മരണത്തിലേക്കുള്ള ഒളിച്ചോട്ടങ്ങള്‍

ആത്മഹത്യകള്‍ പുതുമയുള്ള കാര്യമല്ല. പക്ഷേ, പുതിയ കാലത്തെ അതിന്റെ തോത് ആരേയും വേദനിപ്പിക്കുന്നതും ആശ്ചര്യപ്പെടുത്തുന്നതുമാണ്. ജീവിതത്തില്‍ നിന്നും ഒളിച്ചോടുന്നവരുടെ സചിത്ര വാര്‍ത്തകള്‍ നമ്മുടെ മാധ്യമങ്ങളില്‍ നിറയുകയാണ്.ഇതിനൊരറുതി ഉണ്ടാവുമോ, എന്നെങ്കിലും? വിദൂര സാധ്യത പോലും കാണുന്നില്ല. കാരണം, മുമ്പത്തെപ്പോലെ സാമ്പത്തിക പരാധീനതയോ പ്രണയ നൈരാശ്യമോ മാത്രമല്ല, ആര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും പറ്റാത്ത കാരണങ്ങളില്‍ തോട്ടി കെട്ടി എത്തിപ്പിടിച്ചാണ് ഇന്ന് പലരും ജീവിതത്തില്‍ നിന്നും പെട്ടെന്നൊരു ദിവസം അങ്ങ് ഓടിക്കളയുന്നത്!പല ആത്മഹത്യകളും നമുക്ക് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യങ്ങളിലാണ് എന്നതാണ് വര്‍ത്തമാന […]

ആത്മഹത്യകള്‍ പുതുമയുള്ള കാര്യമല്ല. പക്ഷേ, പുതിയ കാലത്തെ അതിന്റെ തോത് ആരേയും വേദനിപ്പിക്കുന്നതും ആശ്ചര്യപ്പെടുത്തുന്നതുമാണ്. ജീവിതത്തില്‍ നിന്നും ഒളിച്ചോടുന്നവരുടെ സചിത്ര വാര്‍ത്തകള്‍ നമ്മുടെ മാധ്യമങ്ങളില്‍ നിറയുകയാണ്.
ഇതിനൊരറുതി ഉണ്ടാവുമോ, എന്നെങ്കിലും? വിദൂര സാധ്യത പോലും കാണുന്നില്ല. കാരണം, മുമ്പത്തെപ്പോലെ സാമ്പത്തിക പരാധീനതയോ പ്രണയ നൈരാശ്യമോ മാത്രമല്ല, ആര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും പറ്റാത്ത കാരണങ്ങളില്‍ തോട്ടി കെട്ടി എത്തിപ്പിടിച്ചാണ് ഇന്ന് പലരും ജീവിതത്തില്‍ നിന്നും പെട്ടെന്നൊരു ദിവസം അങ്ങ് ഓടിക്കളയുന്നത്!
