റാഗിംഗിന്റെ പേരിലുള്ള കൊടുംക്രൂരതകള്‍

കോട്ടയം ഗാന്ധിനഗര്‍ ഗവ. നേഴ്‌സിംഗ് കോളേജില്‍ നടന്ന അതിക്രൂരമായ റാഗിംഗിന്റെ മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് ഇത്രയും ക്രൂരമായി പെരുമാറാന്‍ സാധിക്കുമോയെന്ന ചോദ്യമുയരാന്‍ ഈ സംഭവം ഇടവരുത്തിയിരിക്കുന്നു.

റാഗിംഗിന്റെ ദൃശ്യങ്ങള്‍ ഒരു വിദ്യാര്‍ത്ഥി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ഗാന്ധിനഗര്‍ ഗവ. നേഴ്‌സിംഗ് കോളേജ് ഹോസ്റ്റലില്‍ ഇതേ കോളേജിലെ ഒന്നാംവര്‍ഷ ജി.എന്‍.എം വിദ്യാര്‍ത്ഥികളാണ് റാഗിംഗിന്റെ മറവില്‍ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരകളായത്. മനുഷ്യശരീരത്തിന് സഹിക്കാന്‍ പറ്റുന്നതിലും അപ്പുറം വേദനകള്‍ ഇവര്‍ ഏറ്റുവാങ്ങിയെന്നറിയുമ്പോഴാണ് റാഗിംഗ് ഭീകരതയുടെ ആഴം വ്യക്തമാകുന്നത്. മദ്യലഹരിയിലാണ് ഇതൊക്കെ ചെയ്തതെന്ന യാഥാര്‍ത്ഥ്യം സംഭവത്തിന്റെ ഗൗരവം ഒന്നുകൂടി വര്‍ധിപ്പിക്കുന്നുണ്ട്. പീഡനത്തിനിരകളായ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പ്രതികളായ വിദ്യാര്‍ത്ഥികളും മദ്യപിച്ചിരുന്നു.

മദ്യലഹരിയില്‍ അവര്‍ ചെയ്തുകൂട്ടിയതത്രയും മനുഷ്യത്വത്തിനും സംസ്‌ക്കാരത്തിനും യോജിച്ചതായിരുന്നില്ല. പ്രതികളുടെ മുറിയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ക്രൂരതകളത്രയും. കാല്‍പാദം വരെ ഡിവൈഡറും കോമ്പസും ഉപയോഗിച്ച് കുത്താറുണ്ടെന്നാണ് പീഡനത്തിനിരയായ വിദ്യാര്‍ത്ഥികളുടെ വെളിപ്പെടുത്തല്‍. ശരീരമാസകലം മുറിവുകളുണ്ടാക്കി ലോഷന്‍ പുരട്ടുക, സ്വകാര്യഭാഗങ്ങളില്‍ ജിംനേഷ്യത്തിലെ ഡംബല്‍ വെക്കുക തുടങ്ങിയ ക്രൂരതകളും അരങ്ങേറി.

കാസര്‍കോട് ജില്ല ഉള്‍പ്പെടെ സംസ്ഥാനത്തെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റാഗിംഗ് ഇപ്പോഴും നടക്കുന്നുണ്ട്. സീനിയര്‍ വിദ്യാര്‍ത്ഥികളാണ് റാഗിംഗിന് നേതൃത്വം നല്‍കാറുള്ളത്. ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ നല്ല വേഷം ധരിച്ചാലും ഷൂ ധരിച്ചാലും മുടി നീട്ടി വളര്‍ത്തിയാലും താടി വെച്ചാലും അതൊക്കെ റാഗിംഗിന് കാരണമാകുകയാണ്. റാഗിംഗ് നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ കുറയാന്‍ കാരണമായിട്ടില്ല. വിദ്യാഭ്യാസ സ്ഥാപന അധികാരികളും ഇവിടത്തെ നിയമവും റാഗിംഗിനെ ഇപ്പോഴും ഗൗരവമുള്ള കുറ്റകൃത്യമായി കാണുന്നില്ലെന്നത് യാഥാര്‍ത്ഥ്യമാണ്.

വിദ്യാര്‍ത്ഥികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ എന്ന് പറഞ്ഞ് നിസ്സാരവല്‍ക്കരിക്കുകയാണ് ചെയ്യുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവര്‍ റാഗിംഗ് നടന്നാലും അത് പുറം ലോകമറിയാതെ എങ്ങനെയെങ്കിലും ഒതുക്കിതീര്‍ക്കാനാണ് ശ്രമിക്കുന്നത്. റാഗിംഗിന്റെ പേരില്‍ കൊലപാതകങ്ങളും ആത്മഹത്യകളും വരെ സംഭവിക്കാറുണ്ട്.

സംസ്ഥാനത്തെ എല്ലാ ഭാഗങ്ങളിലും ലഹരിമാഫിയകള്‍ പിടിമുറുക്കിയിരിക്കുകയാണ്. മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ലഹരിയിലാണ് ക്യാമ്പസുകളില്‍ കൂടുതല്‍ റാഗിംഗുകളും അക്രമങ്ങളും നടക്കുന്നത്. റാഗിംഗിനിരകളാകുന്ന വിദ്യാര്‍ത്ഥികളില്‍ എല്ലാവര്‍ക്കും ഈ അവസ്ഥയെ തരണം ചെയ്യാന്‍ സാധിച്ചുവെന്ന് വരില്ല. മാനസികമായി തകര്‍ന്നുപോകുന്നവരുണ്ട്. സ്വസ്ഥമായും സമാധാനപരമായും പഠനം നടത്താനുള്ള സാഹചര്യം വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലുണ്ടാകണം. അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പൊതുസമൂഹവും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി ക്യാമ്പസുകളെ റാഗിംഗ് മുക്തമാക്കാന്‍ രംഗത്തിറങ്ങണം.

നിയമനടപടികളും കര്‍ശനമാക്കണം. വിദ്യാര്‍ത്ഥികളുടെ ഭാവി സുരക്ഷിതമാക്കാന്‍ ഇത് അത്യന്താപേക്ഷിതമാണ്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it