എവിടെ നോക്കിയാലും പുലി

മുമ്പൊക്കെ പുലിയെ കണ്ടിരുന്നത് വനാതിര്‍ത്തി പ്രദേശങ്ങളിലാണെങ്കില്‍ ഇപ്പോള്‍ എവിടെ നോക്കിയാലും പുലി എന്ന ഭയാനകമായ സ്ഥിതിയില്‍ കാര്യങ്ങളെത്തുകയാണ്. പുലി കേട്ടുകേള്‍വി മാത്രമായിരുന്ന പ്രദേശങ്ങളില്‍ പോലും പുലിയെത്തുകയാണ്. മുളിയാര്‍, കാറഡുക്ക, ബേഡകം പഞ്ചായത്തിലെ വനാതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലാണ് മുമ്പൊക്കെ പുലിയെ കണ്ടിരുന്നത്. എന്നാലിപ്പോള്‍ ഏത് നിമിഷവും എവിടെയും പുലിയെത്താമെന്ന അവസ്ഥയാണുള്ളത്. ഏറ്റവുമൊടുവില്‍ പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ തൊടുപ്പനം, കല്ലുമാളം പ്രദേശങ്ങളിലാണ് പുലിയെ കണ്ടത്. നേരത്തെ പഞ്ചായത്തിലെ ചാലിങ്കാല്‍, കമ്മാടത്തുപാറ, ആയമ്പാറ, കേന്ദ്രസര്‍വകലാശാല പരിസരം, അമ്പലത്തറ, പാറപ്പള്ളി, തട്ടുമ്മല്‍, മീങ്ങോത്ത് എന്നിവിടങ്ങളിലെല്ലാം പുലിയെ കണ്ടിരുന്നു. കമ്മാടത്തുപാറക്കടുത്ത് വനംവകുപ്പുദ്യോഗസ്ഥര്‍ ക്യാമറ സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ പുലി ക്യാമറയില്‍ പതിഞ്ഞിട്ടില്ല. ഏറ്റവുമൊടുവില്‍ തൊടുപ്പനത്താണ് പുലിയെ കണ്ടത്. തൊടുപ്പനത്തെ കര്‍ഷകന്‍ തന്റെ കൃഷിയിടത്തില്‍ ജലസേചനം നടത്തുമ്പോള്‍ പുലി നടന്നുപോകുന്നത് കാണുകയായിരുന്നു. തുടര്‍ന്ന് പുലി കല്ലുമാളം ഭാഗത്തേക്ക് ഓടിപ്പോകുകയായിരുന്നു. കല്ലുമാളത്ത് വനംവകുപ്പുദ്യോഗസ്ഥര്‍ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ വളര്‍ത്തുനായ്ക്കളെയും തെരുവ് നായ്ക്കളെയും പൂച്ചകളെയും പുലി കടിച്ചുകൊന്നിട്ടുണ്ട്. ധാരാളം കന്നുകാലികളുള്ള പ്രദേശത്താണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. നായ്ക്കളെ മാത്രമല്ല കന്നുകാലികളെയും ആടുകളെയും പുലി ലക്ഷ്യം വെക്കുന്നുണ്ട്. ഇരിയണ്ണിയില്‍ വീട്ടുമുറ്റത്ത് ചങ്ങലയില്‍ കെട്ടിയിരുന്ന വളര്‍ത്തുനായയെ പുലി കടിച്ചുകൊന്നത് കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ്. വീട്ടുകാര്‍ ഉണര്‍ന്ന് നോക്കിയപ്പോള്‍ കണ്ടത് നായയുടെ തല മാത്രമാണ്. ബാക്കി ശരീരാവശിഷ്ടങ്ങള്‍ പുലി ഭക്ഷിച്ചിരുന്നു. മുളിയാര്‍, കാറഡുക്ക പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലായി നൂറുകണക്കിന് നായ്ക്കളെ പുലി ഭക്ഷണമാക്കിയിട്ടുണ്ട്. പുലി സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങള്‍ ഭയത്തോടെയാണ് കഴിയുന്നത്. കുട്ടികളുടെ സുരക്ഷയാണ് ഏറെയും ഭീഷണിയിലായിരിക്കുന്നത്. വളര്‍ത്തുമൃഗങ്ങളെ എങ്ങനെ സംരക്ഷിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. മനുഷ്യരെ ഇതുവരെ പുലി ഉപദ്രവിച്ചിട്ടില്ല. മറ്റ് മൃഗങ്ങളെ മാത്രമേ പുലി കൊന്നുതിന്നൂവെന്ന് വനപാലകര്‍ പറയുന്നുണ്ടെങ്കിലും കുട്ടികളെ കണ്ടാല്‍ പുലി അക്രമിക്കുമോയെന്ന ഭയം രക്ഷിതാക്കള്‍ക്കുണ്ട്. പുലികളെ പിടികൂടാന്‍ സാധിച്ചില്ലെങ്കില്‍ അവ നായ്ക്കളും ആടുകളും അടക്കമുള്ളവയെ കൊന്നുതീര്‍ക്കും. പിന്നീട് മൃഗങ്ങളെ കിട്ടാതാകുമ്പോള്‍ പുലി മനുഷ്യര്‍ക്ക് നേരെ തിരിയുമോയെന്ന ഭയവും നിലനില്‍ക്കുന്നു. നാട്ടില്‍ വിഹരിക്കുന്ന പുലികളെ എത്രയും വേഗം പിടികൂടി ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ വനംവകുപ്പധികൃതരുടെ ഭാഗത്തുനിന്നും സത്വര നടപടികളുണ്ടാകണം. ചൂട് കൂടുന്നതിനാല്‍ കാട്ടില്‍ നിന്നും ഇറങ്ങുന്ന പുലികള്‍ അടക്കമുള്ള വന്യജീവികളുടെ എണ്ണം പെരുകാന്‍ കാരണമാകും. അതുകൊണ്ട് അതീവജാഗ്രത വേണം.