പല ആത്മഹത്യകളും നമുക്ക് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യങ്ങളിലാണ് എന്നതാണ് വര്‍ത്തമാന യാഥാര്‍ത്ഥ്യം. ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിച്ച് പാപ്പരായതില്‍, തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്നും അര്‍ഹതപ്പെട്ട രേഖകള്‍ കിട്ടാത്തതിന്റെ പേരില്‍, ബൈക്കോ മൊബൈല്‍ ഫോണോ വാങ്ങിക്കൊടുക്കാത്തതിന്റെ പേരില്‍, സോഷ്യല്‍ മീഡിയകളിലെ പ്രണയത്തട്ടിപ്പില്‍ കുരുങ്ങി വഞ്ചിതരായതിന്റെ പേരില്‍... അങ്ങനെ ഇന്നലെവരെ നമുക്ക് തീര്‍ത്തും അജ്ഞാതമായിരുന്ന കാരണങ്ങളിലാണ് ഇന്നത്തെ പല ആത്മഹത്യകളും.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്ന കൗണ്‍സിലിങ്ങുകളും പരസ്യങ്ങളും എന്നും നാം കാണുന്നു, കേള്‍ക്കുന്നു. പക്ഷേ, ക്ഷണനേരം കൊണ്ട് ദൃഢനിശ്ചയമെടുത്ത് പാലത്തില്‍ നിന്നും പുഴയിലേക്കോ തീവണ്ടിയുടെ മുന്നിലേക്കോ ചാടുന്നവര്‍ക്കും വിഷം കയ്യിലെടുക്കുന്നവര്‍ക്കും കയറെടുക്കുന്നവര്‍ക്കും മുന്നില്‍ എന്ത് കൗണ്‍സിലിങ്ങുകള്‍? എന്ത് ഉപദേശങ്ങള്‍? ആത്മഹത്യകളില്‍ ബഹുഭൂരിപക്ഷവും പെട്ടെന്നുണ്ടാകുന്ന വികാര വിക്ഷോഭങ്ങള്‍ ആണല്ലോ? ദീര്‍ഘകാലം ചിന്തിച്ച് ആസൂത്രണം ചെയ്തു നടത്തുന്ന ആത്മഹത്യകള്‍ വളരെ വിരളമായിരിക്കും. അല്ലെങ്കിലും 'ആത്മഹത്യ ഒന്നിനും പരിഹാരമല്ല' എന്ന വാക്യം എപ്പോള്‍, ആര്‍ക്കു മുന്നിലാണ് അര്‍ത്ഥവത്താവുക? ഒരാളും താന്‍ ഒരു ദിവസം ജീവിതത്തില്‍ നിന്നും ഒളിച്ചോടാന്‍ ഉള്ളവനാണ് എന്ന് ചിന്തിക്കാറില്ലല്ലോ? അത് അര്‍ത്ഥവത്താകണമെങ്കില്‍ ഓരോ മനുഷ്യനും ഒരു ദിവസത്തില്‍ ഒരു തവണയെങ്കിലും കേട്ടിരിക്കണം, ദിനചര്യ പോലെ. അതിനു മാത്രം സംവിധാനം എന്തുണ്ട്? സമയം ആര്‍ക്കുണ്ട്?
പത്തു വയസ്സുള്ള കുട്ടി മുതല്‍ തൊണ്ണൂറു വയസ്സുള്ള വൃദ്ധര്‍ വരെ ആത്മഹത്യയില്‍ അഭയം തേടുന്ന ഒരു സമൂഹമായി കേരളീയ സമൂഹം മാറിയിരിക്കുന്നു. ലിംഗ ഭേദമില്ലാതെ, ജാതി-മത ഭേദമില്ലാതെ എല്ലാവരേയും ഈ ശാപം ഗ്രസിച്ചു കഴിഞ്ഞിരിക്കുന്നു. ആത്മഹത്യയെ നിരാകരിക്കുകയും പ്രോത്സാഹിപ്പിക്കാതിരിക്കുകയും ചെയ്യുന്ന ദാര്‍ശനിക സിദ്ധാന്തങ്ങളാണ് എല്ലാം തന്നെ. ഇസ്ലാം ആത്മഹനനം അരുതെന്ന് കര്‍ക്കശമായി ഉദ്‌ഘോഷിക്കുന്നുണ്ട്. അര്‍ത്ഥമറിഞ്ഞും അറിയാതേയും ഖുര്‍ആന്‍ പാരായണം ചെയ്യുകയും യഥേഷ്ടം മത പ്രഭാഷണങ്ങള്‍ കേള്‍ക്കുകയും ചെയ്യുന്ന മുസ്ലിം മത വിശ്വാസികളിലും മറ്റേതൊരു സമുദായത്തിലുമെന്നതു പോലെ ആത്മഹത്യയുടെ തോത് വര്‍ധിച്ചു കൊണ്ടേയിരിക്കുകയാണ്. എല്ലാ മത ഗ്രന്ഥങ്ങളും ദാര്‍ശനിക പ്രസംഗങ്ങളും കൗണ്‍സിലിങ്ങുകളും പരസ്യ വാചകങ്ങളും ദുര്‍ബല ചിത്തനായ മനുഷ്യന്റെ ക്ഷണിക തീരുമാനങ്ങള്‍ക്കു മുന്നില്‍ ദയനീയമായി പരാജയപ്പെടുകയാണ്. ഇനിയും ഏത് തത്വസംഹിതകളും ഉപദേശങ്ങളുമാണ് നമ്മെ ഭീതിതമായ ഈ അവസ്ഥാ വിശേഷത്തില്‍ നിന്നും രക്ഷപ്പെടുത്തുക?
