സ്‌കൂളുകളില്‍ കുട്ടികള്‍ സുരക്ഷിതരല്ലാതാകുമ്പോള്‍

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ എട്ടാംതരം വിദ്യാര്‍ത്ഥിയായ മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവം കേരളത്തിന്റെ മുഴുവന്‍ വേദനയായി മാറിയിരിക്കുകയാണ്. സുല്‍ത്താന്‍ബത്തേരിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ 2019ല്‍ വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിന് ശേഷം സംസ്ഥാനത്തെ കണ്ണീരിലാഴ്ത്തിയ ദുരന്തമാണ് മിഥുന്‍ എന്ന കുട്ടിക്ക് സംഭവിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ സുരക്ഷിതത്വം ഇല്ലാതാകുന്ന സാഹചര്യം വര്‍ധിക്കുന്നത് തികച്ചും ആശങ്കാജനകമാണ്. സമകാലീന സമൂഹം വലിയ പരിഗണന നല്‍കുന്ന ഒന്നാണ് കുട്ടികളുടെ സുരക്ഷ. ഈയിടെ ഹരിയാനയിലെ ഗൂര്‍ഗാവിലെ ഒരു സ്‌കൂളില്‍ നടന്ന ഏഴു വയസുള്ള കുട്ടിയുടെ ദാരുണമരണം മനഃസാക്ഷിയെ ഉലയ്ക്കുന്നതായിരുന്നു. ഇത്തരത്തില്‍ കുട്ടികള്‍ അപകടത്തില്‍പ്പെടുന്നതും കാണാതാവുന്നതുമായ നിരവധി സംഭവങ്ങള്‍ രാജ്യത്തുണ്ടാകുന്നുണ്ട്. കുട്ടികളുടെ സുരക്ഷയില്‍ കൂടുതല്‍ ശ്രദ്ധയും കര്‍ശനമായ നടപടികളും വേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്.

വീടുകളിലും വിദ്യാലയങ്ങളിലും പൊതുസ്ഥലങ്ങളിലും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നിരവധി മുന്‍കരുതല്‍ നടപടികള്‍ വേണ്ടതുണ്ട്. കുട്ടികള്‍ ഏറിയ പങ്കും ചെലവിടുന്നത് സ്‌കൂളുകളിലാണ്. സ്‌കൂളിലും സ്‌കൂള്‍ പരിസരങ്ങളിലും പൊതുവഴികളിലും സുരക്ഷിതമല്ലാത്ത ഒട്ടേറെ സാഹചര്യങ്ങളുണ്ടാവാം. ലഹരി ഉപയോഗം പോലെ കുട്ടികള്‍ അടിമപ്പെട്ടുപോകുന്ന ദുഃശ്ശീലങ്ങളുണ്ടാകാം. ഇന്റര്‍നെറ്റ് ഉപയോഗം വ്യാപകമായ ഇക്കാലത്ത് കുട്ടികളെ അപകടപ്പെടുത്തുന്ന സൈബര്‍ ചതിക്കുഴികളും നിരവധിയുണ്ട്. ഈ പശ്ചാത്തലത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് വലിയൊരു സാമൂഹിക ഉത്തകരവാദിത്വമാണ്. സര്‍ക്കാര്‍, സ്‌കൂള്‍ അധികൃതര്‍, അധ്യാപക-രക്ഷാകര്‍തൃ സംഘടനകള്‍, വിദ്യാര്‍ത്ഥി സംഘടനകള്‍, പൊലീസ്-എക്‌സൈസ്-മോട്ടോര്‍ വാഹന വകുപ്പുകള്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവയുടെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനം വിദ്യാലയങ്ങളില്‍ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്. സ്‌കൂളും പരിസരവും ക്ലാസ് മുറികളും വൃത്തിയായി സൂക്ഷിക്കണം. സ്‌കൂളിന് ചുറ്റുമതിലും ഗേറ്റും നിര്‍ബന്ധമായും വേണ്ടതുണ്ട്. കഴിയുമെങ്കില്‍ ഒരു സെക്യൂരിറ്റി ഗാര്‍ഡിനെ ഗേറ്റില്‍ കാവല്‍ ഏല്‍പ്പിക്കുന്നതും ഏറ്റവും ഉചിതമാണ്. പുറത്ത് നിന്നും ആളുകളുടെ പ്രവേശനം മതിയായ പരിശോധനയ്ക്ക് ശേഷമേ അനുവദിക്കാവൂ. എല്ലാ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും മറ്റു ജീവനക്കാരും തിരിച്ചറിയാന്‍ ഉതകുന്ന വിധം ഐഡന്റിറ്റി കാര്‍ഡുകള്‍ ധരിച്ചു മാത്രം സ്‌കൂളില്‍ പ്രവേശിക്കുന്നത് സുരക്ഷയെ സഹായിക്കും. ഓരോ ക്ലാസ് ടീച്ചറും തന്റെ വിദ്യാര്‍ത്ഥികളെക്കുറിച്ച് വിശദവിവരങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കണം. കുട്ടിയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും രക്ഷിതാക്കളുമായി പങ്കുവെക്കണം. അസ്വാഭാവികമായ പെരുമാറ്റമോ ശാരീരിക ക്ഷീണമോ കാണുകയാണെങ്കില്‍ അതിനെക്കുറിച്ച് അന്വേഷിച്ച് മനസിലാക്കണം. സ്ഥിരമായി ബസില്‍ വരുന്ന ഒരു കുട്ടി എത്തിയിട്ടില്ലെങ്കില്‍ ആ രക്ഷിതാവുമായി ബന്ധപ്പെട്ട് അന്വേഷിക്കണം. ഇതിനായി ഏതെങ്കിലും അധ്യാപകരെ ചുമതലപ്പെടുത്തണം. സ്‌കൂളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സുരക്ഷാ ഓഡിറ്റിംഗ് ഉള്‍പ്പെടെ ഏഴു മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനനുസരിച്ചുള്ള നടപടികളുണ്ടാകുന്നില്ല. ഈ നയം തിരുത്തപ്പെടണം.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it