എന്നുവരും സംസ്ഥാന ജലപാത

കേരളത്തിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ സംസ്ഥാന ജലപാതയുടെ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഉദ്ദേശിച്ച രീതിയില്‍ അതിന് മുന്നോട്ടുപോകാന്‍ കഴിയുന്നില്ല. ചിലയിടങ്ങളില്‍ പരിസ്ഥിതി പ്രശ്‌നങ്ങളും സാങ്കേതിക തടസങ്ങളുമൊക്കെ നിലനില്‍ക്കുന്നു. കോവളം മുതല്‍ ബേക്കല്‍ വരെ 11 ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള 610 കിലോ മീറ്റര്‍ ജലപാതയുടെ ഒന്നാംഘട്ട നവീകരണ പ്രവര്‍ത്തനം ഉടന്‍ പൂര്‍ത്തിയാക്കാനും ഇതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേരള വാട്ടര്‍വേയ്‌സ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ് (ക്വില്‍) ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു. സംസ്ഥാന സര്‍ക്കാറും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവും സംയുക്തമായി രൂപവല്‍ക്കരിച്ച 'ക്വില്ലി'ന്റെ മേല്‍നോട്ടത്തില്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്നാണ് ജലപാതയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സര്‍ക്കാറിനും സിയാലിനും ഇതില്‍ തുല്യ ഓഹരി പങ്കാളിത്തമാണ് (49 ശതമാനം വീതം). രണ്ട് ശതമാനം ഓഹരി മറ്റ് ഏജന്‍സികള്‍ക്കോ നിക്ഷേപകര്‍ക്കോ നല്‍കാനാണ് വ്യവസ്ഥ. ഓരോ പ്രദേശത്തും കായലുകള്‍, നദികള്‍, മറ്റ് ജലാശയങ്ങള്‍ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ ഉള്‍നാടുകളിലൂടെ ജലഗതാഗതം സാധ്യമാക്കാനാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. വാഹനബാഹുല്യം കൊണ്ട് വീര്‍പ്പുമുട്ടുന്ന സംസ്ഥാനത്തെ റോഡുകളിലെ അമിത തിരക്ക് നിയന്ത്രിക്കലും ടൂറിസം രംഗത്ത് പുതിയ സാധ്യതകള്‍ തേടലും ലക്ഷ്യങ്ങളില്‍ പെടുന്നു. ചരക്ക് കടത്തിന്റെ 25 ശതമാനവും അപകട സാധ്യതയുള്ള ചരക്കുകളുടെ നീക്കവും ജലപാതയിലൂടെയാക്കാമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. പരമ്പരാഗത വ്യവസായങ്ങളായ കയര്‍, കശുവണ്ടി, മത്സ്യബന്ധനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് കഴിയുന്നവരുടെ തൊഴിലിനും ജീവിതത്തിനും ജലപാത പ്രയോജനപ്പെടുമെന്നതാണ് യാഥാര്‍ത്ഥ്യം. ടൂറിസം വികസനം ലക്ഷ്യമാക്കി ജലപാതയുടെ വിവിധ ഭാഗങ്ങളില്‍ ടൂറിസം വില്ലേജുകള്‍, ബോട്ട് ജെട്ടികളുടെ നിര്‍മ്മാണം തുടങ്ങിയവക്ക് പദ്ധതിയില്‍ നിര്‍ദ്ദേശമുണ്ട്. ഓരോ പ്രദേശത്തിന്റെയും സാംസ്‌കാരിക പരിപാടികളുടെ അവതരണത്തിന് സ്ഥിരം വേദികളും പണിയും. ഇത്തരമൊരു ജലപാത നിലവിലുണ്ടെങ്കിലും ദശകങ്ങളായി അവഗണിക്കപ്പെടുന്നത് മൂലം പലയിടങ്ങളിലും മൂടിക്കിടക്കുകയാണ്.

അതിവേഗം നാശോന്മുഖമാകുന്ന ജലപാതകളുടെ വീണ്ടെടുപ്പാണ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നിര്‍വഹിക്കുന്നത്. ആശങ്കകളും തടസങ്ങളും നീക്കി ജലപാത എന്ന് യാഥാര്‍ത്ഥ്യമാകുമെന്നത് വെറുമൊരു ചോദ്യമായി അവശേഷിക്കാന്‍ പാടില്ല. പരിസ്ഥിതിക്കും ജനജീവിതത്തിനും ഹാനികരമാകാത്ത വിധത്തില്‍ ജലപാത യാഥാര്‍ത്ഥ്യമാക്കണം.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it