ഉദ്വേഗം, ആകാംക്ഷ.. ഒടുവില്‍ കിടു ക്ലൈമാക്‌സും

തിരഞ്ഞെടുപ്പ് കാലത്തെ ഓര്‍മ്മകള്‍ക്ക് കാലം പോകുന്തോറും മാധുര്യമേറും. ഓരോ തിരഞ്ഞെടുപ്പ് കാലവും ആവേശകരവും ഉദ്വേഗജനകവുമാണ്. ചിലപ്പോള്‍ കൊടിയ അക്രമം, മറ്റു ചിലപ്പോള്‍ അട്ടിമറികളുടെ ക്ലൈമാക്‌സ്. പതിറ്റാണ്ടുകള്‍ക്കപ്പുറത്തെ തിരഞ്ഞെടുപ്പോര്‍മ്മകള്‍ പലരും തളികയില്‍വെച്ച് നീട്ടുമ്പോള്‍ ആ കഥകള്‍ ഒന്നുകൂടി വായിക്കാന്‍ നല്ല രസവും ആവേശവുമാണ്. കാസര്‍കോട് ജില്ലാ പഞ്ചായത്തിലെ 17 ഡിവിഷനുകളിലേക്ക് ഈ മാസം 14ന് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍, 15 വര്‍ഷം മുമ്പ്, 2005ല്‍ നടന്ന കാസര്‍കോട് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലില്‍ ആദ്യം തോറ്റ കാസര്‍കോട്ടെ രണ്ട് പ്രമുഖര്‍ […]

തിരഞ്ഞെടുപ്പ് കാലത്തെ ഓര്‍മ്മകള്‍ക്ക് കാലം പോകുന്തോറും മാധുര്യമേറും. ഓരോ തിരഞ്ഞെടുപ്പ് കാലവും ആവേശകരവും ഉദ്വേഗജനകവുമാണ്. ചിലപ്പോള്‍ കൊടിയ അക്രമം, മറ്റു ചിലപ്പോള്‍ അട്ടിമറികളുടെ ക്ലൈമാക്‌സ്. പതിറ്റാണ്ടുകള്‍ക്കപ്പുറത്തെ തിരഞ്ഞെടുപ്പോര്‍മ്മകള്‍ പലരും തളികയില്‍വെച്ച് നീട്ടുമ്പോള്‍ ആ കഥകള്‍ ഒന്നുകൂടി വായിക്കാന്‍ നല്ല രസവും ആവേശവുമാണ്.

കാസര്‍കോട് ജില്ലാ പഞ്ചായത്തിലെ 17 ഡിവിഷനുകളിലേക്ക് ഈ മാസം 14ന് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍, 15 വര്‍ഷം മുമ്പ്, 2005ല്‍ നടന്ന കാസര്‍കോട് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലില്‍ ആദ്യം തോറ്റ കാസര്‍കോട്ടെ രണ്ട് പ്രമുഖര്‍ ഒറ്റ രാത്രി കൊണ്ട് റീ കൗണ്ടിംഗില്‍ വിജയശ്രീലാളിതരായ കഥ പലരും മറന്നുകാണില്ല.
2005ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് സെപ്തംബര്‍ 26 തിങ്കളാഴ്ചയാണ് നടന്നത്. പിറ്റേന്ന് നടന്ന വോട്ടെണ്ണലില്‍ ജില്ലാ പഞ്ചായത്തിലേക്ക് മധൂര്‍ ഡിവിഷനില്‍ നിന്ന് മത്സരിച്ച അന്നത്തെ ഡി.സി.സി. വൈസ് പ്രസിഡണ്ട് പി.എ. അഷ്‌റഫ് അലിയും ചെമനാട് ഡിവിഷനില്‍ മത്സരിച്ച ഐ.എന്‍.എല്‍. നേതാവ് മുഹമ്മദ് മുബാറക് ഹാജിയും തോറ്റു. അഷ്‌റഫ് അലിയുടെ തോല്‍വി രണ്ട് വോട്ടുകള്‍ക്കും മുബാറക് ഹാജിയുടേത് 187 വോട്ടുകള്‍ക്കുമായിരുന്നു. വോട്ട് എണ്ണിത്തീരുമ്പോഴേക്കും പിറ്റേന്ന് നേരം പുലര്‍ന്നിരുന്നു. രണ്ട് വോട്ടിന്റെ തോല്‍വി സമ്മാനിച്ച നിരാശയുമായി അഷ്‌റഫ് അലി വീട്ടിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് യു.ഡി.എഫിന്റെ ബൂത്ത് ഏജന്റ് അദ്ദേഹത്തോട് പറഞ്ഞത്; 'പോകാറായിട്ടില്ല. മധൂര്‍ ഡിവിഷനില്‍ ആകെയുള്ള 75 ബൂത്തുകളില്‍ ഓരോ കക്ഷിക്കും കിട്ടിയ വോട്ടുകള്‍ കൂട്ടി നോക്കുമ്പോള്‍ നമുക്ക് 145 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. വിടരുത്. റീ കൗണ്ടിംഗ് ആവശ്യപ്പെടണം'.
വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ ഒരു മൂലയ്ക്ക് പോയിരുന്ന് അഷ്‌റഫലിയും കൂട്ടിനോക്കി. ശരിയാണ്. ഭൂരിപക്ഷം തനിക്ക് തന്നെ. 9 മണിയോടെ ജില്ലാ കലക്ടറെയും തിരഞ്ഞെടുപ്പ് നിരീക്ഷകനെയും നേരിട്ട് കണ്ട് പി.എ. അഷ്‌റഫ് അലി റീ കൗണ്ടിംഗ് ആവശ്യം ഉന്നയിച്ചു. പക്ഷേ ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല. വാക്കായി, ബഹളമായി. ബാലകൃഷ്ണ വോര്‍കൂഡ്‌ലു, എ. അബ്ദുല്‍ റഹ്‌മാന്‍, പി.കെ. രാജന്‍, അഷ്‌റഫലിയുടെ ചീഫ് ഇലക്ഷന്‍ ഏജന്റ് എ.എ. ജലീല്‍, കെ. നീലകണ്ഠന്‍, ആര്‍. ഗംഗാധരന്‍, സി.എച്ച്.മുഹമ്മദ് കുഞ്ഞി ചായിന്റടി, മൂസ ബി. ചെര്‍ക്കളം, അഡ്വ. വിനോദ്കുമാര്‍, ചേക്കോട് ബാലകൃഷ്ണന്‍, അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, സി.വി. ജയിംസ്, ഇ. അബൂബക്കര്‍, ഹസൈനാര്‍ നുള്ളിപ്പാടി, സി.എല്‍. റഷീദ്, എം.എ. മക്കാര്‍, കാട്ടുകൊച്ചി കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നേതാക്കള്‍ ഓടിയെത്തി. ബദിയടുക്ക ഡിവിഷനില്‍ വിജയിച്ച പി.ബി. അബ്ദുല്‍ റസാഖ് നേന്ത്രപ്പഴക്കുലയും ചായയുമായെത്തി പ്രതിഷേധത്തിന് ചൂടുപകര്‍ന്നു. വിവരമറിഞ്ഞ് നിരവധി യു.ഡി.എഫ്. പ്രവര്‍ത്തകരുമെത്തി. അഞ്ചുമണിക്കൂറോളം കലക്ടറെയും തിരഞ്ഞെടുപ്പ് നിരീക്ഷകനെയും അവര്‍ ബന്ദിയാക്കി. വീണ്ടും വോട്ടെണ്ണലിന് തയ്യാറായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. പക്ഷെ കലക്ടര്‍ വഴങ്ങാന്‍ തയ്യാറായില്ല. റീ കൗണ്ടിംഗിന് ചില ചട്ടവട്ടങ്ങള്‍ ഒക്കെയുണ്ടെന്നും അത് അനുസരിച്ച് മാത്രമേ താന്‍ പ്രവര്‍ത്തിക്കുകയുള്ളൂവെന്നും കലക്ടര്‍ മിന്‍ഹാജ് ആലം തീര്‍ത്തു പറഞ്ഞു. എന്താണ് ആ ചട്ടവട്ടങ്ങള്‍ എന്നായി നേതാക്കള്‍. അഞ്ചുമണിക്ക് ശേഷം ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും. അതിന് ശേഷം റീ കൗണ്ടിംഗിന് അപേക്ഷ തരാം. പരിശോധിച്ച ശേഷം അപേക്ഷ ന്യായമാണെങ്കില്‍ പരിഗണിക്കും.

