ജീവനെടുക്കുന്ന കുഴികള്‍ ഇപ്പോഴുമുണ്ട്

ഇന്ത്യയില്‍ ഏറ്റവുമധികം റോഡപകടങ്ങള്‍ സംഭവിക്കുന്ന സംസ്ഥാനങ്ങളില്‍ കേരളം മുന്‍നിരയിലാണ്. വാഹനങ്ങളുടെ അശ്രദ്ധയും അമിതവേഗതയും മാത്രമല്ല അപകടങ്ങള്‍ക്ക് കാരണമാകുന്നത്. റോഡുകളുടെ വീതിക്കുറവും തകര്‍ച്ചയും കുഴികളുമൊക്കെ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നുണ്ട്. റോഡിലെ കുഴികളാണ് അപകടങ്ങള്‍ക്ക് ആക്കം കൂട്ടുന്ന മറ്റൊരു വെല്ലുവിളി. കെ.എസ്.ടി.പി സംസ്ഥാനപാതയിലെ കുഴികള്‍ കാരണം നിരവധി ജീവനുകള്‍ പൊലിഞ്ഞുപോയിട്ടുണ്ട്. പ്രത്യേകിച്ച് കാസര്‍കോടിനും ചെമ്മനാടിനും ഇടയിലുള്ള ഭാഗത്തെ കുഴികളാണ് കൂടുതല്‍ പേരുടെ മരണത്തിന് കാരണമായത്. ഏറ്റവുമൊടുവില്‍ ജീവന്‍ നഷ്ടമായത് മേല്‍പ്പറമ്പ് ഒറവങ്കരയില മുഹമ്മദ് ഹനീഫ് എന്ന ചെറുപ്പക്കാരനാണ്. ചെമ്മനാട് ജമാ അത്ത് ഹൈസ്‌കൂളിന് സമീപം സംസ്ഥാനപാതയിലെ കുഴിയിലേക്ക് സ്‌കൂട്ടര്‍ മറിഞ്ഞാണ് അപകടമുണ്ടായത്. സ്‌കൂട്ടര്‍ സഹിതം കുഴിയിലേക്ക് വീണ ഹനീഫയെ ലോറി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ് ദാരുണമായാണ് ഹനീഫ് മരിച്ചത്. പെരുന്നാള്‍ ആഘോഷിക്കാനായി നാട്ടിലെത്തിയ ഹനീഫ് അടുത്തയാഴ്ച തന്നെ ഗള്‍ഫിലേക്ക് തിരിച്ചുപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ദുബായിലെ കപ്പലില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് ഹനീഫ് നാട്ടിലേക്ക് മടങ്ങിയത്.ഇതിന് മ ുമ്പും ഈ ഭാഗത്തെ കുഴികളില്‍ മറിഞ്ഞ് നിരവധി വാഹനങ്ങള്‍ അപകടത്തില്‍ പെട്ടിട്ടുണ്ട്. ജീവഹാനി സംഭവിച്ചവരുമേറെയാണ്. സഹപാഠിക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ത്ഥിനി റോഡിലെ കുഴിയില്‍ ബൈക്ക് മറിഞ്ഞതിനെ തുടര്‍ന്ന് മരണപ്പെട്ട സംഭവം നടന്നിട്ട് ഏറെ നാളായിട്ടില്ല. റോഡിലെ കുഴികളടക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സമരത്തിനിറങ്ങിയതോടെ കുഴികള്‍ അടച്ചെങ്കിലും വീണ്ടും പഴയ അവസ്ഥയിലായിരിക്കുകയാണ്. ഒരു ജീവന്‍ പൊലിഞ്ഞതോടെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ആരെങ്കിലും മരിക്കുമ്പോള്‍ മാത്രം കുഴികള്‍ അടയ്ക്കുമെങ്കിലും ഇത് വെറും ഒപ്പിക്കല്‍ ജോലി മാത്രമാവുകയാണ്. വീണ്ടും കുഴി രൂപപ്പെടാതിരിക്കാന്‍ ആവശ്യമായ രീതിയിലുള്ള അറ്റകുറ്റപ്പണികളുണ്ടാകുന്നില്ല. വന്‍ ക്രമക്കേട് ഇതിന്റെ മറവില്‍ നടക്കുന്നുണ്ട്. ജനങ്ങളുടെ ജീവന്‍ കൊണ്ട് പന്താടുന്ന തരത്തിലുള്ള ക്രമക്കേടുകളാണ് കുഴിയടപ്പിന്റെ മറവില്‍ നടക്കുന്നത്. റോഡ് പ്രവൃത്തിയില്‍ ചില കരാറുകാരും ഒരു വിഭാഗം ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയുണ്ട്. നിലവാരം കുറഞ്ഞ സാധനങ്ങള്‍ ഉപയോഗിച്ചാണ് റോഡ് പ്രവൃത്തി നടത്തുന്നത്. അനുവദിക്കപ്പെട്ട ഫണ്ടില്‍ നിന്നും ചെറിയ തുക ഉപയോഗിച്ചാണ് പ്രവൃത്തി നടത്തുന്നത്. ഇതോടെ വന്‍സാമ്പത്തികനേട്ടമുണ്ടാക്കുകയാണ്. ഇതിന്റെയൊക്കെ പരിണ ിതഫലം അനുഭവിക്കേണ്ടത് നിരപരാധികളായ വാഹനയാത്രക്കാരാണ്. എത്രയൊക്കെ അപകടങ്ങള്‍ സംഭവിച്ചാലും കാര്യമായ അന്വേഷണമോ നടപടികളോ ഉണ്ടാകുന്നില്ല. അധികാരികള്‍ ഇനിയെങ്കിലും നിസംഗത വിടണം. നഷ്ടമാകുന്നത് വിലപ്പെട്ട മനുഷ്യജീവനുകളാണെന്ന ഓര്‍മ്മയുണ്ടാകണം.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it