പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ വി.എം കുട്ടി അന്തരിച്ചു; വിട വാങ്ങിയത് മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ കലാകാരന്‍

കോഴിക്കോട്: ശ്രുതിമധുരമായ ഗാനങ്ങളിലൂടെ ആസ്വാദകരുടെ ഹൃദയം കവര്‍ന്ന പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ വി. എം കുട്ടി (86) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയില്‍ കഴുയുന്നതിനിടെയായിരുന്നു അന്ത്യം. ആറു പതിറ്റാണ്ടിലേറെ മാപ്പിളപ്പാട്ട് രംഗത്ത് നിറസാന്നിധ്യമായിരുന്നു വി.എം കുട്ടി. മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ കലാകാരന്‍ കൂടിയാണ് അദ്ദേഹം. 1935 ഏപ്രില്‍ മാസം 16ന് മലപ്പുറം ജില്ലയിലെ പുളിക്കലിലാണ് ജനനം. ഏഴാം വയസ്സിലാണ് വി.എം കുട്ടി മാപ്പിള ഗാനങ്ങള്‍ ആലപിച്ചു തുടങ്ങിയത്. 1955 മുതല്‍ 1957 വരെ രാമനാട്ടുകര […]

കോഴിക്കോട്: ശ്രുതിമധുരമായ ഗാനങ്ങളിലൂടെ ആസ്വാദകരുടെ ഹൃദയം കവര്‍ന്ന പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ വി. എം കുട്ടി (86) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയില്‍ കഴുയുന്നതിനിടെയായിരുന്നു അന്ത്യം. ആറു പതിറ്റാണ്ടിലേറെ മാപ്പിളപ്പാട്ട് രംഗത്ത് നിറസാന്നിധ്യമായിരുന്നു വി.എം കുട്ടി. മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ കലാകാരന്‍ കൂടിയാണ് അദ്ദേഹം. 1935 ഏപ്രില്‍ മാസം 16ന് മലപ്പുറം ജില്ലയിലെ പുളിക്കലിലാണ് ജനനം. ഏഴാം വയസ്സിലാണ് വി.എം കുട്ടി മാപ്പിള ഗാനങ്ങള്‍ ആലപിച്ചു തുടങ്ങിയത്. 1955 മുതല്‍ 1957 വരെ രാമനാട്ടുകര സേവാമന്ദിരം ബേസിക് ട്രെയിനിംഗ് സ്‌കൂളില്‍ പം നടത്തി. ആ സമയത്ത് ആദ്യമായി ആകാശവാണിയില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. എല്‍പി സ്‌കൂളില്‍ അധ്യാപകനായി ജോലി നോക്കിയിരുന്ന അദ്ദേഹം, മാപ്പിള പാട്ടുകളോടുള്ള അഭിനിവേശം മൂലം മുഴുവന്‍ സമയ പാട്ടുകാരനായി മാറുകയായിരുന്നു.അറബി മലയാളത്തിലായിരുന്നു അക്കാലത്തെ മാപ്പിളപ്പാട്ടുകളെല്ലാമെന്നതിനാല്‍ മുസ്ലിം സമുദായത്തില്‍ മാത്രമായിരുന്നു അവ പ്രചാരത്തില്‍ ഇരുന്നത്. ഈ വിടവ് മനസ്സിലാക്കിയ വി എം കുട്ടി, പാടാന്‍ കഴിവുള്ള അമുസ്ലീങ്ങളായ കുട്ടികളെ കണ്ടെത്തുകയും, അവര്‍ക്ക് മലയാളത്തില്‍ വരികള്‍ എഴുതി നല്‍കി, ട്യൂണുകള്‍ പറഞ്ഞു കൊടുത്ത്, കുട്ടികളുടെ ഒരു മാപ്പിളപ്പാട്ട് സംഘമുണ്ടാക്കുകയും ചെയ്തു. അവര്‍ ആകാശവാണിയില്‍ നാട്ടിന്‍പുറം, ബാലലോകം പോലെയുള്ള പരിപാടികളില്‍ മാപ്പിളപാട്ടുകള്‍ അവതരിപ്പിച്ചു. ആകാശവാണിയുമായുള്ള നിരന്തര ബന്ധം വി.എം കുട്ടിയെ അവിടുത്തെ സ്ഥിരം ഗായകനാക്കി മാറ്റുകയായിരുന്നു. 1957ല്‍ മാപ്പിളഗാന ട്രൂപ്പ് തുടങ്ങി. ആ വര്‍ഷം തന്നെ മലപ്പുറത്ത് ഒരു എക്സിബിഷനോടനുബന്ധിച്ച് മാപ്പിളപ്പാട്ടുകള്‍ പാടാന്‍ ഒരു വേദി ലഭിച്ചപ്പോള്‍, വി എം കുട്ടി തന്റെ ട്രൂപ്പുമായി അവിടെ പാടുകയും ജനശ്രദ്ധ നേടുകയും ചെയ്തു. അതോടെ അദ്ദേഹത്തിന്റെ ട്രൂപ്പിന് തിരക്കേറി. 1970 ല്‍ വിളയില്‍ വത്സല വിഎം കുട്ടിയുടെ ട്രൂപ്പില്‍ എത്തിയതോടെ അദ്ദേഹത്തിന്റെ ട്രൂപ്പിന്റെ മുഖച്ഛായ തന്നെ മാറി. മലപ്പുറം ജില്ലയില്‍ മാത്രം ഗാനമേളകള്‍ നടത്തിയിരുന്ന അദ്ദേഹം പിന്നീട് കേരളത്തിനകത്തും പുറത്തും ഗാനമേളകള്‍ നടത്തി കൂടുതല്‍ പ്രശസ്തി കരസ്ഥമാക്കുകയായിരുന്നു.
വി.എം കുട്ടിയുടെ ഗാനമേളകള്‍ സ്ഥിരമായി ഉദ്ഘാടനം ചെയ്തത് ബാബുരാജായിരുന്നു. 1975 മുതല്‍ 1978 വരെ ബാബുരാജ് അദ്ദേഹത്തിന്റെ ട്രൂപ്പില്‍ സ്ഥിരമായി ഹാര്‍മോണിയം വായിക്കുകയും ചെയ്തിരുന്നു. ഗായകന്‍ ഉദയഭാനു അദ്ദേഹത്തിന്റെ ട്രൂപ്പിലെ ഒരു സ്ഥിരം അതിഥി ഗായകനായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ ഗ്രാമഫോണ്‍ റെക്കോര്‍ഡ് 1964 ല്‍ പുറത്തിറങ്ങി. അതിനു ശേഷം നൂറു കണക്കിന് മാപ്പിളപ്പാട്ടുകള്‍ അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്. ഏതാണ്ട് അയ്യായിരത്തോളം സ്റ്റേജ് പ്രോഗ്രാമുകള്‍ ഇന്ത്യയിലും വിദേശത്തുമായി നടത്തിയിട്ടുണ്ട്. അതിപ്രശസ്തമായ 'സംകൃത പമഗരി തങ്കതുംഗ..' എന്ന് തുടങ്ങുന്ന മാപ്പിളപ്പാട്ട് ഇദ്ദേഹത്തിന്റെതാണ്.

