കുരുന്നുകളെ കൊല്ലുന്ന കുടുംബപ്രശ്നങ്ങളും സാമൂഹിക നിഷ്ക്രിയത്വവും
കുടുംബം നന്നായാല്‍ മാത്രമേ നാടും സമൂഹവും നന്നാവുകയുള്ളൂവെന്ന് പറയാറുണ്ട്. ഭദ്രതയും കെട്ടുറപ്പും സംസ്കാരവുമുള്ള നല്ല കുടുംബങ്ങളില്‍ നിന്ന് മാത്രമേ നന്മയും സദ്ഗുണവും ആരോഗ്യവുമുള്ള തലമുറകള്‍ വാര്‍ത്തെടുക്കപ്പെടുകയുള്ളൂ. അത്തരം കുടുംബങ്ങള്‍ നിറഞ്ഞ സമൂഹം തന്നെയാണ് നാടിന്റെ സമ്പത്ത്. എന്നാല്‍ നമ്മുടെ നാട്ടിലെ പല കുടുംബങ്ങളും പല തരത്തിലുള്ള പ്രശ്നങ്ങള്‍ കാരണം ശിഥിലീകരണത്തിന്റെ വക്കിലാണ്. ഇതുമൂലം മാനസികാസ്വാസ്ഥ്യമുള്ള അമ്മമാരുടെ എണ്ണവും പെരുകിവരുന്നു. അത്തരം അമ്മമാരുള്ള കുടുംബങ്ങളില്‍ അപകടത്തിലാകുന്നത് കുരുന്നുജീവനുകളാണ്. കാസര്‍കോട് ജില്ലയിലെ ബദിയടുക്ക പൊലീസ് സ്റ്റേഷന് പരിധിയില്‍ സ്വന്തം കുഞ്ഞുങ്ങളെ […]
കുടുംബം നന്നായാല്‍ മാത്രമേ നാടും സമൂഹവും നന്നാവുകയുള്ളൂവെന്ന് പറയാറുണ്ട്. ഭദ്രതയും കെട്ടുറപ്പും സംസ്കാരവുമുള്ള നല്ല കുടുംബങ്ങളില്‍ നിന്ന് മാത്രമേ നന്മയും സദ്ഗുണവും ആരോഗ്യവുമുള്ള തലമുറകള്‍ വാര്‍ത്തെടുക്കപ്പെടുകയുള്ളൂ. അത്തരം കുടുംബങ്ങള്‍ നിറഞ്ഞ സമൂഹം തന്നെയാണ് നാടിന്റെ സമ്പത്ത്. എന്നാല്‍ നമ്മുടെ നാട്ടിലെ പല കുടുംബങ്ങളും പല തരത്തിലുള്ള പ്രശ്നങ്ങള്‍ കാരണം ശിഥിലീകരണത്തിന്റെ വക്കിലാണ്. ഇതുമൂലം മാനസികാസ്വാസ്ഥ്യമുള്ള അമ്മമാരുടെ എണ്ണവും പെരുകിവരുന്നു. അത്തരം അമ്മമാരുള്ള കുടുംബങ്ങളില്‍ അപകടത്തിലാകുന്നത് കുരുന്നുജീവനുകളാണ്. കാസര്‍കോട് ജില്ലയിലെ ബദിയടുക്ക പൊലീസ് സ്റ്റേഷന് പരിധിയില്‍ സ്വന്തം കുഞ്ഞുങ്ങളെ […]
കുടുംബം നന്നായാല്‍ മാത്രമേ നാടും സമൂഹവും നന്നാവുകയുള്ളൂവെന്ന് പറയാറുണ്ട്. ഭദ്രതയും കെട്ടുറപ്പും സംസ്കാരവുമുള്ള നല്ല കുടുംബങ്ങളില്‍ നിന്ന് മാത്രമേ നന്മയും സദ്ഗുണവും ആരോഗ്യവുമുള്ള തലമുറകള്‍ വാര്‍ത്തെടുക്കപ്പെടുകയുള്ളൂ. അത്തരം കുടുംബങ്ങള്‍ നിറഞ്ഞ സമൂഹം തന്നെയാണ് നാടിന്റെ സമ്പത്ത്. എന്നാല്‍ നമ്മുടെ നാട്ടിലെ പല കുടുംബങ്ങളും പല തരത്തിലുള്ള പ്രശ്നങ്ങള്‍ കാരണം ശിഥിലീകരണത്തിന്റെ വക്കിലാണ്. ഇതുമൂലം മാനസികാസ്വാസ്ഥ്യമുള്ള അമ്മമാരുടെ എണ്ണവും പെരുകിവരുന്നു. അത്തരം അമ്മമാരുള്ള കുടുംബങ്ങളില്‍ അപകടത്തിലാകുന്നത് കുരുന്നുജീവനുകളാണ്. കാസര്‍കോട് ജില്ലയിലെ ബദിയടുക്ക പൊലീസ് സ്റ്റേഷന് പരിധിയില്‍ സ്വന്തം കുഞ്ഞുങ്ങളെ ക്രൂരമായി കൊലപ്പെടുത്തിയ അമ്മമാരെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഞെട്ടലോടെയാണ് സമൂഹം കേട്ടത്. ശാരദ എന്ന സ്ത്രീ തന്റെ ഒന്നരവയസുള്ള മകനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയതിനും