വിട പറഞ്ഞത് കാരുണ്യത്തിന്റെ അംബാസിഡര്‍

തല ചായ്ക്കാനൊരിടമെന്നത് മനുഷ്യന്റെ പ്രധാന ആവശ്യങ്ങളിലൊന്നാണ്. പക്ഷെ, സാമ്പത്തിക പ്രയാസങ്ങളാല്‍ ദുരിതമനുഭവിക്കുന്ന പല കുടുംബങ്ങള്‍ക്കും വീടെന്നത് സങ്കല്‍പ്പമായി, സ്വപ്‌നമായി മാത്രം അവശേഷിക്കുന്നു. മനസിന്റെ നോവായി അത് കാലങ്ങളോളം അവരെ സങ്കടപ്പെടുത്തിക്കൊണ്ടിരിക്കും. ഇത്തരം സങ്കടങ്ങള്‍ക്കിടക്കിടയിലേക്ക് കാരുണ്യത്തിന്റെ ആള്‍രൂപമായി അവതരിച്ച സായിറാം ഭട്ട് എന്ന സായിറാം ഗോപാലകൃഷ്ണ ഭട്ട് ഓര്‍മ്മയായിരിക്കുന്നു. ബദിയഡുക്ക ബേളക്ക് സമീപം കിളിങ്കാറിലെ നടുമനെ വീട്ടില്‍ തന്നെത്തേടിയെത്തുന്നവരുടെ വേദനാജനകമായ പ്രയാസങ്ങള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കാനുള്ള തിരക്കിലായിരുന്നു ഇക്കാലമത്രയും അദ്ദേഹം. എണ്‍പത് പിന്നിട്ടതിന്റെ അവശതയൊന്നും ഈ ജീവകാരുണ്യ പ്രവര്‍ത്തകന്റെ ആത്മവീര്യത്തെ […]

തല ചായ്ക്കാനൊരിടമെന്നത് മനുഷ്യന്റെ പ്രധാന ആവശ്യങ്ങളിലൊന്നാണ്. പക്ഷെ, സാമ്പത്തിക പ്രയാസങ്ങളാല്‍ ദുരിതമനുഭവിക്കുന്ന പല കുടുംബങ്ങള്‍ക്കും വീടെന്നത് സങ്കല്‍പ്പമായി, സ്വപ്‌നമായി മാത്രം അവശേഷിക്കുന്നു. മനസിന്റെ നോവായി അത് കാലങ്ങളോളം അവരെ സങ്കടപ്പെടുത്തിക്കൊണ്ടിരിക്കും. ഇത്തരം സങ്കടങ്ങള്‍ക്കിടക്കിടയിലേക്ക് കാരുണ്യത്തിന്റെ ആള്‍രൂപമായി അവതരിച്ച സായിറാം ഭട്ട് എന്ന സായിറാം ഗോപാലകൃഷ്ണ ഭട്ട് ഓര്‍മ്മയായിരിക്കുന്നു. ബദിയഡുക്ക ബേളക്ക് സമീപം കിളിങ്കാറിലെ നടുമനെ വീട്ടില്‍ തന്നെത്തേടിയെത്തുന്നവരുടെ വേദനാജനകമായ പ്രയാസങ്ങള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കാനുള്ള തിരക്കിലായിരുന്നു ഇക്കാലമത്രയും അദ്ദേഹം. എണ്‍പത് പിന്നിട്ടതിന്റെ അവശതയൊന്നും ഈ ജീവകാരുണ്യ പ്രവര്‍ത്തകന്റെ ആത്മവീര്യത്തെ തെല്ലും ബാധിച്ചിരുന്നില്ല. സ്വാര്‍ത്ഥ ചിന്തകളോടെയും പ്രശസ്തരാവണമെന്ന മോഹങ്ങളോടെയും പണം ചിലവൊഴിക്കാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ക്കിടയില്‍ സായിറാം ഭട്ടിന്റെ മഹാമനസ്‌കതയെ അളക്കാന്‍ ഒരു ഉപകരണത്തിനും ആവില്ല. ഒന്നുമില്ലാത്തവരുടെ സങ്കടങ്ങള്‍ ചെവി കൂര്‍പ്പിച്ച് കേള്‍ക്കുകയും അവയെ കുറിച്ച് സസൂക്ഷ്മം പഠിക്കുകയും അധികം താമസിയാതെ തന്നെ പരിഹാരം കാണുകയുമായിരുന്നു ഇദ്ദേഹത്തിന്റെ പതിവ്. കാരുണ്യ ഭവനങ്ങള്‍ക്ക് പുറമെ കുടിവെള്ള പദ്ധതികള്‍, ഉപജീവന മാര്‍ഗങ്ങള്‍, ചികിത്സാ ക്യാമ്പുകള്‍ തുടങ്ങി വൈവിധ്യങ്ങളായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സായിറാം ഭട്ടിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.

