തകരുന്ന വിവാഹങ്ങളും തുലയുന്ന കുഞ്ഞുങ്ങളും

തകരുന്ന വിവാഹങ്ങളും തുലയുന്ന കുഞ്ഞുങ്ങളും'പഡായാഥാ നിക്കാഹ് മെരീജിസ്‌നേഏക് പരീകെസാഥ്ബേഗം ഹുയീ ഫറാന്‍ ഉസീമൗലവികെ സാഥ്ഹംനേഭീ മാരാ ദാവ്‌കെ മൗലവീഭീചിത്വൊ മേരി ബീകേ സാഥ് ഔര്‍ മൈഉസ്‌കീ ബീകെ സാഥ്'(മാലാഖ പോലത്തെ ഒരു സൗന്ദര്യ ധാമവുമായി മൗലവി എന്റെ നിക്കാഹിന് കാര്‍മികത്വം നടത്തി. എന്നാല്‍ ഒരു വിചിത്രമായ സംഭവമുണ്ടായി. അതേ മൗലവിയുടെ കൂടെ അവള്‍ ഒളിച്ചോടിക്കളഞ്ഞു. ഒരു ഉഗ്രന്‍ തന്ത്രം ഞാനും പ്രയോഗിച്ചു. മൗലവി എന്റെ ഭാര്യയോടൊപ്പം. അയാളുടെ ഭാര്യ എന്നോടൊപ്പവും)കവി മേല്‍ വരികളിലൂടെ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത് […]

തകരുന്ന വിവാഹങ്ങളും തുലയുന്ന കുഞ്ഞുങ്ങളും
'പഡായാഥാ നിക്കാഹ് മെരീജിസ്‌നേ
ഏക് പരീകെസാഥ്
ബേഗം ഹുയീ ഫറാന്‍ ഉസീ
മൗലവികെ സാഥ്
ഹംനേഭീ മാരാ ദാവ്‌കെ മൗലവീഭീചിത്
വൊ മേരി ബീകേ സാഥ് ഔര്‍ മൈ
ഉസ്‌കീ ബീകെ സാഥ്'
(മാലാഖ പോലത്തെ ഒരു സൗന്ദര്യ ധാമവുമായി മൗലവി എന്റെ നിക്കാഹിന് കാര്‍മികത്വം നടത്തി. എന്നാല്‍ ഒരു വിചിത്രമായ സംഭവമുണ്ടായി. അതേ മൗലവിയുടെ കൂടെ അവള്‍ ഒളിച്ചോടിക്കളഞ്ഞു. ഒരു ഉഗ്രന്‍ തന്ത്രം ഞാനും പ്രയോഗിച്ചു. മൗലവി എന്റെ ഭാര്യയോടൊപ്പം. അയാളുടെ ഭാര്യ എന്നോടൊപ്പവും)
കവി മേല്‍ വരികളിലൂടെ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത് ധാര്‍മ്മികച്യുതിയിലാണ്ടു പോയ ഒരു സമൂഹത്തെക്കുറിച്ചുള്ള തത്വവിചാരത്തിലേക്കാണ് - ആധുനിക യുഗത്തില്‍ മനസ്സില്‍ സൂക്ഷിച്ചു വെക്കേണ്ട ഒരു തത്വവിചാരത്തിലേക്ക്. ഇന്ന് നടക്കുന്ന വിവാഹങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നില്ല. രണ്ടു കാരണങ്ങളാണ് പ്രധാനം. 1) പാശ്ചാത്യവല്‍ക്കരണം 2) സ്‌നേഹം, പരസ്പര വിശ്വാസം എന്നിവയിലധിഷ്ഠിതമല്ലാത്ത വിവാഹങ്ങള്‍. ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെടുമ്പോള്‍ കുഞ്ഞുങ്ങള്‍ വഴിയാധാരത്തില്‍.
