരുന്നത് എഴുത്തിന്റെ ആ മാസ്മരികത തിരിച്ചറിഞ്ഞതുകൊണ്ട് തന്നെയാണ്.
ഒരെഴുത്തുകാരന്റെ തലക്കനമേതുമില്ലാതെ ഈ പരിസരങ്ങളെ സദാ ശ്രദ്ധിക്കുകയും അവയില്‍ നിന്ന് കഥാ തന്തുക്കള്‍ വാരിയെടുത്ത് മനോഹരമായി വായനക്കാരോട് പറയുകയും ചെയ്ത നല്ലൊരു കഥാകാരനായിരുന്നു സി.എല്‍.അബ്ബാസ്. സാധാരണക്കാരന്റെ ജീവിതം അബ്ബാസിന് എപ്പോഴും വിഷയങ്ങളായിരുന്നു. ടെക്‌നോളജിയുടെ വളര്‍ച്ചക്ക് അനുസരിച്ച് വളരാന്‍ കഴിയാത്ത സാധാരണക്കാരന്റെ ജീവിതം 'ഹോമി'നും എത്രയോ മുമ്പേ ചില കഥകളിലൂടെ അബ്ബാസ് പറഞ്ഞിരുന്നു.
പ്രമേഹം മൂര്‍ച്ഛിച്ച് കാലിന് ചികിത്സ തേടി വീട്ടില്‍ വിശ്രമത്തിലായിരുന്നിട്ടും അബ്ബാസ് തന്റെ എഴുത്ത് നിര്‍ത്തിയിരുന്നില്ല. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ ഒരു കഥ മകന്‍ അഫ്താബ് ഉത്തരദേശത്തില്‍ എത്തിക്കുകയും വൈകാതെ തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. പ്രവാസ ലോകത്തെ തിക്താനുഭവങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരണങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും കൂടി പറഞ്ഞിരുന്നു. ഖസബിലെ ദീര്‍ഘകാലത്തെ ജീവിതം അദ്ദേഹത്തിന് അനുഭവങ്ങളുടെ വലിയ പാഠമാണ് പഠിപ്പിച്ചത്. അവ തുടര്‍ ലേഖനങ്ങളായി പ്രസിദ്ധീകരിച്ചു വന്നിരുന്നു.
ആദ്യം സൂചിപ്പിച്ചതുപോലെ ഓരോ അക്ഷരങ്ങളെയും ആദരവോടെ സമീപിക്കുകയും കടലാസുകളിലേക്ക് അവ ഭംഗിയായി പകര്‍ത്തുകയും ചെയ്തിരുന്നു. ഒരിക്കല്‍ 'അബ്ബാസ്ച്ചയുടേത് നല്ല കൈഅക്ഷരമാണല്ലോ' എന്ന് പറഞ്ഞപ്പോള്‍, ഞാന്‍ ഏറ്റവും കൂടുതല്‍ ആദരിക്കുന്നതും ബഹുമാനിക്കുന്നതും അക്ഷരങ്ങളെയാണെന്നും അതുകൊണ്ട് അവ വളരെ സൂക്ഷിച്ചേ എഴുതാറുള്ളൂ എന്നും അതാണ് ഈ ഭംഗി എന്നും അദ്ദേഹം പറഞ്ഞത് ഓര്‍ക്കുന്നു. കാസര്‍കോട്ടെ കെയര്‍വെല്‍ ആസ്പത്രിയില്‍ കാഷ്യറായി ദീര്‍ഘകാലം ജോലി ചെയ്ത അബ്ബാസ് കുറിച്ചു കൊടുക്കുന്ന കുറിപ്പുകളിലും അക്ഷരങ്ങളുടെ ആ ചന്തം കണ്ടിരുന്നു. അത് ഇംഗ്ലീഷ് ആയാലും മലയാളം ആയാലും.
കാസര്‍കോട് സാഹിത്യവേദിയുടെ പരിപാടികളില്‍ നിത്യസാന്നിധ്യമായിരുന്നു അസുഖം മൂലം വരാന്‍ കഴിയാതിരുന്ന കാലം വരെ അദ്ദേഹം. മുനിസിപ്പല്‍ ലൈബ്രറിയിലും ഉത്തരദേശം ഓഫീസിലുമൊക്കെ നടക്കാറുണ്ടായിരുന്ന സാഹിത്യവേദിയുടെ വിവിധ സദസുകളില്‍ അദ്ദേഹം ശ്രദ്ധാലുവായ ശ്രോതാവായി എന്നുമുണ്ടായിരുന്നു. മാന്യമായ സംസാരവും ലാളിത്യവും സ്വഭാവ മഹിമയും കൊണ്ട് ഈ പരിസരങ്ങളിലൂടെ ചലിക്കുകയും പരിസരങ്ങളിലെ കഥകളെ തന്റെ ഭാവനകളില്‍ മനോഹരമായി എഴുതി അവതരിപ്പിക്കുകയും ചെയ്ത പ്രിയപ്പെട്ട കഥാകാരാ... വിട.

Related Articles
Next Story
Share it