ധര്‍മ്മസ്ഥലയില്‍ സംഭവിക്കുന്നത്

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രമാണ് കര്‍ണ്ണാടകയിലെ ധര്‍മ്മലസ്ഥല. അവിടെ നിന്നും ദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ധര്‍മ്മസ്ഥലയില്‍ നടന്നുവെന്ന് പറയപ്പെടുന്ന കൂട്ടബലാത്സംഗവും ശവസംസ്‌കാരവുമാണ് രാജ്യത്തെയാകെ നടുക്കിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തെ കര്‍ണാണാടക സര്‍ക്കാര്‍ നിയോഗിക്കുകയും അന്വേഷണം തുടരുകയുമാണ്. ആദ്യഘട്ടത്തില്‍ മന്ദഗതിയിലായിരുന്ന അന്വേഷണം വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇപ്പോള്‍ ത്വരിതഗതിയിലാണ്. ഒരു ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലാണ് കാര്യങ്ങള്‍ ഇവിടെ വരെ എത്തിച്ചിരിക്കുന്നത്.1994 മുതല്‍ 2014 വരെ ധര്‍മ്മസ്ഥലയിലെ ക്ഷേത്ര ഭരണസമിതിയുടെ കീഴില്‍ ജോലി ചെയ്തിരുന്ന ദളിത് വിഭാഗത്തില്‍പ്പെട്ട ശുചീകരണ തൊഴിലാളിയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. രണ്ട് പതിറ്റാണ്ടിലേറെയായി ലൈംഗികാതിക്രമത്തിന്റെ ഇരകളായവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ താന്‍ നിര്‍ബന്ധിതനായി എന്നായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്. സ്ത്രീകളും പ്രായപൂര്‍ത്തിയാകാത്തവരുമായിരുന്നു ആക്രമണങ്ങള്‍ക്ക് ഇരകളായിരുന്നതെന്ന് അദ്ദേഹം പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ വിസമ്മതിക്കുമ്പോള്‍ തന്നെ കൊലപ്പെടുത്തുമെന്ന് പതിവായി ഭീഷണിപ്പെടുത്തിയിരുന്നു. ഞങ്ങള്‍ നിന്നെ കഷണങ്ങളാക്കി മറ്റുള്ളവരെ പോലെ കുഴിച്ചിടുമെന്ന് സൂപ്പര്‍വൈസര്‍മാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ പറയുന്നു. ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ നടത്തിയ ശുചീകരണതൊഴിലാളി കുടുംബത്തോടൊപ്പം പൊലീസ് സംരക്ഷണത്തിലാണ് കഴിയുന്നത്. ധര്‍മ്മസ്ഥലയില്‍ ശുചീകരണ തൊഴിലാളി കാണിച്ചുകൊടുത്ത ഭാഗങ്ങളില്‍ നിന്നും മനുഷ്യ അസ്ഥികൂടങ്ങളും തലയോട്ടികളും കണ്ടെടുത്തതോടെ വെളിപ്പെടുത്തല്‍ ശരിയാണെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. ആരൊക്കെയാണ് ഇതിന് പിറകിലെന്നാണ് ഇനി കണ്ടെത്തേണ്ടത്.

കാണാതായ നിരവധി പെണ്‍കുട്ടികളും യുവതികളും മുതിര്‍ന്ന സ്ത്രീകളുമൊക്കെ ധര്‍മ്മസ്ഥലയില്‍ കുഴിച്ചുമൂടപ്പെട്ടതാണോ എന്ന സംശയത്തിന് അറുതി വരണമെങ്കില്‍ ഇനിയും കാത്തിരിക്കണം. ഒരു സമ്മര്‍ദ്ദത്തിനും വഴിപ്പെടാതെയുള്ള അന്വേഷണവും തുടര്‍ നടപടികളും ഉണ്ടാകണം. കുറ്റവാളികളെ കണ്ടെത്തി അവര്‍ എത്ര വലിയവരായാലും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it