സഞ്ചാരികളുടെ ഒഴുക്ക് തുടരുമ്പോഴും തളങ്കര പഴയ ഹാര്‍ബര്‍ സംരക്ഷിക്കാന്‍ നടപടിയില്ല

കാസര്‍കോട്: നിത്യേന നിരവധി പേര്‍ എത്തുന്ന തളങ്കര പഴയ ഹാര്‍ബര്‍ അപകട ഭീഷണിയില്‍. അധികൃതരുടെ അനാസ്ഥ കാരണം തകര്‍ന്ന പാലവും സ്ലാബുകളും മാറ്റാതെ കിടക്കുന്നതാണ് അപകട ഭീഷണി ഉയര്‍ത്തുന്നത്. ചന്ദ്രഗിരി പുഴയുടെയും കടലിന്റെയും സൗന്ദര്യം ആസ്വദിക്കാന്‍ നിരവധി പേരാണ് ദിവസേന കുടുംബ സമേതം ഇവിടെ എത്തുന്നത്. തളങ്കര പടിഞ്ഞാറില്‍ കുട്ടികളുടെ പാര്‍ക്ക് ഉള്ളതിനാല്‍ നിരവധി കുട്ടികളും ഇവിടെ എത്തുന്നു. ഇവിടെയെത്തുന്നവരില്‍ ഭൂരിഭാഗം പേരും തളങ്കര ഹാര്‍ബറിലും എത്തുന്നത് പതിവാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച ഹാര്‍ബര്‍ ഏതാണ്ട് പൂര്‍ണ്ണമായും […]

കാസര്‍കോട്: നിത്യേന നിരവധി പേര്‍ എത്തുന്ന തളങ്കര പഴയ ഹാര്‍ബര്‍ അപകട ഭീഷണിയില്‍. അധികൃതരുടെ അനാസ്ഥ കാരണം തകര്‍ന്ന പാലവും സ്ലാബുകളും മാറ്റാതെ കിടക്കുന്നതാണ് അപകട ഭീഷണി ഉയര്‍ത്തുന്നത്. ചന്ദ്രഗിരി പുഴയുടെയും കടലിന്റെയും സൗന്ദര്യം ആസ്വദിക്കാന്‍ നിരവധി പേരാണ് ദിവസേന കുടുംബ സമേതം ഇവിടെ എത്തുന്നത്. തളങ്കര പടിഞ്ഞാറില്‍ കുട്ടികളുടെ പാര്‍ക്ക് ഉള്ളതിനാല്‍ നിരവധി കുട്ടികളും ഇവിടെ എത്തുന്നു. ഇവിടെയെത്തുന്നവരില്‍ ഭൂരിഭാഗം പേരും തളങ്കര ഹാര്‍ബറിലും എത്തുന്നത് പതിവാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച ഹാര്‍ബര്‍ ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. ഇവിടം രാത്രി സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാവുന്നതായും പരാതിയുണ്ട്. ഹാര്‍ബറില്‍ കരയില്‍ നിന്ന് പുഴയിലേക്ക് ബന്ധിപ്പിച്ചുള്ള പാലത്തിന്റെ കൈവരികളും സ്ലാബും തകര്‍ന്ന നിലയിലാണ്. മത്സ്യബന്ധനം നടക്കുന്നില്ലെങ്കിലും ടൂറിസം സ്‌പോര്‍ട്ടെന്ന നിലയില്‍ വിദൂര സ്ഥലങ്ങളില്‍ നിന്ന് പോലും രാവിലെയും വൈകിട്ടും ആളുകള്‍ എത്തിച്ചേരാറുണ്ട്. പാലത്തിലെ സ്ലാബ് തകര്‍ന്ന് കാലങ്ങളായിട്ടും അധികൃതരുടെ ശ്രദ്ധയില്‍പെട്ടിട്ടില്ല. മരക്കമ്പുകളും മറ്റും വെച്ച് തകര്‍ന്ന സ്ലാബ് മൂടാന്‍ ശ്രമിച്ചെങ്കിലും ഇത് കൂടുതല്‍ അപകട ഭീഷണിയുയര്‍ത്തുന്നു. നാഥനില്ലാ കളരിയായതിനാല്‍ രാത്രിയില്‍ പോലും യുവാക്കളടക്കം ബൈക്കുകളിലും മറ്റും ഇവിടെയെത്താറുണ്ട്. പാലത്തില്‍ ബൈക്ക് കയറ്റാനും ചിലര്‍ ശ്രമിക്കുന്നു. പാലത്തില്‍ ബൈക്ക് കയറ്റി നടത്തുന്ന അഭ്യാസ പ്രകടനം അപകടത്തിലേക്കാണ് നയിക്കുക. ഏത് സമയത്തും തകര്‍ന്ന് വീഴാന്‍ പാകത്തിലാണ് പുഴയിലേക്കുള്ള പഴയ പാലമുള്ളത്. വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് ഹാര്‍ബറിന്റെ ദുരവസ്ഥക്ക് കാരണമെന്ന് ആക്ഷേപമുയരുന്നു. പോര്‍ട്ടിന്റെ സ്ഥലത്ത് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പാണ് ഹാര്‍ബര്‍ സ്ഥാപിച്ചത്. ഫിഷ് ലാന്റിംഗിന് പരിമിതികളുള്ളതിനാല്‍ പിന്നീട് കസബ ഹാര്‍ബറിനെ മത്സ്യബന്ധന ബോട്ടുകള്‍ ആശ്രയിക്കുകയായിരുന്നു. സ്ലാബ് പൊട്ടിയത് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ദുരന്തത്തിലേക്ക് വഴി തെളിഞ്ഞിട്ടും ഉണരാത്ത അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധമുയരുന്നുണ്ട്.
പഴയ ഹാര്‍ബര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് കാസര്‍കോട് കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്റെ രക്ഷാബോട്ട് കെട്ടിയിടുന്നതിനാണ്. കടലില്‍ പോകാത്ത സമയം മുഴുവന്‍ ഈ ബോട്ട് കിടക്കുന്നത് പഴയ ഹര്‍ബറിനോട് ചേര്‍ന്നാണ്.
പഴയ ഹാര്‍ബറിന്റെ ബാക്കി ഭാഗങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ കോസ്റ്റല്‍ പൊലീസ് ബോട്ട് നങ്കൂരമിടുന്നതിന് പ്രത്യേകം സംവിധാനം ഒരുക്കിയിരുന്നില്ല.
കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലേക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ പോവുകയും വരികയും ചെയ്യുന്നതും ഈ തകര്‍ന്ന് കമ്പിയും മരങ്ങളും കൊണ്ട് കെട്ടിയിട്ട സ്ലാബിന് മുകളിലൂടെയുള്ള നൂല്‍പ്പാലത്തിലൂടെയാണ്. നിലവില്‍ നെല്ലിക്കുന്നിലാണ് ഹാര്‍ബറുള്ളത്.

Related Articles
Next Story
Share it