കാസര്‍കോട്: കര്‍ണ്ണാടകയിലെ ഷിരൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയിലും ഇടിഞ്ഞുവീഴാറായ കുന്നുകള്‍ ആശങ്കയുയര്‍ത്തുന്നു.
ദേശീയപാത വികസന പ്രവൃത്തികള്‍ നടക്കുന്ന കുന്നുകള്‍ ഉള്ള ഭാഗങ്ങളില്‍ തികച്ചും അപകടകരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇത്തരം ഭാഗങ്ങളില്‍ കുന്നുകള്‍ ഇടിച്ചാണ് ദേശീയപാത വികസിപ്പിക്കുന്ന ജോലികള്‍ നടക്കുന്നത്. പലയിടങ്ങളിലും കുന്നുകളുടെ മുക്കാല്‍ ഭാഗമെങ്കിലും ഇടിച്ചിട്ടുണ്ട്. ചെത്തിയെടുത്തതിനാല്‍ പല വലിയ കുന്നുകളും മണ്‍തിട്ടയുടെ രൂപത്തിലായിട്ടുണ്ട്. വലിയ കല്ലുകളും മണ്ണുമുള്ള 15-20 മീറ്റര്‍ ഉയരത്തിലുള്ള തിട്ടകളാണ് വിവിധ ഭാഗങ്ങളിലുള്ളത്. മഴക്കാലമായതിനാല്‍ പല ഭാഗങ്ങളിലും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടുകൊണ്ടിരിക്കുകയാണ്. നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത കമ്പനിയിലെ തൊഴിലാളികള്‍ മണ്ണ് നീക്കി ഗതാഗതം പുന:സ്ഥാപിക്കുമെങ്കിലും വീണ്ടും മണ്ണിടിയുന്ന സ്ഥിതിയാണുള്ളത്. തെക്കില്‍ കാനത്തുകുണ്ട്, ബേവിഞ്ച സ്റ്റാര്‍നഗര്‍, വി.കെ പാറ എന്നിവിടങ്ങളില്‍ ഏത് സമയത്തും മണ്ണ് ഇടിയാവുന്ന സാഹചര്യമുണ്ട്. ചട്ടഞ്ചാലിനും തെക്കിലിനും ഇടയില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് മണ്ണിടിഞ്ഞ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടത്. ഏറെ സമയത്തെ പരിശ്രമം കൊണ്ടാണ് മണ്ണ് നീക്കി ഗതാഗതം പുന:സ്ഥാപിക്കാന്‍ സാധിച്ചത്. ദേശീയപാത വികസനത്തിനായി കുന്നിടിച്ചത് മാത്രമല്ല, വലിയ പാറകള്‍ പൊട്ടിച്ചതും അപകടത്തിന് ആക്കം കൂട്ടുന്നു. ഒരു വശത്ത് ഇടിഞ്ഞുവീഴാറായ കുന്നാണെങ്കില്‍ മറുവശത്ത് വലിയ താഴ്വരയാണ്. ചെറുവത്തൂര്‍ മട്ടലായി കുന്നും വീരമലകുന്നും റോഡ് വികസനത്തിനായി വലിയ തോതില്‍ ഇടിച്ചിട്ടുണ്ട്. ഈ ഭാഗങ്ങളിലും മണ്ണിടിച്ചില്‍ പതിവാണ്.
ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയിലും മണ്ണിടിച്ചില്‍ വാഹനഗതാഗതത്തിന് ഭീഷണിയായിട്ടുണ്ട്. മണ്ണിടിച്ചില്‍ ഭീഷണിയുള്ള പല പ്രദേശങ്ങളിലും നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. റോഡ് പണിക്കിടെ കൂട്ടിയിട്ട മണ്ണ് മഴവെള്ളത്തില്‍ ഒലിച്ചുപോയി കിണറുകളിലും മറ്റും പതിക്കുന്നത് കുടിവെള്ളം മുടങ്ങാന്‍ ഇടവരുത്തുന്നു. ദേശീയപാത വികസനപ്രവൃത്തികള്‍ ഇപ്പോള്‍ കനത്ത മഴ കാരണം തടസപ്പെട്ടിട്ടുണ്ട്. മിക്ക ഭാഗങ്ങളിലും ഓവുചാല്‍ നിര്‍മ്മിച്ചിട്ടില്ല. ഇക്കാരണത്താല്‍ മഴ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ട് കിടക്കുന്നു.
റോഡില്‍ മണ്ണും ചെളിയും അടിഞ്ഞുകൂടുന്നു. ഇത് അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ജില്ലയിലെ ഒട്ടുമിക്ക അടിപ്പാതകളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിരിക്കുകയാണ്. സര്‍വീസ് റോഡുകളിലും അടിപ്പാതകളിലും കുഴികള്‍ നിറഞ്ഞിട്ടുണ്ട്.