ട്രെയിനുകള്‍ അപകടപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍
കാസര്‍കോട് ജില്ലയില്‍ ട്രെയിനുകളെ അപകടപ്പെടുത്താന്‍ ശ്രമിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഏറ്റവുമൊടുവില്‍ കളനാട് ഭാഗത്ത് റെയില്‍പാളത്തില്‍ വലിയ കരിങ്കല്ലുകള്‍ കയറ്റി വെച്ച് ട്രെയിന്‍ അപകടത്തില്‍പെടുത്താന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടെങ്കിലും ഇങ്ങനെയൊരു ശ്രമം നടത്തിയെന്ന വിവരം വല്ലാത്ത ഉള്‍ക്കിടിലമുണ്ടാക്കുകയാണ്. അമൃത്‌സര്‍ കൊച്ചുവേളി എക്സ്പ്രസ് ട്രെയിന്‍ കടന്നുപോയത് ഈ കല്ലിന് മുകളിലൂടെയാണ്. ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍ പെട്ടതോടെയാണ് കല്ല് പാളത്തില്‍ നിന്ന് എടുത്തുമാറ്റാന്‍ സാധിച്ചത്. അല്ലായിരുന്നുവെങ്കില്‍ പിന്നീട് വരുന്ന ഏതെങ്കിലും വണ്ടി അപകടത്തില്‍ പെടുമായിരുന്നു. സംഭവത്തില്‍ പത്തനംതിട്ട സ്വദേശി അഖില്‍ ജോണ്‍ മാത്യുവിനെയാണ് ആര്‍.പി.എഫ് അറസ്റ്റ് ചെയ്തത്. പ്രണയനൈരാശ്യം മൂലമാണ് അഖില്‍ പാളത്തില്‍ കരിങ്കല്ല് കയറ്റി വെച്ചതെന്നും ട്രെയിന്‍ അതിലൂടെ കടന്നുപോകുമ്പോഴുള്ള ശബ്ദം കേള്‍ക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നുമാണ് ആര്‍.പി.എഫിന്റെ അന്വേഷണറിപ്പോര്‍ട്ട്. പ്രണയനൈരാശ്യമാണ് കാരണമെന്ന്കരുതി ഈ സംഭവത്തെ നിസാരമായി കാണാനാകില്ല. എല്ലാ മനുഷ്യരും വ്യക്തിപരമായ പലതരത്തിലുള്ള മാനസിക പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നവരാണ്. താങ്ങാനാകാത്ത മാനസികസമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ചിലര്‍ ആത്മഹത്യ ചെയ്യുന്നു. അതല്ലെങ്കില്‍ വേറെ പല രീതികളിലും പ്രതികരിക്കുന്നു. എന്നാല്‍ ട്രെയിനുകളെ പോലും അപകടപ്പെടുത്താന്‍ തുനിയുന്ന മാനസികാവസ്ഥ അത്യന്തം ആപല്‍ക്കരമാണ്. ഒരു ട്രെയിനില്‍ നൂറുകണക്കിനാളുകളാണ് യാത്ര ചെയ്യുന്നത്. ദുരന്തം സംഭവിച്ചാല്‍ അനേകം ജീവനുകളാകും നഷ്ടമാകുക. അതുകൊണ്ട് ട്രെയിനുകളെ അട്ടിമറിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത് ആരായാലും സാധാരണ കുറ്റവാളിയായി കാണാനാകില്ല. ചില കുട്ടികള്‍ ഒരു രസത്തിന് വേണ്ടി പാളത്തില്‍ കല്ലുകള്‍ നിരത്തിവെക്കുന്നത് സാധാരണമാണ്. ഇത്തരം കുട്ടികളെ പിടികൂടിയാല്‍ പ്രായപൂര്‍ത്തിയാകാത്തതുകൊണ്ട് കേസെടുക്കാറില്ല. താക്കീത് നല്‍കി വിടുകയാണ് ചെയ്യുന്നത്. ലഹരിക്കടിമപ്പെട്ടവരും പാളത്തില്‍ കല്ലുകള്‍ വെക്കുന്നു. ഇത്തരക്കാരെ പിടികൂടിയാലും ഗൗരവമുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ല. ട്രെയിനിന് നേരെ കല്ലെറിയുകയും ഇതുകാരണം യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്ന സംഭവങ്ങളും വര്‍ധിക്കുകയാണ്. ഈ മാസം എട്ടിന് ബേക്കല്‍ ഫോര്‍ട്ട് കാഞ്ഞങ്ങാട് സ്റ്റേഷനുകള്‍ക്കിടയില്‍ തെക്കുമ്പുറത്ത് വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ് അറസ്റ്റിലായത്. ഇതിന് മുമ്പും കാസര്‍കോടിനും ചെറുവത്തൂരിനും ഇടയില്‍ നിരവധി തവണ ട്രെയിനുകള്‍ക്ക് നേരെ കല്ലേറ് നടന്നു. പല കേസുകളിലും പ്രതികളെ പിടികൂടാനായിട്ടില്ല. രണ്ടാഴ്ച മുമ്പാണ് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിന് നേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാരന്റെ തലക്ക്ഗുരുതരമായി പരിക്കേറ്റത്. ഈ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് ട്രെയിന്‍ യാത്രക്കാരില്‍ അരക്ഷിത ബോധവും ഭയവും ഉളവാക്കും. ട്രെയിനുകളെ അപകടപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആവശ്യമാണ്.