മംഗളൂരുവില്‍ ഒരാഴ്ച ഓക്‌സിജന്‍ വിതരണം തടസപ്പെട്ടു; കേരളത്തിലെ പാലക്കാട്ടുനിന്നും എത്തിച്ചത് 800 ഓക്സിജന്‍ സിലിണ്ടറുകള്‍; നിലവില്‍ പ്രതിസന്ധിക്ക് പരിഹാരമായെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍

മംഗളൂരു: കഴിഞ്ഞ ഒരാഴ്ചയായി മംഗളൂരുവില്‍ ഓക്‌സിജന്‍ വിതരണം തടസപ്പെട്ടിരുന്നുവെന്നും കേരളത്തിലെ പാലക്കാട്ടുനിന്നടക്കം ഓക്‌സിജന്‍ സിലിണ്ടറുകളെത്തിച്ച് പ്രതിസന്ധിക്ക് പരിഹാരം കണ്ടെന്നും ഡിസ്ട്രിക്ട് ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. കെ.വി രാജേന്ദ്ര വ്യക്തമാക്കി. ഇപ്പോള്‍ ആശങ്കപ്പെടാനില്ലെന്നും മംഗളൂരുവിലെ ആസ്പത്രികളുള്‍പ്പെടെ ദക്ഷിണകന്നഡ ജില്ലയിലെ ആസ്പത്രികളിലേക്കുള്ള 80 ശതമാനം ഓക്സിജന്‍ ബെല്ലാരിയില്‍ നിന്നും 20 ശതമാനം ഓക്സിജന്‍ കേരളത്തിലെ പാലക്കാട്ടുനിന്നുമാണ് കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇവിടത്തെ എട്ട് സ്വകാര്യാസ്പത്രികളിലെ പ്ലാന്റുകളില്‍ ഓക്‌സിജന്‍ സംഭരണമുണ്ട്. പത്ത് ടണ്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കുന്ന മൂന്ന് റീഫില്ലിംഗ് യൂണിറ്റുകള്‍ മംഗളൂരു […]

മംഗളൂരു: കഴിഞ്ഞ ഒരാഴ്ചയായി മംഗളൂരുവില്‍ ഓക്‌സിജന്‍ വിതരണം തടസപ്പെട്ടിരുന്നുവെന്നും കേരളത്തിലെ പാലക്കാട്ടുനിന്നടക്കം ഓക്‌സിജന്‍ സിലിണ്ടറുകളെത്തിച്ച് പ്രതിസന്ധിക്ക് പരിഹാരം കണ്ടെന്നും ഡിസ്ട്രിക്ട് ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. കെ.വി രാജേന്ദ്ര വ്യക്തമാക്കി. ഇപ്പോള്‍ ആശങ്കപ്പെടാനില്ലെന്നും മംഗളൂരുവിലെ ആസ്പത്രികളുള്‍പ്പെടെ ദക്ഷിണകന്നഡ ജില്ലയിലെ ആസ്പത്രികളിലേക്കുള്ള 80 ശതമാനം ഓക്സിജന്‍ ബെല്ലാരിയില്‍ നിന്നും 20 ശതമാനം ഓക്സിജന്‍ കേരളത്തിലെ പാലക്കാട്ടുനിന്നുമാണ് കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇവിടത്തെ എട്ട് സ്വകാര്യാസ്പത്രികളിലെ പ്ലാന്റുകളില്‍ ഓക്‌സിജന്‍ സംഭരണമുണ്ട്. പത്ത് ടണ്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കുന്ന മൂന്ന് റീഫില്ലിംഗ് യൂണിറ്റുകള്‍ മംഗളൂരു നഗരത്തിലുണ്ട്. മറ്റ് ജില്ലകളില്‍ നിന്ന് ആഴ്ചയില്‍ 20 ടണ്‍ ഓക്സിജന്‍ ലഭിക്കുന്നു. ഒരാഴ്ച വിതരണം തടസപ്പെട്ടെങ്കിലും ആസ്പത്രികളില്‍ ചികിത്സയിലുള്ള കോവിഡ് രോഗികള്‍ക്ക് ബദല്‍മാര്‍ഗത്തിലൂടെ ആശ്വാസം പകരാന്‍ സാധിച്ചെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി. കേരളത്തില്‍ നിന്ന് 800 സിലിണ്ടര്‍ ഓക്സിജനാണ് എത്തിച്ചത്. ബല്ലാരിയിലെ ജിന്‍ഡാല്‍ പ്ലാന്റില്‍ നിന്ന് കൂടുതല്‍ ഓക്സിജന്‍ വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ശ്വസന പ്രശ്‌നങ്ങളുള്ള രോഗികളുടെ എണ്ണം കൂടുകയാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യാസ്പത്രികളില്‍ തീവ്രപരിചരണ വിഭാഗവും വെന്റിലേറ്റര്‍ കിടക്കകളും സജ്ജമാണ്. നിലവിലെ സാഹചര്യത്തില്‍ ജില്ലയ്ക്ക് നാല് മുതല്‍ ആറ് ടണ്‍ വരെ ഓക്സിജന്‍ ആവശ്യമാണ്. ഇവിടത്തെ സര്‍ക്കാര്‍ ആസ്പത്രിയില്‍ ആറ് കിലോ ലിറ്റര്‍ ഓക്സിജനുമുണ്ട്. മണിപ്പാല്‍ കെ.എം.സി ആസ്പത്രിയില്‍ 20 കിലോ ലിറ്ററുണ്ട്. ഇത് ജില്ലയുടെ രണ്ട് ദിവസത്തെ ആവശ്യത്തിന് മതിയാകുമെന്ന് അദ്ദേഹം വിശദീകരിച്ചു. അതേ സമയം ഉഡുപ്പിയിലേക്കുള്ള ഓക്സിജന്‍ വിതരണം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉഡുപ്പി ജില്ലയിലെ സര്‍ക്കാര്‍-സ്വകാര്യാസ്പത്രികളിലെ ഐസിയു, വെന്റിലേറ്റര്‍ കിടക്കകള്‍ നിറഞ്ഞിരിക്കുന്നു. കാര്‍ക്കളയില്‍ നാല് ഐസിയു കിടക്കകള്‍ ഒഴിഞ്ഞുകിടക്കുന്നു.

Related Articles
Next Story
Share it