സായിറാം ഭട്ടിന്റെ നിസ്തുലമായ കാരുണ്യ പ്രവര്‍ത്തനം കാല്‍ നൂറ്റാണ്ട് പിന്നിട്ടിരുന്നു. 1995ലെ ഒരു സായാഹ്നത്തില്‍ കിളിങ്കാറിലെ വീട്ടില്‍ സഹായം അഭ്യര്‍ത്ഥിച്ചെത്തിയ ഈജംപദവ് സ്വദേശിയെ സായിറാം ഭട്ട് കൃത്യമായി ഓര്‍ക്കുന്നുണ്ടായിരുന്നു. സങ്കടത്തിന്റെ നനവുകള്‍ മുഖത്താകെ നിഴലിച്ചുനിന്നിരുന്ന ആ കുടുംബ നാഥന്‍ തന്റെ ദയനീയാവസ്ഥ വിവരിക്കുമ്പോള്‍ സായിറാം ഭട്ടിന്റെ ഉള്ളലിഞ്ഞ് കൊണ്ടിരുന്നു. ഒപ്പം കാരുണ്യത്തിന്റെ വടവൃക്ഷം അവിടം തൊട്ട് ആ മനസില്‍ വേരുറച്ചും തുടങ്ങി. മഴ വന്നാലും വെയിലായാലും ഭീതി കൂടാതെ തനിക്കും കുടുംബത്തിനും ഉറങ്ങാനാവുന്നില്ലെന്നായിരുന്നു ഊജംപദവ് സ്വദേശിയുടെ സങ്കടം. ചോര്‍ന്നൊലിക്കുന്ന കൂരയില്‍ ഇനിയും തല ചായ്ച്ചുറങ്ങാന്‍ കഴിയില്ല, സ്വാമി സഹായിക്കണം-ആ വ്യക്തി അഭ്യര്‍ത്ഥിച്ചു. അദ്ദേഹത്തിന്റെ കണ്ണീര്‍ക്കഥ അധികനേരം കേട്ട് നില്‍ക്കാന്‍ സായിറാം ഭട്ടിനായില്ല. പരിഹാരമുണ്ടാക്കാമെന്ന ഉറപ്പ് നല്‍കി അദ്ദേഹത്തെ പറഞ്ഞയച്ചു. അന്നേരം മനസില്‍ വിരിഞ്ഞ നിശ്ചയദാര്‍ഡ്യത്തോടെ സായിറാം ഭട്ട് വീട്ടിനകത്തേക്ക് പോയി. കാശിക്ക് തീര്‍ത്ഥാടനത്തിന് പോവണമെന്ന ആശയാല്‍ സ്വരൂപിച്ച് വെച്ച തുകയുണ്ടായിരുന്നു-45,000 രൂപ. ആ തുക കൊണ്ട് വീട് നിര്‍മ്മിച്ച് നല്‍കാമെന്നായിരുന്നു സായിറാം ഭട്ടിന്റെ തീരുമാനം. അധികമൊന്നും താമസിയാതെ ഊജംപദവ് സ്വദേശിക്ക് നല്ലൊരു വീടൊരുങ്ങി. അന്നുമുതല്‍ നിലക്കാത്ത മഴയും കാറ്റും ഇടിമിന്നലുമൊക്കെ ഈ കുടുംബത്തെ ഭീതിപ്പെടുത്തിയുമില്ല. സുരക്ഷിത്വത്തിന്റെ ചുമരുകളും മേല്‍ക്കൂരകളും കൊണ്ട് അഭയം നല്‍കിയ ആ ഉത്തമ മനുഷ്യനെ അവര്‍ എല്ലായിപ്പോഴും ഓര്‍ക്കുന്നുണ്ടാവും. ദുരിതം പേറുന്ന ജീവിതങ്ങളുടെ കണ്ണീര് കൊണ്ട് കിളിങ്കാറിന്റെ മണ്ണ് പിന്നെയും നനഞ്ഞ് കൊണ്ടിരുന്നു. ഒന്നിനെയും നോവിക്കാതെ പതിയെ നടന്ന് അരികിലെത്തി സായിറാം ഭട്ട് സംസാരിച്ച് തുടങ്ങുമ്പഴേക്കും തങ്ങളുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണുമെന്ന പ്രത്യാശ അവര്‍ക്കൊക്കെയുണ്ടായി. അദ്ദേഹത്തിന്റെ നേര്‍ത്ത പുഞ്ചിരിയില്‍, ഹൃദയം തുറന്നുള്ള സംസാരത്തില്‍ എല്ലാം കാരുണ്യത്തിന്റെ നനവുള്ളതായി പലരും അനുഭവപ്പെട്ടു. സമ്പാദിച്ചതൊക്കെ ഇങ്ങനെയെന്തിന് ദാനം ചെയ്യുന്നു എന്ന് ചോദിച്ചാല്‍ അവരോടെക്കെ സ്വാമി ചിരിതൂകി വളരെ ലളിതമായി ഉത്തരം പറയും. 