തിരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിനും ബി.ജെ.പിക്കും കനത്ത തിരിച്ചടി -എം.വി ബാലകൃഷ്ണന്‍

കാസര്‍കോട്: യുഡിഎഫിനും ബിജെപിക്കും കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വികസന തുടര്‍ച്ചയിലേക്കുള്ള കേരളത്തിന്റെ പ്രയാണത്തില്‍ കാസര്‍കോട് ജില്ലയും അഭിമാനകരമായ മുദ്ര പതിപ്പിച്ചു. ഇടതുപക്ഷം ജില്ലയില്‍ സ്ഥായിയായ വളര്‍ച്ച പ്രകടിപ്പിക്കുകയാണ്. ആറ് മാസം മുമ്പ് നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ മുന്നേറ്റം കൂടുതല്‍ ശക്തിയായി നിയമസഭാതിരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചു. വോട്ടടിസ്ഥാനത്തില്‍ മാത്രമല്ല സംഘടനാതലത്തിലും സി.പി.എം മുന്നേറുകയാണ്-അദ്ദേഹം പറഞ്ഞു. ജില്ലയുടെ മതേതര മനസ്സ് കൂടുതല്‍ വിപുലപ്പെടുന്നതിന്റെ തെളിവാണ് തിരഞ്ഞെടുപ്പ് ഫലം. ബിജെപിയെ […]

കാസര്‍കോട്: യുഡിഎഫിനും ബിജെപിക്കും കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വികസന തുടര്‍ച്ചയിലേക്കുള്ള കേരളത്തിന്റെ പ്രയാണത്തില്‍ കാസര്‍കോട് ജില്ലയും അഭിമാനകരമായ മുദ്ര പതിപ്പിച്ചു. ഇടതുപക്ഷം ജില്ലയില്‍ സ്ഥായിയായ വളര്‍ച്ച പ്രകടിപ്പിക്കുകയാണ്. ആറ് മാസം മുമ്പ് നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ മുന്നേറ്റം കൂടുതല്‍ ശക്തിയായി നിയമസഭാതിരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചു. വോട്ടടിസ്ഥാനത്തില്‍ മാത്രമല്ല സംഘടനാതലത്തിലും സി.പി.എം മുന്നേറുകയാണ്-അദ്ദേഹം പറഞ്ഞു.
ജില്ലയുടെ മതേതര മനസ്സ് കൂടുതല്‍ വിപുലപ്പെടുന്നതിന്റെ തെളിവാണ് തിരഞ്ഞെടുപ്പ് ഫലം. ബിജെപിയെ പിന്നോട്ടടുപ്പിച്ചും യുഡിഎഫിനെ പിന്തള്ളിയുമാണ് സിപിഎം നേതൃത്വത്തില്‍ എല്‍ഡിഎഫ് ജില്ലയില്‍ വലിയ മുന്നേറ്റമുണ്ടാക്കിയത്. മുസ്ലീം ലീഗിന്റെയും ബിജെപിയുടെയും വര്‍ഗീയ രാഷ്ട്രീയം ഒരുപോലെ നാട് തിരസ്‌കകരിച്ചു. കോണ്‍ഗ്രസ്സ് ഉപ്പുവച്ച കലം പോലെ സ്വയം ശോഷിക്കുകയാണ്. ലീഗിന്റെ സ്വാധീന കേന്ദ്രങ്ങളിലടക്കം കാലിടറി. അവരുടെ വര്‍ഗീയ രാഷ്ട്രിയത്തിനെതിരെ, ലീഗ് കേന്ദ്രങ്ങളിലുള്ളവര്‍ മാറിചിന്തിച്ചു തുടങ്ങി എന്നാണ് ഫലം കാണിക്കുന്നത്.
തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് മണ്ഡലങ്ങളില്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ അമ്പത് ശതമാനത്തിലേറെ നേടിയാണ് എല്‍ഡിഎഫ് വിജയിച്ചത്. തൃക്കരിപ്പൂര്‍ 51.46 ശതമാനവും കാഞ്ഞങ്ങാട് 50.56 ശതമാനവും വോട്ട് ഇടതുപക്ഷത്തിന് ലഭിച്ചു. മുമ്പ് കോണ്‍ഗ്രസിന്റെ കുത്തകയായിരുന്നതും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി എല്‍ഡിഎഫിനൊപ്പം നില്‍ക്കുകയും ചെയ്യുന്ന ഉദുമയില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തോടെയാണ് വിജയം. പെരിയയിലെ അനിഷ്ടസംഭവം എല്ലാ തെരഞ്ഞെടുപ്പ് കാലത്തും വിറ്റുവോട്ടാക്കാമെന്ന യുഡിഎഫ് മനക്കോട്ടയാണ് ഉദുമയില്‍ തകര്‍ന്നത്. മഞ്ചേശ്വരത്തും കാസര്‍കോടും എല്‍ഡിഎഫ് വോട്ടുകളുടെ എണ്ണവും വോട്ടു വിഹിതവും വര്‍ദ്ധിച്ചു. ഇടതുപക്ഷത്തിന്റെ പരമ്പരാഗത ശക്തി കേന്ദ്രങ്ങള്‍ പാറ പോലെ ഉറച്ചു നില്‍ക്കുകയും വലതുപക്ഷ കേന്ദ്രങ്ങളില്‍ നല്ല മുന്നേറ്റം നടത്തിയുമാണ് തിളക്കമാര്‍ന്ന വിജയം നേടിയത്.
മുസ്ലീം ലീഗ്, കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടികള്‍ക്ക് അവരുടെ ശക്തി കേന്ദ്രങ്ങളിലുള്‍പ്പെടെ തിരിച്ചടിയുണ്ടായി. ലീഗിന് രണ്ടു മണ്ഡലങ്ങള്‍ നിലനിര്‍ത്താനായെങ്കിലും മഞ്ചേശ്വരം മുതല്‍ തൃക്കരിപ്പൂര്‍ വരെ വലിയ തോതില്‍ കാലിടറി. നേതാക്കളുടെ അഴിമതിയും തട്ടിപ്പും സമുദായ വഞ്ചനയും അധികാരക്കൊതിയും കണ്ട് മനം മടുത്ത അണികള്‍ ലീഗിനെ കൈയ്യൊഴിയുകയാണ്. ലീഗ് കേന്ദ്രങ്ങളായ മഞ്ചേശ്വരം, മംഗല്‍പാടി, കുമ്പള, മൊഗ്രാല്‍ പുത്തൂര്‍, ചെമ്മനാട്, ഉദുമ, അജാനൂര്‍,പടന്ന, തൃക്കരിപ്പൂര്‍ പഞ്ചായത്തുകളിലും, കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളുടെ പടിഞ്ഞാറന്‍ മേഖലകളിലും വലിയ കുതിപ്പാണ് എല്‍ഡിഎഫിന് ലഭിച്ചത്.
കോണ്‍ഗ്രസിന് ജില്ലയില്‍ നിന്ന് ഒരു എംഎല്‍എ പോലും ഇല്ലാതായിട്ട് മൂന്നരപതിറ്റാണ്ടായി. മഞ്ചേശ്വരത്തും കോണ്‍ഗ്രസ്സ് സാന്നിധ്യം നാമ മാത്രമായി. അവിടെ കോണ്‍ഗ്രസ്സുകാരുടെ വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. വെസ്റ്റ് എളേരി, ഈസ്റ്റ് എളേരിയടക്കമുള്ള മലയോര പ്രദേശങ്ങളും കൈവിട്ടു.
മുസ്ലീം ന്യുനപക്ഷ വിഭാഗം വന്‍ തോതിലാണ് പിണറായി സര്‍ക്കാറിനെയും എല്‍ഡിഎഫിനെയും സ്വീകരിച്ചത്. ബിജെപിയുടെ വര്‍ഗീയ ദ്രുവികരണ രാഷ്ട്രീയത്തിനും തിരിച്ചടി നേരിട്ടു. മഞ്ചേശ്വരത്ത് മാത്രമാണ് വര്‍ഗീയതയും പണാധിപത്യവും ഇറക്കി കുറച്ച് വോട്ട് വര്‍ധിപ്പിക്കാനായത്. ലീഗ് നടത്തുന്ന വര്‍ഗീയ ധ്രുവീകരണത്തോടുള്ള പ്രതികരണമെന്നോണമാണ് ബിജെപിയും വര്‍ഗ്ഗീയതീക്കളി നടത്തി മഞ്ചേശ്വരത്ത് വളരാന്‍ ശ്രമിക്കുന്നത്. ഇതേ ശ്രമം നടക്കുന്ന കാസര്‍കോട് മണ്ഡലത്തില്‍ ജില്ലാ പ്രസിഡന്റ് തന്നെ മത്സരിച്ചിട്ടും ബിജെപി യുടെ സ്വാധീന കേന്ദ്രങ്ങളില്‍പോലും വോട്ടു കുറഞ്ഞു-എം.വി ബാലകൃഷ്ണന്‍ പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ. ആര്‍ ജയാനന്ദയും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Related Articles
Next Story
Share it