പുലികളുടെ സ്വൈരവിഹാരം
കാസര്‍കോട് ജില്ലയിലെ വനാതിര്‍ത്തി പ്രദേശങ്ങളില്‍ പുലിയുടെ സാന്നിധ്യം സര്‍വസാധാരണമാകുന്നതിനിടയിലാണ് നഗരപ്രദേശങ്ങളില്‍ പോലും പുലിയിറങ്ങുന്ന ഭീതിദമായ സാഹചര്യം കാസര്‍കോട് ജില്ലയിലുണ്ടായിരിക്കുന്നത്. പടന്നയിലും പിലിക്കോട്ടും പുലിയുടെ സാന്നിധ്യമുള്ളതായി വ്യക്തമായതോടെ ജില്ലയിലെങ്ങും പുലി ഭീതി പടരുകയാണ്. മുളിയാര്‍, കാനത്തൂര്‍, പാണ്ടി ഭാഗങ്ങളില്‍ പുലികളിറങ്ങിയതായി നേരത്തെ തെളിഞ്ഞതാണ്. ഈ ഭാഗങ്ങളില്‍ നിന്ന് നിരവധി വളര്‍ത്തുനായ്ക്കളെയാണ് പുലികള്‍ കൊന്നൊടുക്കിയത്. തെരുവ് നായ്ക്കളെല്ലാം പുലികളുടെ ഭക്ഷണമായിക്കൊണ്ടിരിക്കുന്നു.
റോഡുകളിലും വഴികളിലുമെല്ലാം പുലികളെ കാണുന്നത് പതിവായിരിക്കുന്നു. സ്‌കൂള്‍കുട്ടികളെല്ലാം ഭയത്തോടെയാണ് വനപാതകളിലൂടെ നടന്നുപോകുന്നത്. ഇതുവരെ മനുഷ്യരെ ഉപദ്രവിച്ചിട്ടില്ലെങ്കിലും ഏത് സമയത്തും പുലി അക്രമിക്കുമെന്ന ഭയം ആളുകള്‍ക്കുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് ജില്ലയുടെ വനാതിര്‍ത്തികളല്ലാത്ത പ്രദേശങ്ങളിലും പുലി ഇറങ്ങിയിരിക്കുന്നത്. ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലും പുലിയെ കണ്ടതോടെ ഏറെ ജാഗ്രത ആവശ്യമാണ്. വനം-വന്യജീവി വകുപ്പ് ജീവനക്കാരും റാപ്പിഡ് റെയ്പോണ്‍സ് ടീമും പൊലീസും സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ പുലിയുടെ കാല്‍പ്പാടുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ഥലത്ത് നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കുകയും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ചെയ്തെങ്കിലും പ്രദേശവാസികള്‍ ഭീതിയില്‍ തന്നെയാണ്.
പടന്ന ഗവ. യു.പി സ്‌കൂളിന് സമീപത്തെ പഴയ റഹ്‌മാനിയ മദ്രസ കെട്ടിടത്തിന് സമീപത്താണ് പുലിയെ ചിലര്‍ കണ്ടത്. ജനപ്രതിനിധികളും നാട്ടുകാരുമെത്തി അടുത്ത വീട്ടിലെ നിരീക്ഷണക്യാമറ പരിശോധിച്ചപ്പോള്‍ പുലിയുടെ ദൃശ്യം കണ്ടെത്തുകയും ചെയ്തു. ഇതോടെ പ്രദേശം ഒന്നടങ്കം ഭയപ്പാടിലായിരിക്കുകയാണ്. മദ്രസകളിലേക്കും സ്‌കൂളുകളിലേക്കും ഈ ഭാഗത്തുകൂടി നിരവധി കുട്ടികള്‍ നടന്നുപോകുന്നുണ്ട്. ഇവരുടെ സുരക്ഷയോര്‍ത്ത് രക്ഷിതാക്കള്‍ ആകുലരാണ്. കാടുകളില്‍ നിന്നും പുലികളെല്ലാം കൂട്ടത്തോടെ നാടിറങ്ങുകയാണെന്നതിന്റെ തെളിവാണ് നഗരഭാഗങ്ങളില്‍ പോലുമുള്ള പുലിയുടെ സാന്നിധ്യം. അങ്ങേയറ്റം ഭയാനകമായ സ്ഥിതിവിശേഷമാണിത്. ഏതൊക്കെ ഭാഗങ്ങളില്‍ പുലികളുണ്ടാകുമെന്ന് പറയാനാകാത്ത അവസ്ഥയാണുള്ളത്.
തെരുവ് നായ്ക്കളെയും മറ്റുജീവികളെയും തിന്ന് വിശപ്പടക്കുന്ന പുലികള്‍ മനുഷ്യരെ അക്രമിക്കാന്‍ തുടങ്ങിയിട്ടില്ല. എന്നാല്‍ ഭക്ഷണത്തിന് മറ്റ് ജീവികളെ കിട്ടാതാകുമ്പോള്‍ ഇവ മനുഷ്യരെയും അക്രമിച്ചുതുടങ്ങും. അങ്ങനെ സംഭവിക്കുന്നതിന് മുമ്പ് പുലികളെ പിടികൂടി സംരക്ഷിത വനമേഖലകളിലേക്ക് തിരിച്ചുവിടുന്നതിന് ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കണം. ഇക്കാര്യത്തില്‍ കാലതാമസം വരുന്നത് മനുഷ്യജീവനുകള്‍ അപകടത്തിലാകാന്‍ കാരണമാകും. അതുകൊണ്ട് യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് വേണ്ടത്.