'മരിക്കുമ്പോള്‍ ഒന്നും കൊണ്ടും പോകുന്നില്ലല്ലോ' എന്ന്. ചുറ്റില്‍ നിന്നുമുള്ള ചോദ്യശരങ്ങള്‍ക്കൊന്നും ചെവികൊടുക്കാതെ സദാ സേവനങ്ങളില്‍ മുഴുകാനായിരുന്നു സായിറാം ഭട്ടിന്റെ ശ്രമം. ആ മഹാമനസ്‌കതയില്‍ നിന്നുള്ള തണല്‍ നാടിനാകെ ലഭിച്ചു കൊണ്ടിരുന്നു. ഒന്നും രണ്ടുമല്ല, 250ല്‍ പരം കുടുംബങ്ങളാണ് ഇന്ന് സ്വാമി നിര്‍മ്മിച്ചു നല്‍കിയ വീടുകളില്‍ സുഖമായി കഴിയുന്നത്. ഇരുപതിലേറെ കുടുംബങ്ങള്‍ക്ക് കുടിവെള്ള പദ്ധതിയും ഒരുക്കി നല്‍കി. അത് കൊണ്ടൊന്നും തീരുന്നതല്ല സ്വാമിയുടെ കാരുണ്യ പ്രവര്‍ത്തനം. ഉപജീവന മാര്‍ഗമെന്നോണം നിര്‍ധന സ്ത്രീകള്‍ക്ക് തയ്യല്‍ മെഷീനുകള്‍, പുരുഷന്മാര്‍ക്ക് ഓട്ടോ റിക്ഷകള്‍, രോഗികള്‍ക്ക് ചികിത്സാ ക്യാമ്പ്, സൗജന്യമായി മരുന്ന്... അങ്ങിനെ ജീവകാരുണ്യ രംഗത്ത് വലിയൊരു തണല്‍മരമായാണ് സായിറാം ഭട്ട് നില കൊണ്ടത്.

എല്ലാത്തിനും അതിര്‍വരമ്പുകള്‍ തീര്‍ക്കുന്ന പുതിയ കാലത്ത് സായിറാം ഭട്ടിന്റെ സേവനങ്ങള്‍ക്ക് സാമൂഹ്യ പ്രശസ്തിയേറെയാണ്. മതവും ജാതിയും ദേശവുമൊക്കെ അദ്ദേഹത്തിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായിരുന്നില്ല. സഹായം തേടിയെത്തുന്നവര്‍ക്ക് സഹോദരനെന്ന പരിഗണന നല്‍കി സേവനം ചെയ്യും. ആവശ്യത്തിന് വേണ്ട സൗകര്യങ്ങളൊരുക്കിയായിരിക്കും സ്വാമി വീട് നിര്‍മ്മിച്ചു നല്‍കുക. രണ്ടു മുറികളും അടുക്കളയും അടങ്ങുന്ന കൊച്ചുവീടുകള്‍. അകത്തെ ചുവര്‍ തേച്ചും പുറത്ത് തേക്കാതെയും തറയില്‍ കാവിയിട്ടുമാവും വീടുകള്‍ നല്‍കുക. രണ്ട് പതിറ്റാണ്ട് മുമ്പ് 45,000രൂപ ചിലവിലായിരുന്നു വീട് നിര്‍മ്മിച്ചിരുന്നത്. ഇന്ന് രണ്ട് ലക്ഷത്തോളം രൂപ ചിലവ് വരുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. തന്നെത്തേടി എത്തുന്നവര്‍ സഹായത്തിന് അര്‍ഹരാണോ എന്ന് അന്വേഷിച്ചറിയും. അതിന് ശേഷമായിരിക്കും ആവശ്യമായത് ചെയ്തു കൊടുക്കുക. സങ്കടം അഭിനയിച്ച് സഹായം അഭ്യര്‍ത്ഥിച്ചെത്തുന്നവരെ ഇങ്ങനെ കണ്ടെത്തിയിട്ടുമുണ്ട്.

