ഓണ്‍ലൈന്‍ ഗെയിമുകള്‍ ക്ഷണിച്ചുവരുത്തുന്ന ദുരന്തങ്ങള്‍

കഴിഞ്ഞ ദിവസം കാസര്‍കോട് ജില്ലയിലെ ഉപ്പളയില്‍ ഒരു വീട്ടിലുണ്ടായ വെടിവെപ്പ് നാടിനെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയിരുന്നു. പുറത്ത് നിന്ന് വാഹനത്തിലെത്തിയ സംഘം വീട്ടിലേക്ക് വെടിവെപ്പ് നടത്തിയെന്നായിരുന്നു ആദ്യം സംശയിച്ചത്. ആ നിലക്ക് പൊലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കെ വെടിവെപ്പ് നടത്തിയത് ഇതേ വീട്ടിലെ 15 വയസുള്ള കുട്ടിയാണെന്ന് വ്യക്തമായി. ഓണ്‍ലൈന്‍ ഗെയിമിന് അടിമയായ ഈ കുട്ടി അതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് വെടിവെപ്പ് നടത്തിയത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ കുട്ടികളെ എത്തിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങളിലൊന്ന് മാത്രമാണ് ഈ സംഭവം. ഓണ്‍ലൈന്‍ ഗെയിമിന് അടിമകളാകുന്ന കുട്ടികള്‍ തങ്ങളുടെ ജീവന്‍ ഇല്ലാതാക്കുന്ന പ്രവണതയിലേക്ക് എത്തിയ നിരവധി സംഭവങ്ങളാണ് അടുത്തിടെയുണ്ടായത്. ഫ്രീ ഫയര്‍ പോലുള്ള ഗെയിം സൗജന്യമായതിനാലും കളിക്കാന്‍ എളുപ്പമായതിനാലും വേഗതയേറിയതിനാലും ലോ-എന്‍ഡ് സ്മാര്‍ട്ട് ഫോണുകളില്‍ പോലും പൊരുത്തപ്പെടുന്നതിനാലും സുഹൃത്തുക്കളുമായി ഒരുമിച്ച് കളിക്കാന്‍ കഴിയുന്നതിനാലും കുട്ടികള്‍ ഇത് ഏറെ ഇഷ്ടപ്പെടുകയും പെട്ടെന്ന് തന്നെ അടിമയാകുകയും ചെയ്യുന്നു. കേരള പൊലീസിന്റെ പഠന റിപ്പോര്‍ട്ട് പ്രകാരം നാലിനും പതിനഞ്ചിനും ഇടക്ക് പ്രായമുള്ള കുട്ടികള്‍ ഒരു ദിവസം ശരാശരി 74 മിനിട്ടുകളോളം ഫ്രീ ഫയര്‍ ഗെയിം കളിക്കുന്നുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത്തരം ഓണ്‍ലൈന്‍ ഗെയിമുകളിലേക്ക് കുട്ടികള്‍ എത്തിപ്പെടാതിരിക്കാന്‍ മാതാപിതാക്കളാണ് ശ്രദ്ധ പുലര്‍ത്തേണ്ടത്.

യഥാര്‍ത്ഥ കഥാപാത്രങ്ങളെ പോലെ അപകടപ്പെട്ട് മരിക്കാന്‍ നേരം വിലപിക്കുകയും രക്തം ഒഴുക്കുകയും ചെയ്യുന്നതൊക്കെ കാണുമ്പോള്‍ കുട്ടികളുടെ മനസും അതിനനുസരിച്ച് വൈകാരികമായി പ്രതിപ്രവര്‍ത്തിക്കുന്നു. ഹാക്കര്‍മാര്‍ക്ക് കളിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ ലഭിക്കാനുള്ള വഴിയൊരുക്കുന്നു. കളിയുടെ ഓരോ ഘട്ടങ്ങള്‍ കഴിയുമ്പോഴും വെര്‍ച്വല്‍ കറന്‍സി വാങ്ങാനും ആയുധങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കുമായി ഷോപ്പുചെയ്യാനും മറ്റു ചൂതാട്ട ഗെയിമുകള്‍ കളിക്കാനുള്ള പ്രേരണയും ഫ്രീ ഫയര്‍ കളിക്കാരെ പ്രചോദിപ്പിക്കുന്നു. തുടര്‍ച്ചയായ പരസ്യങ്ങളിലൂടെയോ അല്ലെങ്കില്‍ കളിക്കാര്‍ക്കുള്ള ദൗത്യങ്ങളായി ഓണ്‍ലൈന്‍ വാങ്ങലുകള്‍ നടത്താനുള്ള സമ്മര്‍ദ്ദം ഇത്തരം ഗെയിമുകളില്‍ വളരെ കൂടുതലാണ്. ഗെയിമിലെ കഥാപാത്രങ്ങളെ ലൈംഗികവല്‍ക്കരിക്കുകയും സ്ത്രീ കഥാപാത്രങ്ങള്‍ വിവസ്ത്രരായും കാണപ്പെടുന്നു. അത്യന്തം ഏകാഗ്രത ആവശ്യമുള്ള ഏതൊരു സ്‌ക്രീന്‍ വര്‍ക്കിനെയും പോലെ ആയതിനാല്‍ ഫ്രീ ഫയര്‍ പോലുള്ള ഗെയിമുകളുടെ അമിതമായ ഉപയോഗം കാഴ്ച ശക്തിയെ സാരമായി ബാധിക്കുന്നു.

ഗെയിമുകള്‍ കുട്ടികളെ ആത്മഹത്യക്ക് മാത്രമല്ല കൊലപാതകങ്ങള്‍ക്ക് വരെ പ്രേരണ നല്‍കുന്നുണ്ട്. കുട്ടികളുടെ മൊബൈല്‍ഫോണ്‍ ഉപയോഗം നിരന്തരം നിരീക്ഷിക്കുകയും സമയക്രമം നിയന്ത്രിക്കുകയും അവരെ മറ്റു പലകാര്യങ്ങളില്‍ വ്യാപൃതരാക്കുകയും ചെയ്യണം. കായികവിനോദങ്ങളില്‍ ഏര്‍പ്പെടാനും അതിലൂടെ ശാരീരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കുകയും ചെയ്യണം.

മാതാപിതാക്കള്‍ കുട്ടികള്‍ക്കൊപ്പം ചെലവഴിക്കാന്‍ കൂടുതല്‍ സമയം കണ്ടെത്തുകയും അവരുടെ സ്വഭാവ വ്യതിയാനങ്ങള്‍ മനസിലാക്കുകയും വേണം. ഇക്കാര്യത്തില്‍ സമഗ്രമായ ബോധവല്‍ക്കരണങ്ങളും നടപടികളും ആവശ്യമാണ്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it