അപകട മരണങ്ങളിലും കൊലപാതകങ്ങളിലും ഒരുപാട് കുടുംബങ്ങള്‍ നാട്ടില്‍ ഒട്ടും നിനച്ചിരിക്കാത്ത നിമിഷങ്ങളില്‍ അനാഥരും അരക്ഷിതരുമായി മാറിപ്പോകാറുണ്ട്. തന്റേതു മാത്രമാണ് ഭൂമിയിലെ ഏറ്റവും വലിയ പ്രശ്‌നമെന്നു കരുതി അതില്‍ നിന്നും രക്ഷപ്പെടാനായി അമൂല്യവും ഏകാവസരവുമായ ജീവിതത്തില്‍ നിന്നുതന്നെ ഒളിച്ചോടുന്നവരാല്‍ അനാഥരാക്കപ്പെടുന്നവരുടെ സംഖ്യയും ഉയരുകയാണ് (പല ആത്മഹത്യകളും പക്ഷേ, കുടുംബാന്തരീക്ഷത്തിലെ അസ്വാരസ്യങ്ങളുടെ ഫലമായി ഉണ്ടാകുന്നവയാണെന്ന സത്യവും കാണേണ്ടതുണ്ട്).
ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ ആണ്ടുപോയവര്‍ ജീവിതം അവസാനിപ്പിക്കുന്നു. സമ്പന്നതയുടെ ഉത്തുംഗ ശൃംഗങ്ങളില്‍ വിഹരിക്കുന്നവരും ഒളിച്ചോടുന്നു. സാമ്പത്തികം ആത്മഹത്യയുടെ മുഖ്യ ഹേതുവായിരുന്നു ഒരു കാലത്തെങ്കില്‍ ഇന്ന് അതൊരു മുഖ്യ ഹേതുവല്ല എന്നു തെളിയിക്കുകയാണ് പല ആത്മഹത്യകളും.
കൂടുതല്‍ വിദ്യ നേടുന്തോറും മനുഷ്യന്‍ മാനസികമായി കൂടുതല്‍ക്കൂടുതല്‍ ദുര്‍ബലനായി മാറുകയും കൂടിയാണ്. ഏതൊരു പ്രശ്‌നത്തേയും നെഞ്ചുവിരിച്ചുനിന്ന് നേരിടാനുണ്ടായിരുന്ന കരുത്ത് മനുഷ്യന് കൈമോശം വന്നിരിക്കുന്നു. അല്ലെങ്കില്‍, ഇത്രയും ആത്മസംഘര്‍ഷങ്ങള്‍ നേരിട്ടുകൊണ്ട് എന്തിനു ജീവിക്കണം എന്ന ആശാസ്യമല്ലാത്ത ചിന്തകളില്‍ അവന്‍ പെട്ടെന്നു വീണുപോകുന്നു. ജീവിതത്തിന്റെ മൂല്യവും അര്‍ത്ഥവും തിരിച്ചറിയാത്ത ഒരു ജനതയായി മാറുകയാണോ, നാം? ഏതൊരു പ്രശ്‌നത്തിനും മുമ്പത്തേതിന്റെ എത്രയോ ഇരട്ടി പരിഹാര സാധ്യതകള്‍ ഉള്ള കാലത്താണ് നമ്മുടെ നാട്ടില്‍ ആത്മഹത്യയുടെ ഗ്രാഫ് ഈവിധം ഭയാനകമായി ഉയരുന്നത് എന്നത് നാമോരോരുത്തരും ചിന്തിക്കേണ്ട വിഷയമാണ്. പണ്ടത്തെപ്പോലെയല്ല കാര്യങ്ങള്‍. ഒരാള്‍ക്ക് ഒരു പ്രയാസമുണ്ടെന്ന് അറിഞ്ഞാല്‍ ഏതു വിധത്തിലും സഹായിക്കാന്‍ സന്നദ്ധരായി മുന്നോട്ടു വരുന്ന വ്യക്തികളും സംഘടനകളും കൂടിയുള്ള നാടുകൂടിയാണ് ഇന്ന് നമ്മുടേത്. എത്ര നൃശംസമെന്ന് ആരോപിച്ചാലും ദയയുടേയും ചേര്‍ത്തുപിടിക്കലിന്റേയും ഒരു നല്ലവശം കൂടിയുള്ള നാടു തന്നെയാണ് ഇന്നും നമ്മുടേത്. അതിന്റെ എത്രയോ ഉദാത്ത മാതൃകകള്‍ നാം ഇപ്പോഴും കാണുന്നു, കേള്‍ക്കുന്നു.