ഷാഹിന എന്ന യുവതി പ്രസവിച്ച ഉടന്‍ തന്നെ കുഞ്ഞിനെ ഇയര്‍ഫോണ്‍ വയര്‍ കൊണ്ട് കഴുത്തുമുറുക്കി കൊന്നതിനും അറസ്റ്റിലായി ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്. കുടുംബകലഹങ്ങളും ദാമ്പത്യപ്രശ്നങ്ങളും അവിഹിതബന്ധങ്ങളും സാര്‍വത്രികമായി കൊണ്ടിരിക്കുന്ന കേരളത്തിലെ സാമൂഹികാന്തരീക്ഷത്തില്‍ കുഞ്ഞുങ്ങളുടെ ഹൃദയം പിളര്‍ക്കുന്ന ആര്‍ത്തനാദങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി സ്വന്തം കുഞ്ഞിനെ പാറയിലെറിഞ്ഞുകൊന്ന കണ്ണൂര്‍ സ്വദേശിനിയായ അമ്മയുടെ ക്രൂരത നമുക്കാര്‍ക്കും അത്രയെളുപ്പത്തില്‍ മറക്കാന്‍ സാധിക്കില്ല. ഇങ്ങനെ പിഞ്ചുമക്കളുടെ ഘാതകരായി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുന്ന അച്ഛനമ്മമാര്‍ക്ക് കടുത്ത ശിക്ഷ നല്കിയതുകൊണ്ടുമാത്രം ഇത്തരം കുറ്റകൃത്യങ്ങള്‍ അവസാനിക്കുമെന്ന് കരുതാന്‍ നിര്‍വാഹമില്ല. അടിസ്ഥാനപരമായി കുടുംബവ്യവസ്ഥയിലും സാമൂഹിക കാഴ്ചപ്പാടിലും ആരോഗ്യകരമായ മാറ്റങ്ങള്‍ ഉണ്ടാകാത്തിടത്തോളം കാലം ശിശുഹത്യകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുമാത്രമേ ഈ വിഷയത്തെക്കുറിച്ചുള്ള വിലയിരുത്തല്‍ നടത്താനും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനും സാധിക്കുകയുള്ളൂ.
ശിശുഘാതകരായ ശാരദയും ഷാഹിനയും ഇവരെപ്പോലുള്ള മറ്റ് അമ്മമാരും എന്തുകൊണ്ട് ക്രൂരമായ മനസ്ഥിതിയുടെ തടവുകാരായി മാറിയെന്നതിനെക്കുറിച്ച് പരിശോധിക്കുമ്പോള്‍ മാത്രമേ ഇതുസംബന്ധിച്ച അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ നടത്താനുള്ള ആശയപരിസരവും രൂപപ്പെടുകയുള്ളൂ. രണ്ട് സ്ത്രീകളും കാസര്‍കോടിന്റെ അതിര്‍ത്തിഗ്രാമമായ ബദിയടുക്ക ഗ്രാമത്തിലെ താമസക്കാരാണ്. സാമ്പത്തികമായി ഏറെ പിന്നോക്കം നില്ക്കുന്ന പ്രദേശം കൂടിയാണ് ബദിയടുക്ക. കൃഷിയും കൂലിവേലയുമാണ് ഭൂരിഭാഗം ജനങ്ങളുടെയും ഉപജീവനമാര്‍ഗം. അന്നന്ന് പണിയെടുത്ത് ജീവിക്കുന്നവരാണ് ഏറെയും എന്നതിനാല്‍ ഇക്കൂട്ടത്തില്‍ മദ്യപാനശീലമുള്ളവരും നിരവധി. അരക്ഷിതാവസ്ഥ നിറഞ്ഞ കുടുംബസാഹചര്യങ്ങളില്‍ ദാമ്പത്യജീവിതം നയിച്ചവരാണ് ശാരദയും ഷാഹിനയുമെന്നതിനാല് ഇവരുടെ കുഞ്ഞുങ്ങളുടെ ജീവന് നഷ്ടമായതിന്റെ ഉത്തരവാദിത്വം ഇവിടത്തെ സമ ൂഹത്തിനും നിയമവ്യവസ്ഥക്കുമുണ്ട്. അധികാരികളുടെ അവഗണന മൂലം വികസനം എത്തിനോക്കാത്ത പ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളില്‍ ഇല്ലായ്മകള്‍ മൂലമുള്ള നിഷേധസ്വഭാവവും സ്നേഹരാഹിത്യവും സ്വാഭാവികമാണ്. