മണ്ണ് സംരക്ഷണത്തിന്റെ പ്രസക്തി

ഇന്ന് ലോക മണ്ണ് ദിനമാണ്. മണ്ണ് സംരക്ഷണം ജീവനും ജീവിതവും നിലനില്‍ക്കാന്‍ അനിവാര്യമാണ്. കാരണം, ഭൂമിയിലുള്ള 95% ഭക്ഷണവും നല്‍കുന്നത് മണ്ണാണ് എന്ന വസ്തുത പലപ്പോഴും നമ്മള്‍ മറന്നുപോകുന്നു. മണ്ണിനെ വെറും കച്ചവടവസ്തുവായി കാണാനാണ് പലര്‍ക്കും താല്‍പ്പര്യം. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകര്‍ക്കുന്ന വിധത്തില്‍ ഇന്ന് വ്യാപകമായി അനധികൃത മണ്ണെടുപ്പും മണ്ണ് കടത്തും നടക്കുകയാണ്. ഭൗതികസാഹചര്യങ്ങള്‍ വര്‍ധിച്ചതോടെ ഏറ്റവും ചൂഷണം ചെയ്യപ്പെടുന്നത് മണ്ണാണെന്നത് നിഷേധിക്കാനാകാത്ത വസ്തുതയാണ്. മണ്ണ് സംരക്ഷണം അതുകൊണ്ടുതന്നെ വലിയ സാമൂഹിക ഉത്തരവാദിത്വമായി മാറുകയാണ്. മണ്ണ് സസ്യങ്ങള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നു. മണ്ണിനെ സംരക്ഷിക്കുന്നതിലൂടെ മണ്ണൊലിപ്പ് തടയുകയും മണ്ണിന്റെ ഫലഭൂയിഷ്ഠതയും ആരോഗ്യവും നിലനിര്‍ത്താനും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിപ്രവര്‍ത്തനങ്ങളെ ലഘൂകരിക്കാനും ജൈവവൈവിധ്യം സംരക്ഷിക്കാനും സാധിക്കുന്നു. ലോകത്തിലെ ഭക്ഷ്യ ആവശ്യത്തിന്റെ 95% ഉം നല്‍കുന്നത് മണ്ണാണ്. മണ്ണ് കോടിക്കണക്കിന് സൂക്ഷ്മാണുക്കള്‍ക്കും സസ്യങ്ങള്‍ക്കും, മൃഗങ്ങള്‍ക്കും ആവാസ വ്യവസ്ഥ നല്‍കുന്നു. ആരോഗ്യമുള്ള മണ്ണ് അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് വലിച്ചെടുത്ത് സംഭരിച്ച് കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കാന്‍ സഹായിക്കുന്നു. നല്ല മണ്ണ് ജലത്തെ സംഭരിച്ച് സൂക്ഷിക്കാന്‍ സഹായിക്കുന്നു. ഇത് വരള്‍ച്ച പോലുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രയോജനകരമാകും. മണ്ണിന്റെ ആരോഗ്യം നിലനിര്‍ത്തുന്നത് വിവിധ ജീവജാലങ്ങളുടെ സംരക്ഷണത്തിന് സഹായിക്കുന്നു. മലിനീകരണം, ലവണാംശം, അമിതമായ രാസവളങ്ങളുടെ ഉപയോഗം എന്നിവ കുറയ്ക്കുന്നു. മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നത് മണ്ണിനെ സംരക്ഷിക്കാന്‍ സഹായിക്കുന്നു. തരിശുകാലങ്ങളില്‍ പയര്‍, പുല്ല് തുടങ്ങിയ കവര്‍ വിളകള്‍ നട്ടുപിടിപ്പിക്കണം. കൃഷി രീതികളില്‍ മാറ്റങ്ങള്‍ വരുത്തി മണ്ണിന്റെ ഘടന സംരക്ഷിക്കണം. ജൈവ വസ്തുക്കള്‍ ഉപയോഗിച്ച് മണ്ണിനെ മൂടി ഈര്‍പ്പം നിലനിര്‍ത്തണം. ചരിവുകളില്‍ കൃഷി ചെയ്യുമ്പോള്‍ ടെറസ് ഉണ്ടാക്കി മണ്ണൊലിപ്പ് തടയാനാവശ്യമായ നപടി സ്വീകരിക്കണം.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it