അങ്ങനെയെങ്കില്‍ അങ്ങനെയെന്നായി നേതാക്കള്‍. അഞ്ചുമണി കഴിഞ്ഞു. ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മധൂര്‍ ഡിവിഷനില്‍ രണ്ട് വോട്ടുകളുടെ ഭൂരിപക്ഷത്തിന് ബി.ജെ.പിയിലെ ശാരദ എസ്.എന്‍. ഭട്ടും ചെമനാട് ഡിവിഷനില്‍ 187 വോട്ടുകള്‍ക്ക് മുസ്ലിം ലീഗിലെ സി.എല്‍. റഷീദും വിജയിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. ഫല പ്രഖ്യാപനം പൂര്‍ത്തിയായപ്പോള്‍ ആദ്യം റീ കൗണ്ടിംഗിന് ആവശ്യപ്പെട്ടത് ചെമനാട് ഡിവിഷനില്‍ തോറ്റ മുഹമ്മദ് മുബാറക് ഹാജിയാണ്. എതിര്‍ സ്ഥാനാര്‍ത്ഥിക്ക് 187 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിട്ടും മുബാറക് ഹാജി റീ കൗണ്ടിംഗ് ആവശ്യപ്പെടണമായിരുന്നുവോയെന്ന് ചിലരെങ്കിലും ചിന്തിച്ചു. എന്നാല്‍ മുബാറക് ഹാജി ചിരിക്കുകയായിരുന്നു. പിന്നാലെ പി.അഷ്‌റഫ് അലിയും പടന്നയില്‍ തോറ്റ പി.സി. സുബൈദയും റീ കൗണ്ടിംഗ് ആവശ്യപ്പെട്ടു. മൂന്ന് പേരെയും അതാത് ഡിവിഷനുകളിലെ മറ്റു സ്ഥാനാര്‍ത്ഥികളെയും ജില്ലാ കലക്ടര്‍ തന്റെ ചേംബറിലേക്ക് വിളിച്ചു. ഏറെ നേരം ചൂടേറിയ ചര്‍ച്ച. തെളിവെടുപ്പിന് ശേഷം രാത്രി എട്ടുമണിയോടെ ആദ്യം ചെമനാട് ഡിവിഷനിലെ വോട്ടെണ്ണാന്‍ തീരുമാനമായി. തൊട്ടു പിന്നാലെ അഷ്‌റഫ് അലിയുടെയും സുബൈദയുടെയും ആവശ്യവും അംഗീകരിച്ചു. രണ്ട് ഡി.വൈ.എസ്.പി.മാരുടെ നേതൃത്വത്തില്‍ കനത്ത പൊലീസ് കാവലില്‍ റീ കൗണ്ടിംഗ് തുടങ്ങി. പാസുള്ള ചുരുക്കം പേര്‍ക്ക് മാത്രം ഹാളില്‍ പ്രവേശനം. പുറത്ത് ആകാംക്ഷയോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍. മണിക്കൂറുകള്‍ നീണ്ടു. ചെമനാട് ഡിവിഷനിലെ റീ കൗണ്ടിംഗ് ഫലമാണ് ആദ്യം പുറത്തുവന്നത്; മുബാറക് ഹാജി 35 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചിരിക്കുന്നു. കൈവിട്ട വിജയം തിരിച്ചു പിടിച്ചതിന്റെ ആഹ്‌ളാദം ഹാജിക്കയുടെ മുഖത്ത്!

അല്‍പ്പം കഴിഞ്ഞ് മധൂര്‍ ഡിവിഷനില്‍ നിന്നുള്ള ഫലവും വന്നു. പി.എ. അഷ്‌റഫ് അലി 81 വോട്ടുകള്‍ക്ക് വിജയിച്ചു. കൂരിരുട്ടിനെ ഭേദിക്കുമാറ് ഉച്ചത്തില്‍ വിജയാരവം. അഷ്‌റഫ് അലിയെ പ്രവര്‍ത്തകര്‍ എടുത്തുയര്‍ത്തി. കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലാണ് പടന്ന ഡിവിഷനിലെ റീ കൗണ്ടിംഗ് നടന്നത്. പക്ഷെ ഇവിടെ മാത്രം റീ കൗണ്ടിംഗ് ആവശ്യപ്പെട്ട സ്ഥാനാര്‍ത്ഥി വീണ്ടും തോറ്റു. മുസ്ലിം ലീഗിലെ സഫൂറക്ക് ലീഡ് കൂടി; ആദ്യ വോട്ടെണ്ണലില്‍ 213 ഭൂരിപക്ഷം ഉണ്ടായിരുന്നത് 217 ആയി ഉയര്‍ന്നു. മുബാറക്ക് ഹാജി ഇതേ ഭരണസമിതിയില്‍ വൈസ് പ്രസിഡണ്ടായി. സി.പി.എമ്മിലെ എം.വി. ബാലകൃഷ്ണന്‍ മാഷായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്. എം.സി. ഖമറുദ്ദീന്‍, വി.പി.പി. മുസ്തഫ, എം. അനന്തന്‍, ഫരീദാ ഷക്കീര്‍, വി. നാരായണന്‍, ഗീതാകൃഷ്ണന്‍ തുടങ്ങിയവരൊക്കെ ഈ ഭരണ സമിതിയില്‍ അംഗങ്ങളായിരുന്നു. പി.എ. അഷ്‌റഫലി ഇത്തവണ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിലേക്ക് എരിയാല്‍ ഡിവിഷനില്‍ നിന്ന് ജനവിധി തേടുന്നുണ്ട്. തിരഞ്ഞെടുപ്പോര്‍മ്മകള്‍ക്ക് കാലം കഴിയുന്തോറും വീര്യമേറുന്നത് കൊണ്ട് അവ പങ്കുവയ്ക്കാനും കേള്‍ക്കാനും എല്ലാവര്‍ക്കും വലിയ ആവേശമാണ്.

Related Articles
Next Story
Share it