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം കാരണം ജീവിതത്തിന്റെ സൗഭാഗ്യങ്ങള്‍ സ്വപ്നം കാണാനുള്ള അവകാശം പോലും കൈമോശം വന്നവര്‍ക്കിടയില്‍ കുടുംബസംബന്ധമായ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ അത് വലിയ വഴക്കുകളിലേക്ക് നീങ്ങുന്നു. സമാധാനം നഷ്ടപ്പെട്ട കുടുംബങ്ങളില്‍ കഴിയേണ്ടിവരുന്ന സ്ത്രീകളില്‍ ശക്തമാകുന്ന ആത്മനിന്ദയും രോഷവും വെറുപ്പും കടുത്ത മാനസികസംഘര്‍ഷത്തിന് ഇടവരുത്തുന്നുണ്ട്. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും ഭാഗത്തുനിന്ന് നിരന്തരമായുണ്ടാകുന്ന പ്രശ്നങ്ങള്‍ പല സ്ത്രീകളിലും മാനസികാസ്വാസ്ഥ്യങ്ങള്‍ രൂക്ഷമാകാന്‍ ഇടവരുത്തുന്നു. മനസിന്റെ നിയന്ത്രണം ഒരുവേള നഷ്ടമാകുമ്പോഴാണ് സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തുന്നതടക്കമുളള കടുംകൈകള്‍ ചെയ്യാന്‍ ചില യുവതികള്‍ തയ്യാറാകുന്നത്. മദ്യപിക്കുന്ന കുടുംബനാഥന്മാരുടെ ഭാര്യമാരിലാണ് ഇതുപോലുള്ള മാനസികപ്രശ്നങ്ങള്‍ ഏറെയും പ്രകടമാകുന്നത്. കുടുംബങ്ങളില്‍ കൊടിയ പീഡനങ്ങളും മര്‍ദ്ദനങ്ങളും പതിവായി ഏറ്റുവാങ്ങുന്ന സ്ത്രീകളില്‍ സ്നേഹം, ദയ, കാരുണ്യം തുടങ്ങിയ വികാരങ്ങള്‍ വറ്റിവരളുകയും മനസ് കല്ലായി മാറുകയും ചെയ്യുന്നു. ഹൃദയശൂന്യത തന്റെ കുഞ്ഞിനെ കൊല്ലാന്‍ പോലും മടിയില്ലാത്തവളാക്കി അവളെ മാറ്റുന്നു.
താളപ്പിഴകളും സംഘര്‍ഷങ്ങളും നിറഞ്ഞ കുടുംബങ്ങളെ എല്ലായ്പ്പോഴും അകറ്റിനിര്‍ത്തുന്ന സമീപനമാണ് സമൂഹവും അധികാരകേന്ദ്രങ്ങളും സ്വീകരിക്കാറുള്ളത്. അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കാനും ആശ്വാസം പകരാനും സാമൂഹ്യമുഖ്യധാരയിലേക്ക് കൊണ്ടുവരാനും ഒരു ശ്രമവും എവിടെയും നടക്കുന്നില്ല. മദ്യപാനികളുടെ വീട് ഒരു ഇടപെടലും വേണ്ടാത്ത അജ്ഞാതമായ തുരുത്താണെന്ന സാമൂഹിക മനോഭാവത്തിന് ഇപ്പോഴും മാറ്റമൊന്നും വന്നിട്ടില്ല. ഭാര്യയെയും മക്കളെയും തല്ലിച്ചതക്കുന്ന മദ്യപനെ പിന്തിരിപ്പിക്കാന് മാന്യനായ അയല്‍വാസിയും കുടുംബവും മുതിരില്ല. മദ്യപാനികളുടെ കുടുംബങ്ങള്‍ മാന്യന്മാരുടെ സമൂഹത്തില്‍ നിരാകരിക്കപ്പെട്ടവരാണ്. അവിടങ്ങളിലെ കുട്ടികള്‍ ക്രൂരമായ രീതിയില്‍ മാനസികവും ശാരീരികവുമായ പീഡനങ്ങള്ക്കിരയായാലും തിരിഞ്ഞുനോക്കാന്‍ ആളുകളുണ്ടാകില്ല. മദ്യാസക്തിയും അക്രമവും അവിഹിതബന്ധങ്ങളുമെല്ലാം കെട്ടുപിണഞ്ഞ അരാജക കുടുംബജീവിതത്തില്‍ ശരിയായ മനോനിലയോടെ ജീവിക്കാന്‍ ഒരു സ്ത്രീക്കും കുട്ടിക്കും സാധ്യമല്ല. പിന്നോക്ക പ്രദേശങ്ങളില്‍ അച്ഛനും അമ്മയും മക്കളും അടക്കം ഒരു കുടുംബം മുഴുവന്‍ മദ്യത്തിന് അടിമകളാകുന്ന സ്ഥിതിയും നില നില്‍ക്കുകയാണ്. ഇത്തരം ഇടങ്ങളില്‍ സ്ത്രീകളും കുട്ടികളും ക്രൂരമായി കൊല്ലപ്പെടുന്ന സാഹചര്യമാണുള്ളത്.
