വൈദ്യുതി ഉപഭോക്താക്കളെ വീണ്ടും ഷോക്കേല്‍പ്പിക്കുമ്പോള്‍
കോവിഡിന് ശേഷമുള്ള ജനജീവിതം അങ്ങേയറ്റം ദുരിതപൂര്‍ണ്ണമാണ്. കടബാധ്യതയും ദാരിദ്ര്യവും തൊഴിലില്ലായ്മയും രൂക്ഷമാണ്. ജീവിതശൈലീ രോഗങ്ങളും മാരകരോഗങ്ങളും കൊണ്ട് പൊറുതിമുട്ടുന്ന വലിയ വിഭാഗം ജനങ്ങള്‍ ഇവിടെയുണ്ട്. ഇതിനെല്ലാം പുറമെയാണ് അവശ്യസാധനങ്ങളുടെ വിലക്കയറ്റം. അത്രമാത്രം വെല്ലുവിളികളിലൂടെയും പ്രതിസന്ധികളിലൂടെയുമാണ് സാധാരണക്കാരുടെ ജീവിതം കടന്നുപോകുന്നത്. ഇതിനിടയില്‍ വൈദ്യുതി നിരക്ക് കൂടി വര്‍ധിക്കുന്നതോടെ ജനജീവിതം കൂടുതല്‍ ദുരിതത്തിലാകാന്‍ പോകുകയാണ്. സംസ്ഥാനത്ത് ഈ സാമ്പത്തികവര്‍ഷത്തെ വൈദ്യുതി നിരക്ക് യൂണിറ്റിന് 16 പൈസയുടെ വര്‍ധനവാണ് ഉണ്ടാകുക. ഈ വര്‍ധനവ് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അധികമാണ്. നിലവിലുള്ള വൈദ്യുതി ബില്ലുകള്‍ തന്നെ ഹൃദയമിടിപ്പുകള്‍ വര്‍ധിപ്പിക്കുന്നതാണ്. ഇതിന് പുറമെയാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്. ഇനിയുള്ള വര്‍ഷങ്ങളില്‍ ജനുവരി മുതല്‍ മെയ് വരെ സമ്മര്‍ താരിഫ് എന്ന നിലയില്‍ 10 പൈസ അധികമായി ഈടാക്കാന്‍ അനുവദിക്കണമെന്ന് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ തള്ളിയിട്ടുണ്ട്. എന്നിരുന്നാലും നിരക്ക് വര്‍ധനവ് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ ബാധ്യത തന്നെയാണ്. കൃഷി ആവശ്യത്തിനുള്ള വൈദ്യുതി നിരക്കില്‍ യൂണിറ്റിന് അഞ്ചുപൈസയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്. 10 കിലോ വാട്ട് ലോഡുള്ള ചെറുകിട വ്യവസായങ്ങള്‍ക്ക് ഫിക്‌സഡ് ചാര്‍ജ് വര്‍ധനവുണ്ടാകില്ല. എനര്‍ജി ചാര്‍ജില്‍ യൂണിറ്റിന് അഞ്ചുപൈസയുടെ വര്‍ധനവുണ്ടാകും. 1000 വാട്ട് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗമുള്ളവരുമായ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് വര്‍ധനവ് ബാധകമല്ലെന്നത് ഇവരെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്. അനാഥാലയങ്ങളും വൃദ്ധസദനങ്ങളും നിരക്ക് വര്‍ധനവിന്റെ പരിധിയില്‍ വരുന്നില്ല. നിത്യജീവിതച്ചിലവുകള്‍ വര്‍ധിക്കുകയും അതിനനുസരിച്ചുള്ള വരുമാനം ലഭിക്കാതിരിക്കുകയും ചെയ്യുന്ന ലക്ഷക്കണക്കിന് കുടുംബങ്ങള്‍ കേരളത്തിലുണ്ട്. അരി അടക്കമുള്ള നിത്യോപയോഗസാധനങ്ങളുടെ വിലവര്‍ധനവ് ഇത്തരം കുടുംബങ്ങളുടെ ജീവതത്തെ വരിഞ്ഞുമുറുക്കുകയാണ്. കുറഞ്ഞ വിലക്ക് അവശ്യസാധനങ്ങള്‍ വില്‍പ്പന നടത്തിയിരുന്ന മാവേലി സ്റ്റോറുകള്‍ നോക്കുകുത്തികളായതോടെ ദുരിതത്തിലായത് സാധാരണക്കാരായ ജനങ്ങളാണ്. മാവേലി സ്റ്റോറുകളില്‍ അവശ്യസാധനങ്ങളില്‍ പലതും വിതരണത്തിനെത്തുന്നില്ല. ഇതുകാരണം കച്ചവടസ്ഥാപനങ്ങളില്‍ തീവില നല്‍കി സാധനങ്ങള്‍ വാങ്ങേണ്ടിവരുന്നു. മാവേലി സ്റ്റോറുകളിലെ പ്രതിസന്ധിക്ക് പരിഹാരം കണ്ട് സാധാരണക്കാരുടെ ദുരിതം ലഘൂകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാതിരിക്കുമ്പോഴാണ് വൈദ്യുതി നിരക്ക് കൂടി അടിച്ചേല്‍പ്പിക്കുന്നത്. അടിസ്ഥാന ജനവിഭാഗങ്ങള്‍ എങ്ങനെ ജീവിതം തള്ളിനീക്കുമെന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നു.