ജലാലുദ്ദീന്‍ റൂമിയുടെ കഥകള്‍ വായനക്കാരെ ദിവ്യമായ ചിന്തയുടെയും സ്‌നേഹത്തിന്റെയും മണ്ഡലത്തിലേക്ക് ഉയര്‍ത്താറുണ്ട്: ദിവ്യമായ പ്രണയത്തില്‍ അലിഞ്ഞു ചേര്‍ന്ന കാമുകീ കാമുകന്മാര്‍. ഒരിക്കല്‍ കാമുകിയെ വീട്ടിലാക്കി കാമുകന്‍ ഒരത്യാവശ്യത്തിന് വെളിയില്‍ പോയി. കുറേ നേരം കഴിഞ്ഞ് തിരിച്ചു വന്ന അയാള്‍ വാതിലില്‍ മുട്ടി. അകത്ത് നിന്ന് കാമുകിയുടെ ചോദ്യം: 'ആരാണത്?' മറുപടി:'ഞാന്‍' അത് കേട്ടിട്ടും അവള്‍ വാതില്‍ തുറന്നില്ല. വീണ്ടും ചോദ്യം: 'ആരാണത്?' കാമുകന്റെ മറുപടി: 'ഞാന്‍ തന്നെ' അവള്‍ പറഞ്ഞു: 'ഇവിടെ രണ്ടു പേര്‍ക്ക് പ്രസക്തിയില്ല.' പിന്നെയും മുട്ടിയപ്പോള്‍ പിന്നെയും ചോദ്യം: 'ആരാണ്?' 'നീ തന്നെ.' ഇതു കേട്ടതും അവള്‍ വാതില്‍ തുറന്നു. ഈ കഥ വിവിധ രീതിയില്‍ പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും റൂമി പറഞ്ഞത് മറ്റൊരു പശ്ചാത്തലത്തിലായിരിക്കാമെങ്കിലും ഭാര്യാഭര്‍ത്താക്കന്മാര്‍ അങ്ങനെ വേണമെന്ന് വേണമെങ്കില്‍ വ്യാഖ്യാനിക്കാം.
വിശ്വസാഹിത്യത്തില്‍ ഉന്നതസ്ഥാനീയമായ കൃതിയാണല്ലോ ശാകുന്തളം നാടകം. ശകുന്തളയുടെയും ദുഷ്യന്തന്റെയും വിവാഹം നാട്ടു സമ്പ്രദായ പ്രകാരമോ സമുദായാചാരപ്രകാരമോ അല്ലായിരിക്കാമെങ്കിലും കാശ്യപന്‍ രണ്ടു പേര്‍ക്കും നല്‍കുന്ന ഉപദേശങ്ങള്‍ കൗതുകകരമാണ്, ഇന്നത്തെ കുട്ടികള്‍ അത് അംഗീകരിച്ചു കൊള്ളണമെന്നില്ലെങ്കിലും. ശകുന്തളയോട് കാശ്യപന്‍: 'ഗുരുജനങ്ങളെ ശുശ്രുഷിക്കുക, സപത്‌നിമാരോട് പ്രിയസഖിമാരോടെന്ന വിധം പെരുമാറുക, ഇങ്ങോട്ട് കയര്‍ത്താലും അരിശം പിടിച്ച് ഭര്‍ത്താവിനെതിരായി നടക്കരുത്. പരിജനങ്ങളോട് ആവോളം ദാക്ഷിണ്യം കൊള്ളുക. ഭാഗ്യം വരുമ്പോള്‍ ഞെളിയരുത്. ഇങ്ങനെയാണ് യുവതിമാര്‍ ഗൃഹിണി എന്ന സ്ഥാനത്തെത്തുക. മറിച്ചുള്ളവര്‍ തറവാട്ടിന് ആധിയാവും.'
ദുഷ്യന്തനോട്: 'തപസ്വികളായ ഞങ്ങളെയും തന്റെ ഉത്തമമായ വംശത്തേയും താങ്കളുടെ മേല്‍ ഇവള്‍ക്ക് എങ്ങനെയോ ഉണ്ടായി വന്ന ആ സ്‌നേഹത്തേയും പറ്റി വേണ്ടും പോലെ വിചാരിച്ച് (മറ്റു) പത്‌നിമാരോട് പൊതുവിലുള്ള പ്രതിപത്തി ഇവളിലും താങ്കള്‍ക്കുണ്ടാവണം അതിനപ്പുറമെല്ലാം ഭാഗ്യത്തിന്റെ കൈയ്യിലാണ്. അതു വധൂ ബന്ധുക്കള്‍ പറയേണ്ടതില്ല.'
(ശാകുന്തളം നാലാം അങ്കം. ഗദ്യപരിഭാഷ-കുട്ടികൃഷ്ണമാരാര്‍)
വിവാഹം കഴിക്കണമെന്നത്രേ ഉപനിഷത്തും ഉത്‌ഘോഷിക്കുന്നത്. 'തസ്മാദയമാകാശഃ സ്ത്രീയാ പുര്യത ഏവ.'
അവിവാഹിതരായി ജീവിക്കുമ്പോള്‍ ഒരു ശൂന്യത അനുഭവപ്പെടും. ഈ ശൂന്യത പരിഹരിക്കപ്പെടുന്നത് വിവാഹം എന്ന കെട്ടുറപ്പുള്ള ബന്ധത്തിലൂടെയാണ്.
