പരീക്ഷ നല്ല പ്രതീക്ഷയാണ്

ഫെബ്രുവരി വന്നെത്തുമ്പോഴേക്കും നാടാകെ പരീക്ഷാ ചൂടിലേക്ക് കടന്നിരിക്കും. മോഡല്‍ പരീക്ഷകളുടെ കാലമാണിത്. പിന്നെ വാര്‍ഷിക പരീക്ഷക്കുള്ള ഒരുക്കവും. കലാലയവും വീടും വീര്‍പ്പുമുട്ടുന്ന പ്രതീതിയാണ്. വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷകര്‍ത്താക്കളുമെല്ലാം ഉരുകി ഒലിക്കുകയായി. പരീക്ഷ എന്ന് കേള്‍ക്കുമ്പോഴേക്കും എന്തിനാണിത്ര ടെന്‍ഷന്‍. ടെന്‍ഷന്‍ ഫ്രീ പരീക്ഷക്ക് നമുക്ക് ഒരുങ്ങാം. പാലമില്ലാത്തതിന്റെ പേരില്‍ മറുകര എത്താന്‍ കഴിയാതെ പുഴക്കരയില്‍ വിഷണ്ണനായിരിക്കുന്ന ഒരു യാത്രക്കാരനെ പോലെയാണ് ഓരോ വിദ്യാര്‍ത്ഥിയും. പാലം നിര്‍മ്മിച്ചാല്‍ മറുകര താണ്ടാം. മുകളിലെ ക്ലാസുകളിലേക്ക് കടന്ന് കയറാനുള്ള പാലമാണ് പരീക്ഷ. അല്ലെങ്കില്‍ […]

