സീതാംഗോളി: അടിഭാഗം തകര്‍ന്ന വൈദ്യുതി പോസ്റ്റ് അധികൃതര്‍ മാറ്റി സ്ഥാപിച്ചു. കെ.എസ്.ഇ.ബി സീതാംഗോളി സെക്ഷന്‍ കീഴിലെ കളത്തൂര്‍ റോഡരികിലാണ് അടിഭാഗം തകര്‍ന്ന് അപകട നിലയില്‍ പോസ്റ്റ് ഉണ്ടായിരുന്നത്.
സ്കൂള്‍ വിദ്യാര്‍ത്ഥികളും സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാരും വാഹനങ്ങളും കടന്ന് പോകുന്നതും ആരിക്കാടി വഴി കുമ്പളയിലേക്കും മഞ്ചേശ്വരം വഴി മംഗളൂരുവിലേക്കും നിരവധി യാത്രക്കാര്‍ ആശ്രയിക്കുന്നതുമായ പ്രധാന റോഡാണിത്.
തകര്‍ന്ന വൈദ്യുത തൂണ് മാറ്റി സ്ഥാപിക്കണമെന്ന് സന്നദ്ധ സംഘടനകളും പ്രദേശവാസികളും ആവശ്യപ്പെട്ടുവെങ്കിലും അധികൃതര്‍ ഗൗനിച്ചില്ല. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ഉത്തരദേശം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട യൂത്ത് കോണ്‍ഗ്രസ് മഞ്ചേശ്വരം നിയോജക മണ്ഡലം പ്രസിഡണ്ട് ജുനൈദ് ഉറുമിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സെക്ഷന്‍ ഓഫീസിലെത്തി അധികൃതരുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ തകര്‍ന്ന പോസ്റ്റ് മാറ്റി സ്ഥാപിക്കുകയായിരുന്നു.