ഇ.എം.എസ് വിടവാങ്ങിയിട്ട് 25 വര്‍ഷം: നീലേശ്വരം താലൂക്ക് ഇന്നും കടലാസില്‍

കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രി ഇ.എം .എസ് നമ്പൂതിരിപ്പാട് നിര്യാതനായിട്ട് വര്‍ഷം 25 കഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന നീലേശ്വരം താലൂക്ക് ഇതുവരെ യാഥാര്‍ഥ്യമായില്ല. 1957ല്‍ രൂപീകൃതമായ കേരളത്തിലെ നിയമസഭാമണ്ഡലങ്ങളില്‍ പ്രധാനമണ്ഡലമായ നീലേശ്വരം മണ്ഡലത്തില്‍ നിന്നായിരുന്നു ഇ.എം .എസ് ആദ്യമായി നിയമസഭയിലെത്തിയത്. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു നീലേശ്വരം താലൂക്ക്. കേരളം മാറിമാറി ഭരിച്ചിട്ടും ഇ.എം.എസിന്റെ പാര്‍ട്ടിയായ സി.പി.എമ്മിന് നീലേശ്വരം ആസ്ഥാനമായി താലൂക്ക് യാഥാര്‍ഥ്യമാക്കാന്‍ ഇതുവരെ കഴിഞ്ഞില്ല. സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ നീലേശ്വരം ആസ്ഥാനമായി താലൂക്ക് രൂപീകരിക്കാത്തത് […]

കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രി ഇ.എം .എസ് നമ്പൂതിരിപ്പാട് നിര്യാതനായിട്ട് വര്‍ഷം 25 കഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന നീലേശ്വരം താലൂക്ക് ഇതുവരെ യാഥാര്‍ഥ്യമായില്ല. 1957ല്‍ രൂപീകൃതമായ കേരളത്തിലെ നിയമസഭാമണ്ഡലങ്ങളില്‍ പ്രധാനമണ്ഡലമായ നീലേശ്വരം മണ്ഡലത്തില്‍ നിന്നായിരുന്നു ഇ.എം .എസ് ആദ്യമായി നിയമസഭയിലെത്തിയത്. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു നീലേശ്വരം താലൂക്ക്. കേരളം മാറിമാറി ഭരിച്ചിട്ടും ഇ.എം.എസിന്റെ പാര്‍ട്ടിയായ സി.പി.എമ്മിന് നീലേശ്വരം ആസ്ഥാനമായി താലൂക്ക് യാഥാര്‍ഥ്യമാക്കാന്‍ ഇതുവരെ കഴിഞ്ഞില്ല. സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ നീലേശ്വരം ആസ്ഥാനമായി താലൂക്ക് രൂപീകരിക്കാത്തത് സി.പി.എം പ്രവര്‍ത്തകരില്‍ ചൂടേറിയ ചര്‍ച്ച നടക്കുന്നുണ്ട്. കഴിഞ്ഞ പാര്‍ട്ടി സമ്മേളനങ്ങളില്‍ നീലേശ്വരം താലൂക്ക് വിഷയം ചര്‍ച്ചയായിരുന്നു. 1957ല്‍ സഖാവ് ഇ.എം.എസിന്റെ നേതൃത്വത്തിലുളള ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ നീലേശ്വരം താലൂക്ക് അനുവദിക്കാന്‍ വെള്ളോടി കമ്മീഷന്‍ വെക്കുകയും കമ്മീഷന്‍ നിര്‍ദ്ദേശത്തില്‍ മഞ്ചേശ്വരം, നീലേശ്വരം, പയ്യന്നൂര്‍, കൂത്തുപറമ്പ് എന്നീ താലൂക്കുകള്‍ ആവശ്യമാണെന്ന് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. മലപ്പുറം, വയനാട്, കാസര്‍കോട് ജില്ല പോലും അക്കാലത്ത് വന്നിട്ടില്ല. എന്നാല്‍ നീലേശ്വരവും കൂത്തുപറമ്പും ഒഴികെ മറ്റുള്ളവ താലൂക്കുകളായി രൂപീകരിച്ചു. ഇക്കാലത്ത് താലൂക്ക് ആവശ്യം ഉന്നയിച്ച് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചിരുന്നു.
വീണ്ടും 1984ല്‍ നീലേശ്വരം താലൂക്കിനായി മുന്‍ ജനപ്രതിനിധികളും പ്രമുഖ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരുമായി ടി.കെ ചന്ദന്‍, ചന്തു ഓഫീസര്‍, എന്‍.കെ കുട്ടന്‍, സി. കൃഷ്ണന്‍ നായര്‍, പി. കരുണാകരന്‍ എക്സ്. എം.പി, കെ.പി സതീഷ് ചന്ദ്രന്‍, കെ.പി ജയരാജന്‍, ഡോ. എബ്രാഹിം കുഞ്ഞി, എന്‍. മഹേന്ദ്ര പ്രാതാപ് എന്നിവര്‍ ഉള്‍പ്പടെ 101 പേരുടെ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ ആക്ഷന്‍ കമ്മിറ്റി സര്‍ക്കാരിലേക്ക് നിവേദനം നല്‍കുകയും തുടര്‍ന്ന് ദാമോദരന്‍ നമ്പ്യാര്‍ കമ്മീഷന്‍ വരികയും അദ്ദേഹം നീലേശ്വരം താലൂക്കിനായി ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു.
പക്ഷെ, ചില തല്‍പര കക്ഷികളുടെ ഇടപെടല്‍ കാരണം അത് നടക്കാതെ വന്നു. 8ഓളം പഞ്ചായത്തുകള്‍ സ്ഥിതി ചെയ്യുന്ന ഫര്‍ക്ക (ബ്ലോക്കില്‍) ഒരു താലൂക്ക് ഇപ്പോഴും രൂപീകരിച്ചിട്ടില്ല. താലൂക്കിനായി സൗകര്യപ്രദമായ സ്ഥലങ്ങളും ബില്‍ഡിങ്ങുകളും നീലേശ്വരത്തുണ്ട്.
കാസര്‍കോട് ജില്ലയിലെ മൂന്നാമത്തെ ടൗണും സാംസ്‌കാരിക കേന്ദ്രം കൂടിയാണ് നീലേശ്വരം. നീലേശ്വരം ആസ്ഥാനമായി താലൂക്ക് അനുവദിച്ചാല്‍ ചെറുവത്തൂര്‍, പടന്ന, വലിയപറമ്പ്, തൃക്കരിപ്പൂര്‍, പിലിക്കോട്, കയ്യൂര്‍ ചീമേനി, മടിക്കൈ എന്നീ പഞ്ചായത്തിലുള്ളവര്‍ക്ക് എളുപ്പത്തില്‍ നീലേശ്വരത്ത് എത്തി കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ കഴിയും. കോട്ടപ്പുറം പാലം യാഥാര്‍ത്ഥ്യമായതോടെ ചെറുവത്തുര്‍, പടന്ന, വലിയപറമ്പ്, പിലിക്കോട് പഞ്ചായത്തിലുള്ളവര്‍ക്കും അരയാക്കടവ്, പാലായി പാലം നിലവില്‍ വന്നതോടെ കയ്യൂര്‍ ചീമേനി പഞ്ചായത്തിലുള്ളവര്‍ക്കും എളുപ്പത്തില്‍ നീലേശ്വരത്ത് എത്തി കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ കഴിയും. അഴിത്തല- ഓര്‍ക്കളം പാലവും ഉടന്‍ നിര്‍മ്മാണം ആരംഭിക്കും. ഇതോടെ ചെറുവത്തൂര്‍ പഞ്ചായത്തിന്റെ തീരദേശത്തുള്ളവര്‍ക്ക് എളുപ്പത്തില്‍ നീലേശ്വരത്ത് എത്താന്‍ കഴിയും. ആവശ്യമായ സമ്മര്‍ദ്ദമില്ലാത്തതാണ് നീലേശ്വരം ആസ്ഥാനമായി താലൂക്ക് അനുവദിക്കാത്തതിന് തടസമായി നില്‍ക്കുന്നത്.
വളര്‍ച്ച മുരടിച്ചു നില്‍ക്കുന്ന നീലേശ്വരം നഗരത്തിന്റെ വികസനത്തിന് വേഗതകൂട്ടാന്‍ സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി നീലേശ്വരം താലൂക്ക് യാഥാര്‍ത്ഥ്യമാക്കാന്‍ നഗരസഭ ഭരണസമിതിയും ഇടതുപക്ഷ മുന്നണിയും മുന്നോട്ട് വരണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഫര്‍ക്ക അടിസ്ഥാനത്തിലാണ് സാധാരണ താലൂക്ക് രൂപീകരിക്കുന്നത്. ജില്ലയില്‍ ഫര്‍ക്കയുടെ ആസ്ഥാനമായിരുന്നു നീലേശ്വരം. എന്നാല്‍ വെള്ളരിക്കുണ്ട് ഒരു വില്ലേജ് പോലുമായിരുന്നില്ല. യഥാര്‍ഥത്തില്‍, എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് വെള്ളരിക്കുണ്ട് താലൂക്ക് അനുവദിച്ചത്.
ജില്ലയില്‍ അടുത്ത താലൂക്ക് രൂപീകരിക്കേണ്ടത് നീലേശ്വരത്താണ്-വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് വിഭാഗം ജില്ലാ ട്രഷററും നീലേശ്വരം നഗരത്തിലെ യുവവ്യാപാരിയുമായ അഫ്സര്‍ പറഞ്ഞു.


-റാഷിദ് പൂമാടം

Related Articles
Next Story
Share it