കേരള ഫോക്ക് ലോര്‍ അക്കാദമിയുടെ വൈസ് ചെയര്‍മാന്‍, കേരള സംഗീത നാടക അക്കാദമിയുടെ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കേരള ലളിത കലാ അക്കാദമി, കേരള ചലച്ചിത്ര അക്കാദമി, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകം എന്നിവിടങ്ങളില്‍ അംഗമായിരുന്നു. 1988 ല്‍ ഇറങ്ങിയ 1921 എന്ന ചിത്രത്തില്‍, മൊയ്തീന്‍ കുട്ടി വൈദ്യരുടെ ഒരു മാപ്പിളപ്പാട്ടിന് സംഗീതം നല്‍കി. മാര്‍ക്ക് ആന്റണി എന്ന ചിത്രത്തില്‍ ഒരു ഗാനം എഴുതുകയും ആലപിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. പരദേശി എന്ന ചിത്രത്തില്‍ ഒരു ഗാനരംഗത്ത് അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

സുല്‍ഫത്തും പരേതയായ ആമിനകുട്ടിയുമാണ് ഭാര്യമാര്‍. അഷ്‌റഫ്, മുബാറക്, സല്‍മാന്‍, റഹ്‌മത്തുള്ള, ബര്‍കത്തുള്ള, ബുഷ്‌റ, ഷഹര്‍ബാന്‍, കുഞ്ഞുമോള്‍ എന്നിവര്‍ മക്കളാണ്.

Related Articles
Next Story
Share it