കര്‍ണാടക വിട്ട്‌ലയിലെ നിര്‍ധന കുടുംബത്തിന് നിര്‍മ്മിച്ച് നല്‍കിയ ഒരു വീടൊഴിച്ചാല്‍ ബാക്കിയുള്ള മുഴുവന്‍ വീടുകളും കാസര്‍കോട്ടാണ്. ഇതില്‍ ബഹു ഭൂരിഭാഗം വീടുകളും സ്വന്തം തട്ടകമായ ബദിയഡുക്കയിലും. പുത്തിഗെ, പൈവളിഗെ, മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍ തുടങ്ങിയിടങ്ങളിലും സായിറാം സ്പര്‍ശമുള്ള കാരുണ്യഭവനങ്ങളുണ്ട്. നേരത്തെ 4 സെന്റ് ഭൂമി വാങ്ങിച്ച് വീട് നിര്‍മ്മിച്ച് നല്‍കുകയായിരുന്നു പതിവ്. ഇന്ന് ചുരുങ്ങിയത് മൂന്ന് സെന്റെങ്കിലും ഭൂമിയുള്ളവര്‍ക്കെ വീടൊരുക്കാന്‍ സഹായം നല്‍കുന്നുള്ളൂ. വീടിന് മാത്രം രണ്ട് ലക്ഷത്തോളം രൂപ ചിലവാകുമ്പോള്‍ സ്ഥലം കൂടി വാങ്ങിച്ച് നല്‍കാനാവുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ജോലിയെടുക്കാന്‍ കഴിവുള്ള പുരുഷന്മാരുള്ള കുടുംബത്തിന് സായിറാം ഭട്ട് വീട് നിര്‍മ്മിച്ചു നല്‍കിയിരുന്നില്ല. കിടപ്പ് രോഗികള്‍ക്കും ജോലി ചെയ്യാന്‍ പ്രാപ്തിയില്ലാത്തവരുമായ കുടുംബങ്ങള്‍ക്കുമാവും വീടെന്ന സ്വപ്‌നം പൂര്‍ത്തീകരിച്ച് നല്‍കുക. വീട് നിര്‍മ്മിച്ച് നല്‍കുന്നതിനായി പ്രത്യേക ജോലിക്കാര്‍ തന്നെയുണ്ട്. തുടരെയായി വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നുണ്ടെങ്കിലും അവകാശികള്‍ക്ക് സ്വന്തം കൈകൊണ്ട് താക്കോല്‍ കൈമാറില്ലെന്ന നിര്‍ബന്ധം സ്വാമിക്കുണ്ടായിരുന്നു. 'ഞാന്‍ താക്കോല്‍ കൊടുത്താല്‍ എന്നോട് അവര്‍ക്ക് കടപ്പാട് തോന്നും, അത് പാടില്ല, വീട് നിര്‍മ്മിച്ച് നല്‍കിയാല്‍ അത് അവര്‍ക്കായി, പിന്നെ അവരും ഞാനും തമ്മില്‍ ബന്ധമില്ല' എന്നായിരുന്നു സായിറാം ഭട്ടിന്റെ ന്യായം.