വിദ്യാഭ്യാസത്തിലും സംസ്കാരത്തിലും വികസനത്തിലും ലോകത്തിന് മാതൃകയായി ഉയര്‍ത്തിക്കാണിക്കപ്പെടുന്ന കേരളത്തില്‍ കുടുംബഘടനകള്‍ തകരുകയാണ്. മനുഷ്യജീവിതം നവമാധ്യമങ്ങളുമായി ബന്ധിപ്പിക്കപ്പെട്ടതോടെ പുതുതായി രൂപപ്പെടുന്ന പല ബന്ധങ്ങളും കുടുംബങ്ങളില്‍ സംശയങ്ങള്‍ക്കും കലഹങ്ങള്‍ക്കും കാരണമാകുകയാണ്. സ്വസ്ഥത നഷ്ടമാകുന്ന മനസുകള്‍ പിന്നെ ഭ്രാന്തമായ ചെയ്തികളിലേക്ക് നീങ്ങുന്നു. തമ്മിലടിക്കുന്ന അച്ഛനമ്മമാര്‍ക്കിടയില്‍ നീറിനീറി കഴിയുന്ന എത്രയോ കുട്ടികള്‍ നമ്മുടെ നാട്ടിലുണ്ട്. അമ്മയോടുള്ള ദേഷ്യം ചില അച്ഛന്മാരും അച്ഛനോടുള്ള വിരോധം ചില അമ്മമാരും തീര്‍ക്കുന്നത് തങ്ങളുടെ കുഞ്ഞുങ്ങളെ ഉപദ്രവിച്ചുകൊണ്ടാണ്. കുഞ്ഞുങ്ങളെ കൊന്ന് പ്രതികാരം തീര്‍ക്കുകയെന്ന സാഡിസ്റ്റ് ചിന്താഗതി പ്രശ്നക്കാരായ അച്ഛനമ്മമാരില്‍ വളരുന്നത് ഇത്തരം സാഹചര്യങ്ങളിലാണ്. അവിഹിതബന്ധങ്ങളില്പെടുന്ന അമ്മമാര്‍ കാമുകന്മാര്ക്കുവേണ്ടി പോലും സ്വന്തം കുഞ്ഞുങ്ങളെ കൊല്ലാന്‍ മടിക്കാത്ത നാടായി കേരളം മാറിയിരിക്കുന്നു. കടബാധ്യത കാരണം ജീവിതം വഴിമുട്ടിയ കുടുംബങ്ങള്‍ ആത്മഹത്യ ചെയ്യുമ്പോഴും ജീവിതം എന്താണെന്ന് മനസിലാക്കിതുടങ്ങിയിട്ടില്ലാത്ത കുരുന്നുകളുടെ ജീവനും അപഹരിക്കപ്പെടുന്നു. ഇവിടെ കുട്ടികളുടെ സംരക്ഷണത്തിനെന്നുപറഞ്ഞ് ചൈല്‍ഡ് ലൈനും ബാലാവകാശകമ്മീഷുമൊക്കെ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ തികച്ചും അരക്ഷിതമായ കുടുംബസാഹചര്യങ്ങളില്‍ കഴിയുന്ന കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ഇത്തരം സംവിധാനങ്ങള്‍ക്കൊന്നും സാധിക്കുന്നില്ലെന്നത് നിര്‍ഭാഗ്യകരമായ വസ്തുതയായി അവശേഷിക്കുന്നു.