ജില്ലയിലെ വന്യമൃഗശല്യം

കാസര്‍കോട് ജില്ലയിലെ വന്യമൃഗശല്യം അപരിഹാര്യമായ പ്രശ്‌നമായി തുടരുകയാണ്. കാട്ടാനകളുടെയും കാട്ടുപന്നികളുടെയും ശല്യത്തിന് പുറമെ വിവിധ പ്രദേശങ്ങളില്‍ പുലിഭീഷണിയും നിലനില്‍ക്കുന്നു. ആറ് ഹോട്ട് സ്പോട്ടുകളാണ് ജില്ലയിലുള്ളത്. കാട്ടാനയുള്‍പ്പെടെ വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ സോളാര്‍ തൂക്കുവേലികള്‍ ഉള്‍പ്പെടെയുള്ള പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ വനം വകുപ്പ് തീരുമാനിക്കുകയും നടപ്പാക്കുകയും ചെയ്‌തെങ്കിലും കാട്ടാനശല്യത്തിന് അറുതിവരുത്താന്‍ ഇതൊന്നും പ്രയോജനപ്പെടുന്നില്ല. ജില്ലയിലെ അതിര്‍ത്തി-മലയോര പ്രദേശങ്ങളില്‍ വന്യമൃഗങ്ങള്‍ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുകയും ജനജീവിതത്തിന് ഭീഷണിയാവുകയും ചെയ്യുന്ന സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നു. മലയോരത്തെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതജീവിതത്തെക്കുറിച്ച് അധികാരികള്‍ക്ക് ബോധ്യമുണ്ടെങ്കിലും അത് പരിഹരിക്കാന്‍ സാധിക്കുന്നില്ല. സോളാര്‍ തൂക്കുവേലികള്‍ക്ക് പുറമെ പറ്റാവുന്ന സ്ഥലങ്ങളില്‍ ആനമതില്‍, ഫെന്‍സിങ്, കിടങ്ങ് തുടങ്ങിയവ ചെയ്താല്‍ മാത്രമേ ആനശല്യത്തിന് അല്‍പ്പമെങ്കിലും പരിഹാരം കാണാന്‍ സാധിക്കൂവെന്നും കുരങ്ങുകള്‍ കൃഷി നശിപ്പിക്കുന്നതിനാല്‍ കൂട് വെച്ച് പിടിച്ചു കുരങ്ങുകളെ ഉള്‍ക്കാട്ടില്‍ വിടണമെന്നും ആവശ്യമുണ്ട്. വന്യമൃഗ ശല്യത്തില്‍ കൃഷി നശിപ്പിക്കപ്പെട്ടാല്‍ നഷ്ടപരിഹാരത്തിന് അപേക്ഷിച്ചാല്‍ കൃത്യമായി ലഭിക്കുന്നില്ലെന്ന പരാതിയും നിലനില്‍ക്കുകയാണ്. കാട്ടുപന്നികളുടെ ശല്യമുണ്ടെങ്കിലും അതിനെ വെടിവെക്കാന്‍ ഉത്തരവുണ്ടെന്നും അതിനായി പ്രാദേശിക ജനജാഗ്രത സമിതികള്‍ തോക്കിന്റെ ലൈസന്‍സ് ഉള്ളവരുടെ പട്ടിക തയ്യാറാക്കണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ ലൈസന്‍സ് പുതുക്കാന്‍ അപേക്ഷിച്ചിട്ടും പുതുക്കിക്കിട്ടാത്ത സാഹചര്യമുണ്ടെന്ന പരാതികളുണ്ട്. ഇത് ഉപദ്രവകാരികളായ കാട്ടുപന്നികളെ നശിപ്പിക്കുന്നതിന് തടസമാണ്. അതാത് പ്രദേശങ്ങള്‍ക്ക് ഇണങ്ങുന്ന രീതിയിലായിരിക്കും പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതെന്നും വനം വകുപ്പ് തൂക്കുവേലികള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നുമാണ് അധികൃതര്‍ പറയുന്നത്. കാട്ടാനകള്‍ ആനമതിലുകളെയും മറികടക്കുന്ന സാഹചര്യമാണുള്ളത്. സോളാര്‍ ഫെന്‍സിങ്ങുകളെയും ആനകള്‍ മറികടക്കുന്നതിനാല്‍ തൂക്കുവേലി തന്നെയാണ് അഭികാമ്യം. പരമാവധി സ്ഥലങ്ങളില്‍ നിലവിലെ ഫെന്‍സിങ് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനൊപ്പം തൂക്കുവേലികളും സ്ഥാപിക്കണം.

വന്യമൃഗശല്യം കാരണം ജില്ലയിലെ പല ഭാഗങ്ങളിലും കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയാണുള്ളത്. ജനങ്ങളുടെ ജീവിതത്തിനും ജീവനും വന്യമൃഗങ്ങള്‍ ഒരുപോലെ ഭീഷണിയാണ്. ഇക്കാര്യത്തില്‍ പ്രോയോഗിക നടപടികളാണ് വേണ്ടത്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it