ഫെബ്രുവരി വന്നെത്തുമ്പോഴേക്കും നാടാകെ പരീക്ഷാ ചൂടിലേക്ക് കടന്നിരിക്കും. മോഡല്‍ പരീക്ഷകളുടെ കാലമാണിത്. പിന്നെ വാര്‍ഷിക പരീക്ഷക്കുള്ള ഒരുക്കവും. കലാലയവും വീടും വീര്‍പ്പുമുട്ടുന്ന പ്രതീതിയാണ്. വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷകര്‍ത്താക്കളുമെല്ലാം ഉരുകി ഒലിക്കുകയായി. പരീക്ഷ എന്ന് കേള്‍ക്കുമ്പോഴേക്കും എന്തിനാണിത്ര ടെന്‍ഷന്‍. ടെന്‍ഷന്‍ ഫ്രീ പരീക്ഷക്ക് നമുക്ക് ഒരുങ്ങാം. പാലമില്ലാത്തതിന്റെ പേരില്‍ മറുകര എത്താന്‍ കഴിയാതെ പുഴക്കരയില്‍ വിഷണ്ണനായിരിക്കുന്ന ഒരു യാത്രക്കാരനെ പോലെയാണ് ഓരോ വിദ്യാര്‍ത്ഥിയും. പാലം നിര്‍മ്മിച്ചാല്‍ മറുകര താണ്ടാം. മുകളിലെ ക്ലാസുകളിലേക്ക് കടന്ന് കയറാനുള്ള പാലമാണ് പരീക്ഷ. അല്ലെങ്കില്‍ ഉയരമുള്ള കെട്ടിടത്തിലേക്ക് കയറിപ്പറ്റാനുള്ള ചവിട്ട് പടി പോലെയാണ് പരീക്ഷ. പരീക്ഷ ഇല്ലെങ്കില്‍ എങ്ങിനെയാണ് അടുത്ത ക്ലാസ്സിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുക. അതുകൊണ്ട് പരീക്ഷയെ പ്രതീക്ഷയോടെ നേരിടാം.
സ്‌കൂള്‍, യൂണിവേഴ്‌സിറ്റി പരീക്ഷകളില്‍ തോറ്റവരെല്ലാം ജീവിത പരീക്ഷകളില്‍ വിജയിക്കാതിരുന്നിട്ടില്ല. സ്‌കൂള്‍, യൂണിവേഴ്‌സിറ്റി പരീക്ഷകളില്‍ വിജയിച്ചവരെല്ലാം ജീവിത പരീക്ഷകളില്‍ വിജയിച്ചിട്ടുമില്ല. ഇതൊരു യാഥാര്‍ത്ഥ്യമാണ്. പരീക്ഷകള്‍ ജീവിത വിജയത്തിന്റെ അവസാന വാക്കല്ല. ജീവിതത്തിന്റെ ഒരു ടേണിങ്ങ് പോയിന്റ് മാത്രമാണ്. പരീക്ഷകളിലെ ചില പരാജയങ്ങള്‍ 'യൂ ടേണ്‍' പോലെയാണ്. ചില യൂ ടേണുകള്‍ നമ്മുടെ യാത്ര ലഘൂകരിക്കുന്നത് പോലെ ചില പരാജയങ്ങള്‍ ജീവിതത്തെ വിജയ സോപാനത്തിലെത്തിക്കും.
പരീക്ഷയെ ഗൗരവത്തില്‍ സമീപിക്കരുത് എന്ന് ഇതിനര്‍ത്ഥമില്ല. ആവശ്യമില്ലാത്ത പിരിമുറുക്കം അരുതെന്ന് മാത്രം. പരിമുറുക്കം കുറക്കുന്ന വിഷയത്തില്‍ ചുറ്റുപാടുകള്‍ക്ക് വലിയ പങ്കുണ്ട്. വിശിഷ്യാ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികളുടെ പിരിമുറുക്കം കുറയ്ക്കാന്‍ സാധിക്കും.
പരീക്ഷ പേടിയെ നേരിടാന്‍ സമൂഹത്തിന്റെ പിന്തുണ അനിവാര്യമാണ്. ആയതിനാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. അധ്യാപകരും രക്ഷിതാക്കളും ശകാരിക്കരുത്, ഭയപ്പെടുത്തരുത്. സഹപാഠികള്‍ തമ്മില്‍ മത്സരം അരുത്, താരതമ്യവും അരുത്. സൗഹാര്‍ദ്ദാന്തരീക്ഷം നിലനിര്‍ത്തണം, പരസ്പര സഹായികളായിരിക്കണം, വിശ്രമവും ഉറക്കവും നല്ല ഭക്ഷണവും ഉറപ്പു വരുത്തണം, ശാരീരിക-മാനസിക ഉല്ലാസത്തിന് പരീക്ഷക്കിടയിലും സമയം കണ്ടെത്തണം.
നിരാശാജനകമായ വാക്കോ പ്രവര്‍ത്തിയോ അരുത്. നോട്ടം പോലും പാടില്ല. സര്‍വ്വോപരി പ്രതീക്ഷാനിര്‍ഭരമായ കാര്യങ്ങള്‍ ഉണര്‍ത്തണം.
എല്ലാറ്റിലുമുപരിയായി ഈ കാലഘട്ടത്തില്‍ ശ്രദ്ധിക്കേണ്ടത് ഡിജിറ്റല്‍ ഡിവൈസുകളുടെ നിയന്ത്രണമാണ്. അത് വിദ്യാത്ഥികളെ ബോധ്യപ്പെടുത്താന്‍ നമുക്കാവണം. ഡിജിറ്റല്‍ ഡിവൈസുകളുടെ അനിയന്ത്രിത ഉപയോഗം ഏകാഗ്രത നഷ്ടപ്പെടാന്‍ ഇടയായേക്കുകയും അതുവഴി പരീക്ഷ ശരിയായ രീതിയില്‍ നേരിടാന്‍ സാധിക്കാതെ വരികയും ചെയ്‌തേക്കാം.
വിദ്യാര്‍ത്ഥികളും സമൂഹവും ഒത്തുചേര്‍ന്ന് നിന്നാല്‍ പരീക്ഷയെ പേടി കൂടാതെ തരണം ചെയ്യാന്‍ സാധിക്കും. ഈ പരീക്ഷാ കാലം നമ്മുടെ കലാലയത്തിലും വീടുകളിലും വിദ്യയുടെ അമൃതോത്സവം കൊണ്ടാടപ്പെടട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. സര്‍വ്വവിധ മംഗളങ്ങളും നേരുന്നു.
പരീക്ഷ ഹാളിലേക്ക് ചില ടിപ്‌സുകളിതാ
ആത്മവിശ്വാസം മുറുകെ പിടിക്കുക, ചോദ്യ പേപ്പര്‍ ശ്രദ്ധാപൂര്‍വ്വം വായിക്കുക, അറിയാവുന്ന ഉത്തരങ്ങള്‍ ആദ്യം തന്നെ ചോദ്യ നമ്പറിന് നേരെ എഴുതുക, സമയക്രമം പാലിക്കുക.


-ലായി ചെംനാട്‌

Related Articles
Next Story
Share it