എല്ലാം ഇട്ടെറിഞ്ഞ് ഓടുന്നതിനു മുമ്പ് ആരോടെങ്കിലും ഒന്ന് മനസ്സ് തുറക്കുകയാണെങ്കില്‍ പല ആത്മഹത്യകളും തീര്‍ച്ചയായും ഒഴിവാക്കാന്‍ കഴിഞ്ഞേക്കും. എപ്പോഴും ഹൃദയം തുറന്ന് സംസാരിക്കാന്‍ പറ്റുന്ന ഒന്നോ രണ്ടോ ആത്മമിത്രങ്ങളെ എങ്കിലും ഉണ്ടാക്കുക എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ ആവശ്യം എന്നാണ് എനിക്കു തോന്നുന്നത്. തിരക്കു പിടിച്ച വര്‍ത്തമാന കാലത്ത് ഇല്ലാതായിക്കൊണ്ടിരിക്കുന്നതും അത്തരം സൗഹൃദങ്ങളാണ്. അവനവനിലേക്കും അവനവന്റെ അണു കുടുംബത്തിലേക്കും മാത്രം നാം ഒതുങ്ങിപ്പോകുന്നതാണ് നമ്മുടെ ഏറ്റവും നിരാശാജനകമായ പരാജയം. നമുക്കിടയില്‍ എത്രയെത്ര സൗഹൃദ കൂട്ടായ്മകള്‍ ഉണ്ട്? എണ്ണമറ്റ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക സംഘടനകള്‍! വെറും കച്ചവടത്തിനും ലാഭ-ചേതക്കണക്കുകള്‍ക്കുമപ്പുറം ഒരു കുടക്കീഴില്‍ സമ്മേളിക്കാന്‍ കൂടി ആഴ്ചയില്‍ ഒരു ദിവസത്തിന്റെ ഏതാനും മണിക്കൂറുകളെങ്കിലും ചെലവഴിക്കാന്‍ കൂടി സമയം കണ്ടെത്തേണ്ടത് അഭൂതപൂര്‍വ്വമായ ആത്മസംഘര്‍ഷങ്ങളുടെ ഇക്കാലത്ത് അനിവാര്യമാണ്. ജീവിതം എങ്ങനെ ആനന്ദപ്രദമാക്കി ജീവിക്കാം എന്നാണ് വരും തലമുറകള്‍ക്കു കാണിച്ചു കൊടുക്കേണ്ടത്. അല്ലാതെ, ജീവിതത്തില്‍ നിന്നും എങ്ങനെ ഒളിച്ചോടാം എന്നല്ല. പിന്നാലെ വരുന്നവര്‍ നമ്മേക്കാള്‍ ദുര്‍ബലരാണ്. നാം ദൃഢചിത്തരായി നിന്നു വേണം അവര്‍ക്കു വഴി കാട്ടാനും അവരെ ഏതു പ്രതിസന്ധികളേയും നേരിടാന്‍ പ്രാപ്തരാക്കാനും.


-റഹ്മാന്‍ മുട്ടത്തൊടി

Related Articles
Next Story
Share it