കേന്ദ്രത്തിന്റെ ലേബര്‍ കോഡും വിവാദങ്ങളും

കേന്ദ്ര സര്‍ക്കാര്‍ 29 തൊഴില്‍ നിയമങ്ങളെ ക്രോഡീകരിച്ച് കൊണ്ടുവന്ന നാല് ലേബര്‍ കോഡുകള്‍ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കിയിരിക്കുകയാണ്. രാജ്യത്തെ തൊഴിലാളിവര്‍ഗത്തിന്റെ അവകാശങ്ങളെ ഹനിക്കുന്നതാണെന്ന വിമര്‍ശനം ശക്തമാകുകയാണ്. വേതന കോഡ്, വ്യവസായ ബന്ധ കോഡ്, സാമൂഹിക സുരക്ഷാ കോഡ്, തൊഴില്‍ സുരക്ഷ-ആരോഗ്യം കോഡ് എന്നിവയാണ് നിലവില്‍ വന്നത്. നവംബര്‍ 21 മുതലാണ് ലേബര്‍ കോഡുകള്‍ രാജ്യത്ത് നടപ്പില്‍ വന്നത്.

2019ല്‍ കേന്ദ്രം ഈ പരിഷ്‌ക്കരണങ്ങള്‍ തുടങ്ങിയപ്പോള്‍ മുതല്‍, 2020ല്‍ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി അന്ന് കരട് ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യുകയും അഭിപ്രായങ്ങള്‍ തേടുകയും ചെയ്തിരുന്നു. എന്നാല്‍ ലേബര്‍ കോഡുകള്‍ വന്നാലുണ്ടാകുന്ന ദോഷവശങ്ങള്‍ മനസിലാക്കി ഏകപക്ഷീയമായി ഇത് നടപ്പിലാക്കാന്‍ കേരളം തയ്യാറായില്ല. ഇതുമായി ബന്ധപ്പെട്ട് 2022 ജൂലൈ 2ന് തിരുവനന്തപുരത്ത് ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, മാനേജ്മെന്റ് പ്രതിനിധികള്‍, നിയമ വിദഗ്ധര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് വിപുലമായ ഒരു ശില്‍പശാല സംഘടിപ്പിക്കുകയും തൊഴിലാളി യൂണിയനുകള്‍ ലേബര്‍ കോഡുകളിലെ തൊഴിലാളി വിരുദ്ധതക്കെതിരെ നിശിതമായ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

നിലവിലുണ്ടായിരുന്ന 29 കേന്ദ്ര തൊഴില്‍ നിയമങ്ങളെ ഏകീകരിച്ചുകൊണ്ട് നാല് ലേബര്‍ കോഡുകളാണ് (തൊഴില്‍ നിയമ സംഹിതകള്‍) കൊണ്ടുവന്നത്. കഴിഞ്ഞ നവംബര്‍ 11, 12 തിയതികളില്‍ ഡല്‍ഹിയില്‍ നടന്ന സംസ്ഥാന തൊഴില്‍ മന്ത്രിമാരുടെ യോഗത്തില്‍ മന്ത്രി വി. ശിവന്‍കുട്ടി നേരിട്ട് പങ്കെടുക്കുകയും അവിടെ വെച്ച് ലേബര്‍ കോഡുകളിലെ തൊഴിലാളി വിരുദ്ധ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടി കേരളത്തിന്റെ ശക്തമായ വിയോജിപ്പ് കേന്ദ്ര തൊഴില്‍ മന്ത്രിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലേബര്‍ കോഡുകള്‍ നടപ്പാക്കുന്നതിനുള്ള നടപടിയുമായി കേന്ദ്രം മുന്നോട്ട് പോകുകയാണുണ്ടായത്. പുതിയ ലേബര്‍ കോഡ് തൊഴില്‍ ഉടമയ്ക്ക് അനുകൂലമാണെന്നും ഏറെ കാലത്തെ സമരത്തിലൂടെ നേടിയെടുത്ത 29 ചട്ടങ്ങള്‍ ചുരുക്കിയാണ് നാല് പുതിയ ചട്ടങ്ങളുണ്ടാക്കിയതെന്നുമാണ് വിമര്‍ശനമുയരുന്നത്.

നിയമനം, പിരിച്ചുവിടല്‍, പണിമുടക്കുകള്‍, ട്രേഡ് യൂണിയനുകള്‍ എന്നിവ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡിന്റെ കീഴില്‍ ആണ് വരുന്നത്. 300 ജീവനക്കാര്‍ വരെയുള്ള കമ്പനികള്‍ക്ക് ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍, സര്‍ക്കാര്‍ അനുമതി കൂടാതെ പിരിച്ചുവിടല്‍ സാധ്യമാണ്. മുമ്പ് ഇതിന്റെ പരിധി 100 ആയിരുന്നു. തൊഴിലാളികളുടെ ജോലി സമയം 48 മണിക്കൂര്‍ എന്ന പ്രതിവാര പരിധി പറയുമ്പോഴും ഷിഫ്റ്റുകള്‍ നല്ല രീതിയില്‍ ക്രമീകരിക്കാന്‍ തൊഴിലുടമകളെ നിയമം അനുവദിക്കുന്നു.

നാല് ദിവസത്തെ പ്രവൃത്തി ആഴ്ചയില്‍ ഒരു ദിവസം 12 മണിക്കൂര്‍, അഞ്ച് ദിവസത്തെ ആഴ്ചയില്‍ 9.5 മണിക്കൂര്‍ എന്നിങ്ങനെയും അവര്‍ക്ക് സമയം ക്രമീകരിക്കാം. അതേസമയം ഇത്തരം വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it