ഒറ്റനമ്പര്‍ ചൂതാട്ട സംഘം പിടിമുറുക്കുമ്പോള്‍

കാസര്‍കോട് ജില്ലയില്‍ ഒറ്റനമ്പര്‍ ചൂതാട്ട മാഫിയകള്‍ പിടിമുറുക്കുകയാണ്. നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ഒറ്റനമ്പര്‍ ചൂതാട്ടം വ്യാപകമായിരിക്കുന്നത്. ഇത്തരം സംഘങ്ങളുടെ കെണിയില്‍ അകപ്പെടുന്നവര്‍ക്ക് പിന്നീട് അതില്‍ നിന്നും മോചനം ലഭിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഒറ്റനമ്പര്‍ ചൂതാട്ടസംഘങ്ങളുടെ കെണിയില്‍പെട്ട് വന്‍ സാമ്പത്തിക ബാധ്യതയില്‍ അകപ്പെട്ട ഒരാള്‍ ആത്മഹത്യ ചെയ്തത് സമീപകാലത്താണ്. ഒറ്റനമ്പര്‍ ചൂതാട്ടത്തില്‍ കുടുങ്ങി പണം നഷ്ടമാവുകയും ചൂതാട്ട സംഘത്തിന്റെ ഭീഷണി നേരിടുകയും ചെയ്തതിനെ തുടര്‍ന്ന് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഒറ്റനമ്പര്‍ ചൂതാട്ടത്തില്‍പെട്ട് പണം നഷ്ടമായതിനെ തുടര്‍ന്ന് ഈ വ്യക്തി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഗൃഹനാഥന്‍ വീട്ടില്‍ നിന്നിറങ്ങിയതിന് പിന്നാലെ ഒറ്റനമ്പര്‍ ചൂതാട്ടസംഘം ഇദ്ദേഹത്തിന്റെ വീട്ടിലെത്തി ഭീഷണി മുഴക്കിയിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഒന്നരലക്ഷം രൂപ നല്‍കാനുണ്ടെന്നായിരുന്നു സംഘം വീട്ടുകാരെ അറിയിച്ചത്. നാട്ടുകാര്‍ ഇടപെട്ടതോടെയാണ് സംഘം തിരിച്ചുപോയത്. നേരത്തെ ഗൃഹനാഥനെ സംഘം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും നിരന്തരമായ വേട്ടയാടലാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇത്തരം സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും തുടര്‍ നടപടിയൊന്നുമുണ്ടായില്ല.
ഒറ്റനമ്പര്‍ ചൂതാട്ടത്തില്‍ പെട്ട് സാമ്പത്തികമായി തകര്‍ന്നവര്‍ ഏറെയാണ്. നാടുവിട്ടവരും കുറവല്ല. ലാഭം പ്രതീക്ഷിച്ചാണ് പലരും ഒറ്റനമ്പര്‍ ചൂതാട്ടത്തില്‍ ആകര്‍ഷിക്കപ്പെടുന്നത്. ചിലപ്പോള്‍ നല്ല ലാഭം കിട്ടിയെന്നുവരാം. മറ്റുചിലപ്പോള്‍ കനത്ത നഷ്ടവും സംഭവിക്കാം. നിരന്തരം പണം നഷ്ടമായാലും ലാഭം കിട്ടുമെന്ന പ്രതീക്ഷയില്‍ ഒറ്റനമ്പര്‍ ചൂതാട്ടത്തില്‍ പങ്കാളികളായിക്കൊണ്ടേയിരിക്കുന്നു. ചൂതാട്ടത്തിന് നേതൃത്വം നല്‍കുന്നവര്‍ക്ക് പണം നല്‍കിയില്ലെങ്കില്‍ നിരന്തരമായ ഭീഷണിയുണ്ടാകുന്നു. മാനസികസംഘര്‍ഷത്തിന് പുറമെ ശാരീരിക ഉപദ്രവങ്ങളും നേരിടേണ്ടിവരുന്നു. ഭീഷണി സഹിക്കാനാകാതെ ഇതിനുമുമ്പും ആത്മഹത്യകളുണ്ടായിട്ടുണ്ട്. മുമ്പൊക്കെ ഒറ്റനമ്പര്‍ ചൂതാട്ടത്തിനെതിരെ പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇപ്പോള്‍ കുറെ നാളായി ഇത്തരം സംഘങ്ങളിലേക്ക് പൊലീസിന്റെ ശ്രദ്ധ പതിയുന്നില്ല. ഇതാണ് കഴിഞ്ഞ ദിവസം ഒരാള്‍ക്ക് ജീവന്‍ നഷ്ടമാകാന്‍ ഇടവരുത്തിയത്. കുടുംബം പുലര്‍ത്താന്‍ വേണ്ടി ഉപയോഗിക്കേണ്ട പണമാണ് ഒറ്റനമ്പര്‍ ചൂതാട്ടത്തിന് വേണ്ടി നശിപ്പിച്ചുകളയുന്നത്. നിരവധി കുടുംബങ്ങള്‍ ഇതുമൂലം വഴിയാധാരമാവുകയാണ്. ഒറ്റനമ്പര്‍ ചൂതാട്ടമാഫിയകള്‍ക്കെതിരെ പൊലീസ് കര്‍ശന നടപടികള്‍ സ്വീകരിക്കണം.