'എല്ലാ വസ്തുക്കളില്‍ നിന്നും തന്നെ രണ്ടു ഇണകളായി നാം സൃഷ്ടിച്ചിരിക്കുന്നു.' എന്ന് ഖുര്‍ആന്‍ ഉത്‌ഘോഷിക്കുന്നു. (51/49) ആലോചിച്ചു നോക്കുക സൂര്യനും ചന്ദ്രനും രാവു പകലും ആകാശവും ഭൂമിയും ആണും പെണ്ണും കരയും കടലും ഇഹവും പരവും ഇങ്ങനെ ഒന്നിനൊന്ന് പരസ്പരം ഇണയെന്ന പോലെ ബന്ധപ്പെട്ടിരിക്കുന്നു. ഇതില്‍ ദൃഷ്ടാന്തമുണ്ടെന്ന് ചിന്തിക്കുന്നവര്‍ക്ക് ബോധ്യമാവും.
ദാമ്പത്യ ബന്ധങ്ങളില്‍ എന്തെന്നില്ലാത്ത ചോര്‍ച്ച സംഭവിച്ചുകൊണ്ടിരിക്കുകയാണ്. എല്ലായ്‌പ്പോഴും തല്ലു കൂടുകയും പരസ്പരം പുച്ഛിക്കുകയും ചെയ്യുന്ന ദമ്പതിമാര്‍. ഇത് കണ്ട് വളരുന്ന കുഞ്ഞുങ്ങള്‍. അമ്മയുടെ/ഉമ്മയുടെ കരണത്തടിക്കുന്ന അച്ഛനെ കണ്ട് വളരുന്ന മകന്‍ വലുതാവുമ്പോള്‍ തന്റെ ഭാര്യയെയും അങ്ങനെ ചെയ്യും. അച്ഛനെ പുച്ഛിക്കുന്ന അമ്മയെ കണ്ട് വളരുന്ന മകള്‍ തന്റെ ഭര്‍ത്താവിനെയും പുച്ഛിക്കുന്നു. ഇതെല്ലാം കണ്ട് വിവാഹം വേണോ എന്ന് ശങ്കിച്ചു നില്‍ക്കുന്ന ആണിന്റെയും പെണ്ണിന്റെയും ഒരു വലിയ കൂട്ടം നമ്മുടെ നാട്ടിലുണ്ട്. അതു കണ്ടില്ലെന്നു നടിച്ചിട്ട് കാര്യമില്ല.
ജനിച്ചു വളരുന്ന കുഞ്ഞുങ്ങളെകുറിച്ച് പോലും രക്ഷിതാക്കള്‍ക്ക് ശങ്കയാണ്. കുഞ്ഞായന്‍ മുസ്ല്യാരുടെയും മാങ്ങാട്ടച്ചന്റെയും ഒരു സംഭാഷണം പ്രചാരത്തിലുണ്ട്: മാങ്ങാട്ടച്ചന്‍: അല്ല മുസ്ല്യാരെ, നിങ്ങള്‍ മകന് എന്തിനാണ് അബു എന്ന് ഒരു തുണ്ടം പേരിട്ടത്. മുഴുവന്‍ പേര് വിളിച്ചു കൂടായിരുന്നോ? കുഞ്ഞായന്‍ മുസ്ല്യാര്‍ : ഓന്‍, വളര്‍ന്ന് വലുതാവുമ്പോള്‍ എങ്ങനെയിരിക്കുമെന്നു ആരറിഞ്ഞു. നന്നായാല്‍ അബൂബക്കര്‍ *എന്ന് വിളിക്കാം കുബുദ്ധിയായാല്‍ അബൂജഹ്ല്‍* എന്ന് വിളിക്കാമല്ലോ. ഈ സംഭാഷണത്തില്‍ വ്യക്തമാകുന്നത് പോലെ, ഒരാള്‍ അബൂബക്കര്‍ ആകണോ അബൂജാഹില്‍ ആകണോ എന്ന് തീരുമാനിക്കുന്നത് അയാള്‍ എന്നതിനേക്കാള്‍ കുടുംബ പശ്ചാത്തലം തന്നെയാണ് എന്ന് പറയുന്നതാവും ഉചിതം. അതിന് ഇന്നത്തെ വൈവാഹിക ബന്ധങ്ങളുടെ കെട്ടുറപ്പില്ലായ്മ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു എന്നുള്ള കാര്യം വിസ്മരിച്ചു കൂടാ.
*അബൂബക്കര്‍- പ്രവാചകന്റെ ഏറ്റവും പ്രധാനപ്പെട്ട അനുയായിയും ആദ്യ ഖലീഫയും.
*അബൂജഹ്ല്‍- തിരുനബിയുടെ നിതാന്ത ശത്രു.


-അഡ്വ. ബി.എഫ് അബ്ദുല്‍ റഹ്മാന്‍

Related Articles
Next Story
Share it