സങ്കടങ്ങളുടെ പെരുമഴയിലും കാവലായി ഉമ്മ കൂടെയുണ്ട്

കാര്‍മേഘം പകലിനെ ഇരുട്ടാക്കിയിരിക്കുന്നു. പോകുന്ന വഴികളൊക്കെയും വെള്ളം നിറഞ്ഞിരിക്കുന്നു. നാട്ടില്‍ പെരുമഴക്കാലം. പ്രവാസികള്‍ക്ക് നാട്ടിലെ മഴ സൗന്ദര്യം ഒരു നൊസ്റ്റാള്‍ജിയ മാത്രമാണ്. ഓരോ മഴക്കാലവും കുളിരും ഭയപ്പാടുമുള്ള ഓരോ ഓര്‍മകളാണ്.കോരിച്ചൊരിയുന്ന മഴയത്ത് കുട പിടിച്ചു വീട്ടിലെത്തുന്ന നമ്മുടെ നനഞ്ഞ പുസ്തകങ്ങള്‍ എടത്തു അടുപ്പിനടുത്ത് കൊണ്ട് പോയി ഉണക്കുന്ന ഉമ്മയെ ഓര്‍ത്തു പോയി. തല തുടച്ച് ചൂട് വെള്ളത്തില്‍ തല കഴുകി തന്ന് നാളെ പനിക്കരുതേ എന്ന് കലങ്ങിയ കണ്ണ് കൊണ്ട് തേടുന്ന ഉമ്മ മനസ്സിലേക്ക് കടന്നു വന്നു.ഓറഞ്ചും […]

