ഇന്‍ഡോറിലെ മലിനജല ദുരന്തം നല്‍കുന്ന മുന്നറിയിപ്പ്

ഇന്‍ഡോറില്‍ ഭരണകൂടത്തിന്റെ ഗുരുതരമായ വീഴ്ചയെത്തുടര്‍ന്ന് മലിന ജലം കുടിച്ച് നിരവധിപേര്‍ മരിക്കാനിടയായ സംഭവം രാജ്യത്തിനാകെ നാണക്കേട് വരുത്തിവെച്ചിരിക്കുകയാണ്. ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു ഭരണകൂടം ജനതയെ മലിനജലം കുടിപ്പിച്ച് കൊന്നുവെന്ന സ്ഥിതി വരുമ്പോള്‍ എത്രമാത്രം നിരുത്തരവാദപരമായാണ് സാധാരണക്കാരോട് ഇവര്‍ പെരുമാറുന്നതെന്ന് വ്യക്തമാണ്. ഇന്‍ഡോറിലെ ആരോഗ്യസംവിധാനങ്ങള്‍ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. നഗരത്തിലെ കുടിവെള്ള പൈപ്പുകളില്‍ ശുചിമുറി മാലിന്യം കലര്‍ന്നതാണ് ദുരന്തത്തിന് കാരണമായത്. ദിവസങ്ങള്‍ക്കുള്ളില്‍ രോഗബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നതോടെ പ്രാദേശിക ആസ്പത്രികളും ആരോഗ്യ കേന്ദ്രങ്ങളും രോഗികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു.
ഭഗീരഥ്പുര മേഖലയിലാണ് ദുരന്തം ഉണ്ടായത്. കുടിവെള്ളം വിതരണം ചെയ്യുന്ന പ്രധാന പൈപ്പിന് മുകളിലായി സുരക്ഷാ ടാങ്ക് ഇല്ലാതെ നിര്‍മ്മിച്ച ഒരു പൊതുശൗചാലയമാണ് വില്ലനായത്. പൈപ്പിലെ വിള്ളലിലൂടെ മാലിന്യം കലരുകയും ഇത് ജനങ്ങള്‍ ഉപയോഗിക്കുകയും ചെയ്തു. ഒക്‌ടോബര്‍ മുതല്‍ പ്രദേശവാസികള്‍ പരാതിപ്പെട്ടിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് ആക്ഷേപമുണ്ട്.
ഡിസംബര്‍ 28ന് ആറ് രോഗികളിലായി തുടങ്ങിയ രോഗബാധ വെറും 48 മണിക്കൂറിനുള്ളില്‍ മുന്നൂറിലധികം പേരിലേക്ക് പടര്‍ന്നു. ഭഗീരഥ്പുരയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രതിദിനം എത്തുന്നവരുടെ എണ്ണം 300 കടന്നത് ആരോഗ്യ പ്രവര്‍ത്തകരെ വലച്ചു. ആരോഗ്യ പ്രശ്‌നങ്ങളുമായാണ് പലരും ചികിത്സ തേടുന്നത്. രോഗികളില്‍ 95 ശതമാനവും സ്ത്രീകളാണെന്നത് ആരോഗ്യ വകുപ്പിനെ അത്ഭുതപ്പെടുത്തി. ഇതില്‍ 70-80 ശതമാനം പേര്‍ക്കും വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായ നിലയിലാണ്. സ്ഥിതിഗതികള്‍ വഷളായതിനെത്തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ 13,000 വീടുകളില്‍ പരിശോധന നടത്തി. ഇതുവരെ 310 പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 25 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ചെറിയ ക്ലിനിക്കുകളില്‍ വിദഗ്ധ ചികിത്സ ലഭിക്കാത്തതും മതിയായ സൗകര്യങ്ങളില്ലാത്തതും മരണസംഖ്യ വര്‍ധിപ്പിക്കാന്‍ കാരണമായെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്‍ഡോറില്‍ സംഭവിച്ച മലിനജലദുരന്തം രാജ്യത്തിന്റെ മറ്റേത് ഭാഗത്തും സംഭവിക്കാം. കേരളത്തില്‍ പോലും ഇത്തരമൊരു സ്ഥിതിവിശേഷം നിലനില്‍ക്കുന്നുണ്ട്. കക്കൂസ് മാലിന്യങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ ഒഴുക്കിവിടുന്നത് മൂലമുള്ള തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും പല ഭാഗങ്ങളിലുമുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് അടിയന്തിര പരിഹാരം അനിവാര്യമാണ്.

