മരണം വിതയ്ക്കുന്ന വൈദ്യുതിത്തൂണുകള്‍

കേരളത്തിന്റെ പാതയോരങ്ങളില്‍ അങ്ങോളമിങ്ങോളം തലയുയര്‍ത്തി നില്‍ക്കുന്ന വൈദ്യുതിതൂണുകള്‍ അക്ഷരാര്‍ഥത്തില്‍ മരണദൂതന്‍മാരാണ്. വാഹനയാത്രക്കാരും കാല്‍നടയാത്രക്കാരും അപകടത്തില്‍പ്പെടുന്നതിന് കാരണം റോഡിന്റെ ശോചനീയാവസ്ഥയും വാഹനങ്ങളുടെ അമിതവേഗതയും മാത്രമല്ല. റോഡിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന വൈദ്യുതിതൂണുകള്‍ കൂടിയാണ്. ബസുകളില്‍ യാത്ര ചെയ്യുന്നതിനിടെ വൈദ്യുതി തൂണില്‍ തലയിടിച്ചുള്ള മരണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. നിയന്ത്രണം വിട്ട് വാഹനങ്ങള്‍ റോഡരികിലെ വൈദ്യുതി തൂണില്‍ ഇടിക്കുന്നത് പതിവാകുന്നു. ശക്തമായ കാറ്റും മഴയുമുള്ളപ്പോള്‍ വൈദ്യുതി തൂണുകള്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് മുകളില്‍ വീണും അപകടം സംഭവിക്കുന്നു. മരങ്ങള്‍ വൈദ്യുതി ലൈനിലും തൂണിലും വീണും […]

കേരളത്തിന്റെ പാതയോരങ്ങളില്‍ അങ്ങോളമിങ്ങോളം തലയുയര്‍ത്തി നില്‍ക്കുന്ന വൈദ്യുതിതൂണുകള്‍ അക്ഷരാര്‍ഥത്തില്‍ മരണദൂതന്‍മാരാണ്. വാഹനയാത്രക്കാരും കാല്‍നടയാത്രക്കാരും അപകടത്തില്‍പ്പെടുന്നതിന് കാരണം റോഡിന്റെ ശോചനീയാവസ്ഥയും വാഹനങ്ങളുടെ അമിതവേഗതയും മാത്രമല്ല. റോഡിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന വൈദ്യുതിതൂണുകള്‍ കൂടിയാണ്. ബസുകളില്‍ യാത്ര ചെയ്യുന്നതിനിടെ വൈദ്യുതി തൂണില്‍ തലയിടിച്ചുള്ള മരണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. നിയന്ത്രണം വിട്ട് വാഹനങ്ങള്‍ റോഡരികിലെ വൈദ്യുതി തൂണില്‍ ഇടിക്കുന്നത് പതിവാകുന്നു. ശക്തമായ കാറ്റും മഴയുമുള്ളപ്പോള്‍ വൈദ്യുതി തൂണുകള്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് മുകളില്‍ വീണും അപകടം സംഭവിക്കുന്നു. മരങ്ങള്‍ വൈദ്യുതി ലൈനിലും തൂണിലും വീണും അപകടങ്ങളുണ്ടാകാറുണ്ട്. അപ്പോള്‍ വൈദ്യുതി തൂണുകള്‍ ഏത് സമയത്തും ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. അധികാരികളും പൊതുസമൂഹവും ശ്രദ്ധ പുലര്‍ത്തിയാല്‍ വൈദ്യുതി തൂണുകള്‍ മൂലമുള്ള അപകടങ്ങളും അപകടമരണങ്ങളും ഒരു പരിധിവരെ ഒഴിവാക്കാന്‍ സാധിക്കും. വൈദ്യുതി തൂണുകളെ അപകടകരമായ സാഹചര്യങ്ങളില്‍ നിന്നും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റുക എന്ന ലളിതമായ കര്‍മ്മം നിര്‍വഹിക്കപ്പെട്ടാല്‍ പല അപകടങ്ങളും തടയാന്‍ സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇക്കഴിഞ്ഞ ഒക്ടോബര്‍ 18ന് വൈകുന്നേരം കാസര്‍കോട്-മധൂര്‍ റൂട്ടിലെ ബസ് യാത്രക്കിടെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ മന്‍വിത് റോഡരികിലെ ഇലക്ട്രിക് പോസ്റ്റില്‍ തലയിടിച്ച് മരിച്ച സംഭവം നമ്മുടെ ജില്ലയില്‍ സൃഷ്ടിച്ച നടുക്കവും വേദനയും ആഴമേറിയതാണ്. ചെമ്മനാട് ജമാ അത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന മന്‍വിത് സ്‌കൂള്‍ വിട്ടിലേക്ക് പോകാന്‍ കയറിയ സ്വകാര്യബസ് ദേശീയപാത വഴി കറന്തക്കാട്ട് നിന്ന് മധൂരിലേക്കുള്ള റോഡില്‍ കയറി ബട്ടംപാറയിലെത്തിയപ്പോള്‍ ബസിന്റെ ജനലിന് സമീപം യാത്ര ചെയ്യുകയായിരുന്ന കുട്ടിയുടെ തല റോഡരികിലെ വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മന്‍വിതിനെ ഉടന്‍ തന്നെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇക്കഴിഞ്ഞ ജനുവരിയിലാണ് വയനാട് ജില്ലയില്‍ കല്‍പ്പറ്റയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന ആനപ്പാറ കുന്നത്തൊട്ടിയിലെ അസ്ലം എന്ന വിദ്യാര്‍ഥിയുടെ ഇടതുകൈ റോഡരികിലെ വൈദ്യുതിതൂണില്‍ ഇടിച്ച് അറ്റുപോയത്. ഒരു കുട്ടി ഛര്‍ദിക്കാനായി ബസിന് പുറത്തേക്ക് തല നീട്ടിയപ്പോള്‍ വൈദ്യുതി പോസ്റ്റിലിടിച്ച് അതിദാരുണമായി മരണപ്പെട്ട സംഭവവും കേരളത്തിലുണ്ടായിട്ടുണ്ട്. ഇലക്ട്രിക് പോസ്റ്റുകളില്‍ തലയിടിച്ച് മരിക്കുന്നവരില്‍ ഏറെയും കുട്ടികളാണ്. യാത്ര ചെയ്യുമ്പോള്‍ കുട്ടികള്‍ അറിയാതെ തലയും കയ്യും വെളിയിലിടുന്നത് മാരകമായി പരിക്കേല്‍ക്കാനും ജീവഹാനി സംഭവിക്കാനും ഇടവരുത്തുന്നു. സ്വന്തം യാത്രയ്ക്കിടയിലാണെങ്കിലും അല്ലെങ്കിലും സ്വന്തം സുരക്ഷിതത്വത്തെക്കുറിച്ച് കുട്ടികള്‍ വേണ്ടത്ര ശ്രദ്ധാലുക്കളല്ല.
കാസര്‍കോട് ജില്ലയിലെ പല ഭാഗങ്ങളിലും റോഡരികുകളില്‍ അപകടഭീഷണിയുയര്‍ത്തുന്ന വൈദ്യുതി പോസ്റ്റുകള്‍ നിരവധിയാണ്. മിക്ക ഭാഗങ്ങളിലും വീതി കുറഞ്ഞ റോഡുകളോട് തൊട്ടുരുമ്മിയാണ് വൈദ്യുതി പോസ്റ്റുകളുള്ളത്. ജാഗ്രത പാലിച്ചില്ലെങ്കില്‍ ഇത്തരം പോസ്റ്റുകളില്‍ വാഹനങ്ങള്‍ ഇടിക്കും. യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ തലയും കയ്യും അപകടത്തിലാകും. ബസുകളില്‍ വന്‍ തിരക്ക് കാരണം വാതില്‍പ്പടിയില്‍ തൂങ്ങിപ്പിടിച്ച് യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് റോഡരികിലെ ഇലക്ട്രിക് പോസ്റ്റുകള്‍ വലിയ ഭീഷണി തന്നെയാണ്. അതിവേഗതയില്‍ ബസുകള്‍ പോകുമ്പോള്‍ തല വെട്ടിച്ചില്ലെങ്കില്‍ ജീവന്‍ തന്നെ നഷ്ടപ്പെട്ടുവെന്ന് വരാം. റോഡുകളുടെ വീതി കൂട്ടുന്ന പ്രവൃത്തി നടത്തുമ്പോള്‍ പോലും വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ നടപടിയുണ്ടാകുന്നില്ല. വീതി കൂടിയ റോഡില്‍ പല ഭാഗത്തായും ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്ന വിധത്തിലുള്ള ഇലക്ട്രിക് പോസ്റ്റുകള്‍ വ്യാപകമാണ്. മന്‍വിതിന്റെ മരണത്തിനിടയാക്കിയ വൈദ്യുതി പോസ്റ്റുള്ള സ്ഥലത്ത് 100 മീറ്ററിനുള്ളില്‍ തന്നെ റോഡിനോട് മുട്ടിയുരുമ്മി നിരവധി വൈദ്യുതി തൂണുകള്‍ സ്ഥിതി ചെയ്യുന്നുണ്ട്. കാസര്‍കോട്-മധൂര്‍ റൂട്ടില്‍ തന്നെ ഉപയോഗശൂന്യമായ ടെലിഫോണ്‍ പോസ്റ്റുകള്‍ പോലും റോഡരികിലുള്ളതായി കാണാന്‍ സാധിക്കും. കറന്തക്കാട്ട് നിന്ന് മധൂരിലേക്ക് റോഡ് വികസിപ്പിച്ച് മെക്കാഡം ടാറിങ്ങ് പൂര്‍ത്തിയായി വര്‍ഷങ്ങള്‍ ഏറെയായിട്ടും റോഡരികിലെ അപകടഭീഷണി ഉയര്‍ത്തുന്ന ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റാന്‍ നടപടി സ്വീകരിച്ചിട്ടില്ല. ദേശീയപാതവികസനപ്രവൃത്തികള്‍ പുരോഗമിക്കുമ്പോഴും സുഗമവും സുരക്ഷിതവുമായ വാഹനഗതാഗതത്തിന് വിഘാതം സൃഷ്ടിച്ചുകൊണ്ട് നിരവധി ഇലക്ട്രിക് പോസ്റ്റുകള്‍ പാതയോരത്തുണ്ട്. പല പോസ്റ്റുകളും മാറ്റി സ്ഥാപിച്ചെങ്കിലും അതിലുമേറെ പോസ്റ്റുകള്‍ ദേശീയപാതയോട് ചേര്‍ന്നുതന്നെ നില്‍ക്കുന്നു. ദേശീയപാതയോരത്തെ കുന്നിന്‍ചെരിവുകളിലും ഏത് നിമിഷവും നിലംപതിക്കാവുന്ന വിധത്തില്‍ ചാഞ്ഞുനില്‍ക്കുന്ന പോസ്റ്റുകളുണ്ട്. ശക്തമായ കാറ്റുവന്നാല്‍ മാത്രമല്ല കുന്നില്‍ നിന്ന് മണ്ണ് ഇടിഞ്ഞുതുടങ്ങിയാലും പോസ്റ്റുകള്‍ താഴേക്ക് പതിക്കും. താഴെ പോകുന്ന വാഹനങ്ങളിലേക്ക് ഇലക്ട്രിക് പോസ്റ്റ് വീണാല്‍ അത് വലിയൊരു ദുരന്തത്തിന് കാരണമായിതീരുകയും ചെയ്യും. യാത്രാ സൗകര്യം വര്‍ധിപ്പിക്കുന്നതിനൊപ്പം യാത്രക്കാരുടെ ജീവന് സുരക്ഷ നല്‍കുകയെന്നതും അധികാരകേന്ദ്രങ്ങളുടെ ഏറ്റവും വലിയ ഉത്തരവാദിത്വമാണ്. റോഡിന്റെ വീതി കൂട്ടലും കുഴികള്‍ നികത്തലും മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കലും മാത്രം കൊണ്ട് യാത്രാസുരക്ഷിതത്വം പൂര്‍ണമാകില്ല. റോഡിന്റെ സമതലത്തിലും താഴ്ചയിലും ഉയരത്തിലും ഉള്ള അപകടകരമായ സാഹചര്യങ്ങളെ കൂടി ഇല്ലാതാക്കണം. റോഡരികുകളിലെ അപകടകരമായ മരങ്ങള്‍ മുറിച്ചുനീക്കിയും വൈദ്യുതി തൂണുകള്‍ റോഡിന് സമീപത്തുനിന്ന് മാറ്റി സ്ഥാപിച്ചും സുരക്ഷ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് ഉത്തരവാദിത്വമുണ്ട്. അത് നിറവേറ്റാന്‍ ആര്‍ക്കെങ്കിലും മരണം സംഭവിക്കുന്നത് വരെ കാത്തിരിക്കരുത്. തങ്ങളുടെ അനാസ്ഥ കൊണ്ട് ഒരു മനുഷ്യജീവന്‍ പോലു ം പൊലിയരുതെന്ന ദൃഡനിശ്ചയത്തോടെയുള്ള ഇടപടലാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. അപകടങ്ങളില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കുമ്പോള്‍ മാത്രമേ റോഡ് വികസനത്തെക്കുറിച്ച് ആര്‍ക്കായാലും അഭിമാനിക്കാന്‍ സാധിക്കൂ. ദേശീയപാത വികസനം അപകടങ്ങള്‍ കുറയ്ക്കാന്‍ ഇടവരുത്തുമെന്ന അവകാശവാദങ്ങള്‍ നിലനില്‍ക്കുമ്പോഴും നിര്‍ഭാഗ്യവശാല്‍ സംസ്ഥാനത്ത് എല്ലായിടത്തും റോഡപകടമരണങ്ങളുടെ നിരക്ക് കുത്തനെ ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്.വീട്ടില്‍ നിന്ന് യാത്ര പറഞ്ഞിറങ്ങുന്നവരും എവിടെയെങ്കിലും പോയി വീട്ടില്‍ മടങ്ങിയെത്താന്‍ വെമ്പുന്നവരും വാഹനങ്ങളിലെ യാത്രക്കിടെയുണ്ടാകുന്ന അപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ട് മൃതശരീരങ്ങളായി ഉറ്റവരുടെ അരികിലേക്കെത്തുന്ന ദുര്യോഗം ഇനിയും ആവര്‍ത്തിക്കപ്പെടുത്.അധികാരികള്‍ അലംഭാവം വെടിഞ്ഞ് റോഡ് സുരക്ഷയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് അനിവാര്യം തന്നെയാണ്.


-ടി.കെ പ്രഭാകരകുമാര്‍

Related Articles
Next Story
Share it