കാര്‍മേഘം പകലിനെ ഇരുട്ടാക്കിയിരിക്കുന്നു. പോകുന്ന വഴികളൊക്കെയും വെള്ളം നിറഞ്ഞിരിക്കുന്നു. നാട്ടില്‍ പെരുമഴക്കാലം. പ്രവാസികള്‍ക്ക് നാട്ടിലെ മഴ സൗന്ദര്യം ഒരു നൊസ്റ്റാള്‍ജിയ മാത്രമാണ്. ഓരോ മഴക്കാലവും കുളിരും ഭയപ്പാടുമുള്ള ഓരോ ഓര്‍മകളാണ്.
കോരിച്ചൊരിയുന്ന മഴയത്ത് കുട പിടിച്ചു വീട്ടിലെത്തുന്ന നമ്മുടെ നനഞ്ഞ പുസ്തകങ്ങള്‍ എടത്തു അടുപ്പിനടുത്ത് കൊണ്ട് പോയി ഉണക്കുന്ന ഉമ്മയെ ഓര്‍ത്തു പോയി. തല തുടച്ച് ചൂട് വെള്ളത്തില്‍ തല കഴുകി തന്ന് നാളെ പനിക്കരുതേ എന്ന് കലങ്ങിയ കണ്ണ് കൊണ്ട് തേടുന്ന ഉമ്മ മനസ്സിലേക്ക് കടന്നു വന്നു.
ഓറഞ്ചും മഞ്ഞയും കടന്ന് റെഡ് അലര്‍ട്ടിലെത്തിയ കാലാവസ്ഥയെ ഉമ്മാക്ക് മനസ്സിലാവണം എന്നില്ലല്ലോ. ഉമ്മാക്ക് പകല്‍ ഇരുട്ടായി കാണുമ്പോള്‍ മക്കളെ ഓര്‍ക്കാന്‍ മാത്രമേ അറിയൂ.
'ഉമ്മ പെയ്യുമ്പോള്‍
പുറത്തിറങ്ങി നനയണം. കുട ചൂടരുത്. ആ മഴ മുഴുവനും കൊണ്ടവരാണ് ഭാഗ്യം ചെയ്തവര്‍. കലര്‍പ്പില്ലാത്ത സ്നേഹം പൊതിഞ്ഞ നേര്‍ത്ത കോന്തലത്തലപ്പിലെ തണുപ്പറിഞ്ഞവര്‍ വിജയികള്‍. ഓരോ ഉമ്മമാരും മാതൃത്വം എന്ന മകുടമണിഞ്ഞ കാവല്‍മാലാഖമാരാണ് !
മനുഷ്യസാധ്യമായ ഏറ്റവും ഉല്‍കൃഷ്ടമായ സ്വഭാവവും സഹവാസവും പ്രകടിപ്പിക്കേണ്ടത് ഉമ്മയോടാണ്, ഒന്നാമതായും രണ്ടാമതായും മൂന്നാമതായും. ഖുര്‍ആനികാധ്യാപനങ്ങളില്‍ ഉമ്മയോടുള്ള സവിശേഷമായ കരുതല്‍ പ്രകടമാണ്. 'കാരുണ്യപൂര്‍വം വിനയത്തിന്റെ ചിറകുകള്‍ മാതാപിതാക്കള്‍ക്ക് താഴ്ത്തിക്കൊടുക്കുക. ഉദാത്ത സമീപനം പുലര്‍ത്തുക, 'ഛെ' എന്ന നീരസവാക്കുപോലും ഉപയോഗിക്കാതിരിക്കുക, കയര്‍ത്തു സംസാരിക്കാതിരിക്കുക' എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം. പ്രാര്‍ഥനയുടെ വചനം പോലും സ്രഷ്ടാവ് പഠിപ്പിച്ചു: 'എന്നെ ചെറുപ്പത്തില്‍ പോറ്റിവളര്‍ത്തിയതുപോലെ ഇവര്‍ ഇരുവര്‍ക്കും നീ കരുണ ചൊരിയേണമേ' എന്ന് മാതാപിതാക്കള്‍ക്ക് വേണ്ടി തേടാന്‍ നാഥന്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്.
ഉമ്മയുടെ ത്യാഗങ്ങളോട് മക്കളുടെ നന്മകള്‍ തുലനം ചെയ്യല്‍ സാധ്യമല്ല. ചുമലുകള്‍ ഉമ്മയുടെ വാഹനമായി വര്‍ഷങ്ങള്‍ താണ്ടിയാലും തോളിലിരുത്തി കഅ്ബ ചുറ്റിയാലും. ചെറുപ്പത്തില്‍ സ്നേഹവും പരിചരണവും വാത്സല്യവും അതിരിടാതെ പകരുമ്പോള്‍ ഉമ്മയുടെ തേട്ടം മക്കളുടെ അപരിമിതമായ വളര്‍ച്ചയാണ്. വൃദ്ധയായ മാതാവിന് സാധ്യമായ നന്മകള്‍ ചെയ്യുന്ന മക്കള്‍ പക്ഷേ, ഒരുനാള്‍ മങ്ങിയകലുന്ന ഉമ്മയെയാണ് കണ്ണില്‍ കാണുന്നത്. കണ്ണ് തെറ്റാതെ ഇന്നലെ വരേ തന്റെ പൊന്നു മോളോടൊപ്പം കഴിഞ്ഞ പൊന്നുമ്മയുടെ മുന്നില്‍ നിന്നും ഞാന്‍ ഇന്നലെ ഇന്‍സ്റ്റയില്‍ കണ്ടവന്റെ കൂടെ പോവുകയാണെന്ന് പറഞ്ഞു വീട് വീട്ടിറങ്ങിയ നിമിഷം മുതല്‍ വീട്ടില്‍ മരിച്ചു കിടക്കാന്‍ മാത്രം ഉമ്മാക്ക് കഴിയുന്നത് പൊക്കിള്‍ കൊടി ബന്ധം ഒരിക്കലും മുറിയാത്തത് കൊണ്ടാണ്.
ലഹരി മാഫിയകളുടെ വലയില്‍ കുടുങ്ങി ബാല്യം വിട്ടു മാറാത്തവന്‍ വീട്ടിലെത്തി വടിവാള്‍ വീശി മാതാപിതാക്കളെ കൊല്ലാന്‍ ഒരുങ്ങുന്ന പൊന്ന് മോനെ നിങ്ങള്‍ ഒന്നും ചെയ്യല്ലേ അവന്‍ നന്നാവുമെന്ന് പൊലീസിന്റെ കൈ പിടിച്ചു ഉമ്മ കരയുന്നതും തന്റെ ഗര്‍ഭാശയത്തില്‍ കിടന്നു കളിച്ച ഓര്‍മ്മകളെ താലോലിക്കുമ്പോഴാണ്.
പുതിയ തലമുറയുടെ ലോകവിവരമോ കാഴ്ചപ്പാടുകളോ ഇല്ലെങ്കിലും തീരുമാനങ്ങളെടുക്കുമ്പോള്‍ ഉമ്മയുടെ അഭിപ്രായവും അനുമതിയും ചോദിക്കുമ്പോള്‍ 'പരിഗണന'യെന്ന വലിയ പീഠത്തിലാണ് നാം അവരെ പ്രതിഷ്ഠിക്കുന്നത്.
അതിനോളം അവര്‍ ആഗ്രഹിക്കുന്ന മറ്റെന്തുണ്ടാവും വാര്‍ധക്യത്തില്‍..?
ഭാര്യയുമൊത്തുളള ജീവിതം തുടങ്ങുമ്പോള്‍ ഉമ്മയെ 'വേറെ കണ്ണോ'ടെ കാണുന്നവര്‍ കൂടെയുളള കാവല്‍വിളക്കിനെയാണ് അണയ്ക്കാന്‍ ശ്രമിക്കുന്നത്. ആകാശത്തിന് താഴെ പ്രതിഫലേച്ഛയൊന്നുമില്ലാതെ നിര്‍മലമായ ഒരു 'ഫീല്‍' നമുക്കായി മനസില്‍ വിടര്‍ത്തിയ സ്നേഹസൂനമാണ് ഉമ്മ.
നഷ്ടപ്പെടുന്നത് വരെ നാം തിരിച്ചറിയാത്ത, ദൈവത്തിന്റെ അമൂല്യമായ വരദാനം!
നാം കാരണം ഉമ്മ പൊഴിക്കുന്ന ഒരിറ്റു കണ്ണീരിനു പകരം ഭാവിയില്‍ ഒരു കുടം കണ്ണീര്‍ ഉതിര്‍ക്കേണ്ടിവരുമെന്ന വിചാരം കൂടെ കരുതുക. മാതൃപാദങ്ങളില്‍ അടയിരിക്കുന്ന സ്വര്‍ഗക്കിനാവുകള്‍ക്ക് കര്‍മംകൊണ്ടു നമുക്കു ജീവന്‍ പകരാം.


-വൈ. ഹനീഫ കുമ്പടാജെ

Related Articles
Next Story
Share it