നിര്‍ധന കുടുംബങ്ങളിലെ തൊഴില്‍ രഹിതരായ യുവതി-യുവാക്കള്‍ക്ക് ഉപജീവന മാര്‍ഗ്ഗവും സ്വാമി വര്‍ഷങ്ങളായി നല്‍കി. അദ്ദേഹത്തില്‍ നിന്ന് സൗജന്യമായി തയ്യല്‍ മെഷീന്‍ ലഭിച്ച മുന്നൂറില്‍ പരം യുവതികള്‍ വരുമാനമാര്‍ഗം സ്വയം കണ്ടെന്നുണ്ട്. പത്തിലേറെ യുവാക്കള്‍ക്ക് തൊഴില്‍ മാര്‍ഗമെന്ന നിലയില്‍ ഓട്ടോറിക്ഷകള്‍ വാങ്ങിച്ച് നല്‍കിയിരുന്നെങ്കിലും പലരും ഓട്ടോ വിറ്റതായി അറിഞ്ഞതോടെ ആ പദ്ധതി ഉപേക്ഷിച്ചു. ബദിയഡുക്കയിലും പരിസരങ്ങളിലുമായി കുഴല്‍ കിണറുകള്‍ സ്ഥാപിച്ച് നിരവധി കുടുംബങ്ങള്‍ക്ക് കുടിവെള്ള സ്വകര്യവും സായിറാം ഭട്ട് ഒരുക്കി നല്‍കിയിട്ടുണ്ട്. കിളിങ്കാറിലെ വീടിന് സമീപത്തായുള്ള സായി മന്ദിരം ഹാളില്‍ എല്ലാ ശനിയാഴ്ചകളിലും സൗജന്യ ചികിത്സാ ക്യാമ്പും നടത്തി വരുന്നു. 1996 മുതലാണ് ഇത് ആരംഭിച്ചത്. ആയുര്‍വേദ, അലോപ്പതി രംഗത്തെ വിദഗ്ധ ഡോക്ടര്‍മാരാണ് ക്യാമ്പിന് നേതൃത്വം നല്‍കാറ്. സൗജന്യമായി മരുന്നുകളും നല്‍കി വരുന്നു. സായിറാം ഭട്ട് മുന്‍കയ്യെടുത്ത് രണ്ടു തവണ സംഘടിപ്പിച്ച സമൂഹ വിവാഹത്തിലൂടെ നിര്‍ധന കുടുംബത്തിലെ നിരവധി യുവതികള്‍ക്ക് മംഗല്യഭാഗ്യവും ലഭിച്ചു.

വീടിന്റെ മുന്‍ഭാഗത്തുള്ള ഓഫീസ് മുറിയിലെ ജനാലക്കരികിലായി എന്നും രാവിലെത്തൊട്ട് വൈകുന്നേരം വരെയും സായിറാം ഭട്ടുണ്ടായിരുന്നു. കവടി നിരത്താതെ, ജാതകം നോക്കാതെ പ്രശ്‌ന പരിഹാരം നിര്‍ദ്ദേശിക്കുന്ന സ്വാമിയെത്തേടി ജില്ലയുടെ നാനാഭാഗത്ത് നിന്നുള്ളവരും കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയിടങ്ങളില്‍ നിന്നുള്ളവരുമൊക്കെ എത്തിക്കൊണ്ടിരുന്നു അവരോടൊക്കെ സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ ഓഫീസ് മുറിയിലെ ഫോണ്‍ നിലക്കാതെ ശബ്ദിക്കുന്നുണ്ടാവും. സഹായഭ്യര്‍ത്ഥനകളുമായുള്ള വിളികളാവും അത്. എല്ലാം കാതോര്‍ത്ത് കേള്‍ക്കുകയും ചിരിതൂകി സംസാരിക്കുകയും ചെയ്യും. പാരമ്പര്യ വൈദ്യത്തില്‍ ജ്യോതിഷം ഉപയോഗിക്കുന്ന രീതി അദ്ദേഹത്തിനറിയാമായിരുന്നു. ഒപ്പം ആയുര്‍വേദത്തിലെ മന്ത്രഔഷധങ്ങളെക്കുറിച്ചും വലിയ അറിവുണ്ടായിരുന്നു. ആയുര്‍വേദ ചികിത്സക്കും പ്രശ്‌ന പരിഹാരത്തിനും എത്തുന്നവര്‍ അറിഞ്ഞ് നല്‍കുന്ന തുകയായിരുന്നു സായിറാം ഭട്ടിന്റെ വരുമാനമാര്‍ഗം. ഒപ്പം 20 ഏക്കര്‍ പറമ്പിലുള്ള കവുങ്ങ്, തെങ്ങ്, കൊക്കോ, പച്ചക്കറി തുടങ്ങിയ കൃഷികളില്‍ നിന്ന് കിട്ടുന്ന നല്ലൊരു വരുമാനവും കാരുണ്യത്തിന്റെ വഴിയിലാണ് അദ്ദേഹം ഒഴുക്കിയത്.

Related Articles
Next Story
Share it